Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുട്ടികളോടുള്ള അതിക്രമം തടയാൻ പറഞ്ഞുകൊടുക്കാം ഈ 15 കാര്യങ്ങൾ

x-default

കുട്ടികളോടുള്ള അതിക്രമങ്ങൾ വർധിച്ചു വരികയാണ്. ഓരോ വാർത്തയും ഉണ്ടാക്കുന്ന ഞെട്ടലുകൾ അവർ ഈ ലോകത്ത് എത്രത്തോളം സുരക്ഷിതരാണെന്ന ചിന്ത നമ്മളിൽ ഉണർത്തുന്നുണ്ട്. എത്രയൊക്കെ സൂക്ഷിച്ചാലും അപകടം വരുന്ന വഴി പലപ്പോഴും മനസ്സിലാക്കാൻ സാധിക്കുന്നില്ല. ഈ അവസരത്തിൽ രക്ഷിതാക്കൾ മക്കളോടു പറഞ്ഞിരിക്കേണ്ട 15 കാര്യങ്ങൾ

1. മാതാപിതാക്കളോ കുടുംബാംഗങ്ങളോ അടുത്ത ബന്ധുക്കളോ ഒഴികെ പരിചയമില്ലാത്തവരോ പരിചയം നടിച്ച് എത്തുന്നവരോ വിളിച്ചാൽ ഒപ്പം പോകാനോ അടുത്ത് ഇടപഴകാനോ പാടില്ലെന്ന് കുട്ടികളെ പറഞ്ഞുമനസ്സിലാക്കുക.

2. മുതിർന്നവർ ആരെങ്കിലും സഹായം ചോദിച്ചു വന്നാൽ അതിൽ അപകടം ഉണ്ടോ ഇല്ലയോ എന്ന് തിരിച്ചറിയാൻ കുട്ടികളെ പഠിപ്പിക്കുക. സാധാരണ മുതിർന്നവർക്ക് കുട്ടികളുടെ സഹായം പലപ്പോഴും അത്ര ആവശ്യമുണ്ടാകില്ല. എന്നാൽ തട്ടിക്കൊണ്ടു പോകാൻ ശ്രമിക്കുന്നവർ ചെറിയ സഹായങ്ങൾ അഭ്യർഥിക്കുകയും അതുവഴി കുട്ടികളെ ആകർഷിക്കാൻ ശ്രമിക്കുകയും ചെയ്യും.

3. കുട്ടികളെ വീട്ടിലോ പുറത്തോ കാറിലോ പൊതു ഇടങ്ങളിലോ ഒറ്റയ്ക്ക് നിർത്തിയിട്ടോ പരിചയമില്ലാത്തവരെ ഏൽപ്പിച്ചിട്ടോ പോകാതിരിക്കുക.

4. അപരിചിതർ തരുന്ന മിഠായി, ഭക്ഷണസാധനങ്ങൾ, മറ്റു സമ്മാനങ്ങൾ എന്നിവ സ്വീകരിക്കാതിരിക്കാൻ പഠിപ്പിക്കുക.

5. പൊതു സ്ഥലങ്ങളിൽ പോകുമ്പോൾ കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കുക, ഷോപ്പിങ് മാൾ, തിയേറ്റർ, പാർക്ക്, പബ്ലിക് ബാത്ത് റൂം എന്നിവിടങ്ങളിൽ കുട്ടികൾ കൂട്ടം തെറ്റിപ്പോകാനുള്ള സാധ്യത വളരെ കൂടുതലാണ്.

6. കുട്ടിയുടെ പേര്, വിലാസം എന്നിവ സ്കൂൾ ബാഗിലോ ഇട്ടിരിക്കുന്ന ഉടുപ്പിലോ പ്രദർശിപ്പിക്കാതിരിക്കുക. പേര് വിളിച്ച് പരിചയപ്പെടുന്നവരോട് കുട്ടികൾ കൂടുതൽ  അടുക്കുക വളരെ സാധാരണമാണ്. തട്ടിക്കൊണ്ടു പോകാൻ ശ്രമിക്കുന്നവർക്ക് കുട്ടിയുടെ പേരും വിലാസവും മനസ്സിലാക്കാനായാൽ അവർ പരിചയം നടിച്ച് കുട്ടിയെ ആകർഷിക്കാനുള്ള ശ്രമം നടത്തും.

