Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വപ്നങ്ങളുടെ അടിമയും ഉടമയും

dream

ഏറെ കഴിവുണ്ടായിട്ടും എത്തേണ്ട നിലയിൽ ഒരാൾ എത്താത്തതിനു പുറകിൽ ഒരു വില്ലനുണ്ട്– മുഴുവൻ കഴിവും പ്രകടിപ്പിക്കാത്ത അലസ ജീവിതം

പോളണ്ടിലെ പ്രശസ്തമായ ഡെൽഫ്റ്റ് നഗരത്തിൽ ഉണക്കപ്പഴം വിൽക്കുന്ന കടയിൽ ജോലി ചെയ്തിരുന്ന ല്യൂവെൻ ഹോക് എന്ന നിരക്ഷരനായ യുവാവ്. ജോലിക്കിടയിലെ ഇടവേളകളിൽ ലെൻസുകൾ നിർമിച്ചു വിറ്റുപോന്നു. ഒരിക്കൽ ചീഞ്ഞ കോഴിയിറച്ചിക്കു മീതെ ലെൻസുനീട്ടി അതിലൂടെ നോക്കിയ അദ്ദേഹം ഞെട്ടിത്തരിച്ചുപോയി. ഇറച്ചിയിൽ നിറയെ സൂക്ഷ്മജീവികൾ! ഉത്സാഹശാലിയായ ആ യുവാവ് കെട്ടിക്കിടക്കുന്ന വെളളത്തിലും ചീഞ്ഞ പച്ചക്കറികളിലും എന്നുവേണ്ട വിസർജ്യവസ്തുക്കളിൽ വരെ ലെൻസു നീട്ടി സൂക്ഷ്മജീവികളുടെ സാന്നിധ്യം ഉറപ്പുവരുത്തി.

അന്ന് അറിയപ്പെട്ടിരുന്ന പല ശാസ്ത്രപ്രമാണിമാർക്കും തന്നെക്കൊണ്ടാവുന്ന ഭാഷയിൽ അദ്ദേഹം ലേഖനങ്ങളെഴുതി അയച്ചുനോക്കി. പക്ഷേ, അക്കാലത്ത് ശാസ്ത്രജ്ഞർ ഉപയോഗിച്ചിരുന്ന ലത്തീൻഭാഷയുടെ അടിസ്ഥാനം പോലും പഠിച്ചിട്ടില്ലാത്ത ഒരു ‘മണ്ടൻ’ പറയുന്നതിനു ചെവികൊടുക്കാൻ അവരാരും തയാറായില്ല. ഒടുവിൽ വളരെക്കാലത്തെ നീണ്ട പരിശ്രമങ്ങൾക്കുശേഷം തന്റെ കുഞ്ഞുവീട്ടിൽ വന്നു പരീക്ഷണം കാണാൻ തയാറായ പതിനൊന്നു പ്രശസ്തരുടെ മുന്നിൽ വച്ച് അദ്ദേഹം തന്റെ പരീക്ഷണം ആവര്‍ത്തിച്ചു. ആ കുടുസ്സുമുറിയിലെ ചൂടിൽ വിയർത്തൊലിച്ചു കൊണ്ടിരുന്ന ആ പതിനൊന്നുപേരുടെയും ശരീരം ആ കാഴ്ചയ്ക്കു ശേഷം അന്തമില്ലാതെ വിയർത്തു! ‘ബാക്ടീരിയ’ എന്നു പേരിട്ടിരിക്കുന്ന ആ സൂക്ഷ്മജീവികളാണു രോഗങ്ങൾക്കു കാരണമെന്ന് അദ്ദേഹം പ്രസ്താവിച്ചു.

പിന്നെയും വളരെക്കാലത്തെ ശ്രമങ്ങൾക്കൊടുവിൽ ഇംഗ്ലണ്ടിലെ പ്രശസ്തമായ റോയൽ സൊസൈറ്റി അദ്ദേഹത്തിന്റെ മൈക്രോസ്കോപ്പിലൂടെ സൂക്ഷ്മജീവികളെക്കാണാൻ ഇംഗ്ലണ്ടിലെ രാജാവും രാജ്ഞിയും ഡെൽഫ്റ്റ് നഗരം വരെ ചെന്നു. സ്കൂൾ വിദ്യാഭ്യാസം നേടാത്ത, പറയത്തക്ക അക്ഷരപരിശീലനം ലഭിച്ചിട്ടില്ലാത്ത ആ ഗവേഷകൻ 91–ാം വയസ്സിൽ മരണം തന്നെ കീഴ്പ്പെടുത്തുന്നതുവരെ ഗവേഷണം തുടര്‍ന്നു. അദ്ദേഹത്തിന്റെ ഭൗതികശരീരം വിശ്രമം കൊള്ളുന്ന കല്ലറയ്ക്കു മുകളിൽ ഇപ്രകാരം കൊത്തിവച്ചിരിക്കുന്നു. ല്യൂവെൻ ഹോക് (1632–1723) മൈക്രോസ്കോപ്പുപയോഗിച്ച് സൂക്ഷ്മ ജീവികളെ കണ്ടെത്തിയ മഹാന്‍.

