ജ്യോതിഷം രോഗം പ്രവചിക്കുമോ?

ജന്മജന്മാന്തരങ്ങളില്‍ ചെയ്തിട്ടുള്ള മോശം കർമ്മങ്ങളാണ് അസുഖങ്ങളായി പിൽക്കാലത്തു വരുന്നതെന്നും ജ്യോതിഷം പഠിപ്പിക്കുന്നു. അതിനു ശമനമുണ്ടാകാൻ ദൈവിക കർമ്മങ്ങൾക്കു പുറമേ ഔഷധവും സേവിക്കണം എന്നാണു ജ്യോതിഷവിധി.

ജന്മനാ രോഗബാധിതയായ ഒരു ശിശുവിനെ സംബന്ധിച്ചു മാതാവിനു ഗർഭിണിയായപ്പോൾ ഉണ്ടായിരുന്ന പ്രശ്നങ്ങളാണ് രോഗകാരണമായി ഏറെയും വരുന്നത്. ഗർഭിണിയുടെ ആഹാരരീതികളും ശാരീരികവ്യതിയാനവും വിശ്രമമില്ലായ്മയും അലച്ചിലും മാനസിക സംഘർഷവുമൊക്കെ കുട്ടിയുടെ ആരോഗ്യത്തേയും ബാധിക്കാറുണ്ട്. കുഞ്ഞു ജനിക്കുന്നതിന് 9 മാസം മുമ്പ് മുതൽ അനുഭവിക്കുന്ന ആ പ്രശ്നങ്ങളാവാം ‘ജന്മാന്തരകൃതം’ എന്ന വാക്കു കൊണ്ട് അർഥമാക്കുന്നത്. ജീവിതചര്യയും ആഹാരരീതിയിലെ പോരായ്മയുമൊക്കെ ഇന്നത്തെ മനുഷ്യനെ രോഗാവസ്ഥയിലേക്കു തള്ളിവിടുന്നുണ്ട്.

ഇന്ന് ഉറങ്ങി നാളെ ഉണരുക എന്നതു ശരിക്കും പുനർജന്മമാണ്. പകുതി മരണമാണ് ഉറക്കം. അതുകൊണ്ടുതന്നെ ഓരോ ഉറക്കമുണരലും പുനർജന്മമാണ്. നാളെ ‌‌‌രോഗം വരാതിരിക്കാൻ ഇന്നു മുതലേ കരുതൽ ആരംഭിക്കാം എന്ന മഹത്തായ സന്ദേശമാണ് മുജ്ജന്മത്തിൽ ചെയ്ത നിഷിദ്ധകർമങ്ങളാണ് ഇന്നു വ്യാധിയായി എത്തുന്നത് ‌എന്ന ജ്യോതിഷമതം.

ആരോഗ്യ ജ്യോതിഷം

പണ്ടു വൈദ്യവും ജ്യോതിഷവും ഒന്നിച്ചായിരുന്നു കൈകാര്യം ചെയ്തിരുന്നത്. ‌ജ്യോതിഷത്തിലൂടെ രോഗകാരണം കണ്ടെത്തി മതിയായ ആയുർവേദചികിത്സ നൽകിയിരുന്ന കാലം നമുക്ക് അന്യമായി. ജ്യോതിഷം കൈകാര്യം ചെയ്തു‌ വ‌ന്നിരുന്നവർ‌ ആയുർവേദ ചികിത്സാരംഗത്തു നിന്നും പിന്മാറി. ഇന്നും ‌പാരമ്പര്യ വൈദ്യന്മാർക്ക് ചികിത്സ നടത്താൻ അനുവാദം ഉണ്ടെങ്കിലും പരമ്പരാഗതമായി ഈ തൊഴിൽ കൈകാര്യം ചെയ്തു വന്നവർ ജ്യോതിഷത്തിൽ മാത്രം ഒതുങ്ങി. ‌ജ്യോതിഷചിന്താപ്രകാരം രോഗം നിർണയിച്ച ശേഷം പരിഹാരമായി ‌ദൈവികമായ കർമ്മങ്ങൾക്ക് ഒപ്പം വീട്ടിൽ തന്നെ തയാറാക്കിയിരുന്ന മരുന്നുകളും നൽകുന്ന വൈദ്യ‌‌ന്മാർ പണ്ടു ധാരാളമുണ്ടായിരുന്നു.

