ചർമരോഗങ്ങളെ സൂക്ഷിക്കാം

പഞ്ചേന്ദ്രിയങ്ങളിൽ ഏറ്റവും വലിയവൻ. പക്ഷേ ഏറ്റവും ദുർബലനും ആൾ തന്നെയാണ്. പറഞ്ഞുവരുന്നതു നമ്മുടെ ത്വക്കിനെക്കുറിച്ചാണ്. ഇഷ്‌ടമില്ലാത്തതു കണ്ടാൽ നമ്മൾ മുഖം വീർപ്പിക്കുന്നതു പോലെ ത്വക്കും ചുമന്നു വീർക്കും. എന്തിന്, ഹോർമോണുകളുടെ വികൃതിത്തരങ്ങൾ വരെ സൈൻ ബോർഡിലെന്ന പോലെ തെളിഞ്ഞുവരുന്നതു ത്വക്കിലാണ്. ത്വക്കിനെ സംരക്ഷിക്കുക എന്നത് ആരോഗ്യസംരക്ഷണത്തിൽ ഏറെ പ്രധാനമാണ്. ചർമത്തെ ബാധിക്കുന്ന ചില രോഗങ്ങളെക്കുറിച്ചറിയാം.

ചുണങ്ങ്

ഒരു ഫംഗസ് രോഗം, പ്രമേഹ രോഗികളിൽ കൂടുതലായി കണ്ടുവരുന്നു. കുറഞ്ഞ പ്രതിരോധശേഷിക്കു പുറമേ എണ്ണമയമുള്ള ചർമം, ചൂടുള്ള കാലാവസ്ഥ, അമിത വിയർപ്പ് എന്നിവ കാരണമാകാം. നെഞ്ചിലും പുറത്തും കഴുത്തിന്റെ വശങ്ങളിലുമൊക്കെ കാണുന്ന നിറം മങ്ങിയ പാടുകളാണ് ലക്ഷണം ചുവപ്പ്, ബ്രൗൺ നിറത്തിലും പാടുകളുണ്ടാകാം. ചെറിയ ചൊറിച്ചിലും ഉണ്ടായെന്നുവരാം. അടുത്തിടപഴകുന്നതിലൂടെ രോഗം പകരാം.

പുഴുക്കടി

ഈർപ്പമുള്ളതും അമിതവിയർപ്പുള്ളതുമായ ചർമം, ചർമത്തിലുണ്ടാകുന്ന മുറിവുകൾ, വ്യക്തിശുചിത്വമില്ലായ്മ എന്നിവയാണ് പ്രധാന കാരണങ്ങൾ. സെർമറ്റോഫൈറ്റ്സ് എന്ന ഫംഗസാണ് രോഗകാരണം. തൊലിപ്പുറത്ത് ചുവന്ന നിറത്തിലുള്ള വൃത്താകൃതിയിലുള്ള പാടുകൾ പ്രത്യക്ഷപ്പെടുന്നു. ചൊറിച്ചിലുമുണ്ടാകാം. കക്ഷം, തുടയിടുക്കുകൾ, നാഭി, താടിയും മീശയുമുള്ള ഭാഗങ്ങൾ എന്നിവിടങ്ങളിൽ കൂടുതലായി കാണുന്നു.

അരിമ്പാറ

ഒരു വൈറസ് രോഗം. മറ്റുള്ളവരിലേക്ക് പകരാം. ചർമത്തിലെ പുറംപാളിയിലുള്ള കോശങ്ങൾ അതിവേഗം വളരുന്നതാണ് കാരണം. കുട്ടികളിലും കൗമാരപ്രായക്കാരിലും കൂടുതലായി കണ്ടുവരുന്നു. തവിട്ടുനിറത്തിൽ കാലുകളിലും കാൽപാദങ്ങളുടെ അടിയിലും കാണുന്നതാണ്. പ്ലന്റാർ വാർട്സ്, ജനനേന്ദ്രിയ ഭാഗത്തുണ്ടാകുന്നവയാണ് ജനൈറ്റൽ വാർട്സ്

സ്കേബിസ്

കഠിനമായ ചൊറിച്ചിലാണ് രോഗലക്ഷണം. സാർകോപ്റ്റസ് സ്കാബി എന്ന പാരസൈറ്റുകളാണ് രോഗകാരണം. രോഗിയുമായി അടുത്തിടപഴകുന്നതിലൂടെയും ലൈംഗികബന്ധത്തിലൂടെയും പകരും. കൈവിരലുകൾക്കിടയിലും ഗുഹ്യഭാഗത്തും ചുവന്ന നിറത്തിലുള്ള തിണർപ്പുകളും കുമിളകളും ഉണ്ടാകും. രാത്രിയിൽ ചൊറിച്ചിൽ അസഹ്യമാകാനിടയുണ്ട്.

വെള്ളപ്പാണ്ട്

ചർമത്തിൽ നിറം നൽകുന്ന മെലാനിൽ എന്ന വർണവസ്തു നഷ്ടമാകുന്ന അവസ്ഥ. മറ്റൊരാളിലേക്ക് പകരുകയില്ല. പ്രതിരോധവ്യവസ്ഥയുടെ തകരാറുകൾ, ജനിതക കാരണങ്ങൾ, നാഡീസംബന്ധമായ തകരാറുകൾ, രാസവസ്തുക്കളുമായുള്ള നിരന്തരസമ്പർക്കം തുടങ്ങിയവ കാരണമാകാം.

സോറിയാസിസ്

ചർമ രോഗങ്ങളുടെ വിഭജനത്തിലും വളർച്ചയിലുമുണ്ടാകുന്ന തകരാറാണ് കാരണം. സോറിയാസിസ് ഒരു പകർച്ചവ്യാധിയല്ല. ചർമം ചുവന്നു തടിച്ച് വെളുത്ത ശൽക്കങ്ങളുള്ള പാടുകൾ പ്രത്യേക്ഷപ്പെടുന്നു. ചൊറിച്ചിലും അനുഭവപ്പെടാം. തല, പുറം, കൈകാൽ മുട്ടുകൾ എന്നിവിടങ്ങളിലാണ് പാടുകൾ കൂടുതലായി കണ്ടുവരുന്നത്. പുകവലി, മദ്യപാനം, മാനസിക പിരിമുറുക്കം, അനാവശ്യകരമായ ഭക്ഷണരീതികൾ എന്നിവ രോഗസാധ്യത വർധിപ്പിക്കുന്നു.

പെഫിഗസ്

ചർമത്തിൽ വെള്ളം നിറഞ്ഞ് കുമിളകൾ ഉണ്ടാകുന്ന അവസ്ഥ. വായിലും മറ്റു ശരീരഭാഗങ്ങളിലും കുമിളകൾ ഉണ്ടാകാം. അലർജിയാണ് കുമിളരോഗങ്ങൾക്കു കാരണം. ഇത് പകരുന്ന രോഗമല്ല.

വിവരങ്ങൾക്കു കടപ്പാട്: _മനുഷ്യശരീരം ഒരു മഹാത്ഭുതം (മനോരമ ബുക്സ്) ഡോ. ബി പത്മകുമാർ , അഡീഷണൽ പ്രൊഫസർ , ആലപ്പുഴ മെഡിക്കൽ കോളജ്_