Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമിതവണ്ണം കുറയ്ക്കാൻ ബാരിയാട്രിക് സർജറി

obesity

മാറിയ ജീവിതശൈലി സമ്മാനിക്കുന്ന രോഗമാണ് അമിതവണ്ണം. തെറ്റായ ഭക്ഷണശീലങ്ങളുടെയും അലസജീവിതത്തിന്റെയും പ്രതീകമാണ് കുടവയർ. ശരീരത്തിൽ കൊഴുപ്പ് അടിയുമ്പോഴാണ് വയർ ചാടുന്നതും തടി കൂടുന്നതും. കേരളത്തിൽ മൂന്നിലൊന്ന് സ്ത്രീകളിൽ അമിതവണ്ണമോ അമിതഭാരമോ ഉണ്ടെന്നാണ് കണക്ക്. നാലിലൊന്ന് പുരുഷൻമാർക്കും അമിതവണ്ണമോ അമിതഭാരമോ ഉണ്ട്.

ലോക ജനസംഖ്യയിൽ 39% ആളുകളും പൊണ്ണത്തടിയുള്ളവരാണ്. അതിൽതന്നെ 13% അമിതവണ്ണമുള്ളവർ. ഇന്ത്യയിൽ ആറുശതമാനം പേർ അമിതവണ്ണമുള്ളവർ. കൊഴുപ്പും കൊളസ്ട്രോളും അന്നജവും വലിയ തോതിൽ അടങ്ങിയ ഭക്ഷണമാണ് നാം പതിവായി കഴിക്കുന്നത്. ശരീരത്തിൽ എത്തുന്ന അമിത കലോറി കൊഴുപ്പായി അടിയും. അത് അമിതവണ്ണത്തിനും ഭാരക്കൂടുതലിനും കാരണമാകുന്നു. അതോടെ പല അസുഖങ്ങളും നമ്മെ കീഴടക്കാൻ എത്തും.

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ നിർദേശപ്രകാരം ആരോഗ്യവാനായ പുരുഷനു വേണ്ട ശരീരഭാരം 60 കിലോഗ്രാമും സ്ത്രീക്ക് 55 കിലോഗ്രാമുമാണ്. കലോറി കൂടുതലുള്ള ഭക്ഷണം ധാരാളം കഴിക്കുന്നതും അതിനു ആനുപാതികമായി ശരീര വ്യായാമം ഇല്ലാത്തതുമാണ് അമിതവണ്ണത്തിനുള്ള കാരണം. ബോഡി മാസ് ഇൻഡക്സ് (ബിഎംഐ) 18 മുതൽ 25 വരെയാണെങ്കിൽ കുഴപ്പമില്ല. 25–30 ആണെങ്കിൽ ഭാരക്കൂടുതലാണ്, അപ്പോൾ ചികിൽസ തുടങ്ങണം. ആദ്യഘട്ടത്തിലെ ചികിൽസ ഭക്ഷണനിയന്ത്രണവും വ്യായാമവും തന്നെ. പക്ഷേ, ബിഎംഐ 30നു മുകളിലായാൽ സ്ഥിതി ഗുരുതരമാകും.

∙ എന്താണ് ബിഎംഐ?

നമുക്ക് ആവശ്യമായതിനേക്കാൾ ഭാരം കൂടുതലുണ്ടോ എന്ന് കണ്ടെത്താനുള്ള വഴിയാണ് ബോഡി മാസ് ഇൻഡക്സ് പരിശോധിക്കൽ. ശരീരഭാരത്തെ ഉയരത്തിന്റെ വർഗം കൊണ്ട് ഹരിച്ചാൽ ബിഎംഐ ലഭിക്കും. ബിഎംഐ = ഭാരം / മീറ്ററിലുള്ള ഉയരത്തിന്റെ വർഗം. ശരീരഭാരം കിലോഗ്രാമിലും ഉയരം മീറ്ററിലും വേണം കണക്കാക്കാൻ.

∙ അമിതവണ്ണം ഉണ്ടെങ്കിൽ എന്താണ് പ്രശ്നം?