ഗ്രഹസ്ഥാനങ്ങളും രോഗചികിത്സയും

ജാതകത്തിൽ ആറാം ഭാവവുമായി ബന്ധപ്പെടുത്തിയാണു രോഗാവസ്ഥകൾ ചിന്തിക്കുന്നത്. രോഗങ്ങളുടെ മൂലകാരണം വാതവും പിത്തവും കഫവുമാണ്. ഇവ മൂന്നിന്റെയും ഏറ്റക്കുറച്ചിലുകളാണു പല രോഗങ്ങളായും പരിണമിക്കുന്നത് ജാതകത്തിൽ ശനി, രാഹു, കേതു എന്നീ ഗ്രഹങ്ങളെയാണ് വാതപ്രധാനങ്ങളായി കണക്കാക്കുന്നത്. സൂര്യൻ, കുജൻ എന്നീ ഗ്രഹങ്ങളെ പിത്തപ്രധാനകളായി ‌തിരിച്ചിരിക്കുന്നു. ചന്ദ്രൻ, സൂര്യൻ, ഗുരു എന്നീ ഗ്രഹങ്ങളെ കഫ പ്രധാനികൾ ആക്കിയപ്പോള്‍ ബുധനെക്കൊണ്ടു ത്രിദോഷങ്ങളും ചിന്തിക്കാം. ഇതേപോലെ പന്ത്രണ്ടു രാശികളെയും 27 നക്ഷത്രസമൂഹങ്ങളെയുമൊക്കെ വാത, പിത്ത, കഫ പ്രകൃതികളായി തിരിച്ചിട്ടുണ്ട്. അതേ പ്രകാരം തന്നെ രാശികൾക്കും ഗ്രഹങ്ങള്‍ക്കും നക്ഷത്രങ്ങള്‍ക്കുമൊക്കെ ശരീരത്തിലെ ഓരോ ചെറിയ ഭാഗങ്ങളുടേതു വരെയുള്ള ആധിപത്യവും നൽകിയിട്ടുണ്ട്. ഇവയെല്ലാം യുക്തിപൂർവം ഉപയോഗപ്പെടുത്തുന്ന ഒരാൾക്ക് മാത്രമേ ജ്യോതിഷത്തിലൂടെ രോഗനിർണയവും ചികിത്സയും നൽകാൻ കഴിയൂ.

പുതിയകാലത്തെ പല രോഗങ്ങളും ജ്യോതിഷത്തിലൂടെ കണ്ടെത്താമെങ്കിലും പേരുകൾ അതാകണം എന്നില്ല. രോഗപ്രശ്നം വയ്ക്കുമ്പോൾ കിട്ടുന്ന ആരൂഢവും ആറാം ഭാവവും മറ്റും ചിന്തിച്ചും രോഗാവസ്ഥ കണ്ടുപിടിക്കാം. കൂടാതെ രോഗകാരണവും വേണ്ട ചികിത്സയും രോഗം മാറാൻ എടുക്കുന്ന കാലാവധി വരെ ഇത്തരത്തിൽ പറയാൻ കഴിയും. രോഗകാരണത്തിനാണ് ആരോഗ്യ ‌ജ്യോതിഷത്തിൽ പ്രതിവിധി പറയുന്നത്.

ഉദാഹരണമായി രോഗപ്രശ്നത്തില്‍ ധനു ആരൂഢം വരികയും ആറാം ഭാവാധിപൻ ശുക്രൻ എട്ടാംഭാവമായ കർക്കടകത്തിൽ വരികയും വ്യാഴം നീചത്തിൽ അംശീകരിക്കുകയും ചെയ്താൽ സ്ത്രീജാതകമാണെങ്കിൽ ആർത്തവസംബന്ധമായ പ്രശ്നമാണെന്നു പറയാം. ഈ വ്യക്തിയുടെ ജാതകത്തിൽ ശുക്രൻ തുലാം ‌രാശിയിൽ ആണെങ്കിൽ അശോകാരിഷ്ടവും കുമാര്യാസവും പോലെയുള്ള മരുന്നുകൾ കഴിക്കുകയും വെള്ളിയാഴ്ചകളിൽ വ്രതം എടുക്കുകയും തുളസിയിലയിട്ടു തിളപ്പിച്ച ജലം മാത്രം ആ ദിവസം കുടിക്കുകയും ചെയ്താൽ 7 മാസവും 21 ദിവസത്തിനകം രോഗം മാറിക്കിട്ടും. എന്നാൽ ധനു ആരൂഢം വന്ന് ആറാം ഭാവാധിപനായ ശുക്രൻ ആറില്‍ തന്നെ നിൽക്കുകയും വ്യാഴം ദൃഷ്ടി ചെയ്യുകയും ചെയ്താൽ ‌ആർത്തവപ്രശ്നം തന്നെ പറയാമെങ്കിലും ചികിത്സ വ്യത്യാസപ്പെടും.‌ ‌സപ്തസാരം കഷായം സേവിക്കണം. പുഷ്യാനുക ചൂർണം തേനിലോ പാലിലോ ചാലിച്ചു ‌കഴിക്കണം. വ്യാഴാഴ്ച വ്രതം എടുക്കണം. കൊടങ്ങൽ ഇട്ടു തിളപ്പിച്ച ജലം മാത്രം ആ ദിവസം കുടിക്കണം. എന്നാൽ 8 മാസവും 7 ദിവസത്തിനകം രോഗശമനം ‌ഉണ്ടാകും.

