വൈദ്യസഹായത്തോടെയുള്ള ആത്മഹത്യ നമുക്ക് വേണോ?

അമ്പതുകാരനായ ജോൺ മോട്ടോർ ന്യൂറോൺ ഡിസീസ് എന്ന രോഗം പിടിപെട്ടു ഒരു വിരല് പോലും അനക്കാൻ പറ്റാത്ത അവസ്ഥയിലാണ് ഞാൻ ജോലി ചെയ്യുന്ന ഹോസ്പിറ്റലിൽ അഡ്മിറ്റാവുന്നത്. ഇനി പാലിയേറ്റീവ് കെയർ അല്ലാതെ ഒരു ചികിത്സയും ഗുണം ചെയ്യില്ല എന്ന് ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ചെയ്യുന്ന സമയത്തു ഡോക്ടർമാർ ജോണിനെ അറിയിച്ചിരുന്നു. എന്നാൽ ഈ വാർത്ത ഉൾക്കൊള്ളാൻ ജോൺ ഒട്ടും തന്നെ തയ്യാറായിരുന്നില്ല. അതേസമയം തന്നെ ശ്വാസമെടുക്കാൻ പാടുപെട്ടു പിടയുന്ന അവസ്ഥയിൽ ഇനി തനിക്കു ഒരു ചികിത്സയും വേണ്ടായെന്നും എങ്ങനെയെങ്കിലും ഒന്നുമരിച്ചാൽ മതിയെന്നും ജോൺ പറയുമായിരുന്നു. ഇനി ന്യൂമോണിയ പോലുള്ള അണുബാധ വന്നാൽ ആന്റിബിയോട്ടിക്‌സ് എടുക്കില്ല, അങ്ങനെ മരണത്തിലേക്ക് നടന്നു കയറാമെന്നും ജോൺ തീരുമാനിച്ചു. നിരാശയും പ്രതിഷേധവും ജോണിന്റെ കണ്ണുകളിൽ പ്രകടമായിരുന്നു.

ശരീരികമായി അങ്ങേയറ്റം അവശനാണെങ്കിലും ജോണിെൻറ ബുദ്ധിയെയോ വികാരങ്ങളെയോ വിചാരങ്ങളെയോ േരാഗം ഒരു തരത്തിലും ബാധിച്ചിരുന്നില്ല. മരുന്നുകൾ ക്രമീകരിച്ചു ജോണിന് കഴിയുന്നത്ര ആശ്വാസം നൽകുക, ജോണിന്റെ കുടുംബത്തെ ഈ ബുദ്ധിമുട്ടേറിയ ഘട്ടത്തിൽ സപ്പോർട്ട് ചെയ്യുക എന്നുള്ളതായിരുന്നു ഞങ്ങളുടെ പ്രധാന ലക്ഷ്യം.

അങ്ങനെയിരിക്കെ ജോണിന് ന്യൂമോണിയ പിടിപെട്ടു. ആദ്യത്തെ ഒന്നു രണ്ടു ദിവസം ആന്റിബിയോട്ടിക്‌സ് വേണ്ട എന്ന തീരുമാനത്തിൽ ജോൺ ഉറച്ചുനിന്നെങ്കിലും പിന്നീട് മനസ്സു മാറി. ജോൺ പരമാവധി പൊരുതിയെങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യാവസ്ഥ മോശമായിക്കൊണ്ടേയിരുന്നു.

അങ്ങനെയിരിക്കെ ഒരു ദിവസം വളരെ അപ്രതീക്ഷിതമായി ജോൺ ഒരാവശ്യം മുന്നോട്ടുവച്ചു. ഇതിൽ കൂടുതൽ സഹിക്കാൻ വയ്യെന്നും അദ്ദേഹത്തിന് കൃത്രിമമായി ശ്വാസോച്ഛാസം നൽകുന്ന വെന്റിലേറ്റർ (non-invasive ) സ്വിച്ച് ഓഫ് ചെയ്തു മരണം വേഗത്തിലാക്കിക്കൊടുക്കണമെന്നുമായിരുന്നു ആവശ്യം.

