കുട്ടികളിലെ വിശപ്പില്ലായ്മ അവഗണിക്കണോ?

കുട്ടികളെക്കുറിച്ചുള്ള മിക്ക അമ്മമാരുടെയും പ്രധാന പരാതി ആഹാരം കഴിക്കുന്നില്ലെന്നാണ്. ഒന്നും കഴിക്കാതിരുന്നാൽ എങ്ങനെ പോഷണം കിട്ടും? ഇനി വല്ല അസുഖത്തിന്റെയും ലക്ഷണമാണോ ഭക്ഷണത്തോടുള്ള ഈ വിരക്തി? ഇങ്ങനെ നൂറുനൂറു സംശയങ്ങളാണ് അമ്മമാർക്ക്. ഇതു നിസ്സാരമായി അവഗണിക്കേണ്ട പ്രശ്നമാണോ?

വളർച്ചയ്ക്കനുസരിച്ച് കുട്ടിയുടെ വിശപ്പിലും ഏറ്റക്കുറച്ചിലുണ്ടാകാം. കുട്ടിയുടെ വളർച്ച സാധാരണപോലെയാണെങ്കിൽ കുറച്ചുനാൾ വിശപ്പു കുറയുന്നത് അത്ര കാര്യമാക്കേണ്ടതില്ല. പേടിപ്പിച്ചും ബഹളം വച്ചും ആഹാരം കഴിപ്പിക്കുകയും വേണ്ട. മുലകുടിക്കുന്ന കുട്ടിയാണെങ്കിൽ മുലപ്പാലിന്റെ അളവു കുറവാണോ എന്നു ശ്രദ്ധിക്കണം.

പക്ഷേ, ഒരാഴ്ചയിൽ കൂടുതൽ നീളുന്ന വിശപ്പില്ലായ്മയ്ക്കൊപ്പം തൂക്കമില്ലായ്മ, പനി, ചർമത്തിൽ തടിപ്പുകൾ, തൊണ്ടവേദന, കഴുത്തിലെ ഗ്രന്ഥികൾക്കു വീക്കം, മൂത്രത്തിനു കടുത്ത നിറം എന്നിവ കണ്ടാൽ ഗുരുതരരോഗ സൂചനകളായി കണ്ട് ഡോക്ടറെ കാണിക്കണം.

തൂക്കം വല്ലാതെ കുറയുന്നു. ഒപ്പം നല്ല ചുമയും ക്ഷീണവും
തൂക്കം പെട്ടെന്നായാലും പതുക്കെയായാലും കുറയുന്നത് പല രോഗങ്ങളുടെയും ലക്ഷണമാകാം. വയറിളക്കവും ഛർദിയും പോലുള്ള രോഗങ്ങളാണ് തൂക്കക്കുറവിന്റെ വളര സാധാരണമായ കാരണങ്ങൾ. എൻസൈമുകളുടെ ഉൽപാദനം കുറയുന്നതുകൊണ്ടു ചില ഭക്ഷണങ്ങളോടുള്ള അലർജി, ഫാറ്റ് ഇൻടോളറൻസ് എന്നിവയും തൂക്കക്കുറവും വയറ്റിളക്കവും ഉണ്ടാക്കാം. തൂക്കക്കുറവിനോടൊപ്പം ഇടയ്ക്കിടെ മൂത്രം ഒഴിക്കാൻ തോന്നുക, മൂത്രം ഒഴിക്കുമ്പോൾ വേദന എന്നിവയുമുണ്ടെങ്കിൽ മൂത്രത്തിലെ അണുബാധയാകാം കാരണം.