പാട്ടുകേൾക്കാം, വേദന മറക്കാം

Image Courtesy : Vanitha Magazine

ചെറുതായാലും വലുതായാലും ഓപ്പറേഷൻ എന്നു കേൾക്കുമ്പോഴേക്കും പലരുടെയും ബോധം പോകും. കത്തിയും കത്രികയും തുന്നിക്കെട്ടലുമൊക്കെയായി ശരീരം സഹിക്കേണ്ടി വരുന്ന വേദനയെ പേടിച്ചാണ് ഈ ബോധക്കേട്. എന്നാൽ അത്തരക്കാർക്ക് ബ്രിട്ടീഷ് വൈദ്യശാസ്ത്ര ഗവേഷകരുടെ വക ഇതാ പുതിയൊരു കണ്ടെത്തൽ. ശസ്ത്രക്രിയയുടെ മുൻപും ശേഷവും കഴിയുമെങ്കിൽ ശസ്ത്രക്രിയാസമയത്തും പാട്ടുകേൾക്കാമെങ്കിൽ രോഗി കാര്യമായി വേദന അറിയില്ലത്രേ.

ഏഴായിരത്തോളം രോഗികളിൽ നടത്തിയ പഠനത്തിൽ നിന്നാണ് ഈ നിഗമനം. ഗവേഷകർ പറയുന്നത് ഓരോ രോഗിക്കും ശസ്ത്രക്രിയയ്ക്കു മുൻപും ശേഷവും അവർക്കിഷ്ടമുള്ള പാട്ടുകൾ തുടർച്ചയായി കേൾക്കാൻ അവസരം നൽകണം. ശസ്ത്രക്രിയയ്ക്കു ശേഷം പല രോഗികളും അനുഭവിക്കുന്ന മാനസിക സമ്മർദം ഒഴിവാക്കാനും പാട്ടുകേൾക്കൽ ഉപകാരപ്പെടും. രോഗികൾക്കു പോസ്റ്റ് ഓപ്പറേറ്റീവ് മെഡിറ്റേഷനു പകരം വിദേശരാജ്യങ്ങളിൽ അവരെ പാട്ടുകൾ കേൾക്കാൻ അനുവദിക്കുകയാണത്രേ പതിവ്. എത്ര സമയം പാട്ടുകേൾക്കണം, എങ്ങനെയുള്ള പാട്ടുകൾ കേൾക്കണം എന്നത് ഓരോ രോഗിക്കും വ്യത്യസ്തമായിരിക്കും.

ശസ്ത്രക്രിയയ്ക്കു മുൻപേ തന്നെ ഇത്തരം കാര്യങ്ങൾ ഡോക്ടറുമായി സംസാരിച്ച് തീരുമാനിക്കുന്ന രീതിയും വിദേശത്തുണ്ട്. ശസ്ത്രക്രിയയ്ക്കു വേണ്ടി രോഗിയെ മയക്കിക്കിടത്തുമ്പോഴും പാട്ടുകൾ കേൾപ്പിക്കുന്നത് ഗുണം ചെയ്യുമത്രേ. റോയൽ ലണ്ടൻ ആശുപത്രിയിലെ ഓപ്പറേഷൻ വാർഡിൽ പ്രത്യേക സംഗീത സംവിധാനങ്ങൾ തന്നെ സജ്ജീകരിച്ചിട്ടുണ്ടത്രേ. ഇവിടെ സിസേറിയൻ നടത്തുന്ന സ്ത്രീകളിൽ ഈ മ്യൂസിക് തെറാപ്പി വിജയകരമായി പരീക്ഷിക്കുന്നുണ്ടെന്നാണ് ആശുപത്രിക്കാരുടെ അവകാശവാദം.