ജോണിന്റെ കഷ്ടപ്പാടുകൾ കണ്ടു മനംനൊന്ത ഭാര്യക്കും മകനും ആ തീരുമാനത്തോട് പരിപൂർണ യോജിപ്പായിരുന്നു. പക്ഷേ വെന്റിലേറ്റർ സ്വിച്ച് ഓഫ് ചെയ്യുന്നതിന് മുൻപ് കഴിയുന്നത്ര മരുന്നുകൾ നൽകി ജോണിനെ മയക്കി കിടത്തി മരണം സുഖകരമാക്കണം എന്ന് അവർ ആവശ്യപ്പെട്ടു. യൂത്തനേസ്യയെക്കുറിച്ചാണ് അവർ സൂചിപ്പിക്കുന്നതെന്ന് എനിക്കു മനസ്സിലായി.

മാറാരോഗങ്ങൾ പിടിപെട്ടു കഷ്ടപ്പെടുന്ന ഒരാളെ ഏതെങ്കിലും വിധത്തിൽ മരിക്കാൻ സഹായിക്കുന്നതിനെ മെഡിക്കൽ സയൻസിൽ വളിക്കുന്ന പേര് യൂത്തനേസ്യ എന്നാണ്. മരുന്നുകൾ അളവിലധികം നൽകിയും ജീവൻ നിലനിർത്തേണ്ട ചികിൽത്സ നൽകാതിരുന്നുമൊക്കെ മരണം എളുപ്പമാക്കാൻ സഹായിക്കുക. ഇംഗ്ലണ്ടിലെ നിയമമനുസരിച്ചു യൂത്തനേസ്യ (euthanasia ) കുറ്റകരമാണ്. എന്നാൽ ഒരാൾക്ക്, എല്ലാ വശങ്ങളും ചിന്തിച്ചു തനിക്കു ലഭിക്കുന്ന ഏതു ചികിത്സയായാലും വേണ്ട എന്ന് സ്വയം തീരുമാനിക്കാനുള്ള സ്വാതന്ത്ര്യവുമുണ്ട്. ആ തീരുമാനം മരണത്തിലേക്ക് നയിക്കുന്നതാണെങ്കിൽ പോലും.

അതുകൊണ്ടുതന്നെ ജോണിന്റെ ആവശ്യപ്രകാരം വെന്റിലേറ്റർ സ്വിച്ച് ഓഫ് ചെയ്യുക എന്നത് നിയമപരമായി തെറ്റായി വരില്ല എങ്കിലും എല്ലാ വശങ്ങളും മനസ്സിലാക്കിയിട്ടാണ് അങ്ങനെ ഒരു തീരുമാനമെടുത്തതെന്നും ആ തീരുമാനത്തിൽ ജോൺ ഉറച്ചു നിൽക്കുന്നു എന്നും ജോണിനും കുടുംബത്തിനും അർഹമായ എല്ലാ സഹായവും ലഭിക്കുന്നുണ്ട് എന്നും ഡോക്ടർമാർ ഉറപ്പു വരുത്തേണ്ടതുണ്ട്. കൂടാതെ ഇത് സംബന്ധിച്ച് നിയമോപദേശവും ഡോക്ടർമാർ തേടേണ്ടതുണ്ട്. ഈ കാര്യങ്ങളെല്ലാം വിവിധ ഡിപാർട്മെന്റിൽ നിന്നുള്ളവർ ഉൾപ്പെടുന്ന ടീമിലും ജോണും കുടുംബവുമായും ഞങ്ങൾ ചർച്ച ചെയ്തു. വെൻറിലറ്റർ ഒാഫു ചെയ്യാമെങ്കിലും കണക്കിലധികം മരുന്നുകൾ കൊടുത്തു മയക്കുന്നത് യൂത്തനേസ്യയുടെ പരിധിയിൽ വന്നേക്കാം. അതുകൊണ്ടു തന്നെ അത് നിയമവിരുദ്ധമാണ് എന്നു ജോണിെൻറ കുടുംബത്തെ പറഞ്ഞു മനസ്സിലാക്കി.

തീരുമാനം അന്തിമമാണെന്ന് ഒന്നു കൂടി ഉറപ്പിക്കാനാണ് ഞാൻ വീണ്ടും ജോണിനെ കാണുന്നത്. പക്ഷേ അന്ന് ജോൺ എന്നോട് പറഞ്ഞു വെന്റിലേറ്റർ സ്വിച്ച് ഓഫ് ചെയ്യറായിട്ടില്ലയെന്നും കുറച്ചു കൂടി സമയം തരണമെന്നും! മരണഭയം അദ്ദേഹത്തിന്റെ കണ്ണുകളിൽ ഞാൻ കണ്ടു. എന്തുകൊണ്ടാണ് ജീവിതം അവസാനിപ്പിക്കാം എന്നൊരു തീരുമാനം എടുത്തത് – ഞാൻ ചോദിച്ചു.

