ഫ്രിഡ്ജിന്റെ ഉപയോഗത്തിൽ ശ്രദ്ധിക്കേണ്ടത്

ഒരു വീട്ടിലേക്ക് ഉപകരണങ്ങൾ വാങ്ങാനുള്ള ലിസ്റ്റ് എടുത്താൽ ഫ്രിഡ്ജ് ഉറപ്പായിട്ടും ഉണ്ടാകും. അണുകുടുംബങ്ങളിലെ ഉദ്യോഗസ്ഥരായ വീട്ടമ്മമാർക്ക് രണ്ടോ മൂന്നോ ദിവസത്തേക്ക് കറികളും മറ്റും ഉണ്ടാക്കി സൂക്ഷിക്കുന്നതാണ് സൗകര്യം. ഇതിനു സഹായിക്കുന്ന ഉപകരണമാണ് ഫ്രിഡ്ജ് എന്ന റഫ്രിജറേറ്റർ. ഭക്ഷണസാധനങ്ങൾ പാകപ്പെടുത്തിയതും അല്ലാത്തതും കേടുകൂടാതെ സൂക്ഷിക്കാനുള്ള ഏറ്റവും പ്രചാരമുള്ളതും കാര്യക്ഷമവുമായ മാർഗമാണ് ഫ്രിഡ്ജ്. ഫ്രിഡ്ജിനുള്ളിലെ താപനില താഴ്ന്നുനിൽക്ക‍ുന്നതു ഭക്ഷണസാധനങ്ങളിൽ ബാക്ടീരിയയും മറ്റ് സൂക്ഷ്മാണുക്കളും പെരുകുന്നതു തടയുന്നു. അതുകൊണ്ടു ഭക്ഷണം കേടുവന്ന് എടുത്തുകളയേണ്ട ആവശ്യം വരുന്നില്ല.

ഫ്രിഡ്ജും റഫ്രിജറന്റുകളും

ഒരു സാധ‍ാരണ ഫ്രിഡ്ജിനു കംപ്രസ്സർ, കണ്ടൻസർ, ഇവാപറേറ്റർകോയിലുകൾ എന്നിങ്ങനെയുള്ള ഭാഗങ്ങളാണു വേണ്ടത്. ആദ്യകാലങ്ങളിൽ ഫ്ര‍ിയോൺ ആണ് റഫ്രിജറന്റായി ഉപയോഗിച്ചിരുന്നത്. നൂതനമായ ഉൽപന്നങ്ങൾ ടെട്രാഫ്ലൂറോഈതേൻ(Tetra Fluoro Ethane) എന്നതും അതിനുശേഷം ‍െഎസേ‍ാ ബ്യൂടേൻ (Isobutane) എന്നതുമ‍ാണു റഫ്രിജറന്റായി (തണുപ്പിക്കാൻ ഉപയോഗിക്കുന്ന വസ്തു) ഉപയോഗിക്കുന്നത്. നിർമാർജനം ചെയ്യപ്പെടുന്ന ഫ്രിഡ്ജിൽ നിന്ന് ഫ്രിയോൺ വാതകം അന്തരീക്ഷത്തിൽ കലർന്നാൽ ഒാസോൺപാളിക്ക് കേടുണ്ടാക്കും. എന്നാൽ െഎസോബ്യൂടേൻ പ്രകൃതിദത്തമായതു കൊണ്ട് അന്തരീക്ഷമലീനീകരണം ഉണ്ടാവില്ല.

ഫ്രിഡ്ജിന്റെ ക്ഷമത

ഏറ്റവും കുറഞ്ഞതു 4 ലീറ്റർ വലുപ്പം മുതൽ കൂടുതൽ 600 ലീറ്റർ വരെയുള്ള ഫ്രിഡ്ജുണ്ട്. അടുക്കളയിൽ തറയിൽ നിർത്തുന്ന തരവും ഭിത്തിയിൽ ഘടിപ്പിക്കുന്ന തരവും ഉണ്ട്. ഇക്കാലത്തെ ഫ്രിഡ്ജിൽ ഡീഫ്രേ‍ാസ്റ്റ് ചെയ്യാനുള്ള ആധുനിക രീതിയുമുണ്ട്. തെർമോസ്റ്റാറ്റ് ഉള്ള ഫ്രിഡ്ജിൽ താപനില നിശ്ചിത അളവിലും താഴെ പോകുമ്പേ‍ാൾ തന്നെ താനേ വൈദ്യുതി വിച്ഛേദിക്കുകയും താപനില ഉയരുമ്പോൾ മോട്ടാർ താനേ പ്രവർത്തിക്കാൻ തുടങ്ങുകയും ചെയ്യും. അതുപോലെ ഒ‍ാ‍ട്ടേ‍ാമാറ്റിക് ഡ‍ിഫ്രോസ്റ്റിങ് സംവിധാനം ഫ്രീസർ കംപാർട്ട്മെന്റിൽ അടിഞ്ഞുകൂടുന്ന െഎസ്കട്ടകൾ സമയാസമയം അലിയിച്ചുകളയുകയും ചെയ്യും. ഇടയ്ക്കിടെ െഎസ് ഇളക്കിക്കളയുകയോ ഫ്രിഡ്ജ് ഒാഫാക്കിവച്ച് െഎസ് അലിയിച്ചുകളയുകയോ ചെയ്തില്ലെങ്കിൽ ഫ്ര‍ിഡ്ജിന്റെ ക്ഷമത കുറയാനിടയുണ്ട്.

ഫ്രിഡ്ജിനുൾവശം ഇടയ്ക്ക് തുടച്ചു വൃത്തിയാക്കണം. വാതിലുകൾ ചേർന്നടയാനുള്ള സീൽ കേടുവന്നിട്ടില്ല എന്ന് ഉറപ്പാക്കണം. ശരീയായി ചേർന്നടയുന്നില്ലെങ്കിൽ വാതിലിന്റെ റീപ്പറും സീലും മാറ്റിവയ്ക്കണം. ഫ്ര‍ിഡ്ജിനുള്ളിൽ വയ്ക്കുന്ന ഭക്ഷണപദാർഥങ്ങൾക്കനുസരിച്ചു തെർമോസ്റ്റാറ്റ് ക്രമീകരിക്കണം. കുടിക്കാനുള്ള പാനീയങ്ങളും പെട്ടെന്നു കേടുവരാത്ത സാധനങ്ങളും മാത്രമേയുള്ളൂവെങ്കിൽ 4 ഡിഗ്രി സെന്റിഗ്രേഡിലും താഴെ താപനില വേണ്ട. ഫ്രിഡ്ജിലെ കംപാർട്ട്മെന്റുകളിലെ ഇൻസുലേഷൻ കേടുപറ്റിയിട്ടുണ്ടെങ്കിൽ ഇടയ്ക്ക് അതും മാറ്റി സ്ഥാപിക്കണം.

ഈർപ്പമുള്ള സ്ഥലത്തോ നേരിട്ടു സൂര്യപ്രകാശം അടിക്കുന്നിടത്തോ ഫ്രിഡ്ജ് വയ്ക്കരുത്. സൂര്യതാപം ഫ്രിഡ്ജിലെ താപനില കൂട്ടും. ഫ്ര‍ിഡ്ജിനു മുകളിൽ 30 സെ.മീ. വിടവു വേണം. ഭിത്തിക്കും ഫ്രിഡ്ജിന്റെ പുറകുവശവും തമ്മിൽ 10 സെ.മീ വിടവു വേണം. സൈഡുകളിൽ 5 സെ.മീ. വിടവും വേണം ഫ്രിഡ്ജ് വയ്ക്കുന്നതിനു ചുറ്റും വായുസഞ്ചാരം തടസ്സപ്പെടുത്താൻ പാടില്ല.

സാധനങ്ങൾ വയ്ക്കുമ്പോൾ

ചൂടുള്ള ഭക്ഷണസാധനങ്ങൾ നേര‍ിട്ടു ഫ്രിഡ്ജിൽ വയ്ക്കരുത്. സാധനങ്ങൾ അടുക്കിവയ്ക്കുന്നതിനിടയ‍ിൽ വിടവു നൽകണം. എന്നാലേ വേണ്ടത്ര ശീത‍ീകരണം നടക്കൂ. പച്ചക്കറികളും പഴവർഗങ്ങളും വയ്ക്കാൻ അടപ്പോടുകൂടിയ ട്രേയുണ്ട്. കുടിക്കാനുള്ള പാനീയങ്ങൾ അടഞ്ഞ കുപ്പികളിൽ വേണം വയ്ക്കാൻ. സാധാരണ ഫ്രിഡ്ജിന്റെ ഡോറിനുൾവശത്തു കുപ്പികൾ അടുക്കി നിർത്തി വയ്ക്കാനുള്ള തട്ടുണ്ടാവും പച്ചക്കറികളും പഴങ്ങളും പാകം ചെയ്ത ഭക്ഷണ സാധനങ്ങളും പൊതിഞ്ഞുവയ്ക്കുന്നതാണു നല്ലത്. അല്ലെങ്കിൽ അടഞ്ഞ പാത്രങ്ങളിലാവാം. പാകം ചെയ്യാത്ത മത്സ്യം, മാംസം എന്നിവ കൂടുതൽ ദിവസങ്ങൾ സൂക്ഷിക്കണമെങ്ക‍ിൽ ഫ്രീസറിൽ വയ്ക്ക‍ുന്നതാണു നല്ലത്.

സാധാരണ ഫ്രിഡ്ജിന്റെ ഉൾവശത്തെ അറയുടെ മൂന്നിലൊന്നോ നാലിലൊന്നോ ഭാഗം ഫ്രീസറിനായി വയ്ക്കാറുണ്ട്. ഫ്രീസറിനുള്ളിലെ താപനില (–) 6 മുതൽ (–) 18 ഡിഗ്രി സെന്റിഗ്രേഡ് വരെ താഴ്ത്താം. ഇറച്ചി മാത്രമേ സൂക്ഷ‍ിക്കുന്നുള്ളൂവെങ്കിൽ 0 (പൂജ്യം) ഡിഗ്രിയിൽ വച്ചാൽ മതി. ഫ്രിഡ്ജിന്റെ പ്രധാന അറ 5 ഡിഗ്രിയിൽ സെറ്റ് െചയ്യാം. ക്രിസ്പറിനുള്ളിൽ 10 ഡിഗ്രി വരെ കുഴപ്പമില്ല. പാൽ പായ്ക്കറ്റുകൾ വയ്ക്കാൻ ബാഫിൾ ട്രേയും ഫ്രീസറിനടിയിൽ കാണാറുണ്ട്. പ്രധാന വാതിലിനുവശത്ത് മുകളിലായി മുട്ടയും മറ്റും വയ്ക്കാനുള്ള ട്രേയും ഉണ്ടാകും. ഫ്രീസറിനുള്ളിൽ െഎസ് കട്ടകളായി ഉണ്ട‍ാക്കാനുള്ള പ്രത്യേക ട്രേയും അതുതന്നെ കമഴ്ത്തി െഎസ്കട്ടകൾ വ‍ീഴാനായി മറ്റൊരു ട്രേയും ഉണ്ട്. െഎസ്ക്രീം സൂക്ഷിക്കാനും സാധിക്കും. ഇപ്പോൾ ഫ്രീസറിനുള്ളിൽ കേടാകാതെ അധികനാൾ വയ്ക്കേണ്ട കറിപ്പൊടികളും മറ്റും വയ്ക്കാൻ പ്രത്യേകം തട്ടുകളുമുണ്ട്.

ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കാൻ

നനഞ്ഞ കൈകൾ കൊണ്ടു ഫ്രിഡ്ജിന്റെ പ്ലഗ് ഊരുകയോ ഇടുകയോ ചെയ്യരുത്. ഫ്രിഡ്ജ് വൃത്തിയാക്കുമ്പോൾ വൈദ്യുതബന്ധം വിച്ഛേദിക്കണം. ഫ്രിഡ്ജിനു മാത്രമായി ഒരു പ്ലഗ് പോയിന്റ് വേണം. പ്ലഗ്ഗിനുള്ളിൽ പൊടി കയറാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ഫ്രീസറിൽ അടച്ചുവച്ച കുപ്പികൾ വയ്ക്കരുത്. പാനീയം കട്ടിയാവുമ്പോൾ കുപ്പി പൊട്ടാനും പാനീയം പുറത്തേക്ക് ഒഴുകാനും ഇടയുണ്ട്. ഫ്രിഡ്ജിനുള്ളിലെ ട്രേകളിലും തട്ടുകളിലും പാകമായി വയ്ക്കാവുന്നതേ വയ്ക്കാവ‍ൂ. പുറത്തേക്ക് തള്ളിനിൽക്കുന്ന രീതിയിൽ വയ്ക്കരുത്. വാതിൽ ശരിയായി അടഞ്ഞില്ലെങ്കിൽ തണുത്ത വായു പുറത്തേക്ക് കടക്കാനും ഉപകരണത്തിന്റെ ഊർജ ഉപഭോഗം കൂടാനുമിടയുണ്ട്. ഫ്രിഡ്ജ് കൂടുതൽ നേരം തുറന്നു വയ്ക്കുന്നതും നന്നല്ല. കുറെയധികം ദിവസം വീട്ടിൽ ആരും താമസമില്ലെങ്കിൽ ഫ്രിഡിജിനുള്ളിൽ സാധനങ്ങളും വച്ചിട്ടില്ലെങ്കിൽ പ്ലഗ്ഗ്് ഊരിമാറ്റുന്നതു നന്നായിരിക്കും. ഫ്രഡ്ജിനുള്ളിൽ വൃത്തിയ‍ാക്കാൻ രാസവസ്തുക്കളോ ലായനികളോ ഉചിതമല്ല. ഫ്രിഡ്ജിന്റെ ലോഹത്തകിടുകൾ ദ്രവിക്കാൻ (Corrosion) ഇതു ഇടയാക്കും.

ഡോ.ബി. സുമാദേവി
ഇഎൻടി സർജൻ, ഇഎസ്െഎ ഹോസ്പിറ്റൽ, ഉദ്യോഗമണ്ഡൽ, എറണാകുളം