ജീവിതശൈലി രോഗത്തിലെത്തിക്കുമോ?

നല്ല ജീവിതശൈലി എന്നാലെന്താണ്? നാം ശരീരത്തെ, മനസ്സിനെ, പ്രവൃത്തികളെ ദിവസം മുഴുവനും എങ്ങനെ ക്രമീകരിക്കുന്നു എന്നതു തന്നെയാണ് ജീവിതശൈലി. നാം എന്തു കഴിക്കുന്നു? അത് സമീകൃതാഹാരമാണോ? അതോ കിട്ടുന്നതെന്തും കഴിക്കുകയാണോ? കുടിക്കുന്ന വെള്ളം ശുദ്ധമാണെന്നുറപ്പുണ്ടോ? ആവശ്യത്തിനു വെള്ളം കുടിച്ചെന്നുറപ്പുണ്ടോ? എപ്പോൾ ഉണരുന്നു? എങ്ങനെ ഉറങ്ങുന്നു? മലമൂത്ര വിസർജന ശീലങ്ങൾ എങ്ങനെയാണ്? വീട്ടിലെ ഭക്ഷണാവശിഷ്ടങ്ങളും മറ്റു പാഴ്‌വസ്തുക്കളും നിർമാർജനം ചെയ്യുന്ന രീതി കുറ്റമറ്റതാണോ?

രാത്രി കിടക്കുന്നതിനു മുൻപ് പല്ലു തേക്കുന്നുണ്ടോ? ഭക്ഷണത്തിനു മുൻപും കക്കൂസിൽ പോയതിനു ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ചു കഴുകാറുണ്ടോ? മദ്യം, പുകവലി, മറ്റു ലഹരിസാധനങ്ങൾ ഉപയോഗിക്കുന്നുണ്ടോ? മനസ്സിൽ നല്ല ചിന്തകളാണോ കൊണ്ടുനടക്കുന്നത്? അതോ എപ്പോഴും അസൂയ, ദേഷ്യം, പക, പരദൂഷണ ശൈലി ഇവയാണൊ? അമിതാഹാരം ഒഴിവാക്കാൻ വേണ്ട ശീലങ്ങളുണ്ടോ? വൈദ്യുതി പാഴാക്കാതിരിക്കുന്ന ശീലം, വെള്ളം പാഴാക്കാതിരിക്കുന്ന ശീലം എന്നുവേണ്ട നാം ദിവസവും പതിവായി ചെയ്യുന്നതെല്ലാം നമ്മുടെ ജീവിതശൈലിയാണ്.

ഇതിൽ നല്ലതേത്, മോശമേത് എന്നു തിരിച്ചറിയാൻ നമ്മെ പ്രാപ്തരാക്കുന്നതാകണം നമ്മുടെ വിദ്യാഭ്യാസം. നല്ല ശീലങ്ങൾ പ്രാവർത്തികമാക്കാൻ, നല്ല ജീവിതശൈലി എല്ലാ വ്യക്തികൾക്കും ലഭ്യമാക്കാൻ വേണ്ടി സമൂഹത്തെ പ്രാപ്തരാക്കാനാവണം ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവരും എല്ലാ ഭരണകർത്താക്കളും ശ്രദ്ധിക്കേണ്ടത്. നല്ല ജീവിതശൈലികൾ ജനങ്ങളിലുണ്ടാക്കാൻ വേണ്ട സാമൂഹിക സാമ്പത്തിക പരിഷ്കാരങ്ങളാണ് ഏറ്റവും വലിയ ആരോഗ്യ പ്രവർത്തനം. കാരണം എല്ലാ രോഗങ്ങളും ജീവിതശൈലീ രോഗങ്ങളാണ്.

ഇന്ത്യയിലെ ഏറ്റവും പ്രധാന ജീവിതശൈലീരോഗം പകർച്ചവ്യാധികളാണെന്നും ഓർക്കണം. പകർച്ചവ്യാധികൾ എങ്ങനെ ജീവിതശൈലീ രോഗമാകുന്നു? എല്ലാ പകർച്ചവ്യാധികൾക്കും കാരണം ഇവയാണ്. മൂന്നു നേരവും സമീകൃതാഹാരം കഴിക്കാത്തതിനാൽ ശരീരത്തിന്റെ പ്രതിരോധശേഷി കുറയുന്നു. പ്രതിരോധ ശേഷി കുറ‍ഞ്ഞ ശരീരത്തിൽ രോഗാണുക്കൾ കടക്കാനിടയാവുന്നതാണെങ്കിൽ അതിനുകാരണം തെറ്റായ ജീവിതശൈലിയാണ്. ഭക്ഷണസാധനങ്ങളും ചപ്പുചവറുകളും പ്ലാസ്റ്റിക്കും ടിന്നുകളും എല്ലാം എവിടെയും വലിച്ചെറിയുന്ന ശീലം (ഒരു തെറ്റായ ജീവിതശൈലിയാണ്) കൊതുകുകളും മറ്റു പല രോഗാണുക്കളും യഥേഷ്ടം വളരാനും നമ്മുടെ ശരീരത്തിലെത്താനും ഇടയാക്കുന്നു. ഭക്ഷണസാധനങ്ങൾ, കുടിവെള്ളം ഇവ കൈകാര്യം ചെയ്യുമ്പോൾ വ്യക്തിശുചിത്വമില്ലാത്തതുകൊണ്ട് രോഗാണുക്കൾ അവയിൽ കടന്നുകൂടുന്നു.

(പട്ടണങ്ങളിലാണെങ്കിൽ ഓരോ പത്തു സെന്റിലും കിണറും സെപ്റ്റിക് ടാങ്കും എന്ന രീതിമൂലം പലപ്പോഴും വെള്ളം മലിനമാക്കപ്പെടുന്നു). പകർച്ചവ്യാധികൾക്ക് ഏറ്റവും പ്രധാന കാരണം പോഷകാഹാരക്കുറവു തന്നെയാണ്–കാരണം സമീകൃതാഹാരം എന്ത് എന്നുപോലും പലർക്കും അറിയില്ല. സമീകൃതാഹാരം എന്ന ജീവിതശൈലി പ്രാവർത്തികമാക്കാൻ സമൂഹത്തെ ശാക്തീകരിച്ചിട്ടില്ല. സമീകൃതാഹാരം 90% പേർക്കും കിട്ടുന്നില്ല. കിട്ടുന്നവർ പോലും കഴിക്കുന്നുമില്ല. പകർച്ചവ്യാധികളുടെ അടുത്ത കാരണങ്ങൾ വ്യക്തിശുചിത്വമില്ലായ്മയും പരിസര ശുചിത്വമില്ലായ്മയുമാണ്. നമ്മുടെ തെറ്റായ ജീവിതശൈലി മൂലം രോഗാണുക്കൾ എല്ലായിടത്തും സുലഭമാണ്. തെറ്റായ ശീലങ്ങൾ മൂലം അവ നമ്മുടെ ശരീരത്തിലെത്തുന്നു. സമീകൃതാഹാരം കഴിക്കാത്തതുമൂലം ശരീരത്തിൽ അവയ്ക്ക് പെറ്റുപെരുകാൻ സാധിക്കുന്നു. ഇതേ ജനം തന്നെ പുകവലിക്കുകയും മദ്യപിക്കുകയും വ്യായാമം ചെയ്യാതിരിക്കുകയും ചെയ്താലോ?

പുകവലിക്കെതിരായ ബോധവൽക്കരണം ഒരുപരിധി വരെ ഫലപ്രദമാവുന്നുണ്ട്. അതിനെക്കാൾ എത്രയോ മാരകമാണ് മദ്യപാനം. അതിനെതിരെ ശരിയായ ബോധവൽക്കരണം നടക്കുന്നില്ല. മാത്രമല്ല മദ്യപാനം ഒരു ശീലമാക്കാൻ വേണ്ട രീതിയിൽ ചില തെറ്റായ ബോധവൽക്കരണവും നടക്കുന്നുണ്ട്. ഉദാഹരണത്തിന് 30 മില്ലിലീറ്റർ മദ്യം ഹൃദ്രോഗത്തെ തടയുമത്രേ!! വീഞ്ഞ് കുടിക്കുന്നതും മദ്യത്തിന്റെ അംശമുള്ള അരിഷ്ടം കഴിക്കുന്നതും ശരീരത്തിനു നല്ലതാണെന്നു വിശ്വസിക്കുന്നവരാണധികവും.

ഒരു സത്യം പറയാം. ഒരു തുള്ളി മദ്യംപോലും ശരീരത്തിനാവശ്യമില്ല. എത്ര കുറച്ചു മദ്യവും ശരീരത്തിനു ദോഷവുമാണ്. മദ്യമെന്ന വിഷത്തെ താങ്ങാനുള്ള കഴിവ് ഓരോ ശരീരത്തിനും വ്യത്യസ്തമായിരിക്കുമെന്നു മാത്രം. ദിവസവും 30 മില്ലി മദ്യം വർഷങ്ങളോളം കഴിച്ചിട്ടും ഒരാൾ ആരോഗ്യത്തോടെ ഇരിക്കുന്നുണ്ടെങ്കിൽ അതിനു കാരണം മദ്യമല്ല, അയാളുടെ മറ്റു നല്ല ശീലങ്ങളാണ്. അയാളുടെ നല്ല ശീലങ്ങൾ മദ്യത്തിന്റ ദോഷം അയാളെ ബാധിക്കാതെ സംരക്ഷിക്കുന്നു. എന്നാൽ, ഏതെങ്കിലും കാരണംകൊണ്ട് കരളിന്റെ പ്രവർത്തനശേഷി കുറഞ്ഞ ഒരാളാണ് വീഞ്ഞോ, അരിഷ്ടമോ പതിവായി കഴിക്കുന്നതെങ്കിൽ അയാളുടെ കരൾരോഗം തീർച്ചയായും മൂർഛിച്ചിരിക്കും. വർധിച്ചുവരുന്ന കരൾ രോഗത്തിന് പ്രധാന കാരണം മദ്യം മാത്രമല്ല– അമിതാഹാരവുമാണ്. അമിതാഹാരം ഒരു തെറ്റായ ജീവിതശൈലിയാണ്. അമിതാഹാരം മൂലം ശരീരത്തിൽ എല്ലാ ഭാഗങ്ങളിലും കൊഴുപ്പ് അടിഞ്ഞുകൂടുന്നു. മുഖത്ത്, വയറിൽ, കരളിൽ, രക്തക്കുഴലുകളിൽ ഒക്കെ. കരളിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പ് മദ്യത്തോളം തന്നെ ദോഷം ചെയ്യും.

പലപ്പോഴും അമിതാഹാരം കഴിക്കുന്നവർ തന്നെയാണ് മദ്യം കഴിക്കുന്നതും ഇവ രണ്ടും തെറ്റായ ജീവിതശൈലികളാണ്. ഇവ രണ്ടും ഒഴിവാക്കിയാൽ തന്നെ ഇന്ത്യ സാമ്പത്തികമായി രക്ഷപ്പെടും. നമുക്കു തെറ്റായ ജീവിതശൈലികൾ തരാൻ കമ്പോളവും കമ്പോളത്തിന്റെ വക്താക്കളായ താരങ്ങളും മൽസരിക്കുകയാണ്. എല്ലാവരെക്കൊണ്ടും അമിതമായി ഭക്ഷണം കഴിപ്പിച്ച് (കഴിക്കുന്നതോ സമീകൃതാഹാരമല്ല, മറിച്ച് ഫാസ്റ്റ് ഫുഡും ചവറു ഭക്ഷണങ്ങളും) അവരെ അലസൻമാരാക്കി അവരെക്കൊണ്ടുതന്നെ മദ്യപാനശീലവും നടപ്പാക്കി രോഗങ്ങളെ കൃഷി ചെയ്തുകൊണ്ടിരിക്കുകയാണ്. 2030 എങ്കിലും ആകുമ്പോഴേക്കും എല്ലാവർക്കും രോഗം എന്ന ലക്ഷ്യം നേടാൻ സാധിക്കുമെന്നാണ് തോന്നുന്നത്! അന്ന് ഓരോ വീട്ടിലും നിന്ന് എല്ലാവരെയും എംബിബിഎസിനു ചേർക്കാൻ ശ്രമിക്കണം!! ഓരോ വില്ലേജിലും മെഡിക്കൽ കോളജും തുടങ്ങാം!!!

പ്രമേഹ രോഗം വരുന്നത് അമിതാഹാരവും വ്യായാമക്കുറവും മാനസിക സംഘർഷങ്ങളും പോഷകാഹാരക്കുറവും പലതരം വിഷാംശങ്ങൾ തെറ്റായ ശീലങ്ങൾമൂലം ഉള്ളിൽ കടക്കുന്നതും കൊണ്ടാണ്. ഉയർന്ന രക്തസമ്മർദമാണെങ്കിൽ അമിതാഹാരാം, വ്യായാമക്കുറവ്, ഉപ്പ് കൂടുതൽ കഴിക്കുന്നത്, ആവശ്യത്തിന് വെള്ളം കുടിക്കാത്തത്, പച്ചക്കറികളും പഴങ്ങളും കഴിക്കാതിരിക്കൽ, ഉയർന്ന മാനസിക സമ്മർദങ്ങൾ, പുകവലി, മദ്യപാനം എന്നിവയുടെ സംഭാവനയാണ്.

ചുരുക്കിപ്പറഞ്ഞാൽ എല്ലാ രോഗങ്ങളും ജീവിതശൈലീ രോഗങ്ങളാണ്. നല്ല ജീവിതശൈലി എന്താണെന്നു പറ‍ഞ്ഞുകൊടുക്കാനും പഠിപ്പിക്കാനും പ്രാവർത്തികമാക്കാനും വേണ്ടി നമ്മുടെ വിദ്യാഭ്യാസത്തെ, സമൂഹത്തെ, ആരോഗ്യമേഖലയെ പരിഷ്കരിച്ചുകൊണ്ടേ ആരോഗ്യം എല്ലാവർക്കും എന്ന സ്വപ്നം സാക്ഷാത്കരിക്കാനാവൂ.