അന്തരീക്ഷമലിനീകരണത്തില്‍ നിന്നും ചര്‍മത്തെ സംരക്ഷിക്കാം

ഡല്‍ഹിയിലെ രൂക്ഷമായ അന്തരീക്ഷമലിനീകരണത്തിന്റെ വാര്‍ത്തൾ നമ്മള്‍ കേള്‍ക്കുന്നുണ്ട്. സകലമാന ജീവജാലങ്ങളെയും അപകടകരമായ നിലയിലേക്ക് ബാധിക്കുന്ന വിധം മലിനീകരണം നീങ്ങികൊണ്ടിരിക്കുകയാണ്. ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ക്കും ചര്‍മരോഗങ്ങള്‍ക്കുമെല്ലാം ഈ മലിനീകരണം കാരണമാകുന്നുണ്ട്.  

വായൂ മലിനീകരണത്തിന്റെ ആദ്യ ഇര നമ്മുടെ ചര്‍മം തന്നെയാണ്. പൊടിപടലങ്ങള്‍ ആദ്യം പിടികൂടുന്നതും ചര്‍മത്തെത്തന്നെ. ചര്‍മത്തിലെ ജലാംശം പാടെ കവര്‍ന്നെടുക്കുകയാണ് ഈ അന്തരീക്ഷമലിനീകരണം ആദ്യം ചെയ്യുന്നത്. ഇത് ചര്‍മസൗന്ദര്യം നഷ്ടപ്പെടുത്തുകയും അലര്‍ജി പോലുള്ള ത്വക്ക് രോഗങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും. കവിളുകളിലെ മിനുസം നഷ്ടമാകുക, ചർമത്തിൽ പരപരപ്പ് അനുഭവപ്പെടുക എന്നതാണ് ഇതിന്റെ ആദ്യ ലക്ഷണങ്ങള്‍. 

ചർമത്തിന്റെ കാര്യത്തില്‍ മാത്രമല്ല മുടിയിഴകള്‍ക്കും ഇത് വില്ലനാണ്. നഗരങ്ങളില്‍ താമസിക്കുമ്പോള്‍ അന്തരീക്ഷമലിനീകരണത്തില്‍ നിന്നും  ഒരു പരിധി വരെ രക്ഷ നേടാനുള്ള വഴികളെ കുറിച്ചു പ്രശസ്ത ബ്യൂട്ടിഷനും ചര്‍മസംരക്ഷണവിദഗ്ധയുമായ ഷഹനാസ് ഹുസൈന്‍ പറയുന്നത് എന്തൊക്കെയാണ് എന്ന് നോക്കാം. 

ക്ലെന്‍സര്‍ ഉപയോഗിക്കാം 

പുറത്തുപോയിട്ടു വന്നാല്‍ നിര്‍ബന്ധമായും ഒരു ക്ലെന്‍സര്‍ ഉപയോഗിച്ചു ചര്‍മത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യാം. പുറത്തെ അന്തരീക്ഷവുമായി സംസര്‍ഗത്തില്‍ ഏര്‍പ്പെടുമ്പോള്‍ ചര്‍മത്തില്‍ അടിഞ്ഞുകൂടിയ മാലിന്യങ്ങള്‍ മുഴുവന്‍ നീക്കം ചെയ്യാന്‍ ഇതു സഹായിക്കും. അവരവരുടെ ചര്‍മത്തിന് അനുയോജ്യമായ ക്ലെന്‍സറാണ് തിരഞ്ഞെടുക്കേണ്ടത്. വരണ്ട ചര്‍മ്മമുള്ളവര്‍ ക്ലെന്‍സര്‍ ഉപയോഗിക്കുമ്പോള്‍ ജെല്‍ അല്ലെങ്കില്‍ ക്രീം ടൈപ്പ് ക്ലെന്‍സര്‍ ആണ് ഉപയോഗിക്കേണ്ടത്. 

എണ്ണമയമുള്ളമുള്ളവര്‍ ഫേസ്‌വാഷ്‌, ക്ലെന്‍സിങ് മില്‍ക്ക് എന്നിവയാണ് ഉപയോഗിക്കേണ്ടത്. ഇവര്‍ ഒരു ക്ലെന്‍സിങ് സ്ക്രബ് കൂടി ഉപയോഗിക്കണം. 

ചന്ദനം, യുക്കാലിപ്ററസ്, വേപ്പ്, തുളസി, കറ്റാർവാഴ എന്നിവ അടങ്ങിയ ക്ലെന്‍സര്‍ നോക്കിവാങ്ങാം. 

നിരന്തരമായ മലിനീകരണം ഏല്‍ക്കുന്നത് ചര്‍മത്തില്‍ ചുളിവുകളും ഏജ് സ്പോട്ടുകളും ഉണ്ടാക്കും. ഇതിനെതിരെയുള്ള മികച്ച ഔഷധം കൂടിയാണ് കറ്റാർവാഴ. കൂടാതെ അത്തിപ്പഴം, കെര്‍ണല്‍ ഓയില്‍, കാരറ്റ് എന്നിവ അടങ്ങിയ ക്രീമുകളും ചര്‍മ പ്രശ്നങ്ങള്‍ക്ക് ഉത്തമമാണ്. 

