Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കരുതലോെടെ കുത്താം കാതും മൂക്കും

ear-piercing

പണ്ടുകാലം മുതലെ നമ്മുടെ ഇടയിലുളള ചടങ്ങാണ് കാതുകുത്തൽ. ചില സമുദായക്കാർ മൂക്കും കുത്തും. ഇന്ന് ഇതെല്ലാം ഫാഷനായി മാറിയിരിക്കുകയാണ് . കാതിൽ ഒരു തവണയല്ല നാലും അഞ്ചും തവണ വരെ കുത്തി കമ്മൽ ഇടാറുണ്ട്. മൂക്കിൽ രണ്ടു വശത്തും ഇടുന്ന രീതിയും ഉണ്ട്.

കാതും മൂക്കും കൂടാതെ ചുണ്ട്, പുരികം, പൊക്കിള്‍ തുടങ്ങിയ ശരീരഭാഗങ്ങളും തുളച്ച് ആഭരണങ്ങൾ അണിയുന്നത് വ്യാപകമായിട്ടുണ്ട്. ഇങ്ങനെയുളള പ്രക്രിയകൾ ചെയ്യുമ്പോൾ ആവശ്യമായ ശ്രദ്ധ നൽകിയില്ലെങ്കിൽ പാർശ്വഫലങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.

ശരീരം തുളയ്ക്കുമ്പോൾ

ശരീരഭാഗങ്ങൾ തുളച്ച് ആഭരണങ്ങൾ അണിയുമ്പോൾ ഏറ്റവും ശ്രദ്ധിക്കേണ്ടത്, തുളയ്ക്കുന്നതു ചർമത്തിൽ മാത്രമാണോ അതോ തരുണാസ്ഥിയില്‍ കൂടിയാണോ എന്നതാണ്. തരുണാസ്ഥിയിൽക്കൂടി തുളയ്ക്കുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ ഗുരുതരമായ അണുബാധയുണ്ടാകാൻ സാദ്ധ്യതയുണ്ട്. അതിനാൽ തുളയ്ക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങൾ പൂർണമായും അണുവിമുക്തമായിരിക്കണം. 

പരമ്പരാഗതമായി കാതു കുത്തുമ്പോൾ മൂർച്ചയുളള ലോഹക്കമ്പി ഉപയോഗിക്കാറാണു പതിവ്. ഇപ്പോൾ ആശുപത്രികളിൽ സൂചികളും ഡർമാഗണും (Dermagun- തോക്ക് പോലിരിക്കുന്ന ഉപകരണം) ഉപയോഗിക്കാറുണ്ട്. ഡർമാഗൺ ഉപയോഗിച്ചു കാതു കുത്തുമ്പോൾ താരതമ്യോന വേദന കുറവാണ്. മാത്രമല്ല ലോഹക്കമ്പിയെപ്പോലെ ഈ ഉപകരണം ചർമവുമായി അധികം സമ്പർക്കത്തിൽ വരുന്നില്ല എന്നതുകൊണ്ട് അണുബാധയുണ്ടാകാനുളള സാധ്യതയും വിരളമാണ്.

കാത് കുത്തി കഴിഞ്ഞാൽ

കാതു കുത്തുമ്പോൾ താരതമ്യേന അലർജി സാധ്യത കുറ‍ഞ്ഞ (Hypoallergic) ലോഹം കൊണ്ടുണ്ടാക്കുന്ന ഞാത്തുകളില്ലാത്ത കമ്മലാണ് (Ear stud) ആദ്യം അണിയുന്നത്. ഉദ്ദേശം ആറാഴ്ച കഴിഞ്ഞാൽ ഈ കമ്മൽ മാറ്റി സാധാരണ അണിയുന്ന സ്വർണ്ണക്കമ്മൽ ഇടാം. ചർമത്തിലെ തുള പൂർണമായും ഉണങ്ങാൻ വേണ്ടിയാണ് ഈ കാത്തിരിപ്പ്.

കാതു കുത്തിയതിനുശേഷമുളള ആദ്യത്തെ ഏതാനും ദിവസങ്ങളിൽ ഇടയ്ക്കിടെ കാതിൽ തൊടുന്നത് ഒഴിവാക്കണം. തൊടേണ്ടി വരുന്ന സന്ദർഭങ്ങളിൽ അതിനു മുമ്പായി കൈ സോപ്പുപയോഗിച്ചു കഴുകിയിരിക്കണം. കാതു കുത്തിയതിനു ശേഷമുളള ആദ്യദിവസങ്ങളിൽ ആ ഭാഗം വൃത്തിയായി ഉണങ്ങി സൂക്ഷിക്കുകയും നന്നായി വായുസഞ്ചാരമുണ്ടെന്ന് ഉറപ്പാക്കുകയും വേണം. ആന്റിബയോട്ടിക് ക്രീമുകളൊന്നും പുരട്ടേണ്ട ആവശ്യമില്ല. ഷാംപൂ, കണ്ടീഷനർ, തുടങ്ങിയവ കഴിയുന്നതും ആ ഭാഗത്തു പുരളാതെ ശ്രദ്ധിക്കണം.

നന്നായി ഉണങ്ങുന്നതിനു മുന്‍പു മുടി, വസ്ത്രം എന്നിവ ഇവിടെ ഉടക്കി മുറിവുണ്ടാകാതെയും ശ്രദ്ധിക്കണം. നീരൊലിപ്പും പൊറ്റയും ഉണ്ടാകുകയാണെങ്കിൽ സോപ്പുപയോഗിച്ചു കഴുകുകയും ഉപ്പുലായനി പുരട്ടുകയും ചെയ്യാം. ഒപ്പം ആന്റിബയോട്ടിക് ലോപനം പുരട്ടുകയും വേണം. കാതുകുത്തിയതിനു ശേഷമുളള ആദ്യത്തെ രണ്ടുമൂന്നാഴ്ച നീന്തൽക്കുളത്തിലിറങ്ങാതിരിക്കുന്നതാണ് ഉത്തമം. വെളളത്തിലെ ക്ലോറിനും ബാക്ടീരിയയും തുളച്ച ചർമത്തിൽ നീർവീക്കമുണ്ടാക്കാൻ സാധ്യതയുളളതിനാലാണിത്.

ഒന്നിൽ കൂടുതൽ തവണ

കാതുകുത്തുന്നതിനു പ്രായപരിധിയൊന്നും ഇല്ലെങ്കിലും ചെവിയുടെ താഴ്ഭാഗത്തുളള മാംസളമായ ഭാഗം നന്നായി വളർച്ചയെത്തുന്നതുവരെ കാത്തിരിക്കുന്നതാണ് ഉത്തമം. ഒന്നിൽ കൂടുതൽ ഭാഗത്തു കൂടെ കാത് കുത്തുന്നത് ഇന്ന് ട്രെൻഡാണ്. സെക്കന്‍ഡ് സ്റ്റഡും തേർഡ് സ്റ്റഡുമൊന്നും ഇടുന്നതുകൊണ്ടു പൊതുവേ ദോഷമൊന്നുമില്ല. പക്ഷേ, ചെവിയുടെ മുകൾഭാഗത്തുകൂടി തുളയ്ക്കുമ്പോൾ തരുണാസ്ഥിക്ക് ക്ഷതം ഉണ്ടാകാനുളള സാധ്യത ഏറെയാണ്. തരുണാസ്ഥിയിൽ തുള ഇടുമ്പോൾ ഒരു കാരണവസാലും ഡെർമാഗൺ ഉപയോഗിക്കാൻ പാടില്ല. ലോഹക്കമ്പി ഉപയോഗിക്കുന്നതാണ് ഈ ഭാഗത്ത് ഉത്തമം. മാത്രമല്ല 8 മുതൽ 12 ആഴ്ച വരെ കഴിഞ്ഞതിനു ശേഷമേ ആദ്യമിടുന്ന കമ്മൽ മാറ്റാൻ പാടുളളൂ.

മൂക്കുത്തി ധരിക്കുമ്പോൾ

സാധാരണയായി മൂക്കുത്തി അണിയുന്നതിനു മൂക്കിന്റെ വശങ്ങളിലുളള തരുണാസ്ഥിയിൽ ആണെങ്കിലും അപൂർവമായി ചിലർക്ക് മൂക്കിന്റെ നടുക്കുളള ഭാഗത്തും തുളയ്ക്കാറുണ്ട്. നടുക്കുളള ഭാഗത്തു തുളയ്ക്കുമ്പോൾ തരുണാസ്ഥി ഒഴിവാക്കി ഏറ്റവും താഴ്ഭാഗത്തുളള ചർമത്തിൽ മാത്രം തുളയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. മേൽസൂചിപ്പിച്ചതുപോലെ ലോഹക്കമ്പി  ഉപയോഗിച്ചു മാത്രമേ മൂക്കിൽ തുളയ്ക്കാൻ പാടുളളൂ. മൂക്കുത്തി അണിഞ്ഞതിനുശേഷം ആദ്യത്തെ ആഴ്ചകളിൽ നേർപ്പിച്ച ഉപ്പുലായനി ഉപയോഗിച്ചു മൂക്കിനകവും പുറവും വൃത്തിയാക്കണം. 

