വൈദ്യുതാഘാതവും പ്രഥമശുശ്രൂഷയും

മഴക്കാലം അപകടങ്ങളുടേതു കൂടിയാണ്. അവയില്‍ പ്രധാനമാണ് വൈദ്യുതിയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്നവ.

∙ നടക്കുമ്പോള്‍ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ (ഉദാഹരണത്തിനു വയലുകള്‍) കഴിവതും ചവിട്ടാതിരിക്കുക. ഇടിയും മിന്നലുമുള്ളപ്പോള്‍ ലാന്‍ഡ് ഫോണ്‍ മൊബൈല്‍ ഫോണ്‍ എന്നിവ ഉപയോഗിക്കരുത്. ടിവിയുടെ കേബിള്‍ ബന്ധവും വിച്ഛേദിക്കണം.

∙ നനഞ്ഞ കൈകള്‍ കൊണ്ട് സ്വിച്ചിടരുത്. വൈദ്യുതോപകരണങ്ങള്‍ പ്രവര്‍ത്തിക്കുമ്പോള്‍ റബര്‍ ചെരിപ്പ് ധരിക്കുക. ഇലക്ട്രിക് വയറുകളുടെ ഇന്‍സ്റ്റലേഷന്‍ ശരിയായ വിധത്തിലാണെന്ന് ഉറപ്പു വരുത്തുക. സ്വിച്ചുകള്‍ക്കുള്ളില്‍ വെള്ളം ഇറങ്ങാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കു.

∙ എല്ലായ്പ്പോഴും 3പിന്‍പ്ളഗ് മാത്രം ഉപയോഗിക്കുക. ശരിയായ ആംപിയറിലുള്ള പ്ളഗുകളും എക്സ്റ്റന്‍ഷന്‍ കോഡുകളും ഉപയോഗിക്കുക.

വൈദ്യുതാഘാതം ഏറ്റാല്

∙ 40 ശതമാനത്തോളം വരുന്ന ഇലക്ട്രിക് ഷോക്കുകളും മരണകാരണമാവുന്നവയാണ്. 500 വോള്‍ട്ടേജില്‍ താഴെയുള്ള വൈദ്യുതിയേറ്റാല്‍ അത് ആന്തരാവയവങ്ങള്‍ക്കു കാര്യമായ തകരാര്‍ ഉണ്ടാക്കാറില്ല. എന്നാല്‍ 500 വോള്‍ട്ടേജിനു മുകളിലുള്ള വൈദ്യുതി ആയാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകാം. 220 വോള്‍ട്ടേജിലുള്ള വൈദ്യുതിയാണെങ്കില്‍പോലും അതു കുട്ടികള്‍ക്ക് ഏറ്റാല്‍ ഗുരുതരപ്രശ്നങ്ങള്‍ ഉണ്ടാകാം.

∙ ഹൈവോള്‍ട്ടേജ് ഷോക്ക് ഏതായാലും (മിന്നലായാലും പൊട്ടിവീണ ഇലക്ട്രിക് ലൈനില്‍ നിന്നുള്ളതായാലും) ബാഹ്യമായ പരുക്കുകള്‍ ഒന്നും കണ്ടില്ലെങ്കിലും പെട്ടെന്നു വൈദ്യസഹായം തേടണം. പൊട്ടിക്കിടക്കുന്ന ഹൈവോള്‍ട്ടേജ് വൈദ്യുതിക്കമ്പിക്കു ചുറ്റും ഒരു വൈദ്യുത പ്രഭാവലയം (ആര്‍ക്ക്) ഉണ്ടായിരിക്കും. തന്മൂലം ഇത്തരം കമ്പികളുടെ സമീപത്തു ചെല്ലുന്നതു പോലും ഷോക്കേല്‍ക്കാന്‍ കാരണമാകും.

∙ ഹൈവോള്‍ട്ടേജോ ഇടിമിന്നലോ തലച്ചോറിനെ ബാധിച്ചാല്‍ അപസ്മാരം, ഡിപ്രഷന്‍, ഉത്കണ്ഠ, അപൂര്‍വമായി മാത്രം പരാലിസിസ് എന്നിവയ്ക്ക് സാധ്യതയുണ്ട്.

∙ ലോവോള്‍ട്ടേജ് ഷോക്ക് (വീട്ടുപകരണങ്ങളില്‍ നിന്നുള്ളത്) ആണെങ്കില്‍പോലും ഇനിപറയുന്ന സാഹചര്യങ്ങളില്‍ വൈദ്യസഹായം തേടണം. പുറമേ കാണും വിധം പൊള്ളലുണ്ടെങ്കില്‍, അബോധാവസ്ഥയില്‍ ആയാല്‍, സ്പര്‍ശനശേഷിക്ക് എന്തെങ്കിലും തകരാര്‍ സംഭവിച്ചാല്‍, കാഴ്ച, കേള്‍വി-സംസാരം എന്നിവയ്ക്ക് തകരാറുണ്ടായാല്‍, ഗര്‍ഭിണികള്‍ക്ക് ഷോക്ക് ഏറ്റാല്‍.

∙ ഷോക്ക് ഏറ്റവരില്‍ ബാഹ്യമായ പരുക്കുകള്‍ ഒന്നും കണ്ടെന്നു വരില്ല. മറ്റു ചിലപ്പോള്‍ ഗുരുതരമായ പൊള്ളല്‍ ഉണ്ടാകാം. കൈകള്‍, കാല്‍പ്പാദം, തല എന്നിവിടങ്ങളിലാണ് പൊള്ളല്‍ കാണുന്നത്.

∙ ഷോക്കേറ്റ് തെറിച്ചു വീണയാള്‍ക്ക് പെട്ടെന്നുള്ള പേശീസങ്കോചം മൂലം കഴുത്തിലെ കശേരുക്കള്‍, നട്ടെല്ല്, ശരീരത്തിലെ മറ്റു ഭാഗങ്ങളിലെ എല്ലുകള്‍, എന്നിവയ്ക്ക് വിള്ളലോ ഒടിവോ സംഭവിക്കാം. അതിനാല്‍ സൂക്ഷിച്ചേ ആളെ നീക്കം ചെയ്യാവൂ.

∙ വൈദ്യുതാഘാതത്തെ തുടര്‍ന്ന് ഹൃദയം ഏകോപനമില്ലാതെ മിടിക്കുകയും (വെന്‍ട്രിക്കുലര്‍ ഫിബ്രിലേഷന്‍) അതു ഹൃദയത്തിന്റെ പമ്പിങ് ശേഷിയെ ബാധിക്കുകയും ചെയ്യും. ഇതാണു പലപ്പോഴും മരണകാരണമാകുന്നത്.

∙ പൊള്ളലുകള്‍ക്ക് ടെറ്റ്നസ് വാക്സിനും ഏതെങ്കിലും ആന്റിബയോട്ടിക് ലേപനങ്ങളും മതിയാകും. ഗുരുതരമായതിന് ആശുപത്രിയില്‍ കിടത്തി ചികിത്സ വേണ്ടിവരും.

_പ്രഫ സുനില്‍ മൂത്തേടത്ത് പ്രഫസര്‍ ഓഫ് നഴ്സിങ്, അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, കൊച്ചി._