സ്കിൻ ടോണര്‍

നല്ലൊരു ക്ലെന്‍സെര്‍ ഉപയോഗിച്ചു ചർമം വൃത്തിയാക്കുന്നതിനെ കുറിച്ചു പറഞ്ഞല്ലോ. അതുപോലെതന്നെ പ്രധാനമാണ് നല്ലൊരു ടോണര്‍ ഉപയോഗിക്കേണ്ടതും. ക്ലെന്‍സെര്‍ ഉപയോഗിച്ച ശേഷം റോസ് വാട്ടര്‍ കൊണ്ടുള്ള ടോണര്‍ ഉപയോഗിക്കണം. കോട്ടനില്‍ ഒരല്‍പം തണുപ്പിച്ച ടോണര്‍ എടുത്ത ശേഷം ചര്‍മത്തില്‍ നന്നായി തേച്ചുപിടിപ്പിക്കണം. ഇത് ചര്‍മത്തിന് ഉന്മേഷവും ആരോഗ്യവും നല്‍കും. ഗ്രീന്‍ ടീയും നല്ലൊരു ടോണറാണ്. 

ആന്റിപോല്യൂഷന്‍ കോസ്മെറ്റിക്സ്

അന്തരീക്ഷ മലിനീകരണം അതിരൂക്ഷമായ ഈ കാലത്ത് ആന്റിപോല്യൂഷന്‍ കോസ്മെറ്റിക്സ് എന്ന പേരില്‍ പോലും സൗന്ദര്യവർധകമരുന്നുകള്‍ വിപണിയില്‍ ലഭ്യമാണ്. ചന്ദത്തിന്റെ അംശം അടങ്ങിയ ഇത്തരം ക്രീമുകള്‍ നല്ല ഫലം നല്‍കുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ചന്ദനം ചര്‍മത്തിന് പ്രതിരോധം നല്‍കുകയും കൂടുതല്‍ മൃദുവായി സൂക്ഷിക്കുകയും ചെയ്യുന്നു.

വിനാഗിരി, തേന്‍, മുട്ട 

ചര്‍മത്തെ പോലെ തന്നെ അന്തരീക്ഷമലിനീകരണം കാരണം പൊറുതിമുട്ടിയ അവസ്ഥയിലാണ് നമ്മുടെ മുടിയിഴകളും. പുറത്തെ അഴുക്കും പൊടിയുമെല്ലാം തലമുടിയുടെ സൗന്ദര്യം നഷ്ടപ്പെടുത്തുമെന്ന കാര്യത്തില്‍ സംശയമില്ല. വിനാഗിരി, തേന്‍, മുട്ട എന്നിവയാണ് ഇതിനൊരു മറുമരുന്ന്. ഇവ ചേര്‍ത്ത മിശ്രിതം തലയോട്ടിയില്‍ തേച്ചുപിടിപ്പിച്ച ശേഷം കഴുകികളയുന്നതിലൂടെ മുടിയിഴകളുടെ ആരോഗ്യം വീണ്ടെടുക്കാം. പുറത്തുപോയി വന്ന ശേഷം നല്ലൊരു ഷാംപൂ, കണ്ടിഷണര്‍ എന്നിവ ഉപയോഗിച്ചു മുടി കഴുകാനും ശ്രദ്ധിക്കണം. ആവശ്യമുണ്ടെങ്കിൽ സെറം (serum) ഉപയോഗിക്കാം. 

ഹോട്ട് ഓയില്‍ മസ്സാജ് 

നല്ല വെളിച്ചെണ്ണ ഒരല്പം ചൂടാക്കിയ ശേഷം തലയില്‍ നന്നായി തേച്ചു പിടിപ്പിക്കണം. കുറച്ചുനേരം കഴിഞ്ഞു ചൂടു വെള്ളത്തില്‍ മുക്കിയ ടവല്‍ തലയില്‍ ചുറ്റികെട്ടിവയ്ക്കണം. അഞ്ചു മിനിറ്റ് ഇത് തലയില്‍വച്ച ശേഷം വീണ്ടും മൂന്നോ നാലോ വട്ടം ആവര്‍ത്തിക്കാം. ശേഷം നന്നായി തലമുടി തേച്ചുകഴുകണം . ആഴ്ചയില്‍ ഒരിക്കല്‍ ഈ ഹോട്ട് ഓയില്‍ തെറാപ്പി ചെയ്യുന്നത് മുടിക്ക് ഏറെ ഗുണം ചെയ്യും.

കണ്ണുകള്‍ കഴുകുക 

ചര്‍മവും മുടിയും മാത്രമല്ല നമ്മുടെ കണ്ണുകളെയും ഈ മലിനീകരണം ബാധിക്കും. അന്തരീക്ഷവുമായി ബന്ധപ്പെടുമ്പോള്‍ കണ്ണുകള്‍ക്ക്‌ ചൊറിച്ചിലും പുകച്ചിലും എല്ലാം സാധാരണം. കണ്ണുകള്‍ ഒരു ദിവസത്തില്‍ പലകുറി കഴുകേണ്ടത് ആവശ്യമാണ്. തണുത്ത റോസ് വാട്ടറില്‍ മുക്കിയ കോട്ടന്‍ പാഡുകള്‍ കണ്ണുകളെ തണുപ്പിക്കാന്‍ ഉപയോഗിക്കാം. അലോവേര പാഡുകളും ഇന്ന് വിപണിയില്‍ ലഭ്യമാണ്. കണ്ണുകള്‍ അടച്ച് ഇവ കണ്‍തടങ്ങളിൽ വച്ച് പതിനഞ്ചു മിനിറ്റ് സമയം നന്നായി റിലാക്സ് ചെയ്യുന്നത് മാനസികമായും ശാരീരികമായും ആശ്വാസം നൽകും.

Read More : Health and Wellbeing