സമർപ്പണബോധത്തോടെ ജോലി ചെയ്യൽ

ജീവിതത്തിൽ വളരെ ഉന്നതമായ സ്ഥാനങ്ങളിൽ എത്തേണ്ടിയിരുന്നവർ, ഇപ്പോഴത്തേതിലും മെച്ചപ്പെട്ട അവസ്ഥയിൽ കഴിയേണ്ടിയിരുന്നവർ, അങ്ങനെയാകാതെ താരതമ്യേന ചെറിയ ജോലികൾ ചെയ്തു ജീവിതം തള്ളി നീക്കുന്നതായി നിങ്ങൾ നിരീക്ഷിച്ചിട്ടില്ലേ? പ്രശസ്ത ചിന്തകനും എഴുത്തുകാരനുമായിരുന്ന ജയിംസ് എം ബാരി ഇക്കാര്യത്തെക്കുറിച്ച് ഇങ്ങനെ എഴുതി: ‘‘ലോകത്തിലെ സന്തോഷകരമായ ഒരു വസ്തുത ഇതാണ്. നമ്മൾ വളരെക്കുറച്ചുപേർ മാത്രമേ താഴ്ന്ന നിലയിലേക്ക് പതിക്കുന്നുളളൂ. എന്നാൽ ഏറ്റവും വലിയ ദുരന്തമാണ് ഏറെ കഴിവുളളവരിൽ വളരെക്കുറച്ചു വ്യക്തികൾ മാത്രമേ അത്യുന്നത സ്ഥാനങ്ങളിൽ എത്തിച്ചേരുന്നുളളൂ എന്ന വസ്തുത.’’

ഈ വിഷയത്തിൽ ഏറക്കാലം ഗവേഷണത്തിലേർപ്പെട്ട നോർമൻ വിൻസെന്റ് പീൽ ഇങ്ങനെ അഭിപ്രായപ്പെട്ടു. ‘‘ഒരു തരത്തിൽ പറഞ്ഞാൽ നാമെല്ലാം സ്വന്തം പറവകളുടെ രക്തസാക്ഷികളാണ്. എന്തുകൊണ്ടാണ് ഒരാൾ യഥാർഥത്തിൽ അയാൾക്ക് എത്തുവാൻ അർഹതയുളള പദവിയിലോ സാഹചര്യങ്ങളിലോ എത്തിച്ചേരാത്തത്? പലതരം ഉത്തരങ്ങളും നൽകുവാനാകാത്ത ഒരു ചോദ്യമാണിത്. ഒരാൾ ഏർപ്പെട്ടിരിക്കുന്ന ജോലിയിലോ ഇതരപ്രവർത്തനങ്ങളിലോ അർപ്പണബോധത്തോടെ തന്റെ മുഴുവൻ കഴിവുകളും ഉപയോഗിക്കാതെ അലസമായി ജീവിതം ചെലവഴിക്കുന്നതുമൂലമാണ് അയാൾക്ക് ഒന്നുമാകുവാൻ കഴിയാതെ വരുന്നത് എന്നതാണു പ്രസ്തുത ചോദ്യത്തിനു നൽകാവുന്ന ലളിതമായ ഉത്തരം. എല്ലാം മറന്ന് സമർപ്പണബോധത്തോടെ യത്നങ്ങളിലോ ജോലികളിലോ മുഴുകുന്നവർക്കാണ് ലോകം എല്ലാ സൗഭാഗ്യങ്ങളും നൽകുന്നത്. അത്തരം സൗഭാഗ്യം പാതിമനസ്സോടെ ഒരു ‘വഴിപാട്’ പോലെ അവരവരുടെ രംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് ലോകം നിഷേധിക്കും. ഇത് ഒരു ‘ലോകനീതി’ ആണെന്നു കരുതിയാലും തെറ്റില്ല.’’

