ബോസ് നിങ്ങളെ രോഗിയാക്കുമോ?

നിങ്ങളുടെ ബോസ് ഏതുനേരവും നിങ്ങളുടെ കുറ്റം പറയുകയും കൂടുതൽകൂടുതൽ നിങ്ങളിൽ നിന്നു പ്രതീക്ഷിക്കുന്നുവെന്ന് പറഞ്ഞ് എല്ലായ്പ്പോഴും നിങ്ങളെ ടെൻഷനടിപ്പിക്കുകയും ചെയ്യുന്ന ആളാണോ? എങ്കിൽ ഒരു കാര്യം മനസ്സിൽ നിങ്ങൾ കരുതിക്കോളൂ, അത്തരമൊരു ബോസ് നിങ്ങളെ അധികം വൈകാതെതന്നെ ഒരു രോഗിയാക്കി മാറ്റും. തീർച്ച

സ്വകാര്യസ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ബോസിനെക്കുറിച്ചുള്ള പരാതി പറയാനേ നേരമുള്ളൂ. എന്ത് അത്യാവശ്യത്തിനു ചോദിച്ചാലും ലീവ് തരാതെ, ചെറിയ എന്തെങ്കിലും ഇളവുകളുടെ പേരിൽ നിങ്ങളെ കൂടുതൽ‍ നേരം ഓവർ ഡ്യൂട്ടി ചെയ്യിപ്പിക്കുന്ന ബോസുമാർ നിങ്ങളുടെ മാനസിക ശാരീരികാവസ്ഥയെ ദോഷകരമായി ബാധിക്കുന്നു എന്നതു മറക്കേണ്ട. ബോസിൽ നിന്നുള്ള കടുത്ത മാനസിക സമ്മർദം ജോലിക്കാരുടെ ആരോഗ്യത്തെ ബാധിക്കുന്നതുസംബന്ധിച്ച് യൂണിവേഴ്സിറ്റി ഓഫ് ഈസ്റ്റ് ആംഗ്ലിയ നടത്തിയ പഠനത്തിൽ നിന്നാണ് ഈ നിഗമനം.

ജോലിയിൽ അനാവശ്യമായ ഇടപെടലുകൾ നടത്തി നിങ്ങളെ സമ്മർദത്തിലാക്കുന്ന മേലുദ്യോഗസ്ഥരെയാണ് സൂക്ഷിക്കേണ്ടത്. സുഖമില്ലാത്ത ദിവസങ്ങളിൽ ബോസിനെ ഭയന്ന് ലീവ് ചോദിച്ചുവാങ്ങാൻ മടിക്കരുത്. ഒറ്റ ദിവസത്തെ വിശ്രമം കൊണ്ടും ശരിയായ മരുന്നുകൊണ്ടും മാറാവുന്ന നിസ്സാര രോഗങ്ങൾ ലീവ് എടുക്കാതെ തുടർച്ചയായി ജോലി ചെയ്യുന്നതുകൊണ്ട് കൂടുതൽ മോശമാകാനാണ് സാധ്യത എന്നതു മറക്കേണ്ട. വീട്ടിലെത്തിക്കഴിഞ്ഞാൽ ഓഫിസ് കാര്യങ്ങൾ മറന്നേക്കുക. പരാതിയും കുറ്റപ്പെടുത്തലുമായി മുഴങ്ങുന്ന ബോസിന്റെ ഫോൺകോളുകൾ അറ്റൻഡ് ചെയ്യാതിരിക്കുക. ഓഫിസ് പ്രശ്നങ്ങൾ ഓഫിസിൽ സംസാരിക്കാമെന്ന് മാന്യമായി അദ്ദേഹത്തെ അറിയിക്കുക.

വീട്ടിലേക്കു നോക്കാൻ ഫയലുകൾ തന്നുവിടുന്നുണ്ടെങ്കിൽ നോക്കിത്തീർക്കാൻ പറ്റുന്നത്ര ഫയലുകൾ മാത്രം കൊണ്ടുവരിക. വീട്ടുസമയം നിങ്ങളുടെ പങ്കാളിക്കും കുട്ടികൾക്കും വളരെ പ്രിയപ്പെട്ടതാണെന്നു മറക്കരുത്. വീട്ടിലെത്തിക്കഴി‍ഞ്ഞും ഊണിലും ഉറക്കത്തിലും ഓഫിസ് പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നത് അവസാനിപ്പിക്കുക. പങ്കാളിയോടു ബോസിന്റെ വില്ലത്തരങ്ങൾ വർണിച്ച് സന്തോഷകരമായ നിമിഷങ്ങൾ നഷ്ടപ്പെടുത്താതിരിക്കുക.