മാനസികപ്രശ്നങ്ങൾക്കും പരിഹാരം

ശരീരത്തിന്റെ മാത്രമല്ല മനസ്സിന്റെ കൂടി ചികിത്സയാണ് ആരോ‌ഗ്യ ‌ജ്യോതിഷം. ദൈവ‌വിശ്വാസം ഉള്ളവരിൽ വിഷാദത്തിന്റെ തോതു താരതമ്യേന കുറവായിരിക്കും. എന്നു പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ആധുനിക ചികിത്സാവിധികൾ എല്ലാം പരാജയപ്പെട്ട് ഇനിയും രക്ഷയില്ല എന്നു കൈയൊഴിയുമ്പോൾ ഏക ആശ്രയം ആകുന്നത് ജ്യോതിഷവും ദൈവവിശ്വാസവുമാണ്.

ജ്യോതിഷത്തിലൂടെയുള്ള ചികിത്സാരീതിയില്‍ പ്രശ്നചിന്ത നടത്തി ഇപ്പോഴത്തെ രോഗാവസ്ഥ പറയാൻ ജ്യോതിഷിക്കു കഴിയും. അസുഖം മാറി എന്ന് ഒരു ‌ജ്യോതിഷവിശ്വാസിയോട് ദൈവജ്ഞൻ പറയുമ്പോൾ അയാളുടെ മനസ്സിൽ ഉണ്ടാകുന്ന സന്തോഷവും സംതൃപ്തിയും മറ്റൊരു ശാസ്ത്രത്തിനും നല്കാനാകില്ല.

കുട്ടികളുടെ ഓർമക്കുറവും പഠനത്തിലെ ശ്രദ്ധയില്ലായ്മയും പരിഹരിക്കാൻ അലോപ്പതിയിൽ മരുന്നുകൾ ലഭ്യമാണോ എന്നു സംശയമുണ്ട്. ജാതകത്തിൽ പത്താം ഭാവാധിപനായ ബുധൻ മൗഢ്യം പ്രാപിച്ച് ആറിൽ നിന്നാൽ ബുദ്ധിക്ക് ഉണർവില്ലാത്തതിനാൽ പഠനകാര്യങ്ങളിൽ അസ്വസ്ഥത എന്നു പറയാം.

പരിഹാരമായി ബ്രഹ്മി അരച്ചു നെല്ലിക്കാ പരുവത്തിൽ ഉരുട്ടി പശുവിൻ പാലിലോ തേനിലോ ചാലിച്ച് എല്ലാ ബുധനാഴ്ചയും പുലര്‍ച്ചെ കഴിക്കുക. ബുധനാഴ്ചകളിൽ ബ്രഹ്മിയിട്ട് തിളപ്പിച്ച ജലം മാത്രം കുടിക്കുക.

പത്താം ഭാവാധിപനായ ബുധൻ മൗഢ്യം പ്രാപിച്ച് എട്ടിലാണു നിൽക്കുന്നത് എങ്കിൽ ബ്രഹ്മി ഇടിച്ചുപിഴിഞ്ഞ നീരിൽ വയമ്പ്, മീനങ്ങാടി, കൊടങ്ങൽ എന്നിവ അരച്ച് കാച്ചിയ പാലിൽ ചേർത്തു ബുധനാഴ്ച വീതം സേവിക്കുക. വയമ്പ് ഇട്ടു തിളപ്പിച്ച ജലം മാത്രം അന്നേ ദിവസം കുടിക്കുക.

സന്താനജനനകാര്യത്തിൽ മാനസിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ദമ്പതികൾക്ക് ‌ജ്യോതിഷത്തിലൂടെയുള്ള ചികിത്സ ഏറെ പ്രയോജനം ചെയ്യും.‍

ഹരി പത്തനാപുരം
ജ്യോതിഷപണ്ഡിതൻ
പത്തനാപുരം