Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അച്ഛനുമമ്മയും കൗമാരക്കാരോടു പറയേണ്ടത്...

teenage

പൊടിമീശ മുളയ്ക്കണ കാലം ഇടനെഞ്ചിൽ ബാൻഡടി മേളം– കൗമാരകാലത്ത് ആൺ– പെൺ മക്കൾക്ക് ഇടനെഞ്ചിൽ ബാൻഡടി മേളമാണെങ്കിൽ മാതാപിതാക്കൾക്ക് പഞ്ചാരി മേളത്തിന്റെ കാലമാണ്. കൗമാരത്തിലേക്ക് കാലൂന്നാനൊരുങ്ങുന്ന  ആൺമക്കളും  പെൺകുട്ടികളുമുള്ള മാതാപിതാക്കൾക്കു ടെൻഷനടിക്കാതിരിക്കാനാവില്ല. കാരണം ജീവിത രീതിയും സാഹചര്യങ്ങളും മാറി, അണുകുടുംബങ്ങളാവുമ്പോൾ മക്കളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കാമെന്ന് കരുതിയതൊക്കെ തെറ്റി, 

കാണുന്നതെന്തിനോടും കൗതുകം തോന്നുന്ന പ്രായത്തിൽ എങ്ങനെ മക്കൾക്കു നല്ലതും ചീത്തയും പറഞ്ഞുകൊടുക്കും.

വഴിതെറ്റാനാണെങ്കിൽ മാർഗങ്ങള്‍ ഒരുപാടുണ്ട്. അവർ ചെയ്യുന്ന കാര്യങ്ങളും ടെക്നോളജിയുമൊന്നും പഴയ തലമുറയ്ക്ക് അത്ര പിടികിട്ടുകയുമില്ല.അതേപോലെ എല്ലാ വീട്ടിലും മക്കളോടുള്ള ബന്ധം ഒരേപോലെ ആവണമെന്നില്ല, സ്നേഹത്തെ കാർക്കശ്യത്തിന്റെ മറയിൽ പൊതിയുന്നവരുണ്ടാവാം, അമിത സ്നേഹത്തിൽ മക്കളുടെ എന്താഗ്രഹവും സാധിക്കുന്നവരുമുണ്ടാകാം. എന്നാൽ ഏതു തരത്തിലുള്ള മാതാപിതാക്കളായാലും മക്കളോട് കൗമാരപ്രായത്തിൽ പറഞ്ഞിരിക്കേണ്ട പല കാര്യങ്ങളുമുണ്ട്. 

എന്തൊക്കെയാണ് പറഞ്ഞുകൊടുക്കേണ്ടതെന്നും എങ്ങനെയാണ് പറയേണ്ടതെന്നുമുള്ള സംശയമൊക്കെ പലരും പറയാറുണ്ട്. നമ്മോടൊപ്പം അല്ലെങ്കിൽ നമ്മേക്കാളേറെ ഗ്രഹണശേഷിയുള്ളവരാണ് കുട്ടികളെന്ന് മനസിലാക്കി  അവരോട് ഇടപെടുക. എന്താണ് പറഞ്ഞുകൊടുക്കുകയെന്ന സംശയമുള്ളവർ സ്വയം വിലയിരുത്തൽ നടത്തുക. തങ്ങളുടെ ധാരണകളും തെറ്റിദ്ധാരണകളും അടിച്ചേൽപ്പിക്കുകയല്ല വേണ്ടത്. ശാസ്ത്രീയമായി തയ്യാറാക്കിയ നിരവധി വിഡിയോകളും ശാസ്ത്രീയമായി വിവരിക്കുന്ന വെബ്പേജുകളും തുടങ്ങി ഇന്റർനെറ്റ്, പുസ്തകങ്ങൾ തുടങ്ങിയവയുടെയൊക്കെ സഹായം തേടാം.  ഫാമിലി ഡോക്ടറുടെ സഹായവും ഇക്കാര്യത്തിൽ ചോദിക്കാവുന്നതാണ്. 

ആരു പറയണം അച്ഛനോ അമ്മയോ?

കുടുംബ ബന്ധങ്ങളുടെ ഊഷ്മളത അനുസരിച്ചാവണം അതു തീരുമാനിക്കുക, സ്നേഹത്തിൽ പൊതിഞ്ഞ ഗൗരവം കാണിക്കുന്ന അച്ഛനോ എന്തും തുറന്നുപറയാവുന്ന അമ്മയോ അല്ലെങ്കിൽ തിരിച്ചോ ആവും പല കുടുംബത്തിലുമുണ്ടാവുക, കുട്ടിയുമായുള്ള നിങ്ങളുടെ സംസാരത്തിനനുസരിച്ചാവണം രണ്ടുപേർ ചേർന്നുവേണോ അതോ ഒരാൾ പറഞ്ഞു നൽകിയാൽ മതിയോ എന്നു തീരുമാനിക്കേണ്ടത്. പറഞ്ഞുകൊടുക്കേണ്ട പ്രത്യേക സമയത്തിനായി കാത്തിരിപ്പ് വേണ്ട, എത്രയും നേരത്തേ ആകുന്നോ അത്രയും നല്ലത്.

ഞാൻ എങ്ങനെ ഉണ്ടായി?

സാധാരണ കുട്ടികൾ ചെറുപ്പകാലത്ത് ചോദിക്കാറുള്ള ചോദ്യമാണ് ഇത്. എങ്ങനെയാണ് ഞാൻ ഉണ്ടായതെന്ന് കുട്ടിചോദിക്കുമ്പോൾ അവനെ വഴക്കുപറഞ്ഞ് തെറ്റായ എന്തോ ചോദിച്ചപോലെ കുറ്റബോധത്തിലാക്കാതെ പറഞ്ഞുമനസിലാക്കിക്കൊടുക്കുക, ഓരോ പ്രായത്തിലുള്ള കുട്ടികൾക്കും അവർക്കാവശ്യമുള്ള വിവരങ്ങൾ നൽകുക. ഇത് കുട്ടികൾ അവരുടെ സംശയങ്ങൾ തുറന്നു ചോദിക്കാനും തെറ്റിദ്ധാരണകൾ രൂപം കൊള്ളാതിരിക്കാനും സഹായിക്കും.ചർച്ചകൾ ഒഴിവാക്കിക്കൊണ്ട് ഒളിച്ചോടരുത്. ഇന്റർനെറ്റിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുന്നതിനെക്കാൾ നിങ്ങളുടെ കുട്ടി നിങ്ങളിൽ നിന്ന് പഠിക്കുന്നത് മെച്ചമായിരിക്കും എന്ന് വിശ്വസിക്കുക. മൊബൈലും ടാബുമൊക്കെ കുട്ടികളെ തെറ്റായ തിരച്ചിലിലേക്ക് നയിക്കുമ്പോൾ വികലമായ ലൈംഗിക ധാരണകളാവും അവരുടെ മനസ്സിൽ രൂപപ്പെടുക,

പ്രത്യേക അവസരമുണ്ടാകാന്‍ കാത്തിരിക്കേണ്ടതില്ല, ഏതൊരു ദിവസവും സാധാരണ കാര്യം സംസാരിക്കുന്നതുപോലെ സംസാരിച്ചു തുടങ്ങാം. വലിയ മുന്നൊരുക്കങ്ങളോ ആമുഖങ്ങളോ നൽകി കുട്ടികളെ സങ്കോചിതരാക്കരുത്. നിങ്ങളുടെ കുട്ടിയുടെ കാഴ്ചപ്പാടുകളെ എല്ലായ്പ്പോഴും പരിഗണിക്കുക. യുക്തിയുടെയും വികാരത്തിന്റെയും ഉചിതമായ ഒരു മിശ്രിതം ഉപയോഗിക്കുക. നിങ്ങളുടെ ധാരണകളല്ല കുട്ടികൾക്ക് പറഞ്ഞു കൊടുക്കേണ്ടത്. സംസാരിക്കുന്ന വിഷയങ്ങളെപ്പറ്റി പൂർണബോധ്യമുണ്ടായിരിക്കണം. സംശയങ്ങൾ തീർത്തുകൊടുക്കാനും കഴിയണം.

ലൈംഗികബന്ധങ്ങളെക്കുറിച്ച് പറയുമ്പോൾ

ലൈംഗിക ബന്ധം സ്വാഭാവിക പ്രതിഭാസമാണെന്നും അതിൽ ചീത്തയായി ഒന്നും ഇല്ലെന്നും അവരെ പറഞ്ഞു മനസ്സിലാക്കുക. മാത്രമല്ല ഇത് സന്തോഷത്തിനു മാത്രമുള്ളതല്ലെന്നും ആരോഗ്യകരമായും സാമൂഹികമായും നിരവധി ഗുണങ്ങളുണ്ടെന്നും ധരിപ്പിക്കാനാവണം. അതോടൊപ്പം സുരക്ഷിതമല്ലാത്ത ലൈംഗികത വളരെ അപകടകരമാണെന്ന് പറഞ്ഞുകൊടുക്കുക. ലൈംഗിക ബന്ധങ്ങളോടുള്ള അവരുടെ വീക്ഷണം മെച്ചപ്പെടുത്താൻ സഹായിക്കുക.

കൗമാരപ്രായത്തിൽ‌ ശരീരവും മാനസികാവസ്ഥയും മാറിക്കൊണ്ടിരിക്കും. അത് സ്വാഭാവികമാണെന്ന് പറഞ്ഞു കൊടുക്കണം. സെക്ഷ്വൽ ഓറിയന്റേഷനുകളെപ്പറ്റിയും (ഹെറ്ററോ സെക്‌ഷ്വൽ, ഹോമോ സെക്‌ഷ്വൽ, ബൈസെക്‌ഷ്വൽ) അവയുടെ സാമൂഹികാവസ്ഥകളെക്കുറിച്ചും പറഞ്ഞുകൊടുക്കാം. അവരുടെ എല്ലാ പ്രശ്നങ്ങളിലും അവരോടൊപ്പം ഉണ്ടായിരിക്കണം. അതോടൊപ്പം ആൽക്കഹോൾ ഉപയോഗം ചിന്തകളെയും ആരോഗ്യത്തെയും ബാധിക്കുമെന്നും പറഞ്ഞുകൊടുക്കണം.