ദാമ്പത്യ വിജയത്തിലെ മനഃശാസ്ത്ര വഴികൾ

വിവാഹമോചനങ്ങളുടെ കാര്യത്തിൽ പാശ്ചാത്യരെ കുറ്റം പറഞ്ഞുകൊണ്ടി രുന്ന മലയാളികൾക്കിടയിലാണ് ഇന്ന് ഇന്ത്യയിൽ വിവാഹമോചനങ്ങൾ ഏറെ. അതേ സമയം കുടുംബ ബന്ധത്തിന്റെ പവിത്രത മനസ്സിലാക്കി ജീവിക്കുന്നവ രുടെ എണ്ണം ഇന്ന് പാശ്ചാത്യരിൽ ഏറിവരികയാണ്.

കല്യാണമെല്ലാം കഴിഞ്ഞ് ഏറെ അടുപ്പമുളളവർക്കായി വിരുന്ന് നടക്കുന്നു. െചറുക്കനും കൂട്ടരും പന്തിയിലിരിക്കുന്നു. ഇറച്ചിക്കറി വിളമ്പിയവരുടെ കൂട്ടത്തിൽ പുതുമണവാട്ടിയുമുണ്ടായിരുന്നു. കറി വിളമ്പുന്നതിനിടയിൽ അറിയാതെ അൽപ്പം ചെറുക്കന്റെ ഷർട്ടിൽ വീണു. ഇതു കണ്ട ഉടൻ ചെറുക്കന്റെ പെങ്ങൾ ആങ്ങളയോട് ‘ദേ നിന്റെ ഷർട്ടിൽ ഇറച്ചിക്കറി’ പറ്റിയെന്ന് പറഞ്ഞു.

ഉടൻ ചിരിച്ചുകൊണ്ട് തമാശ മട്ടിൽ പെണ്ണ് ഇപ്പം, ഇത്രയേ പറ്റിയുളളൂ, ഇനി പറ്റാനിരിക്കുന്നതല്ലേയുളളൂ.

ഇതുകേട്ടതും ചെറുക്കന്റെ പെങ്ങൾ ചാടിയേഴുന്നേറ്റിട്ട് പറഞ്ഞു. ങ് ഹും, വന്നു കേറിയതേ ഇവൾക്കിത്ര അഹങ്കാരമോ, ഇപ്പഴേ ഇതാണെങ്കിൽ കുറച്ചുകൂടി കഴിഞ്ഞാൽ എന്തായിരിക്കും സ്ഥിതി. ഇവളുടെ വിരുന്നും വേണ്ട, ഒന്നും വേണ്ട.

ഇതു കേട്ടതും ചെറുക്കനുൾപ്പെടെ വീട്ടുകാർ ഒന്നും കഴിക്കാതെ എഴുന്നേറ്റ് പുറത്തേക്കിറങ്ങി.

ഇതു കണ്ടതും പെണ്ണിന്റെ വീട്ടുകാർ. നിസാരകാര്യത്തിന് ഇങ്ങനെ പിണങ്ങിപ്പോവുന്ന കൂട്ടരാണെങ്കിൽ ഇത്തരക്കാരുടെ കൂടെ മോളെങ്ങനെ ജീവിക്കും. അതുകൊണ്ട് അവനെ നിനക്കും വേണ്ടെടീ. ശേഷം ഡിവോഴ്സ് പെറ്റീഷന്റെ രൂപത്തിൽ കോടതിയിൽ.

ഷർട്ടിൽ ഇറച്ചിക്കറി പറ്റിയതിന്റെ പേരിൽ കല്യാണം കഴിഞ്ഞ് ദിവസങ്ങൾക്കു ളളിൽ പിരിയാൻ കോടതിയെ സമീപിച്ചത് കോട്ടയം ജില്ലയിൽ നടന്ന സംഭവം. നിസാരകാര്യങ്ങളുടെ പേരിലാണിന്ന് കേരളത്തിൽ വിവാഹമോചനങ്ങളിൽ ഏറിയ പങ്കും നടക്കുന്നത്. ഓരോ വർഷം ചെല്ലുന്തോറും മുൻവർഷത്തെ അപേക്ഷിച്ച് വിവാഹമോചനക്കേസുകളുടെ എണ്ണം ഇരട്ടിയാകുന്നു. വിവാഹമോചനങ്ങളുടെ കാര്യത്തിൽ പാശ്ചാത്യരെ കുറ്റം പറഞ്ഞുകൊണ്ടിരുന്ന മലയാളികൾക്കിടയിലാണ് ഇന്ന് ഇന്ത്യയിൽ വിവാഹമോചനങ്ങൾ ഏറെ. അതേ സമയം കുടുംബ ബന്ധത്തിന്റെ പവിത്രത മനസ്സിലാക്കി ജീവിക്കുന്നവരുടെ എണ്ണം ഇന്ന് പാശ്ചാത്യരിൽ ഏറിവരികയാണ്.

അമേരിക്കയിലെ കൊളറാഡൊ സ്റ്റേറ്റിൽ വച്ചു നടന്ന ഒരു സംഭവം ഓർക്കുന്നു. രാത്രി ഒരു പാർട്ടിക്കിടയിൽ റെഡ് വൈനുമായി തന്റെ സീറ്റിലേക്ക് നീങ്ങിയതായിരുന്നു ആ വയോധികൻ. ഏതാണ്ട് 75 വയസോളം പ്രായമുണ്ട്. പെട്ടെന്നാണ് കാല് തട്ടി നിലത്തേക്ക് വീണത്. തറയിൽ ഇളം നിറത്തിലുളള കമ്പിളി നൂലുകൊണ്ടുളള കട്ടികൂടിയ കാർപ്പെറ്റാണ് ഇട്ടിരിക്കുന്നത്. കാർപ്പറ്റിലും അദ്ദേഹത്തിന്റെ ഡ്രസ്സിലുമെല്ലാം രക്തനിറം പടർന്നു. ഒരു നിമിഷം എല്ലാവരും സ്തബ്ധരായി. വീണു കിടന്ന വയോധികന്റെ ഭാര്യയുടെ മുഖത്ത് സങ്കടവും ഉത്കണ്ഠയും കാണാമായിരുന്നു.

പെട്ടെന്ന് അവിടെയുണ്ടായിരുന്ന ഡോക്ടർമാർ വന്ന് പരിശോധിച്ചു. വലിയ ഒരു കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥനായി റിട്ടർ ചെയ്ത വ്യക്തിയാണ ദ്ദേഹം. ഡ്രസ്സിലും കാർപ്പറ്റിലും കണ്ട ചുവപ്പുനിറം രക്തമാണെന്ന് ആദ്യം തോന്നിയെങ്കിലും അത് റെഡ് വൈൻ തെറിച്ചു വീണതുകൊണ്ടു ണ്ടായതാണെന്ന് മനസ്സിലായി.

അദ്ദേഹത്തിന് കുഴപ്പമൊന്നുമില്ലെന്ന് മനസ്സിലാക്കിയതും ഏതാണ്ട് എഴുപത് വയസുളള ഭാര്യ അടുത്തുവന്ന് കെട്ടിപ്പിടിച്ച് ആ മൂർദ്ധാവിൽ ഉമ്മ വച്ചു. ഇതുകണ്ട ഒരാൾ പറഞ്ഞു ഏതാണ്ട് അൻപത് വർഷത്തിലധികമായി ഒരുമിച്ചു കഴിയുന്ന ദമ്പതികളാണവർ.

നിസാരകാരണങ്ങളുടെയും ഈഗോയുടെയും വാശികളുടെയും സ്വാർത്ഥതകളുടെയും പേരിൽ വിവാഹമോചനങ്ങൾ നടക്കുന്ന ഇക്കാലത്ത് ദൈവം തന്ന പങ്കാളിയെ സ്നേഹിച്ചുകൊണ്ട് ജീവിതം മുന്നോട്ടു നയിക്കുന്നവരെ മറ്റുളളവർ കണ്ട് പഠിക്കണം. ഇവരുടെ ജീവിതത്തിൽ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും പ്രതിസന്ധികളും പെരുമാറ്റത്തിലും അഭിപ്രായത്തിലുമുളള ഭിന്നതകളും ഇല്ലെന്നല്ല. മറിച്ച് ഏതു സാഹചര്യത്തിലും പരസ്പരം മനസ്സിലാക്കാനും സ്നേഹിക്കാനും തയ്യാറാകുമ്പോൾ പങ്കാളികളുടെ കുറ്റങ്ങളേക്കാൾ വളർന്നുവന്ന പശ്ചാത്തലവും വ്യക്തിത്വ സവിശേഷതകളും ശാരീരികവും മാനസികവും വൈകാരിക പരവുമായ കുറവുകളും തിരിച്ചറിഞ്ഞുകൊണ്ട് പെരുമാറാനും ക്ഷമിക്കാനും ക്ഷമയോടെ തിരുത്താനും കഴിയുന്നു. ഇതിന് സമയം ആവശ്യമാണ്. വിവാഹ ജീവിത്തിന്റെ ആദ്യ നാളുകൾ പരസ്പരം മനസ്സിലാക്കലിന്റേതാണ്. രണ്ടു വിഭിന്ന കുടുംബപശ്ചാത്തലത്തിൽ നിന്നും വ്യത്യസ്തശീലങ്ങളും വ്യക്തിത്വസവിശേഷതകളും ചിന്താരീതികളുമുളളവർ ഒരുമിക്കുമ്പോൾ അവിടെ ഉരസലുകൾ ഉണ്ടാകാം. ആ ഉരസലുകൾ പരസ്പരം തകർക്കുന്നതിലേക്ക് നയിക്കരുത്. മറിച്ച് പരസ്പരം മൃദുപ്പെടുത്തുന്നതിലേക്ക് അവ നയിക്കണം.

പരുപരുത്ത കല്ലുകൾ വെളളത്തിന്റെ ഒഴുക്കിൽ പരസ്പരം കൂട്ടിമുട്ടുന്നു. ഇങ്ങനെ വർഷങ്ങളോളം കൂട്ടിമുട്ടുമ്പോൾ അവയിലെ പരുപരുപ്പ് മാറി അവ മിനുസമുളള വെളളാരം കല്ലുകളായി മാറുന്നു. എന്നാൽ ഈ കൂട്ടിമുട്ടലുകൾക്ക് ശക്തി കൂടിയാൽ അവ രണ്ടായി പിളർന്ന് തകരുന്നു.

ജീവിതവും ഇതുപോലെയാണ്. കൂട്ടിമുട്ടലുകൾ ഉണ്ടാകുമ്പോൾ അത് പരസ്പരം തിരിച്ചറിയുന്നതിലേക്കും മനസ്സിലാക്കുന്നതിലേക്കും വികാരങ്ങൾ മൃദുപ്പെടുത്തുന്നതിലേക്കും നയിക്കണം. അല്ലാതെ ശക്തിയേറിയ വാക്കുകളും പ്രവൃത്തികളും കൊണ്ട് പരസ്പരം തകർക്കുന്നതിലേക്ക്, രണ്ടായി അകറ്റുന്നതിലേക്ക് അത് നയിക്കരുത്. ദമ്പതികൾക്കിടയിലെ പ്രശ്നങ്ങൾ വൈകുന്നേരത്തിനകം പറഞ്ഞുതീർക്കാൻ ശ്രമിക്കുക. ദമ്പതികൾക്കിടയിൽ ഞാനോ നീയോ വലുത് എന്ന ഭാവം വേണ്ട. തെറ്റുകൾ ആരുടെ ഭാഗത്താണെങ്കിലും അത് തുറന്ന് പറഞ്ഞ് ക്ഷമ ചോദിക്കാൻ മടിക്കരുത്.

അപ്രതീക്ഷിതമായി ജീവിതപങ്കാളി ദേഷ്യപ്പെടുകയോ, വികാരപരമായി സംസാരിക്കുകയോ ചെയ്താൽ അതേ നാണയത്തിൽ ഉടൻ തിരിച്ചടിക്കാൻ ശ്രമിക്കാതെ എന്തു കൊണ്ടാണങ്ങനെ പെരുമാറുന്നതെന്ന് മനസിലാക്കാൻ ശ്രമിക്കുക. ചിലപ്പോൾ മറ്റുളളവരിൽ നിന്ന് നേരിട്ട് വിഷമം നിറഞ്ഞ അനുഭവമാകാം. ശാരീരിക വൈകാരിക പ്രശ്നങ്ങളാകാം അതിനു പിന്നിൽ. സ്നേഹത്തോടെ പങ്കാളിയുമായി സംസാരിച്ച് അക്കാര്യം മനസ്സിലാക്കി ആശ്വസിപ്പിക്കാൻ കഴിയുമ്പോൾ അവിടെ സ്നേഹം നിറയും. അല്ലാതെ പകരം മൂർച്ചയേറിയ വാക്കുകളും കായിക ബലവും ഉപയോഗിച്ചാൽ അവിടെ ബന്ധങ്ങൾ തകരും.

തകർന്ന ബന്ധങ്ങൾ ഏറ്റവുമധികം ബാധിക്കുന്നത് കുട്ടികളെയാണ്. അവർക്ക് ലഭിക്കേണ്ട സ്നേഹവും ശ്രദ്ധയും പരിലാളനയും നഷ്ടപ്പെടുമ്പോൾ അതവരുടെ സ്വഭാവത്തിലും വ്യക്തിത്വത്തിലും കരിനിഴൽ വീഴ്ത്തുന്നു. ഇത്തരം കുട്ടികളിൽ ആത്മവിശ്വാസവും ആത്മാഭിമാനവും കുറവായിരിക്കും. അതിനാൽ ബന്ധം മുറിക്കുന്നതിന് മുൻപ് ആലോചിക്കുക. മക്കളുടെ കാര്യം. നിങ്ങളുടെ കുടുംബത്തിലെ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും കാര്യം. വിഷയങ്ങൾ ദൈവത്തിന് മുമ്പിൽ സമർപ്പിച്ചു പ്രാർത്ഥിക്കുക. അവിടുന്ന് വ്യക്തികളിൽ മാറ്റം വരുത്തും. അപ്പോൾ ക്ഷമിക്കാനും സ്നേഹിക്കാനും പങ്കാളിയിലും നമ്മളിലും തിരുത്തേണ്ടവ തിരുത്താനും സാധിക്കും. അതിനു കഴിയട്ടെയെന്നാശംസിക്കുന്നു. വിജയാശംസകൾ...