ഈ ലോകം അലസർക്കല്ല

അതെ, തങ്ങളുടെ ലക്ഷ്യത്തെക്കുറിച്ചു സ്വപ്നം കാണാൻ ധൈര്യം കാട്ടുന്നവർക്കും അതിനായി അലസത വെടി‍ഞ്ഞു കഠിനാധ്വാനം ചെയ്യുന്നവർക്കുമുളളതാണ് ഈ ലോകം. അലസന്മാരെയും നിഷ്ക്രിയരെയും അതു തകർത്തു കളയും. പക്ഷേ, അതിനർഥം ലക്ഷ്യപ്രാപ്തിക്കായി അക്ഷീണം പ്രയത്നിക്കുന്നവരെ ലോകം പരീക്ഷിക്കാറില്ല എന്നല്ല.

കഷ്ടപ്പാടുകൾ, ഒറ്റപ്പെടുത്തലുകൾ... അങ്ങനെ പ്രതിസന്ധികൾ പലതും അവരെ അലട്ടിയേക്കാം. യത്നത്തിൽ തുടർന്നുമേർപ്പെടാൻ ധൈര്യം പോരായെന്നുപോലും തോന്നിപ്പോകുന്ന നിമിഷങ്ങൾ വന്നുചേർന്നേക്കാം. എത്ര അര്‍പ്പണബോധത്തോടെ നിലകൊണ്ടിട്ടും ദീർഘവീക്ഷണം നഷ്ടപ്പെട്ടുപോയെന്നുവരെ സംശയം തോന്നിയേക്കാം. പക്ഷേ, ലക്ഷ്യപ്രാപ്തിയ്ക്കായുളള തങ്ങളുടെ അചഞ്ചലവിശ്വാസത്തെ ഒന്നു പിടിച്ചുകുലുക്കാന്‍പോലും അവർ ഈ പ്രശ്നങ്ങളെ അനുവദിക്കാറില്ല.

ഫോട്ടോസ്റ്റാറ്റ് പിറന്ന കഥ

അമേരിക്കക്കാരനായിരുന്ന ചെസ്റ്റർ ഫ്ലോയ്ഡ് കാർസന്റെ കഥ കേൾക്കുക. തന്റെ ഇരുപത്തിയൊമ്പതാം വയസ്സിൽ കുടുംബത്തെ പോറ്റാൻ പകലന്തിയോളം അധ്വാനിച്ചിട്ടും നിവൃത്തികെട്ട ഒരു ഗൃഹനാഥൻ ജീവിതത്തിലെ ഉയർച്ച മോഹിച്ചു നിയമപഠനത്തിനായുളള ഈവനിംഗ് കോഴ്സിനു ചേർന്നു. പുസ്തകങ്ങൾ വാങ്ങാൻ പണമില്ലാതിരുന്ന ആ പാവം അവ എഴുതിയെടുക്കാൻ തീരുമാനിച്ചു. പക്ഷേ, അത്രയും പുസ്തകങ്ങൾ എഴുതിയെടുക്കുക അത്ര എളുപ്പമായിരിന്നില്ല. അതിനുളള ബുദ്ധിമുട്ടു മനസ്സിലാക്കിയ കാർസന്റെ തലയിൽ ഒരു ബുദ്ധി ഉദിച്ചു–ഒരു കോപിയിങ് മെഷീൻ നിർമിക്കുക! അദ്ദേഹം ഇക്കാര്യം അന്വേഷിച്ചു പലർക്കും കത്തുകളെഴുതി. പക്ഷേ, കളിയാക്കൽ മാത്രമായിരുന്നു ഫലം. ഒടുവിൽ, ക്ലാസുകഴിഞ്ഞുളള സമയത്ത്, രാത്രി, ഭാര്യയുടെ സഹായത്തോടുകൂടി അടുക്കളയെ പരീക്ഷണശാലയാക്കി മാറ്റി അദ്ദേഹം തന്റെ ഗവേഷണം ആരംഭിച്ചു. രണ്ടു തവണത്തെ തീപിടിത്തമടക്കമുളള അപകടങ്ങൾക്കുശേഷം ഭാര്യയുടെ എതിർപ്പു കടുത്തതോടെ ഒരു സഹായിയുമായി ചേർന്നു മറ്റൊരു കെട്ടിടം (സ്വന്തം അമ്മായിയമ്മയുടെ തന്നെ) വാടകയ്ക്കെടുത്ത് അവിടെ പരീക്ഷണം ആരംഭിച്ചു.

ഒടുവിൽ അതു സംഭവിച്ചു. 1940 കളുടെ തുടക്കം ആ അത്ഭുതത്തിനു സാക്ഷ്യം വഹിച്ചു. വൻകിട കോർപറേറ്റുകൾക്കുപോലും സാധ്യമാകാതിരുന്ന കോപിയിങ് മെഷീൻ കാർസന്റെ കുഞ്ഞു പരീക്ഷണശാലയിൽ ജനനം കൊണ്ടു. പക്ഷേ, യഥാർഥപ്രശ്നങ്ങൾ വരാനിരിക്കുന്നതേ ഉണ്ടായിരുന്നുളളൂ. ഇന്നിതു വായിക്കുമ്പോൾ ഒരു പക്ഷേ നിങ്ങൾക്ക് അത്ഭുതം തോന്നിയേക്കാം. കാരണം, അന്ന് അമേരിക്കയെ നയിച്ചിരുന്ന ഇരുപതു വമ്പൻ കോർപറേറ്റ് കമ്പനികൾ കാർസന്റെ മെഷീൻ നിരാകരിച്ചു. ഒടുവിൽ നീണ്ട ഏഴു വർഷക്കാലത്തെ ഒറ്റപ്പെടുത്തലുകൾക്കും അവഗണനകൾക്കുമൊടുവിൽ ന്യൂയോർക്കിലെ റേച്ചസ്റ്ററിലുളള ചെറുകിട സ്ഥാപനമായ ‘ഹാലോയിഡ് കമ്പനി’ ആ ഉപകരണം നിർമിക്കാമെന്നേറ്റു. പിന്നീടു പിറന്നത് ചരിത്രമാണ്. ഹാലോയിഡ് കമ്പനി ‘സിറോക്സ് കോർപറേഷ’നായി മാറി. കാർസണും കമ്പനിയും ഒന്നിച്ചിരുന്ന് ജീവിതകാലം മുഴുവനുമെടുത്ത് എണ്ണിയാൽപോലും തീരാത്തത്ര പണം അവർ നേടി. പക്ഷേ, യാഥാർഥ ഭാഗ്യശാലികൾ നാം തന്നെയാണ്. സിറോക്സ് അഥവാ ഫോട്ടോസ്റ്റാറ്റ് ഇല്ലാത്ത ഒരു ലോകത്തെപ്പറ്റി ചിന്തിച്ചുനോക്കൂ.

നിരന്തരമായ പ്രയത്നം

‘തുറന്നിരിക്കുന്ന ചൂളയിൽ റൊട്ടി ചുട്ടെടുക്കാനാകില്ല’ എന്നു കേട്ടിട്ടില്ലേ? അതിനാൽ ഉണർന്നെഴുന്നേൽക്കുക. അക്ഷീണപ്രയത്നം തുടര‌ുക. അതുമാത്രമാണ് വിജയത്തിലേക്കുളള വഴി. ആ വഴിയിൽ പല തവണ നിങ്ങൾക്കു കാലിടറിയേക്കാം. ധാരാളം പ്രതിസന്ധികൾ നിങ്ങളെ അലട്ടിയേക്കാം. നിങ്ങൾ നക്ഷത്രത്തിലേക്കു വിരല്‍ ചൂണ്ടുമ്പോൾ നിങ്ങളുടെ വിരലിൽ അഗ്രം മാത്രം ദർശിക്കുന്ന സാധാരണക്കാർ സഹതാപത്തിന്റെയോ പലപ്പോഴും പരിഹാസത്തിന്റെയോ ധ്വനിയിൽ ഇങ്ങനെ ചോദിച്ചേക്കാം. ‘‘നീയെന്തിനിങ്ങനെ സ്വന്തം സ്വപ്നങ്ങളുടെ അടിമയായി കഷ്ടപ്പെടുന്നു?’’ അപ്പോൾ, ആത്മവിശ്വാസത്താൽ തിളങ്ങുന്ന കണ്ണുകളോടെ നിശ്ചയദാർഢ്യം തുളുമ്പുന്ന മുഖഭാവത്തോടെ അവരോടു പറയുക, ‘‘നിങ്ങൾക്കറിയില്ല ഞാനീ ഭൂമിയിൽ ജനിച്ചു വീണതിന്റെ നിയോഗമെന്താണെന്ന്’’.

എം.എസ് രഞ്ജിത്ത്

മോട്ടിവേഷനൽ ഇൻസ്ട്രക്റ്റർ
തിരുവനന്തപുരം

Your Rating: