ചൂടുവെള്ളം ആരോഗ്യത്തിന് നല്ലതോ?

നിത്യജീവിതത്തിൽ കുളിക്കാനും കുടിക്കാനും ചൂടുവെള്ളമുപയോഗിക്കുന്നവർ ധാരാളമുണ്ടെങ്കിലും അതിന്റെ ഗുണദോഷവശങ്ങളെക്കുറിച്ചുള്ള വ്യക്തമായ ധാരണകളുടെ അഭാവത്തിലാണു പലരും ഈ രീതി പിന്തുടരുന്നത്. പരമ്പരാഗതമായി കൈമാറി വന്ന അറിവുകളുടെ കൂട്ടത്തിൽ, സാധാരണ വെള്ളത്തേക്കാൾ കുറച്ചുകൂടി നല്ലതു ചൂടുവെള്ളമാണെന്ന വിശ്വാസമാണു പലർക്കും. എന്നാൽ ഇതു പൂർണമായി ശരിയല്ല. ചൂടുവെള്ളം വേണ്ടിടത്തു മാത്രം വേണം ഉപയോഗിക്കാൻ. അതുപോലെ പാകമായ ചൂടും മതി.

ചൂടുവെള്ളത്തിലെ കുളി

ചെറുപ്പം തൊട്ടേയുള്ള ശീലങ്ങളിൽ ചൂടുവെള്ളത്തിലുള്ള കുളി പിന്തുടരുന്നവരുണ്ട് എന്നാൽ ശാരീരകമായ അസ്വസ്ഥതകൾ ഒന്നുമില്ലാത്ത സാഹചര്യത്തിൽ ഇതുകൊണ്ടു കാര്യമായ പ്രയോജനം ഒന്നുമില്ലെന്നതാണു വാസ്തവം. ശാസ്ത്രീയമായും ഇതു തെളിയിക്കപ്പെട്ടിട്ടില്ല. ചൂടുവെള്ളത്തിൽ കുളിക്കുമ്പോൾ ശരീരത്തിലെ രക്തചംക്രമണം ചെറുതായി വർധിക്കുന്നതു കൊണ്ടു പേശികൾക്കു കൂടുതൽ ഉണർവു ലഭിക്കാം. ബ്രോങ്കൈറ്റിസ്, ജലദോഷം, തൊണ്ടവേദന, തുടങ്ങി തണുപ്പു ദോഷം ചെയ്യുന്ന അവസരങ്ങളിൽ വേണമെങ്കിൽ ചൂടുവെള്ളത്തിലുള്ള കുളി ആവാം.

ചൂടു വെള്ളത്തിൽ കുളിക്കണമെന്നു പറയുമ്പോൾ അതിനായി വെള്ളം തിളപ്പിക്കേണ്ട കാര്യവുമില്ല. തണുപ്പൊന്നു മാറ്റിയെടുത്താൽ മതി. അതുമാത്രമല്ല, സഹിക്കാൻ പറ്റുന്ന ചൂടിൽ വേണം വെള്ളം ദേഹത്തൊഴിക്കാൻ.

കൂടുതൽ ഗുണം കിട്ടുമെന്നു കരുതി അധികം ചൂടുവെള്ളം ദേഹത്തൊഴിച്ചാൽ ഗുണത്തേക്കാളേറെ ദോഷമാകും. ചെറു ചൂടുവെള്ളത്തിലാണു കുളിയെങ്കിലും ഈ വെള്ളം അധികം തലയിൽ കോരിയൊഴിക്കാതിരിക്കാൻ ശ്രദ്ധിക്കണം. തണുപ്പില്ലാത്ത വെള്ളമാണു തല കഴുകാൻ നല്ലത്.

മുറിവു കഴുകാൻ ചൂടുവെള്ളം

കാലിലും കൈയിലും ഉണ്ടാകുന്ന ചെറിയ മുറിവുകൾക്കും വ്രണങ്ങൾക്കും ചികിത്സതേടാതെ ചൂടുവെള്ളം ഉപയോഗിച്ചു വൃത്തിയാക്കിയ ശേഷം നാടൻ പ്രയോഗത്തിലൂടെ സുഖപ്പെടുത്താൻ പലരും ശ്രമിക്കാറുണ്ട്. ചൂട് എത്രത്തോളം കൂട്ടാമോ അത്രയും വേഗം രോഗം ഭേദമാക്കാം എന്ന മട്ടിലാകും ചികിത്സ. ശുദ്ധ അസംബന്ധമാണിത്. യാതൊരു കാരണവശാലും മുറുവിലോ വ്രണത്തിലോ അമിത ചൂടിൽ വെള്ളം ഉപയോഗിക്കരുത്. ഇതു ഗുണത്തേക്കാളറെ ദോഷം ചെയ്യും.

മുറിവു വൃത്തിയാക്കാൻ തിളപ്പിച്ചാറിയ വെള്ളമാണ് അഭികാമ്യം. ശരീരത്തിൽ ഏതെങ്കിലും ഭാഗത്തു നീർക്കെട്ടോ വേദനയോ അനുഭവപ്പെടുമ്പോൾ അവിടെ ചെറിയ തോതിൽ ചൂടു വെള്ളം ഉപയോഗിച്ച് ആവി പിടിക്കാറുണ്ട്. ആ സമയത്ത് അവിടേക്കുള്ള രക്തചംക്രമണം വർധിക്കുകയും മസിലുകൾക്ക് ആശ്വാസം ലഭിക്കുകയും ചെയ്യാം.

അതുപോലെ എണ്ണയോ കുഴമ്പോ പുരട്ടിയിട്ട് അതിനു മീതെ ചെറുചൂട് നൽകാറുണ്ട്. ഇത്തരം അവസരങ്ങളിൽ ശരീരത്തിലെ സൂക്ഷ്മ സുഷിരങ്ങൾ വികസിക്കുകയും കൂടിയ അളവിൽ ലേപനം പ്രയോജനപ്പെടുകയും ചെയ്യും.

കുടിക്കാൻ തിളപ്പിച്ചാറിയ വെള്ളം

ശുദ്ധജലം ലഭ്യമല്ലാത്ത സാഹചര്യത്തിൽ തിളപ്പിച്ചാറിയ ജലം മാത്രമാണ് അഭികാമ്യവും സുരക്ഷിതവും. ബോയിലിങ് പോയിന്റ് എത്താതെ വെറുതെ ചൂടാക്കിയ വെള്ളം കുടിക്കാൻ ഉപയോഗിക്കരുത്. തിളപ്പിച്ച വെള്ളം പൂർണമായി തണുക്കില്ല. സുഖകരമായ ചൂടിൽ വെള്ളം കുടിക്കുന്നതാണു നല്ലത്. അതുപോലെ കുടിക്കാനുള്ള വെള്ളം തുടർച്ചയായി കൂടുതൽ നേരം തിളപ്പിക്കണമെന്നില്ല. ബോയിലിങ് പോയിന്റ് എത്തിയാൽ മതി. ശരീരത്തിനു ദോഷകരമായ ബാക്ടീരിയകളും മറ്റും ഈ അവസ്ഥയിൽ നശിച്ചു കൊള്ളും.

സോളാർ ഇലക്ട്രിക് ഹീറ്ററുകളുടെ സഹായത്തോടെ ചൂടാക്കുന്ന വെള്ളം പാചകത്തിനുൾപ്പെടെയുള്ള അടുക്കള ആവശ്യങ്ങൾക്ക് ഉപയോഗിക്കാമെങ്കിലും കുടിക്കാൻ നല്ലതല്ല. കാരണം ഇവ അത്തരം ഉപകരണങ്ങളിൽ വെള്ളം തിളയ്ക്കാൻ അനുവദിക്കാതെ 70ഡിഗ്രി വരെയേ ചൂടാക്കാറുള്ളൂ. സദ്യകൾക്കും വീടുകളിലും കുറച്ചു വെള്ളം തിളപ്പിച്ച ശേഷം ഇതിലേക്കു പച്ചവെള്ളം കൂടി ചേർക്കുന്ന രീതിയുണ്ട്. ഇതു കുടിക്കുന്നതു തിളപ്പിക്കാത്ത വെള്ളം കുടിക്കുന്നതിനു സമാനമാണ്.

വിവരങ്ങൾക്കു കടപ്പാട് :

ഡോ. എ സദക്കത്തുള്ള