ആരോഗ്യം കവരുന്ന മൊബൈലുകൾ

തുടർച്ചയായ മൊബൈൽ ഫോൺ ഉപയോഗം നിങ്ങൾക്കു സന്തോഷം തരുന്നുണ്ടെങ്കിൽ സൂക്ഷിക്കണം. പ്രത്യേകിച്ച് ആവശ്യങ്ങളൊന്നുമില്ലാതെ മണിക്കൂറുകളോളം ഫോണിൽ ചെലവഴിക്കുകയും നിങ്ങളുടെ മനസ്സ് എപ്പോഴും മൊബൈലിനായി പരതുകയും ചെയ്താൽ അതു പ്രാരംഭ സൂചനയാണ്. ഒരു വിഷയത്തിനായി കംപ്യൂട്ടറോ സ്മാർട് ഫോണുകളോ നോക്കുന്നവർ ആവശ്യമില്ലാത്ത 10 കാര്യങ്ങൾ കൂടി നോക്കിയിട്ടായിരിക്കും അവ താഴെ വയ്ക്കുന്നത്.

തുടർച്ചയായ മൊബൈൽഫോൺ ഉപയോഗം നിരാശയിലേക്കു നയിക്കുമെന്നാണു പുതിയ പഠനങ്ങൾ തെളിയിക്കുന്നത്. ലഹരി വസ്തുക്കളില്ലാതെ പിടിച്ചു നിൽക്കാൻ കഴിയാത്തവരെ പോലെ തന്നെയാണു ഫോണില്ലാതെ അഞ്ചു മിനിറ്റ് പോലും ഇരിക്കാൻ കഴിയാത്തവരും. മനുഷ്യർ പരസ്പരം ആശ്രയിച്ചു ജീവിക്കുന്നവരാണെന്നു ചെറിയ ക്ലാസുകളിൽ നമ്മൾ പഠിക്കാറുണ്ട്. എന്നാൽ, മാറുന്ന ലോകത്തിൽ സമൂഹത്തിൽ മറ്റുള്ളവരുമായി ഇടപെടാനറിയാത്ത ഒരു തലമുറയാണു വളർന്നു വരുന്നത്. ഇ–മെയിൽ, ചാറ്റ്, മെസേജ്, വിഡിയോ ചാറ്റ് എന്നിവ വഴി മാത്രം ആശയവിനിമയം നടത്തുന്നവർ ഒരാളെ നേരിൽ കാണുമ്പോൾ എങ്ങനെ സംസാരിക്കണമെന്നറിയാതെ കുഴങ്ങും. സാമൂഹിക സാഹചര്യങ്ങളിൽ എങ്ങനെ പ്രതികരിക്കണമെന്ന കാര്യത്തിൽ ഇവർക്ക് ആശയക്കുഴപ്പമുണ്ടാകും. ആശയവിനിമയ ശേഷി കൈവരിക്കാൻ ഡിജിറ്റൽ ഉപകരണങ്ങളുടെ അമിത ഉപയോഗം തടസ്സമാകുന്നതാണു കാരണം.

പുറത്തേക്കിറങ്ങാം

ഗെയിം കളിക്കുക, മെയിൽ നോക്കുക, വെബ്സൈറ്റുകൾ സന്ദർശിക്കുക, സന്ദേശങ്ങൾ അയയ്ക്കുക തുടങ്ങിയവയിൽ ആനന്ദം കണ്ടെത്തുന്നവർ തങ്ങൾക്കു ചുറ്റും മറ്റൊരു ലോകമുണ്ടെന്നതു മറക്കുന്നു. മൊബൈലിന്റെ അമിത ഉപയോഗം സൗഹൃദങ്ങൾ മറ്റൊരു ലോകത്തേക്കു പറിച്ചു നടുകയാണ്. വീട്ടിൽ വിളിച്ചിരുത്തി മൊബൈലിൽ കളിച്ചു കൊണ്ടിരിക്കുന്ന സുഹൃത്തിനെ നിങ്ങൾ ഇഷ്ടപ്പെടുമോ. ഞാൻ നിന്റെ മുന്നിലുണ്ടെന്നു വാട്സാപ്പ് മെസേജ് അയച്ചു സുഹൃത്തിനെ ഓർമപ്പെടുത്തേണ്ട ഗതികേടു പരസ്യത്തിൽ മാത്രമല്ല ജീവിതത്തിലും ഇപ്പോൾ അനുഭവപ്പെടും. പ്രകൃതി സൗന്ദര്യം ആസ്വദിക്കാനും കൂട്ടുകാരൊത്തു സംസാരിക്കാനും ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിക്കാനുമുള്ള സമയമാണു മൊബൈൽ സ്ക്രീനിന്റെ നാലു കോണുകളിൽ ഒതുക്കി കളയുന്നത്.

മൊബൈൽഫോൺ സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങൾ എന്തെല്ലാമാണെന്ന് അറിയേണ്ടേ, താഴെക്കൊടുത്തിരിക്കുന്ന ഓരോന്നും ക്ലിക്ക് ചെയ്തു നോക്കൂ...

പരീക്ഷിച്ചാലോ സെൽഫോൺ ഫാസ്റ്റിങ്

ഫോൺ ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ വിദേശ രാജ്യങ്ങളിൽ ഡോക്ടർമാർ സെൽഫോൺ ഫാസ്റ്റിങ്ങും നിർദേശിച്ചു തുടങ്ങിയിട്ടുണ്ട്. മണിക്കൂറുകൾ മുതൽ ദിവസങ്ങൾ വരെ ഫോൺ ഇല്ലാതെ ജീവിക്കാൻ ശീലിപ്പിക്കുന്ന സെൽഫോൺ ഫാസ്റ്റിങ് ഫാന്റം വൈബ്രേഷൻ സിൻഡ്രോമിനും പ്രതിവിധിയാണ്.

നിങ്ങൾക്കുണ്ടോ ഫാന്റം വൈബ്രേഷൻ സിൻഡ്രോം ?

ഫോൺ റിങ് ചെയ്യുന്നുണ്ട് അല്ലെങ്കിൽ വൈബ്രേറ്റ് ചെയ്യുന്നുണ്ട് എന്ന തോന്നലാണു ഫാന്റം വൈബ്രേഷൻ സിൻഡ്രോം. ഉറക്കത്തിനിടയിൽ പോലും ഫോൺ റിങ് ചെയ്യുന്നതായി ചിലർക്കു തോന്നാം.

കഴുത്തിൽ 27 കിലോ എടുത്തു വച്ചാൽ

പ്രായപൂർത്തിയായ ഒരു മനുഷ്യന്റെ തലയുടെ ശരാശരി ഭാരം അഞ്ചു കിലോയാണ്. 60 ഡിഗ്രി മുന്നോട്ടു കഴുത്തു ചരിക്കുമ്പോൾ 27 കിലോ ഭാരം നമ്മുടെ കഴുത്തിനു പിന്നിൽ ഏൽപ്പിക്കുന്നതിനു തുല്യമാണ്. കുനിഞ്ഞു ടാബിലോ ഫോണിലോ നോക്കുമ്പോളും ഇതേ ഫലമാണ് ഉണ്ടാകുന്നത്. പ്രതിദിനം രണ്ടോ നാലോ മണിക്കൂർ സ്ക്രീനിലേക്കു കണ്ണും നട്ടിരിക്കുന്നവർ പ്രതിവർഷം 700 മുതൽ 1400 മണിക്കൂർ വരെയാണു കഴുത്തിനു അമിത ഭാരം നൽകുന്നത്.

സ്വയം നിയന്ത്രണംഅനിവാര്യം

മൊബൈൽ ഫോൺ കൊണ്ടുള്ള പ്രശ്നങ്ങൾക്കു പ്രത്യേക ക്ലിനിക്കുകൾ തന്നെ തുടങ്ങേണ്ട അവസ്ഥയിലേക്കാണു കേരളം പോകുന്നത്. അമിതമായ മൊബൈൽ ഉപയോഗം കാരണം വ്യക്തികളുടെ സാമൂഹികമായ ഇടപെടൽ വളരെ കുറഞ്ഞിരിക്കുന്നു. വ്യക്തിബന്ധങ്ങളിൽ നിന്നു കിട്ടുന്ന ഊർജം ഒരിക്കലും സൈബർ ലോകത്തു നിന്നു കിട്ടില്ല. ഏതിനും നമ്മൾ സ്വയം നിയന്ത്രണം ഏർപ്പെടുത്തണം. അല്ലെങ്കിൽ സാങ്കേതിക വിദ്യയും വില്ലനായി മാറാമെന്നാണു ഇത് തെളിയിക്കുന്നത്.

ഡോ.സി.ജെ. ജോൺ (മനഃശാസ്ത്ര വിദഗ്ധൻ, മെഡിക്കൽ ട്രസ്റ്റ്, കൊച്ചി)