എണ്ണ വീണ്ടും ഉപയോഗിക്കാം എൺപതു തവണ!

വറുത്തതും പൊരിച്ചതുമായ ഭക്ഷണപദാർഥങ്ങൾ പാകപ്പെടുത്താൻ ഉപയോഗിക്കുന്ന എണ്ണ വീണ്ടും വീണ്ടും ഉപയോഗിക്കുന്നത് അർബുദമുൾപ്പെടെയുള്ള പല മാരകരോഗങ്ങൾക്കും കാരണമാകുമെന്നു നമുക്കറിയാം. എന്നു കരുതി വെറും ഒരു തവണ മാത്രം ഉപയോഗിച്ച് എണ്ണ കളയുന്നതെങ്ങനെ എന്ന പരിഭവമാണ് വീട്ടമ്മമാർക്ക്. എങ്കിൽ ഇതാ, പാമോയിലും മറ്റു ചില സസ്യഎണ്ണകളും ചേർത്തുണ്ടാക്കുന്ന ഒരു പ്രത്യേകതരം ഭക്ഷ്യഎണ്ണ വികസിപ്പിക്കുന്നതിന്റെ തിരക്കിലാണ് ക്വാലാലംപൂരിലെ ഗവേഷകർ.

ഈ എണ്ണ ഏറ്റവും കുറഞ്ഞത് എൺപതു തവണയെങ്കിലും ആവർത്തിച്ച് ഉപയോഗിക്കാമത്രേ. ആവർത്തിച്ചുപയോഗിക്കുന്നതുകൊണ്ട് ഈ എണ്ണയുടെ ഗുണം നഷ്ടപ്പെടില്ലെന്നു മാത്രമല്ല, ഭക്ഷണത്തിന്റെ തനതുസ്വാദു നിലനിർത്തുകയും ചെയ്യുന്നു. അർബുദം, ഹൃദ്രോഗം തുടങ്ങിയ മാരകരോഗങ്ങളുടെ സാ‌ധ്യതയും ഒഴിവാക്കുന്നു. ഈ എണ്ണയിൽ പാകം ചെയ്യുന്ന ഭക്ഷണങ്ങൾ കൊളസ്ട്രോൾ സാധ്യതയും കുറയ്ക്കുന്നു. ഇതിൽ ഉപയോഗിക്കുന്ന സസ്യഎണ്ണ ആന്റി ഓക്സിഡന്റായി പ്രവർത്തിക്കുന്നതുമൂലം എണ്ണ എത്ര തവണ ചൂടാക്കിയാലും കേടുവരാതെ സൂക്ഷിക്കുന്നു. ഭക്ഷണപദാർഥത്തിലേക്ക് താരതമ്യേന വളരെ കുറഞ്ഞ അളവിൽ മാത്രമേ എണ്ണ ആഗിരണം ചെയ്യപ്പെടുന്നുള്ളു. വീണ്ടും വീണ്ടും കേടുകൂടാതെ ഉപയോഗിക്കാമെന്നതിനാൽ സാമ്പത്തികമായും ലാഭം തന്നെ.

ഓരോ തവണ പാകം ചെയ്തു കഴിയുമ്പോഴും എണ്ണ പ്രത്യേകം എടുത്തു സൂക്ഷിച്ചുവച്ചാൽ മാത്രം മതി. കൊഴുപ്പുകുറവുള്ള എണ്ണയായതിനാൽ അത്തരം ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് ആശങ്ക വേണ്ട. AFDHAL എന്നറിയപ്പെടുന്ന ഈ എണ്ണ വിപണിയിൽ എത്തിത്തുടങ്ങിയാൽ പിന്നെ വല്ലപ്പോഴും മാത്രമേ അടുക്കളയിലേക്ക് എണ്ണ വാങ്ങേണ്ടി വരികയുള്ളൂ. എൺപതു തവണ ഒരേ എണ്ണ തന്നെ ഉപയോഗിക്കാമല്ലോ.