ചുമമരുന്നു നല്‍കുമ്പോള്‍

ചുമയ്ക്കും ജലദോഷത്തിനുമുള്ള അലോപ്പതി മരുന്നുകളുടെ വില്പന നമ്മുടെ രാജ്യത്തു മൂന്നു വര്‍ഷം മുമ്പത്തെ കണക്കു പ്രകാരം 2700 കോടി രൂപയില്‍പ്പരമായിരുന്നു. എന്നിട്ടും ചുമ മരുന്നുകളുടെ ഉപയോഗത്തില്‍ ചില ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്.

ചുമ മരുന്നുകള്‍ മൂന്നു തരമുണ്ട്.

  1. സാധാരണ ചുമ നിവാരിണികള്‍- അവ ഉമിനീരിനെ വര്‍ധിപ്പിക്കുന്നു..

ഉദാ: സിറപ്പുകളും ലിന്‍ക്റ്റ്സും.

2.ശ്വാസനാളിയിലെ ദ്രാവകത്തെ വര്‍ധിപ്പിക്കുന്ന മരുന്നുകളായ എക്സ്പെക്റ്റൊറന്റുകള്‍.

  1. ചുമ അമര്‍ത്താനുതകുന്ന കൊഡീന്‍, ഡെക്സ്ട്രോ മെതോര്‍ഫിന്‍ എന്നീ ഔഷധങ്ങളടങ്ങിയ സിറപ്പുകളാണു മൂന്നാമത്തെ വിഭാഗം. ഇവ പ്രയോദനപ്രദമാണെങ്കിലും ഇവയുടെ അമിത ഡോസും പതിവായ ഉപയോഗവും അപകടകരമാണ്.

കുട്ടികള്‍ക്കു നല്‍കുമ്പോള്‍

കുട്ടികള്‍ക്കു ചുമ മരുന്നുകള്‍ കൊടുക്കുന്നതു ഡോക്ടറുടെ നിര്‍ദേശമനുസരിച്ചു വേണം. നിര്‍ദേശിച്ചതില്‍ കൂടുതല്‍ അളവു നല്‍കുന്നത്, ഇടയ്ക്കിടയ്ക്കു കൊടുക്കുന്നത്. ഒരേസമയം കൊടുക്കുന്ന ജലദോഷത്തിനും ചുമയ്ക്കുമുള്ള മരുന്നുകളില്‍ ഒരേ ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നത് എന്നിവ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്കിടയാക്കും. മിക്കവാറും ചുമ മരുന്നുകളില്‍ ആള്‍ക്കഹോളും അടങ്ങിയിട്ടുണ്ട്. കുട്ടിക്കു ശ്വാസംമുട്ടലനുഭവപ്പെടുക, നിര്‍ത്താതെ ചുമയ്ക്കുക, ചുമയോടൊപ്പം പനി കാണുക, ചുമ 5-6 ദിവസം കൊണ്ടു മാറാതെ നില്‍ക്കുക എന്നിവ ഉണ്ടായാല്‍ ശിശുരോഗവിദഗ്ധനെ കാണണം.

സിറപ്പിനു പകരം

കഫ്സിറപ്പിനു പകരം തുടക്കത്തില്‍ ഇവ പ്രയോഗിച്ചു നോക്കുക: ∙ ധാരാളം ഇളം ചൂടുവെള്ളം കുടിക്കുക. ∙ വിശ്രമം കുറഞ്ഞ തോതില്‍ മാത്രം ജോലി ചെയ്യുക. ∙ മൂക്കില്‍ സലൈന്‍ തുള്ളിമരുന്നൊഴിക്കുക. ∙ തേന്‍ നല്ല ചുമ മരുന്നാണ്.

പ്രത്യേകം ശ്രദ്ധിക്കാന്‍

∙ കൊഡീന്‍ അടങ്ങിയ കഫ്സിറപ്പാണെങ്കില്‍ ശ്വാസോഛ്വാസത്തിന്റെ ഗതിവേഗം കുറയാനിടയാകും. ഛര്‍ദി, മലബന്ധം, തലചുറ്റല്‍, വായുണങ്ങി വരിക, മാനസികാസ്വാസ്ഥ്യം പ്രകടമാകുക എന്നിവയ്ക്കും സാധ്യതയുണ്ട്.

∙ ഡെക്സ്ട്രോമെതോര്‍ഫിന്‍ അടങ്ങിയ മരുന്നുകള്‍, മരുന്നിനോടുള്ള അമിതാസക്തി ഉണ്ടാക്കാം. അതുകൂടാതെ ക്ഷീണം, മാനസിക വിഭ്രമം എന്നിവയും വരാം.

∙ കഫ്സിറപ്പുകള്‍ കൃത്യ ഡോസ് മാത്രം കഴിക്കുക. സിറപ്പു കഴിച്ചതിനെ തുടര്‍ന്നു സെഡേഷന്‍, ഛര്‍ദ്ദില്‍ എന്നിവ വന്നാല്‍ ഡോക്ടറെ കാണണം.

∙ കഫ്സിറപ്പ് വെറുതെ കുടിക്കുന്നതു ശീലമാക്കരുത്. ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം കഴിക്കുക.

ഡോ. ബി ജയകൃഷ്ണന്‍