പാർട്ടിക്കു പോകുമ്പോൾ വലിച്ചുവാരി കഴിക്കാതിരിക്കാൻ

പാർട്ടികൾക്കു പോയാൽ ഭക്ഷണകാര്യത്തിൽ പലർക്കും ഒരു കൺട്രോളും ഇല്ല. ഇഷ്ടവിഭവങ്ങൾ പ്ലേറ്റിൽ വാരിവലിച്ചു വിളമ്പി അകത്താക്കും. പുതിയ ചില വിഭവങ്ങൾ മാറിമാറി പരീക്ഷിക്കുന്നതാണ് മറ്റു ചില ഭക്ഷണപ്രിയരുടെ വിനോദം. ചുരുക്കത്തിൽ ഒരു പാർട്ടിയിലൊന്നു മുഖംകാണിച്ചു മടങ്ങുമ്പോഴേക്കും ഒരു ഭീമൻ കലോറി നിങ്ങൾ അകത്താക്കിയിട്ടുണ്ടാകും.

പാർട്ടികൾക്കു പോകുമ്പോൾ ഭക്ഷണം നിയന്ത്രിക്കാൻ ഇതാ ചില എളുപ്പവഴികൾ

ബുഫെ സംവിധാനം പ്രയോജനപ്പെടുത്തി നിന്നുകൊണ്ട് ഭക്ഷണം കഴിക്കാൻ ശ്രമിക്കുക. ഇരുന്നു ഭക്ഷണം കഴിക്കുമ്പോൾ നിങ്ങൾ കൂടുതൽ കലോറി അകത്താക്കാൻ സാധ്യതയുണ്ട്. നിന്നുകൊണ്ടാവുമ്പോൾ അമിതഭക്ഷണം കഴിക്കുമെന്ന പേടിയും വേണ്ട.

ഭക്ഷണം കഴിക്കുന്നതിന് ചെറിയ പ്ലേറ്റുകൾ ഉപയോഗിക്കുക. പത്തിഞ്ച് വിസ്താരമുള്ള പ്ലേറ്റുകൾ ഉപയോഗിക്കാനാണ് ഗവേഷകർ നിർദേശിക്കുന്നത്. ചെറിയ പ്ലേറ്റിലാകുമ്പോൾ വളരെ കുറച്ചുഭക്ഷണം കൊണ്ടുതന്നെ അത് നിറഞ്ഞതായി തോന്നിക്കോളും. നിങ്ങളുടെ മനസിന്റെ വിശപ്പും മാറും.

രണ്ടാമത് ഭക്ഷണം വിളമ്പിയെടുക്കുന്ന രീതി ഒഴിവാക്കുക. ഒരു തവണയിൽ കൂടുതൽ എടുക്കില്ലെന്ന് സ്വയം തീരുമാനിക്കക. നിങ്ങളുടെ വിശപ്പകറ്റാൻ മാത്രം അളവ് കഴിച്ചാൽ മതി.

ചുവന്ന നിറമുള്ള പ്ലേറ്റുകൾ ഉപയോഗിച്ചാൽ അധികഭക്ഷണം കഴിക്കുന്നതിന്റെ സാധ്യത ഒഴിവാക്കാമെന്ന് പഠനങ്ങൾ അവകാശപ്പെടുന്നു. ശാസ്ത്രീയമായ അടിത്തറ ഇല്ലെങ്കിലും ചില നിറങ്ങളോടുള്ള മനസിന്റെ പ്രതികരണത്തിന്റെ ഭാഗമായി ഈ നിർദേശത്തെ കാണാം.

ഡയറ്റിങ്ങിനെ വളരെ പുച്ഛത്തോടെ മാത്രം കാണുന്ന സുഹൃത്തുക്കൾക്കിടയിൽ ഇരുന്നു ഭക്ഷണം കഴിക്കുന്നത് കഴിവതും ഒഴിവാക്കുക. അവരുടെ തെറ്റായ ഉപദേശങ്ങൾ നിങ്ങളുടെ ‍ഡയറ്റിങ് തീരുമാനത്തെ പ്രതികൂലമായി ബാധിച്ചേക്കാം.