അമിതവണ്ണം നമ്മുടെ ശരീരത്തിന്റെ ഏത് അവയവത്തെ വേണമെങ്കിലും ദോഷമായി ബാധിക്കാം എന്നതു തന്നെയാണ് പ്രശ്നം. പക്ഷാഘാതം, ഹൃദയസ്തംഭനം, രക്തസമ്മർദം, പ്രമേഹം, ലിവർ സിറോസിസ്, ഫാറ്റി ലിവർ, വന്ധ്യത, സന്ധിവേദന തുടങ്ങിയവയൊക്കെ വരാൻ പൊണ്ണത്തടി കാരണമാകും. കാൻസറിന്റെ പ്രധാന കാരണങ്ങളിലൊന്ന് അമിതവണ്ണമാണ്. ഉറക്കത്തിൽ കൂർക്കം വലിക്കാനും ശ്വാസം കിട്ടാതെ ഉറക്കം നഷ്ടപ്പെടാനും അമിതവണ്ണം കാരണമാകും. ഈ ഉറക്കക്കുറവ് നികത്താനായി പകൽ ഉറങ്ങുമ്പോൾ അലസത കൂടുകയും ചെയ്യും.

∙ എത്ര കലോറി വരെയാകാം?

ഒരു പുരുഷന് ഒരു ദിവസം ഭക്ഷണത്തിലൂടെ 2000 കിലോഗ്രാം കലോറി വരെയാകാം. സ്ത്രീകൾക്ക് 1800 കലോറി വരെയും. ഒരു ബിരിയാണി കഴിക്കുമ്പോൾ തന്നെ 1500 കലോറി നമ്മുടെ ശരീരത്തിൽ എത്തും. നാല് ഇഡ്ഡലി കഴിച്ചാൽ 150 കലോറി. ഒരു ചായ കുടിച്ചാൽ 150 കലോറി. അപ്പോൾ ഒരു ദിവസം നമ്മുടെ ശരീരത്തിൽ എത്തുന്ന കലോറിയുടെ അളവ് ആവശ്യത്തിലേറെയാണ്. അരമണിക്കൂർ വേഗത്തിൽ നടന്ന് വിയർക്കുകയാണെങ്കിൽ നമ്മുടെ ശരീരത്തിൽനിന്ന് പുറത്തുപോകുന്നത് 300 കിലോഗ്രാം കലോറിയാണ്. അമിതവണ്ണമുണ്ടെങ്കിൽ ഒരു ദിവസം ശരീരത്തിൽ എത്തുന്ന കലോറിയുടെ അളവ് 1200 ആയി കുറക്കണം. അതായത് ഇപ്പോഴുള്ളതിന്റെ പകുതി. അമിതവണ്ണം കുറയ്ക്കണമെന്ന് ആഗ്രഹമുണ്ടെങ്കിൽ ഇപ്പോൾ കഴിക്കുന്നതിന്റെ പകുതി ഭക്ഷണം മതി എന്ന് ചുരുക്കം.

∙ ചികിൽസ എപ്പോൾ?

കലോറി കുറച്ചാലും ശരീരഭാരം ഒറ്റയടിക്ക് കുറയണമെന്നില്ല. ചിട്ടയായ വ്യായാമം കൂടിയാകുമ്പോൾ ഭാരം പതിയെ കുറഞ്ഞുവരും. ജോഗിങ്, സൈക്ലിങ് എന്നിവയെല്ലാം ഭാരം കുറയ്ക്കാൻ പറ്റിയ വ്യായാമങ്ങളാണ്. ഇത്രയൊക്കെ ചെയ്തിട്ടും ബോഡി മാസ് ഇൻഡക്സ് 32.5നു മുകളിൽ പോകുകയാണെങ്കിൽ നിർബന്ധമായും ചികിൽസ വേണം. 37നു മുകളിലാണെങ്കിൽ ശസ്ത്രക്രിയ തന്നെ വേണ്ടി വരും.

∙ ബാരിയാട്രിക് സർജറി

അമിതവണ്ണം കുറയ്ക്കുന്നതിനുള്ള ശസ്ത്രക്രിയയെയാണ് ബാരിയാട്രിക് സർജറി എന്നു പറയുന്നത്. പല രീതികളുണ്ടെങ്കിലും ബാരിയാട്രിക് ശസ്ത്രക്രിയ പ്രധാനമായും രണ്ടുതരത്തിലാണ്. ആമാശയം ചുരുക്കുന്നതാണ് ഇതിൽ ആദ്യത്തേത്. രണ്ടുലീറ്റർ വരെ സംഭരണ ശേഷിയുണ്ട് ആമാശയത്തിന്.

ശസ്ത്രക്രിയയിലൂടെ അത് 100 മില്ലിയാക്കി കുറയ്ക്കുകയാണ് ചെയ്യുക. അപ്പോൾ കുറച്ചു ഭക്ഷണം കഴിക്കുമ്പോൾ തന്നെ വയറു നിറയും. അതോടെ ഭക്ഷണം കഴിക്കുന്നതിൽ കുറവു വരും. ഭക്ഷണം കഴിക്കുന്നതിനു നിയന്ത്രണം ഏർപ്പെടുത്തുക മാത്രം ചെയ്യുന്നതാകയാൽ ഈ ശസ്ത്രക്രിയ കൊണ്ട് മറ്റ് പാർശ്വഫലങ്ങളൊന്നുമില്ല.

ഗ്യാസ്ട്രിക് ബൈപാസ് ആണ് മറ്റൊരു ശസ്ത്രക്രിയ. ഇതും കഴിക്കുന്ന ആഹാരത്തിന്റെ അളവ് നിയന്ത്രിക്കുന്നതിന് ഉള്ളതാണെങ്കിലും മറ്റൊരു രീതിയിലാണെന്നു മാത്രം. ചെറുകുടലിന്റെ പകുതി ഭാഗത്തുകൂടെ മാത്രം ആഹാരം കടത്തിവിടാനുള്ള സജ്ജീകരണമാണ് ഈ ശസ്ത്രക്രിയയിലൂടെ ചെയ്യുന്നത്. അതോടെ നാം കഴിക്കുന്ന ഭക്ഷണം നമ്മുടെ ശരീരം ആഗീരണം ചെയ്യുന്നതിന്റെ അളവ് കുറയും. ഇതാണ് കൂടുതൽ ഫലപ്രദമെങ്കിലും അൽപം സങ്കീർണമാണ്.

സാധാരണഗതിയിൽ 200 കിലോഗ്രാമിനും മേലെ ഭാരമുള്ളവർക്കേ ഈ ശസ്ത്രക്രിയ നിർദേശിക്കാറുള്ളു. ശസ്ത്രക്രിയക്കു ശേഷം പോഷകാഹാരക്കുറവ് വരാനും പിത്താശയക്കല്ല് രൂപപ്പെടാനും സാധ്യതയുള്ളതിനാൽ അവ പ്രതിരോധിക്കുന്നതിന് മറ്റ് ചികിൽസകൾ വേണ്ടി വരും എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ശസ്ത്രക്രിയകൾക്ക് രണ്ടരലക്ഷം മുതൽ മൂന്നരലക്ഷം രൂപവരെ ചെലവു വരും.

മൂന്നുമണിക്കൂർ‌ വരെ ദൈർഘ്യം വരുന്ന താക്കോൽദ്വാര ശസ്ത്രക്രിയയാണ് ചെയ്യുന്നത്. നാലോ അഞ്ചോ ദിവസത്തെ ആശുപത്രി വാസവും 10 ദിവസത്തെ വിശ്രമവും മതിയാകും ശസ്ത്രക്രിയ കഴിഞ്ഞാൽ. മുലയൂട്ടുന്ന അമ്മമാർക്കും ഗർഭിണികൾക്കും ഒഴികെ ആർക്കും ഈ ശസ്ത്രക്രിയ ചെയ്യാം.

ശസ്ത്രക്രിയ കൊണ്ടു മാത്രം ഭാരം കുറച്ച് പൂർണമായും പഴയ അവസ്ഥയിലേക്ക് എത്താമെന്ന് തെറ്റിദ്ധരിക്കരുത്. ഉദാഹരണമായി 70 കിലോഗ്രാം ഭാരമുണ്ടായിരുന്നയാൾക്ക് ഇപ്പോൾ 120 കിലോഗ്രാം ഉണ്ടെങ്കിൽ ശസ്ത്രക്രിയയിലൂടെ അത് 85 കിലോഗ്രാം വരെയായി കുറയ്ക്കാം. ബാക്കിയുള്ളത് ഭക്ഷണനിയന്ത്രണത്തിലൂടെയും വ്യായാമത്തിലൂടെയും തന്നെ കുറച്ചെടുക്കേണ്ടി വരും.

വിവരങ്ങൾക്ക് കടപ്പാട്:

ഡോ. ശൈലേഷ് ഐക്കോട്ട്, സീനിയർ കൺസൽറ്റന്റ് ആൻഡ് ഗ്യാസ്ട്രോ ഇന്റസ്റ്റൈനൽ സർജൻ,

ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ കോഴിക്കോട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.