നിങ്ങൾ ചെയ്യാറുണ്ടോ ‍ഡീ–സ്ട്രസിങ്?

Image Courtesy : The Man Magazine

ഓഫീസിലെ തിരക്കുകൾ കഴിഞ്ഞ് വീട്ടിൽ വന്നാൽ എന്തെങ്കിലും കഴിച്ചെന്നു വരുത്തി എങ്ങനെയെങ്കിലും ഒന്നു കിടന്നാൽ മതി എന്നാണ് പലരുടെയും വിചാരം. എന്നാൽ യുഎസിലെ വൈദ്യശാസ്ത്രജ്ഞന്മാർ പറയുന്നത് ഓഫീസ് വിട്ടു വീട്ടിലെത്തിയാൽ എല്ലാവരും സ്വയം ഡീ–സ്ട്രസ് ചെയ്യണമെന്നാണ്. മാനസിക സമ്മർദം വർധിക്കുന്ന ഇക്കാലത്ത് നിങ്ങളുടെ മനസിനും ശരീരത്തിനും ഡീ–സ്ട്രസിങ് അത്യാവശ്യമാണത്രേ.

എന്താണ് ഡീ സ്ട്രസിങ്?

നിങ്ങളുടെ സ്ട്രസ് ഇല്ലാതാക്കുന്നതിനെയാണ് ഡീ–സ്ട്രസിങ് എന്നതുകൊണ്ട് ലക്ഷ്യമാക്കുന്നത്. ജോലിസ്ഥലത്തെ പലവിധ സമ്മർദങ്ങൾ മൂലം നിങ്ങളുടെ മനസ് അനുഭവിക്കുന്ന പിരിമുറുക്കത്തിൽ നിന്ന് രക്ഷനേടാൻ ഇതു സഹായിക്കും. ഇതു ചെയ്യുന്നതുമൂലം നിങ്ങളുടെ മനസിന് പോസിറ്റീവ് എനർജി ലഭിക്കുന്നു. മാത്രമല്ല, നന്നായി ഉറങ്ങുന്നതിനും അടുത്ത ദിവസം കൂടുതൽ ഉന്മേഷത്തോടെ ജോലിയിൽ മുഴുകാനും സാധിക്കുന്നു.

എങ്ങനെയാണ് ഡീ–സ്ട്രസിങ്?

∙ ഷവർ ബാത്ത്– ജോലി കഴിഞ്ഞ് വീട്ടിലെത്തിയാൽ ആദ്യം ഒരു ഷവർ ബാത്ത് നടത്തുക. കുളിക്കുന്ന വെള്ളത്തിൽ ചെറുനാരങ്ങാനീരോ പനിനീരോ ചേർത്താൽ ശരീരത്തിന് കൂടുതൽ ഉന്മേഷം തോന്നും. ബാത്ത് ടബിൽ കുളിക്കാൻ സൗകര്യമുള്ളവർ ഇളംചൂടുള്ള വെള്ളത്തിൽ മുങ്ങിക്കിടക്കുന്നത് നല്ലതാണ്.

∙ ഫ്രൂട്ട് സാലഡ്‌–ജ്യൂസ്– കുളി കഴിഞ്ഞാൽ ഫ്രഷ് പഴങ്ങളും പച്ചക്കറികളും ചേർത്ത സാലഡ് കഴിക്കാം. ജ്യൂസായാലും മതി. കാപ്പി, ചായ എന്നിവ ഒഴിവാക്കാം.

∙ വാം അപ്– ലഘുവ്യായാമങ്ങൾ ചെയ്യാൻ ശ്രമിക്കാം. ശരീരം അധികം വിയർക്കുന്ന, ആയാസമുള്ള വ്യായാമങ്ങൾ ഈ സമയത്ത് ഒഴിവാക്കുക.

∙ മ്യൂസിക് മൊമന്റ്സ്– പാട്ട് ഇഷ്ടമാണെങ്കിൽ വീട്ടിൽ നേർത്ത സംഗീതം പ്ലേ ചെയ്യാം. ഇത് നിങ്ങളുടെ മനസിനെ പ്രസന്നമാക്കും. അധികം ശബ്ദകോലാഹലങ്ങളും കരച്ചിലും സംഘർഷാത്മക രംഗങ്ങളും ഉള്ള സീരിയലുകൾ കഴിവതും കാണാതിരിക്കാം.

∙ സ്വിച്ച് ഓഫ് മൊബൈൽ– രാത്രി ആയാൽ മൊബൈൽ ഫോൺ, ടാബ് തുടങ്ങിയവ ഓഫാക്കാം. അത്യാവശ്യക്കാർ അടുത്ത ദിവസം വിളിച്ചുകൊള്ളും. ഓഫീസ് കാര്യങ്ങൾ ഇനി ആലോചിക്കരുത്.

∙ ഫാമിലി ടൈം– കുടുംബാംഗങ്ങൾക്കൊപ്പം ചെലവഴിക്കുന്ന സമയം വളരെ പ്രധാനപ്പെട്ടതാണ്. അവർക്കൊപ്പം വേണമെങ്കിൽ ഒരു നൈറ്റ് ഡ്രൈവിനു പോകാം. അല്ലെങ്കിൽ പുറത്തു നിന്നു ഭക്ഷണം കഴിക്കാം. അതുമല്ലെങ്കിൽ ഗാർഡനിൽ ഇരുന്ന് ഒരു കാർഡിൽ ലൈറ്റ് ഡിന്നർ കഴിക്കാം.

∙ ഗുഡ് നൈറ്റ്, സ്വീറ്റ് ഡ്രീംസ്– ഇനിയുള്ള സമയം പങ്കാളിക്കുള്ളതാണ്.