സന്തോഷത്തിനു കാരണമെന്ത്?

നമുക്ക് സന്തോഷമുണ്ടാകുന്നത് എന്തുകൊണ്ടാണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? സന്തോഷം നമ്മുടെ മാനസീകമായ അവസ്ഥയാണെന്ന് മാത്രമേ നമുക്കറിവുള്ളൂ. എന്നാൽ കേട്ടോളൂ ഇതിനുള്ള ഉത്തരവും ശാസ്ത്ര ലോകം കണ്ടെത്തിക്കഴിഞ്ഞു. നമ്മുടെ ജനിതക ഘടനയിലെ പ്രത്യേകതകളാണ് ഇതിനു കാരണം. ഒരു പ്രത്യേക ജീനുകളുടെ എണ്ണം കൂടുതലുള്ളതാണ് സന്തോഷത്തിനു കാരണം.

ഒരു രാജ്യത്തിലെ ആളുകളിലെ ജനിതക ഘടന ഏറെക്കുറെ ഒരു പോലെ ആയിരിക്കും. എന്നാൽ വിവിധ രാജ്യങ്ങളിൽ ഇതു വ്യത്യാസപ്പെട്ടിരിക്കും. ഇത് അവരുടെ സന്തോഷത്തിലും പ്രതിഫലിക്കുമെന്ന് പഠനത്തിന് നേതൃത്വം നൽകിയ ബൾഗേറിയ വാർണ യൂണിവേഴ്സിറ്റിയിലെ മൈക്കിൾ മിൻകോവ് പറയുന്നു. ജനിതക ഘടനയിൽ ക്രോമസോം അധികമുള്ളവരിലാണ് സന്തോഷം കൂടുതൽ അനുഭവപ്പെടുന്നത്.

ഇത്തരത്തിലുള്ള ക്രോമസോം ഏറ്റവും അധികമുള്ളത് മെക്സിക്കൻ രാജ്യത്തെ ജനങ്ങൾക്കാണ്. അതു കൊണ്ടു തന്നെ ലോകത്തിലെ ഏറ്റവും സന്തോഷമുള്ളവർ മെക്സിക്കൻ ജനതയാണെന്ന് പഠനം വിലയിരുത്തുന്നു.

ഇറാഖ്, ജോർദ്ദാൻ, ഹോങ്ങ്കോങ്ങ്, ചൈന, തായ്്ലൻഡ് എന്നീ രാജ്യങ്ങളിലുള്ളവർക്ക് ഈ പ്രത്യേകം ക്രോമസോം കുറവുള്ളവരായും അവർ കടുത്ത മാനസീക പിരിമുറുക്കം ഉള്ളവരായും കണ്ടെത്താൻ കഴിഞ്ഞു. ഉഷ്ണമേഖലയിൽ താമസിക്കുന്ന ജനങ്ങളിൽ ഈ പ്രത്യേക ക്രോമസോം കൂടുതലാണെന്നും പഠനത്തിൽ കണ്ടെത്തി. ഹാപ്പിനസ് സ്റ്റഡി എന്ന ജേണലിലാണ് പഠനം സംബന്ധിച്ച വിവരങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.