ജാഗ്രതൈ ! അടുക്കള നിങ്ങളെ രോഗിയാക്കാം

ഇന്ന് ഏതെങ്കിലും റസ്റ്ററന്റിൽ പോയി കഴിച്ചാലോ? കൂട്ടത്തിൽ നാലു പേർ ഉണ്ടെങ്കിൽ നാലു റസ്റ്ററന്റിന്റെ പേരും ഉയർന്നു വരും. ആ ഹോട്ടലിനു വൃത്തി പോര, അവിടുത്തെ ഫുഡ് കൊള്ളില്ല, ചെലവു കൂടുതലും അളവ് കുറവും തുടങ്ങി ഓരോ കാര്യങ്ങളിൽ വിമർശനവും ഉണ്ടാകും. എന്നാൽ ഹോട്ടലിലെയും റസ്റ്ററന്റിലെയുമൊക്കെ വൃത്തിയെക്കുറിച്ചു പരാതി പറയുന്ന നമ്മൾ ഒരു നിമിഷം സ്വന്തം അടുക്കളയിലേക്ക് ഒന്നു തിരിഞ്ഞുനോക്കൂ. അവിടെ നിങ്ങളെ രോഗിയാക്കുന്ന നിരവധി ഘടകങ്ങളാണുള്ളത്. പാനുകളും കെറ്റിലുകളും തുടങ്ങി കോഫിമേക്കർ വരെ... അടുക്കള നിങ്ങളെ എങ്ങനെ രോഗിയാക്കുന്നുവെന്നു നോക്കാം

1. മെലാമിൻ അടർന്നു പോയ പാത്രങ്ങൾ

ഇപ്പോൾ മിക്ക വീടുകളിലും ഉപയോഗിക്കുന്ന പാത്രങ്ങളിൽ ഭൂരിഭാഗവും പുറമേ പ്ലാസ്റ്റിക് പോലെയുള്ളവ അല്ലെങ്കിൽ മെലാമിൻ കൊണ്ട് ആവരണമുള്ള തരം പാത്രങ്ങളാണ്. പെട്ടെന്നു പൊട്ടിപ്പോകില്ല എന്നതുതന്നെയാണ് ഇവയുടെ പ്രത്യേകത. എന്നാൽ ഉയർന്ന താപനിലയിൽ ചൂടാക്കുമ്പോൾ പാത്രത്തിന്റെ അടിയിലുള്ള ഭാഗം ഇളകിപ്പോകാനുള്ള സാധ്യതയുണ്ട്. ചൂടുള്ള ഭക്ഷണം ഈ പാത്രങ്ങളിൽ സൂക്ഷിക്കുമ്പോൾ മെലാമിൻ ആഹാരത്തിൽ കലരുകയും ശരീരത്തിലെത്തുകയും ചെയ്യും. ഇത് കിഡ്നി സ്റ്റോണിനും വൃക്കയുടെ തകരാറിനും കാരണമാകും.

2. നോൺസ്റ്റിക് തവയിലെ അപകടം

നോൺസ്റ്റിക് പാത്രങ്ങളിൽ പാചകം ചെയ്താൽ എണ്ണയുടെ ഉപയോഗം കുറയ്ക്കാമെന്നതാണ് കൂടുതൽ പേരെയും ഇത്തരം പാത്രങ്ങളിലേക്ക് ആകർഷിക്കുന്നത്. ഇതു ശരിയുമാണ്. എന്നാൽ ഇതിനൊരു അപകടവശം കൂടിയുണ്ടെന്ന് എത്ര പേർക്കറിയാം. സ്ഥിരമായ ഉപയോഗം മൂലം നോൺസ്റ്റിക് കോട്ടിങ് നശിക്കുകയും രാസപദാർഥങ്ങൾ ഭക്ഷണത്തിൽ കലരുകയും ചെയ്യുന്നു. കാർസിനോജനിക് പദാർഥങ്ങൾ കൊണ്ടാണ് നോൺസ്റ്റിക് പാത്രങ്ങളുടെ പ്രതലം നിർമിച്ചിരിക്കുന്നത്. ഇവ ആഹാരത്തിൽ കലർന്നാൽ കരളിനെ ബാധിക്കുകയും ഗ്യാസ്ട്രോ ഇന്റസ്റ്റൈനൽ പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ പാനിൽ സ്ക്രാച്ചുകൾ വീണാൽ ഉടൻതന്നെ പാത്രത്തോടു ബൈ പറയുക.

കാൻസർ വീട്ടിൽ നിന്നും: ശ്രദ്ധിക്കൂ ഈ 6 കാര്യങ്ങൾ

3. കറ പുരണ്ട കപ്പുകളും മഗും

ചായക്കപ്പിലെ കറ തേച്ചു കളയാൻ മടി കാണിക്കാറുണ്ടോ? ബ്രൗൺ നിറത്തിൽ കപ്പിൽ പിടിച്ചിരിക്കുന്ന കറ എത്രത്തോളം അപകടകരമാണെന്നു നിങ്ങൾ അറിയുന്നുണ്ടോ? ഹാർഡ് വാട്ടർ ഉപയോഗിച്ച് മഗ് വൃത്തിയാക്കുമ്പോൾ ഇതിലുള്ള കാൽസ്യം കാർബണേറ്റ് ചായയിലുള്ള ടാനിൻസുമായി ചേരുകയും കപ്പിനകത്ത് ആവരണമായി രൂപപ്പെടുകയും ചെയ്യുന്നു. സ്ഥിരമായി ഇത്തരം മഗുകളിൽ ചായ കുടിക്കുന്നതു മൂലം മലശോധനയിൽ പ്രശ്നങ്ങളുണ്ടാകുന്നു. വിനാഗിരിയും അൽപം ബേക്കിങ് സോഡയും ചേർത്ത് മഗ് കഴുകിയാൽ ഈ കറ ഇളകിപ്പോകും.

4. ബ്രൗൺ കളറായ പാത്രങ്ങൾ

ഭക്ഷണം പാകം ചെയ്യാൻ ഉപയോഗിക്കുന്ന ചില പഴയ പാത്രങ്ങൾ ബ്രൗൺ നിറത്തിലാകുന്നതു ശ്രദ്ധിച്ചിട്ടുണ്ടോ? ഇത്തരം അലൂമിനിയം പാത്രങ്ങളും മറ്റും വൃത്തിയാക്കുന്നതു കുറച്ചു മെനക്കെട്ട പണികൂടിയാണ്. ഇത്തരം പാത്രങ്ങൾ ബാക്ടീരിയ പെരുകാനുള്ള അവസരം സൃഷ്ടിക്കുന്നു.

5. കോഫി മേക്കറുകൾ

ഡോർ ഹാൻഡിലുകളെക്കാൾ കൂടുതൽ രോഗാണുക്കൾ കോഫിമേക്കറിലുണ്ടെന്നുള്ള കാര്യം അറിയാമോ? കോഫിമേക്കറിലുള്ള യീസ്റ്റുകൾക്ക് ഇതിന്റെ സംഭരണിയിൽ വളർന്നു രൂപം പ്രാപിക്കാനുള്ള സാഹചര്യമുണ്ട്. യുഎസിലെ വീടുകളിൽ ഉപയോഗിക്കുന്ന കോഫിമേക്കറുകളിൽ പത്തിൽ ഒന്നിൽ വീതം ഗവേഷകർ കോളിഫോം ബാക്ടീരിയ കണ്ടെത്തിയിരുന്നു.

6. ചോപ്പിങ് ബോർഡ്

ചിക്കനും പച്ചക്കറികളുമെല്ലാം മുറിക്കാനായി നിങ്ങൾ ഒരേ ചോപ് ബോർഡാണോ ഉപയോഗിക്കുന്നത്? ഒരിക്കലും ഇങ്ങനെ ചെയ്യരുത്. പാകം ചെയ്യാത്ത മാംസത്തിൽനിന്നുള്ള അണുക്കൾ ചോപ് ബോർഡിലേക്കു കടക്കുകയും പിന്നീട് ആ ചോപ്‌ബോർഡ് ഉപയോഗിച്ചു മുറിക്കുന്ന വസ്തുക്കളിലേക്കു പടരുകയും ചെയ്യും. ഓരോ 10 മിനിറ്റിലും ഈ അണുക്കൾ ഇരട്ടിക്കുന്നുണ്ട്. അതുകൊണ്ട് ഓരോ തവണ ചോപ്ബോർഡ് ഉപയോഗിക്കുമ്പോഴും വൃത്തിയാക്കിയെന്ന് ഉറപ്പുവരുത്തുക.