7. പഠനത്തിന്റെയും മറ്റും പേരിൽ കുട്ടികളെ നിരന്തരമായി കുറ്റപ്പെടുത്തുന്നതും കുടുംബവഴക്കുകളും കുട്ടിയെ വീടു വിട്ടു പോകാൻ പ്രേരിപ്പിക്കാം. അത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ മാതാപിതാക്കളും കുടുംബാംഗങ്ങളും ശ്രദ്ധിക്കണം.

8. കുട്ടികളെ നോക്കാനും വീട്ടു ജോലിക്കുമായി ആൾക്കാരെ തിരഞ്ഞെടുക്കുമ്പോൾ പരിചയമുള്ളവരെ നിയമിക്കാൻ ശ്രദ്ധിക്കുക.

9. വീട്ടു പേര്, മാതാപിതാക്കളുടെ  ഫോൺ നമ്പർ, വീട്ടിലേക്കുള്ള വഴി എന്നിവ കുട്ടിയെ പഠിപ്പിക്കുക. കൂട്ടം തെറ്റിപ്പോകുന്ന സന്ദർഭങ്ങളിൽ കുട്ടിയെ സുരക്ഷിതമായി വീട്ടിലെത്തിക്കാൻ ഇങ്ങനെ സാധിക്കും

10. കുട്ടികൾ ഒറ്റയ്ക്ക് പോകാവുന്നതിന്റെ ദൂരപരിധി നിശ്ചയിക്കുക. കുട്ടികൾ എവിടെപ്പോകുന്നെന്നും എന്തു ചെയ്യുന്നെന്നും മാതാപിതാക്കൾ അറിഞ്ഞിരിക്കണം.

11. പതിയെ സഞ്ചരിക്കുന്നതോ സ്കൂളിന്റെ പരിസരത്തോ കളിസ്ഥലങ്ങളിലോ  പാർക്ക് ചെയ്തിരിക്കുന്നതോ ആയ വാഹനങ്ങൾ അപായ സൂചനയാണെന്നു കുട്ടികളെ പഠിപ്പിക്കണം. അല്പം മുതിർന്ന കുട്ടികൾക്ക് ഇത്തരം സാഹചര്യങ്ങളെ തിരിച്ചറിയാനാകും.

12. സ്കൂളിൽ പോകാനും തിരിച്ചു വരാനും ഇടവഴികളെ ആശ്രയിക്കാതെ ജനസഞ്ചാരമുള്ള വഴികൾ ഉപയോഗിക്കാൻ കുട്ടികളെ ഓർമപ്പെടുത്തുക.

13. അപരിചിതരോട് ലിഫ്റ്റ് ചോദിക്കുന്നത് സ്കൂൾ  കുട്ടികളിൽ സർവസാധാരണമാണ്. പരിചയമില്ലാത്തവരുടെ വാഹനത്തിൽ യാത്ര ചെയ്യുന്നത്  അപകടം ക്ഷണിച്ചു വരുത്തുമെന്ന് പറഞ്ഞു മനസ്സിലാക്കുക.

14. വില കൂടിയ ആഭരണങ്ങൾ ധരിപ്പിച്ചുകൊണ്ട് പൊതു ഇടങ്ങളിൽ കുട്ടികളെ കൊണ്ടുപോകുന്നത് പരമാവധി ഒഴിവാക്കുക.

15. അപകടകരമായ സാഹചര്യങ്ങളിൽ നിന്നു രക്ഷപ്പെടാനുള്ള ചില സ്വയരക്ഷാ മാർഗ്ഗങ്ങൾ കുട്ടികളെ പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുക.