Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാണുന്ന സ്വപ്നങ്ങളെല്ലാം യാഥാർഥ്യമാകുമോ?

dreaming

അസാധാരണമായ ഒരു സ്വപ്നം കണ്ടുകൊണ്ടാണ് ജിൻ എന്ന ചിത്രകാരൻ ഉറക്കത്തിൽ നിന്നും ഞെട്ടി എണീറ്റത്. താൻ ഓടിച്ചിരുന്ന കാർ അപകടത്തിൽ പെടുന്നതായി കണ്ടു. ഭീകര സ്വപ്നം, വെറുമൊരു സ്വപ്നം മാത്രമാണെന്ന് വിശ്വസിക്കാൻ ജിന്നിനായില്ല. കണ്ട സ്വപ്നത്തിന്റെ ഭീതിയിൽ അപകട സ്ഥലത്ത് എത്തിച്ചേർന്ന ജിന്നിന് അവിടെ കണ്ട കാഴ്ചകൾ വിശ്വസിക്കാനായില്ല. താൻ സ്വപ്നത്തിൽ കണ്ട കാര്യങ്ങൾ തന്റെ തൊട്ട് മുന്നിൽ യാഥാർത്ഥ്യമായി തീർന്നിരിക്കുന്നു. എന്നാൽ കണ്ട സ്വപ്നം എങ്ങനെ യാഥാർത്ഥ്യമായി പരിണമിച്ചു എന്ന് ജിന്നിന് ഒരു തരത്തിലും വിശദീകരിക്കാൻ കഴിഞ്ഞില്ല. അതിശയകരമെന്ന് പറയട്ടെ അപകടസ്ഥലത്ത് നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ഫാഷൻ ഡിസൈനറും ഉറക്കത്തിൽ എണീറ്റ് നടക്കുന്ന ശീലമുള്ള റാൻ എന്ന സ്ത്രീയുടെ കാറാണ് അപകടത്തിൽ പെട്ടതെന്നും, ആ സ്ത്രീയാണ് അപകടത്തിന് കാരണമെന്നും ജീൻ മനസ്സിലാക്കി എടുക്കുന്നു. പേടിയോടെയും, അത്ഭുതത്തോടെയും താൻ കാണുന്ന സ്വപ്നങ്ങൾ എല്ലാം ഒട്ടും  പരിചയമില്ലാത്ത റാൻ എന്ന സ്ത്രീയുടെ ജീവിതത്തിൽ യാഥാർത്ഥ്യമായി സംഭവിക്കുകയാണെന്ന സത്യം ജിൻ മെല്ലെ തിരിച്ചറിഞ്ഞു തുടങ്ങുന്നു. സ്വപ്നത്തെയും യാഥാർത്ഥ്യത്തെയും ഒരു പോലെ സന്നിവേശിപ്പിച്ചു കൊണ്ട്, കാഴ്ചക്കാരെ വിസ്മയിപ്പിച്ച് 2008 ൽ ലോകപ്രസിദ്ധനായ ചലചിത്രകാരൻ കിം കി ഡൂക്ക് സംവിധാനം ചെയ്ത സൗത്ത് കൊറിയൻ ചലചിത്രമായ ‘‘ഡ്രീം’’ എന്ന ചിത്രത്തിന്റെ പശ്ചാത്തലമാണ് മുകളിൽ വിവരിച്ചത്. അസാധാരണവും വിചിത്രവും വിവരിക്കാനാവാത്തതുമായ ഇത്തരം ഒട്ടനവധി അനുഭവങ്ങൾ നമ്മുടെ സ്വപ്നങ്ങളിൽ കടന്നു വരാറുണ്ട്. ഓരോ സ്വപ്നത്തിനും പിന്നിലുള്ള അർത്ഥങ്ങൾ തേടിയുള്ള മനുഷ്യന്റെ യാത്രക്ക് ഒരു പക്ഷേ നൂറ്റാണ്ടുകളോളം പഴക്കം ഉണ്ടാകാം.

സ്വപ്നം എന്നത് ഒരു അത്ഭുത വിഷയം തന്നെയാണ്. രാത്രിയും പകലും ഭാവിയും ഭൂതവും വർത്തമാനകാലവുമൊക്കെ കൂട്ടിക്കലർത്തി നമ്മുടെ രാത്രികളെ സന്തോഷിപ്പിക്കുകയും ഭയപ്പെടുത്തുകയും ചിലപ്പോഴൊക്കെ പ്രതീക്ഷകൾ നൽകി മുന്നോട്ട് കൊണ്ടു പോകുകയും ചെയ്യുന്നു. സ്വപ്നങ്ങളുടെ അസാധാരണമായ ഭംഗിയും ഭീതിപ്പെടുത്തുന്ന നിമിഷങ്ങളും മനുഷ്യനിൽ സ്വപ്നങ്ങളെക്കുറിച്ച് ശാസ്ത്രീയമായി അന്വേഷിക്കുവാൻ ഉള്ള തുടക്കത്തിന് കാരണമായതെന്ന് പറയാം. ശാസ്ത്രീയമായി സ്വപ്നങ്ങളെക്കുറിച്ച് പഠനം നടത്തുന്ന ഈ കാലഘട്ടത്ത് പോലും സ്വപ്നങ്ങളെക്കുറിച്ച് അശാസ്ത്രീയമായ കാഴ്ചപ്പാടുകൾ മനുഷ്യർക്കിടയിൽ നിലനിൽക്കുന്നുണ്ട്. സ്വപ്നങ്ങളെക്കുറിച്ചുള്ള ചില ശാസ്ത്രീയമായ കണ്ടെത്തലുകൾ  ആധുനിക സ്വപ്നഗവേഷകർ മുന്നോട്ട് വെക്കുന്നുണ്ട്.

സ്വപ്നത്തിന്റെ ദൈർഘ്യം

നിദ്രാവസ്ഥയെ പൊതുവേ രണ്ടായി തിരിക്കാം. കണ്ണുകൾ ദ്രുതഗതിയിൽ ചലിക്കുന്ന (റാപ്പിഡ് ഐ മൂമെന്റ് സ്‌ലീപ്പ്), കണ്ണുകൾ ദ്രുദഗതിയിൽ ചലിക്കാത്ത (നോൺ റാപ്പിഡ് ഐ മൂമെന്റ് സ്‌ലീപ്പ്) നിദ്രാവസ്ഥ എന്നിവയാണ് അവ. റാപ്പിഡ് ഐ മൂമെന്റ് സ്‌ലീപ്പിലാണ് നാം കൂടുതലായും സ്വപ്നം കാണുന്നതെന്ന് ഗവേഷകർ പറയുന്നു. പത്തു വയസ്സിനു മുകളിൽ പ്രായമുള്ളവരുടെ നിദ്രയിൽ പൊതുവേ 4 മുതൽ 6 പ്രാവശ്യം വരെ ഇത്തരം സ്വപ്നാവസ്ഥയിലൂടെ കടന്നു പോകാറുണ്ട്. റാപ്പിഡ് ഐ മൂമെന്റ് സ്റ്റേജിന്റെ തുടക്കത്തിൽ 5–മുതല്‍ 10 മിനിറ്റ് വരെയാണ് ഓരോ സ്വപ്നവും നീണ്ടുനിൽക്കുന്നത്. എന്നാൽ പിന്നീട് അങ്ങോട്ട് അത് 30 മുതൽ 34 മിനിറ്റ് വരെയുള്ള നീണ്ടുനിൽക്കുന്ന സ്വപ്നാവസ്ഥയായി അനുഭവേദ്യമായേക്കാം. നോൺ റാപ്പിഡ് ഐ മൂമെന്റ് സ്റ്റേജിലും നാം സ്വപ്നങ്ങൾ കാണും. എന്നാൽ റാപ്പിഡ് ഐ മൂമെന്റ് സ്റ്റേജിൽ അത്ര മികവാർന്ന സ്വപ്നങ്ങൾ നോൺ റാപ്പിഡ് ഐ മൂമെന്റ് സ്റ്റേജിൽ അനുഭവേദ്യമാകില്ല എന്ന് ആധുനിക പഠനങ്ങൾ പറയുന്നു.

എല്ലാ മനുഷ്യരും എല്ലാ രാത്രിയിലും സ്വപ്നം കാണാറുണ്ടോ?

എല്ലാ ദിവസവും എല്ലാ മനുഷ്യരും സ്വപ്നം കാണാറുണ്ട്. സ്വപ്നം കാണുന്നില്ല എന്ന് അവകാശപ്പെടുന്നവരുൾപ്പെടെ സ്വപ്നം കാണാറുണ്ടെന്നുള്ളതാണ് വാസ്തവം. എന്നാൽ ഒട്ടുമിക്ക ആൾക്കാർക്കും കണ്ട സ്വപ്നത്തെ ഓർത്തെടുക്കാൻ കഴിയാറില്ല എന്നുമാത്രം. നാം കാണുന്ന സ്വപ്നങ്ങളിൽ ഏകദേശം 90–99% സ്വപ്നങ്ങളും മറന്ന് പോകുന്നതിന്റെ പ്രധാന കാരണം നിദ്രയുടെ സമയത്ത് മസ്തിഷ്കത്തിന് ശ്രദ്ധ നിലനിർത്താൻ കഴിയാത്തതു കൊണ്ടാണെന്ന് ഗവേഷകർ പറയുന്നു. വളരെ അപൂർവ്വമായി മസ്തിഷ്ക രോഗങ്ങൾ ഉള്ളവരിൽ സ്വപ്നാവസ്ഥ ഉണ്ടാവില്ല എന്നും കണ്ടെത്തിയിട്ടുണ്ട്.

മനുഷ്യരെപ്പോലെ തന്നെ മൃഗങ്ങൾക്ക് സ്വപ്നം ഉണ്ടാകുമോ?

സ്വപ്നം കാണുന്ന സമയത്ത് മനുഷ്യനിൽ ഉണ്ടാകുന്ന  മസ്തിഷ്ക പ്രവർത്തനങ്ങൾ മൃഗങ്ങളിലും ഉണ്ടാകാറുണ്ട്. മൃഗങ്ങളുടെ നിദ്രാവസ്ഥയിൽ സ്വപ്ന സമയത്തുണ്ടാകുന്ന  ശാരീരിക ചലനങ്ങൾ വെച്ച് കൊണ്ട് സ്വപ്നാവസ്ഥ സാധ്യമാണെന്നുതന്നെ പറയാം. പട്ടി, പൂച്ച, പന്നി, എലി, കുറുക്കൻ. ജിറാഫ്, സീബ്ര, സിംഹം, ആന തുടങ്ങിയ ജീവികൾ സ്വപ്നം കാണാറുണ്ടെന്ന് പറയുന്നു. എന്നാൽ അവർ എത്രനേരം സ്വപ്നം കാണുന്നുവെന്നോ എന്തിനെക്കുറിച്ചാണ് സ്വപ്നം കാണുന്നവെന്നോ ഒക്കെ കണ്ടെത്തുക ശ്രമകരമായ കാര്യമാണെന്ന് ആധുനിക സ്വപ്ന ഗവേഷകർ പറയുന്നു.

സ്വപ്നം കാണുന്നത് കളറിലോ?

ബ്ലാക്ക് ആൻഡ് വൈറ്റിലാണോ കളറിലാണോ സ്വപ്നം കാണുക എന്ന ചോദ്യം നമ്മുടെയൊക്കെ മനസ്സിലുണ്ടാകും. 1950 കാലഘട്ടങ്ങളിൽ ഗവേഷകരുൾപ്പടെ വിശ്വസിച്ചിരുന്നത് നമ്മുടെ സ്വപ്നങ്ങൾ എല്ലാം തന്നെ ബ്ലാക്ക് ആൻഡ് വൈറ്റ് എന്നാണ്. ഇരുപതാം നൂറ്റാണ്ടിൽ ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമകൾ ആയിരുന്നത് കൊണ്ട് നമ്മുടെ സ്വപ്നങ്ങളും ബ്ലാക്ക് ആൻഡ് വൈറ്റ് ആണെന്നുള്ള പൊതുധാരണയിൽ നിന്നാണ് ഗവേഷകർ സ്വപ്നം എന്നത് കറുപ്പും വെളുപ്പുമൊക്കെ ചേർന്നതാണെന്ന നിഗമനത്തിലേക്ക് എത്തിച്ചേർന്നത്. എന്നാൽ 1962ൽ സ്വപ്നഗവേഷകരായ ഖാൻ, ഡമെന്റ്, ഫിഷർ, ബാർമാക്ക് എന്നിവർ സ്വപ്നം കാണുന്ന ആളുകളെ വിളിച്ചുണർത്തി സ്വപ്നം കാണുന്നത് കളറിലാണോ എന്ന ചോദ്യത്തിന് 83% ആൾക്കാരും സ്വപ്നങ്ങളിൽ കളർ അനുഭവേദ്യമായതായി റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് പറയപ്പെടുന്നു.

കാഴ്ചയില്ലാത്തവർക്ക് സ്വപ്നം ഉണ്ടാകുമോ?

സ്വപ്നമെന്നത് വെറും കാഴ്ചയുടെ അനുഭവം മാത്രമല്ല. കേൾവിയും സ്പർശനവും ഗന്ധവും രസവേദനങ്ങളുമൊക്കെ ചേർന്ന ഇന്ദ്രിയാനുഭവങ്ങളുടെ സൃഷ്ടിയാണത്. ജന്മനാ കാഴ്ചയില്ലാത്തവരുടെ സ്വപ്നങ്ങളിൽ കാഴ്ചയുമായി ബന്ധപ്പെട്ട സ്വപ്നങ്ങൾ ഒട്ടും തന്നെ ഉണ്ടാകില്ലെന്നു പഠനങ്ങൾ പറയുന്നു. കാഴ്ചയില്ലാത്തവരുടെ സ്വപ്നങ്ങളിൽ കൂടുതലും കേൾവിയും മറ്റ് ഇന്ദ്രിയാനുഭവങ്ങളുമാകും കടന്നു വരിക. അൽപ്പം പ്രായം ആയതിനു ശേഷമാണ് കാഴ്ച നഷ്ടപ്പെടുന്നതെങ്കിൽ അതുവരെ ഉണ്ടായിരുന്ന കാഴ്ചയുമായി ബന്ധപ്പെട്ട അനുഭവങ്ങൾ അവരുടെ സ്വപ്നങ്ങളിൽ കടന്നു വരാം.

സ്വപ്നങ്ങൾ കാണുന്നതിലെ ആൺ/പെൺ വ്യത്യാസം

പുരുഷനും സ്ത്രീയും പല കാര്യങ്ങളിലും വ്യത്യസ്തരാണ്. സ്വപ്നങ്ങളുടെ ഉള്ളടക്കത്തിലും ഈ സ്ത്രീ പുരുഷ വ്യത്യാസം നിലനിലനിൽക്കുന്നുണ്ട്. പുരുഷന്മാരുടെ  സ്വപ്നത്തിൽ കൂടുതലും ആഗ്രഹിച്ച കാര്യം നേടി എടുക്കുന്നതായും ആക്രമണവും ലൈംഗികതയുമായൊക്കെ ബന്ധപ്പെട്ട കാര്യങ്ങളാണ് ‍കൂടുതലെങ്കിൽ സ്ത്രീയുടെ സ്വപ്നത്തിലാകട്ടെ കുടുംബവും വീടിനുള്ളിലെ ചുറ്റുപാടുകൾ, വസ്ത്രം, വീട്ടുപകരണങ്ങൾ, സാമൂഹികവും സൗഹാർദപരവുമായ ആശയങ്ങൾ എന്നിവയാണ് കൂടുതലും കടന്നു വരുന്നത്.

സ്വപ്നങ്ങൾക്ക് പ്രവചനാത്മകമായ സ്വഭാവമുണ്ടോ?

സ്വപ്നങ്ങളുടെ  പ്രവചനാത്മകമായ കഴിവിനെ സംബന്ധിച്ച് കൃത്യവും ശാസ്ത്രീയവുമായ തെളിവുകൾ ഇതുവരെ ലഭിച്ചിട്ടില്ല. സ്വപ്നങ്ങളുടെ പ്രവചനാത്മകമായ സ്വഭാവത്തെ സംബന്ധിച്ചു നിലനിൽക്കുന്ന അതീന്ദ്രിയ മനഃശാസ്ത്രത്തിന്റെ വാദങ്ങളെവച്ചുകൊണ്ട് സ്വപ്നങ്ങളുടെ പ്രവചനാത്മകമായ സ്വഭാവത്തെ ശാസ്ത്രീയമായി വിശദീകരിക്കാൻ പര്യാപ്തമാകില്ല. ഉദാഹരണത്തിന് നമ്മൾ ഇഷ്ടപ്പെടുന്ന ഒരു വ്യക്തിക്ക് അപകടം പറ്റുന്നതായി നാം സ്വപ്നം കാണുന്നുവെന്നു കരുതുക. കണ്ട സ്വപ്നം  കുറേ നാൾ കഴിഞ്ഞിട്ടും യാഥാർത്ഥ്യമാകുന്നില്ല എങ്കിൽ നമ്മുടെ മനസ്സ് കണ്ട സ്വപ്നത്തെ മെല്ലെ മറന്നു തുടങ്ങും. എന്നാൽ കുറേ നാൾ കഴിഞ്ഞ് മുമ്പ് പറഞ്ഞ സുഹൃത്തിന് ഒരു അപകടം സംഭവിക്കുന്നുവെങ്കിൽ മുമ്പ് എപ്പോഴോ കണ്ട സ്വപ്നത്തെ ഇപ്പോൾ കേട്ട അപകടവുമായി കൂട്ടിച്ചേർത്ത് വായിക്കുകയും കണ്ടത് പ്രവചനാത്മകമായ സ്വപ്നമാണെന്ന് വരുത്തി തീർക്കുകയും ചെയ്യുന്നു.

സ്വപ്നങ്ങളെ സംബന്ധിച്ച് ശാസ്ത്രീയവും അശാസ്ത്രീയവുമായ വാദങ്ങൾ ഇന്ന് നിലനിൽക്കുന്നുണ്ട്. പഠനത്തിന് വിധേയമാക്കാനോ വിശദീകരിക്കാനോ വ്യാഖ്യാനിക്കാനോ ബുദ്ധിമുട്ടുള്ള ഒരു വിഷയമാണിത്. ശാസ്ത്രീയമായ ഉൾക്കാഴ്ചകളോടെയുള്ള പഠനങ്ങൾ സ്വപ്നങ്ങളെ സംബന്ധിച്ച് കൂടുതൽ ഉണ്ടാകേണ്ടതായുണ്ട്. സ്വപ്നങ്ങളെക്കുറിച്ച് ശാസ്ത്രീയമായി  പഠിക്കുന്ന ഒനിയറോളജി (oneirology) എന്ന ശാഖയുമുണ്ട്. വരും നാളുകളിൽ സ്വപ്നങ്ങളെ കുറിച്ച് കൂടുതൽ അറിയാനും മനസ്സിലാക്കാനും ശാസ്ത്രലോകത്തിന് കഴിഞ്ഞേക്കാം.

ബോബൻ ഇറാനിമോസ്

ക്ലിനിക്കൽ സൈക്കോളജിസ്റ്റ് & ഒനിറോളജിസ്റ്റ് 

മെംബർ ഓഫ് ദി ഇന്റർനാഷണൽ അസോസിയേഷൻ ഫോർ സ്റ്റഡി ഓഫ് ഡ്രീംസ് (IASD)