സ്മാർട് ഫോൺ കൊടുത്ത് മക്കളെ മണ്ടന്മാരാക്കണോ?

കുട്ടികൾക്ക് വിലകൂടിയ സ്മാർട്ഫോൺ സമ്മാനിക്കുന്ന മാതാപിതാക്കളുടെ ശ്രദ്ധയ്ക്ക്. സ്മാർട്ഫോൺ ഉപയോഗിക്കുന്ന കുട്ടികളുടെ ബുദ്ധിശക്തി മറ്റു കുട്ടികളെ അപേക്ഷിച്ച് ക്രമേണ കുറയുന്നതായി ഹോസ്റ്റണിൽ നടന്ന പഠനങ്ങളുടെ കണ്ടെത്തൽ. മിക്ക സ്കൂളുകളിലും കോളജുകളിലും സ്മാർട്ഫോണുകൾക്ക് നിരോധമുണ്ടെങ്കിലും അധ്യാപകർ അറിയാതെ ഫോൺ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. വീട്ടിലെത്തിയാലും ടിവിയേക്കാൾ കുട്ടികൾക്കിഷ്ടം സ്മാർട് ഫോണുമായി മാറിയിരിക്കാനാണ്.

ഹോസ്റ്റണിലെ റൈസ് സർവകലാശാലയിൽ നടന്ന പഠനത്തിന്റെ ഭാഗമായി സ്മാർട്ഫോൺ പതിവായി ഉപയോഗിക്കുന്ന വിദ്യാർഥികളെയും സ്മാർട്ഫോൺ ഉപയോഗിക്കാത്ത വിദ്യാർഥികളെയും പ്രത്യേകം നിരീക്ഷണത്തിനു വിധേയരാക്കി. സ്മാർട്ഫോണിലെ ഇന്റർനെറ്റ് സൗകര്യവും മറ്റും ഗ്രൂപ്പ് ചർച്ചകൾക്കും വിവരശേഖരണത്തിനും കുട്ടികളെ സഹായിക്കുന്നുണ്ടെങ്കിലും അവരുടെ പഠനശേഷിയെ ദോഷകരമായി ബാധിക്കുന്നതായാണ് നിഗമനം.

വസ്തുതകൾ വിശകലനം ചെയ്യുന്നതിനും സൂക്ഷ്മനിരീക്ഷണം നടത്തുന്നതിനുമുള്ള ശേഷി നഷ്ടപ്പെടുന്നു, ആലോചനാശക്തി കുറയ്ക്കുന്നു, ഭാവനാശേഷി ഇല്ലാതാക്കുന്നു, പ്രായോഗിക തീരുമാനങ്ങൾ എടുക്കുന്നതിൽ പരാജയപ്പെടുന്നു, ശാസ്ത്ര വിഷയങ്ങളിൽ താല്പര്യം നഷ്ടപ്പെട്ട് അനാവശ്യ സാങ്കേതിക വിദ്യകളുടെ പിന്നാലെ പോകുന്നു..ഇങ്ങനെ നീളുന്നു സ്മാർട് ഫോൺ ഉപയോക്താക്കളായ വിദ്യാർഥികളുടെ പോരായ്മകൾ.

മക്കൾക്ക് സ്മാർട്ഫോൺ സമ്മാനിക്കുന്നതിനു മുമ്പ് മാതാപിതാക്കൾ ഒരു നിമിഷം ആലോചിക്കുക, സ്മാർട്ഫോൺ കൊടുത്ത് അവരെ മണ്ടന്മാരാക്കണോ?