ഉത്തരം ഞാൻ പ്രതീക്ഷിച്ചതു തന്നെയായിരുന്നു. ചുമയും കഫവും കാരണം ഇടയ്ക്കിടെ മരണവെപ്രാളത്തിൽ അകപ്പെടുന്ന ജോണിന് അതിൽ നിന്നു മോചനം വേണമായിരുന്നു. എന്നാൽ ഈ ലോകത്തോട് തന്നെ മാനസികമായി യുദ്ധം പ്രഖ്യാപിച്ച ജോൺ പലപ്പോഴും മരുന്നുകൾ കഴിക്കാൻ കൂട്ടാക്കാതെ അദ്ദേഹത്തിന് സാധ്യമായ രീതിയിൽ പ്രതിഷേധിക്കുകയായിരുന്നു. കുറെ സമയത്തെ ചർച്ചയ്ക്ക് ശേഷം ഇനി മുതൽ മരുന്നുകൾ മുടങ്ങാതെ കഴിക്കാമെന്നും പേശികളെ ശാന്തമാക്കുന്ന ഒരു മരുന്ന് കൂടി കഴിക്കാമെന്നും ജോൺ സമ്മതിച്ചു. ഇത് നല്ല ഫലം ചെയ്തു. പിന്നീടൊരിക്കലും വെന്റിലേറ്റർ സ്വിച്ച് ഓഫ് ചെയ്യുന്നതിനെക്കുറിച്ചു ജോൺ ചോദിച്ചിട്ടില്ല!.

ഈയിടെ ഇന്ത്യയിലും യൂത്തനേസ്യക്കുറിച്ചുള്ള ചർച്ചകൾ നടന്നു കാണുന്നുണ്ട്. കേന്ദ്രം മെയ് 2016 – ൽ പാസീവ് യൂത്തനേസ്യ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരുന്ന ടെംപററി ഇൽ‌ പേഷ്യൻറ്സ് ബിൽ (protection of patients and medical practitioners) ഒരു ഡ്രാഫ്റ്റ് രൂപത്തിൽ തയ്യാറാക്കി പൊതുജനാഭിപ്രായത്തിനു സമർപ്പിച്ചിരുന്നു. ഇത്തരം കാര്യങ്ങളിൽ കൂടുതൽ ചർച്ചയും നിയമപരിരക്ഷയും വ്യക്തമായ ഗൈഡൻസും അത്യാവശ്യമാണ്. അതുകൊണ്ടു തന്നെ ഗവൺമെൻ‌റിെൻ‌റ ഭാഗത്തു നിന്നുള്ള ഈ നീക്കം സ്വാഗതാർഹമാണ്. ഇതിൽ നാം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെന്ന് നോക്കാം.

ഗുരുതരമായ രോഗം ബാധിച്ചു അൽപായുസായി കഴിയുന്ന 16 വയസ്സിനു മുകളിലുള്ള ഏതൊരു രോഗിക്കും തങ്ങൾക്ക് ലഭിക്കുന്ന ഏതു ചികിത്സയും വേണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ അവകാശമുണ്ട് എന്നതാണ് ഈ ബില്ലിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. രോഗി പൂർണ്ണബോധത്തോടെയാണ് ഈ തീരുമാനം എടുക്കുന്നത് എന്നും ബാഹ്യമായ ഒരു പ്രേരണയും അവരുടെ തീരുമാനത്തിന് പിന്നിൽ ഇല്ല എന്നും ഡോക്ടർമാർ ഉറപ്പു വരുത്തേണ്ടതുണ്ട്. ഡോക്ടർമാർ ഈ തീരുമാനത്തിന്റെ എല്ലാ വശങ്ങളും രോഗിയുമായി ചർച്ച ചെയ്യണമെന്നും ബില്ലിൽ പ്രതിപാദിക്കുന്നുണ്ട്.

ഒരാളുടെ ജീവൻ നിലനിർത്തുന്ന അത്യാവശ്യചികിത്സ പിൻവലിക്കുകയോ അല്ലെങ്കിൽ ഒരാളുടെ ജീവനെടുത്തേക്കാവുന്ന രോഗങ്ങളെ ചികിത്സിക്കാതിരിക്കുകയോ ചെയ്യുന്നതിനെയാണ് പാസീവ് യൂത്തനേസ്യ എന്ന് പറയുന്നത്. സ്വിറ്റ്സർലൻഡ്, ജർമ്മനി, മെക്സിക്കോ, ചില അമേരിക്കൻ സ്റ്റേറ്റുകൾ എന്നിവിടങ്ങളിൽ ചില രീതിയിലുള്ള പാസീവ് യൂത്തനേസ്യ നിയമവിധേയമാണ്.

ബെൽജിയം, ഹോളണ്ട്, ലക്സംബർഗ് എന്നീ രാജ്യങ്ങളിൽ ആക്ടീവ് യൂത്തനേസ്യ അതായത് ഒരാളുടെ ആവശ്യപ്രകാരം, പല നിബന്ധനകൾക്കും വിധേയമായി, വലിയ അളവിൽ മരുന്നുകൾ കുത്തിവച്ചു ഒരാളുടെ ജീവൻ അവസാനിപ്പിക്കുന്നത് നിയമവിധേയമാണ്.

യൂത്തനേസ്യക്കു വേണ്ടി വാദിക്കുന്നവരുടെ അഭിപ്രായത്തിൽ അത് ഒരാളുടെ വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. പക്ഷേ ആ ആഗ്രഹം നടപ്പിലാക്കാൻ മറ്റൊരാളുടെ സജീവമായ ഇടപെടൽ ആവശ്യമല്ലേ എന്നുള്ളതാണ് ഇതിനെതിരെ പറയുന്നവരുടെ ഒരു വാദമുഖം. അതുപോലെ തന്നെ യൂത്തനേസ്യയെ എതിർക്കുന്നവർ മറ്റു പല കാര്യങ്ങളിലും ഉത്കണ്ഠ പ്രകടിപ്പിക്കുന്നു. അവയിൽ ചിലതു പറയാം.

1 . യൂത്തനേസ്യ നിയമപരം ആണെങ്കിൽ നിരന്തരമായ ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റുള്ളവരുടെ സഹായം തേടേണ്ടി വരുന്നവർ ജീവിതം അവസാനിപ്പിക്കാൻ സ്വമേധയാ, അല്ലെങ്കിൽ മറ്റുള്ളവരുടെ പ്രേരണയാൽ നിർബന്ധിതരായേക്കാം. ഇത് സ്വയം കുറ്റബോധം തോന്നുന്നത് കൊണ്ടോ ആരെങ്കിലും ബ്ലാക്‌മെയ്ൽ ചെയ്യുന്നത് കൊണ്ടോ ആയേക്കാം. ഇതിനു പിന്നിൽ വൈകാരികവും സാമ്പത്തികവുമായ കാരണങ്ങൾ ഉണ്ടായേക്കാം.

2 . മെഡിക്കൽ എത്തിക്സ് പ്രകാരം ഒരു ഡോക്ടറുടെ പ്രാഥമിക കടമ രോഗിയുടെ ജീവൻ നിലനിർത്തുക, ഇനി അതിനു സാധിച്ചില്ലെങ്കിൽ ജീവന് അപകടം വരുത്തുന്നതൊന്നും ചെയ്യാതിരിക്കുക എന്നുള്ളതാണ്. യൂത്തനേസ്യ ഒരു കോമൺ പ്രാക്ടീസ് ആയാൽ നിസ്സഹയാവസ്ഥയിലുള്ള രോഗികൾക്ക് ഡോക്ടർമാരിൽ വിശ്വാസം നഷ്ടപ്പെട്ടേക്കാം.

3 . രോഗം ഭേദമാക്കാനുതകുന്ന മികച്ച ചികിത്സയും മാറാരോഗങ്ങൾ പിടിപെടുമ്പോൾ ഫലപ്രദമായ പാലിയേറ്റീവ് കെയറും ലഭ്യമാണെങ്കിൽ രോഗികളുടെ ദുരിതം ഏറെക്കുറെ അകറ്റാൻ കഴിയും. അതുകൊണ്ടുതന്നെ അതെല്ലാം ലഭ്യമാക്കിയതിനു ശേഷം മാത്രം യൂത്തനേസ്യയെക്കുറിച്ചു ചിന്തിക്കാം.

4 . മതപരവും സാംസ്കാരികവും ആയ കാരണങ്ങളാൽ യൂത്തനേസ്യ അംഗീകരിക്കാൻ പറ്റില്ല.

ഒരു ഡോക്ടർ എന്ന നിലയിൽ ഇതിൽ പറഞ്ഞ ആദ്യത്തെ മൂന്നു കാര്യങ്ങളും എന്നെ ഉത്ക്കണ്ഠപ്പെടുത്തുന്നു. ഈ കാര്യത്തിൽ കൂടുതൽ ചർച്ചകൾ വേണം അതോടൊപ്പം തന്നെ ജനങ്ങളെ ബോധവത്കക്കരിക്കുകയും വേണം.

അതുപോലെതന്നെ ബോധം നഷ്ടപ്പെട്ടു, ഇനി ജീവിതത്തിലേക്ക് ഒരു തിരിച്ചു വരില്ല എന്ന അവസ്ഥയിൽ വെന്റിലേറ്ററിന്റെ സഹായത്തിൽ ജീവൻ നിലനിർത്തുന്ന രോഗികളുടെ കാര്യത്തിൽ ബന്ധുക്കളുമായി ആലോചിച്ചു വെന്റിലേറ്റർ സ്വിച്ച് ഓഫ് ചെയ്യുന്നതിനെപ്പറ്റിക്കുറിച്ചും അത് നിയമവിധേയമാക്കുന്നതിനെക്കുറിച്ചും കരട് ബില്ലിൽ പറയുന്നുണ്ട്. എന്നാൽ അതേ സമയം തന്നെ advance medical directive അഥവാ ലിവിങ് വില്ലിനു നിയമസാധുതയില്ല എന്നും ബില്ലിൽ പറയുന്നു.

അതായതു ഭാവിയിൽ എന്തെങ്കിലും കാരണവശാൽ ബോധം നഷ്ടപ്പെട്ടു സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരാത്ത ഒരവസ്ഥ വന്നാൽ ജീവൻ നീട്ടിക്കൊണ്ടുപോകാനുള്ള ചികിത്സകളിൽ നിന്ന് ഒഴിവാക്കണം എന്ന് ഒരു വ്യക്തി സ്വയം തീരുമാനിച്ച് അത് ഒരു ലീഗൽ ഡോക്യുമെന്റ് ആയി സൂക്ഷിക്കുന്നത് ഇന്ന് പല രാജ്യങ്ങളിലുമുള്ളവർ ചെയ്തുവരുന്നുണ്ട്. ഡോക്ടർമാർക്ക് അതിൽ പറഞ്ഞതനുസരിച്ചു പ്രവർത്തിക്കാനുള്ള ബാധ്യതയുമുണ്ട്. ഇത് ഇത്തരം അവസരങ്ങളിൽ അനാവശ്യമായ ചികിത്സകൾ ഒഴിവാക്കാനും ഒരാളുടെ ആഗ്രഹം സാധിച്ചു കൊടുക്കാനും ആ ചികിത്സാ സാമഗ്രികളും സേവനവും മറ്റാർക്കെങ്കിലും ഉപയോഗപ്പെടുത്താനും ഉപകരിക്കുന്നു.

ഇന്ത്യയിൽ തയ്യാറാക്കിയിട്ടുള്ള ബില്ലിൽ ഇങ്ങിനെ ഒരു ഡോക്യൂമെന്റിനു നിയമസാധുതയുണ്ടാവില്ല എന്ന് പ്രത്യേകം പറയുന്നുണ്ട്. ഇന്നത്തെ സാഹചര്യത്തിൽ ആശുപത്രികൾ സാമ്പത്തിക ലാഭം മുന്നിൽ കണ്ടു കൊണ്ട് എല്ലാവരെയും െഎസിയുവിൽ കിടത്തുന്നു, വെന്റിലേറ്ററിൽ കിടത്തുന്നു തുടങ്ങിയ ആരോപങ്ങൾ നാം എപ്പോഴും കേൾക്കാറുണ്ട്. നമുക്ക് ബോധം നഷ്ടപ്പെടുന്ന അവസ്ഥയിൽ ഏതെല്ലാം ചികിത്സകൾ വേണ്ട എന്ന് ഓരോരുത്തർക്കും നേരത്തേതന്നെ തീരുമാനിക്കാനുള്ള അവകാശമുണ്ടായിരുന്നെങ്കിൽ ഈ ആരോപണം കുറെയൊക്കെ ഒഴിവാക്കാമായിരുന്നു.

അതുപോലെ തന്നെ, മാരകരോഗങ്ങൾകൊണ്ട് കഷ്ടപ്പെടുന്നവർക്ക് ജീവൻ നിലനിർത്തുന്ന ചികിത്സകൾ നിരസിക്കാനും അവകാശമുണ്ടാകുന്നത് നല്ല കാര്യം തന്നെ. എന്നാൽ ഇതിനെ withdrawal of life sustaining treatment എന്ന ഗണത്തിൽപ്പെടുത്തി യൂത്തനേസ്യയിൽ നിന്നു വേർതിരിച്ചു നിർത്തേണ്ടതാണ്. കാരണം യൂത്തനേസ്യ എന്ന വാക്ക് കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ വരുന്നത് ഡോക്ടർമാരുടെ സഹായത്തോടെയുള്ള ആത്മഹത്യ എന്നതാണ്.

ഒരാൾ സ്വയം ജീവനൊടുക്കാൻ തീരുമാനിക്കുന്നത്, ജീവിതം മുന്നോട്ടു കൊണ്ടുപോകാനുള്ള വഴികളെല്ലാം അടഞ്ഞു എന്ന ശക്തവും നിരന്തരവുമായ ഒരു തോന്നൽ അയാളുടെയുള്ളിൽ ഉരുത്തിരിയുമ്പോൾ ആയിരിക്കുമല്ലോ.

ജോണിന്റെ കാര്യത്തിലും ഇതു തന്നെയാണ് സംഭവിച്ചത്. സമയബന്ധിതവും നിരന്തരവുമായ ഇടപെടലുകളിലൂടെയും ചർച്ചകളിലൂടെയും ജോണിന് സമ്മതമായ ഒരു പദ്ധതി ഉണ്ടാക്കാനും അത് പ്രാവർത്തികമാക്കാനും അതുവഴി അദ്ദേഹത്തിന്റെ ബുദ്ധിമുട്ടുകൾ കുറയ്ക്കാനും ഞങ്ങൾക്ക് കഴിഞ്ഞു. ദുരിതങ്ങളിൽ നിന്നുള്ള മോചനത്തിന് വേറെ ഒരു മാർഗവുമില്ല എന്നു തോന്നിയ അവസ്ഥയിൽ ജോൺ കണ്ട പോംവഴി ആയിരുന്നു മരണം എന്നുള്ളത്‌ വ്യക്തമായിരുന്നു. അങ്ങനെതന്നെയാവില്ലേ അധികം പേരും അത്തരം കടുത്ത ഒരു തീരുമാനത്തിൽ എത്തുന്നത്?

ലോകത്തു പലയിടത്തും യൂത്തനേസ്യയെക്കുറിച്ചു ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും രോഗബാധ കൊണ്ട് ഒരാൾ മരിക്കാൻ തീരുമാനിക്കുമ്പോൾ അല്ലെങ്കിൽ അതിനായി സഹായം തേടുമ്പോൾ എന്തു സഹായം ലഭിച്ചാലാണ് അയാൾ മാറി ചിന്തിക്കുക എന്നല്ലേ നാം ആദ്യം അന്വേഷിക്കേണ്ടത്? അയാൾക്കും കുടുംബത്തിനും ലഭിക്കാവുന്ന എല്ലാ ചികിത്സയും, സംരക്ഷണവും പിന്തുണയും ലഭിച്ചിട്ടുണ്ട് എന്നല്ലേ നാം ആദ്യം ഉറപ്പു വരുത്തേണ്ടത്? അങ്ങിനെ ഉറപ്പു വരുത്തിയതിന് ശേഷം മാത്രമല്ലേ ഒരാളെ മരിക്കാൻ സഹായിക്കുന്നതിനെക്കുറിച്ചു നാം ചിന്തിക്കേണ്ടതുള്ളൂ ?  

(മലപ്പുറം സ്വദേശിയായ ഡോ. നസീന മേത്തൽ ദീർഘകാലമായി ഇംഗ്ലണ്ടിെല മാഞ്ചസ്റ്ററിൽ പെയിൻ‌ ആൻഡ് പാലിയേറ്റീവ് രംഗത്ത് പ്രവർത്തിച്ചു വരികയാണ്. )