പാർശ്വഫലങ്ങൾ ശ്രദ്ധിക്കുക

1.  അണുവിമുക്തമാക്കാത്ത സൂചികൾ ഉപയോഗിച്ചാൽ ബാക്ടീരിയൽ അണുബാധ ഉണ്ടാകാനും ഹെപ്പറ്റൈറ്റിസ് ബി, സി, എച്ച്ഐവി എന്നിവ പകരാനുളള സാധ്യതയും ഉണ്ട്. തുളയുണ്ടായിടത്തു നിന്നു പഴുപ്പും നീരൊലിപ്പും ആ ഭാഗത്തു ചുവപ്പും അസഹ്യമായ വേദനയും ഉണ്ടായാൽ ബാക്ടീരിയൽ അണുബാധയുണ്ടെന്ന് സംശയിക്കാം. അങ്ങനെയുണ്ടാകുകയാണെങ്കിൽ സ്വയം ചികിത്സയ്ക്ക് മുതിരാതെ ഡോക്ടറുടെ ഉപദേശപ്രകാരം ചികിത്സ ചെയ്യേണ്ടതാണ്. ആഭരണം ഊരി മാറ്റാതെ തന്നെ മിക്കവാറും അണുബാധകളും ചികിത്സിച്ചു മാറ്റാൻ കഴിയും.

2.  തരുണാസ്ഥിയിൽ തുളയ്ക്കുമ്പോൾ ചിലപ്പോൾ തടിപ്പുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. മുറിവിലേക്ക് ആഴ്ന്നിറങ്ങുന്ന വളരെ ചെറിയ മൂക്കുത്തി അണിയുകയും തുളച്ച് ആദ്യത്തെ ആഴ്ചകൾക്കുളളിൽ ആ ഭാഗത്തു കൂടുതൽ സമ്മർദ്ദമേൽക്കുകയും ചെയ്താൽ ഗ്രാനുലോമ (Granuloma) എന്ന തടിപ്പ് ഉണ്ടാകാം. വീര്യം കുറഞ്ഞ സ്റ്റീറോയ്ഡ്(Steroid) ലേപനങ്ങൾ പുരട്ടിയാൽ മിക്കപ്പോഴും ഇതു ഭേദമാകാറുണ്ട്. അതിന് മുന്‍പ് ഒരു ചരമരോഗവിദഗ്ധന്റെ സഹായത്തോടെ അത് അണുബാധയുടെ ലക്ഷണമല്ലെന്ന് ഉറപ്പുവരുത്തണം. അപൂർവം ചിലപ്പോൾ ആ ഭാഗത്ത് അസ്വസ്തത ഉണ്ടാക്കാത്ത തരത്തിലുളള വലിയ മൂക്കുത്തി അണിഞ്ഞാലേ ഈ പ്രശ്നം പൂർണമായി പരിഹരിക്കാന്‍ സാധിക്കുകയുളളൂ.

3. വളരെ അപൂർവമായി ഉണ്ടാകുന്ന പാർശ്വഫലമാണ് കീലോയ്ഡ് (Keloid) അഥവാ അമിതമായി തഴമ്പുണ്ടാക്കുന്നത്. കീലോയ്ഡ് വരാനുളള സാധ്യതയുളളവർ കഴിവതും തരുണാസ്ഥിയിൽ തുളയ്ക്കുന്നത് ഒഴിവാക്കണം. സാധാരണയായി, ചെറിയ പ്രായത്തിലുളളവരേക്കാൾ പ്രായമേറുമ്പോൾ ചെവിയോ മൂക്കോ തുളയ്ക്കുമ്പോഴാണ് തഴമ്പുണ്ടാകാനുളള സാധ്യത കൂടുതൽ.

താരതമ്യേന എളുപ്പമായ ഒരു പ്രക്രിയയാണെങ്കിലും കാതു കുത്തുന്നതും മൂക്കുത്തി അണിയുന്നതും സൂക്ഷിച്ചു കൈകാര്യം ചെയ്തില്ലെങ്കിൽ പാർശ്വഫലങ്ങൾ ഉണ്ടാകാം. ശ്രദ്ധയോടെ ചെയ്യുകയാണെങ്കിൽ സൗന്ദര്യത്തിനു മാറ്റു കൂട്ടുകയും ചെയ്യാം.

Your Rating: