യോഗ ചെയ്യുന്നവർ പാലിക്കേണ്ട 16 നിയമങ്ങൾ

പ്രായഭേദമില്ലാതെ ഏവർക്കും പരിശീലിക്കാൻ പറ്റുന്ന ഒരു ജീവിതചര്യയാണ് യോഗ. ഇതിന് എട്ട് വിഭാഗങ്ങളുണ്ട്. അതുകൊണ്ട് അഷ്ടാംഗയോഗമെന്നു പറഞ്ഞുവരുന്നു. യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നിവയാണ് അവ. അതിൽ ആദ്യത്തെ നാലെണ്ണത്തെ ഹഠയോഗമെന്നു പറയുന്നു. ഹഠയോഗം ശരീരവും മനസും പുഷ്ടിപ്പെടുത്തുന്നതിനു വേണ്ടിയാണ്.  രണ്ടാമത്തെ നാലെണ്ണത്തെ രാജയോഗമെന്നു പറയുന്നു. രാജയോഗം ആധ്യാത്മിക ഉന്നതി പ്രാപിക്കുന്നതിനു സഹായിക്കുന്നു. ഭാരതത്തിന്റെ സമഗ്ര ആരോഗ്യപദ്ധതിയാണ് യോഗ. യോഗയിലൂടെ നമ്മുടെ ശരീരത്തിന്റെയും ജീവിതത്തിന്റെയും താളം ചിട്ടപ്പെടുത്താൻ സാധിക്കുന്നു.

യോഗ ചെയ്യുന്നവർ പാലിക്കേണ്ട നിയമങ്ങൾ

∙ വൃത്തിയുള്ളതും വിശാലവും ധാരാളം ശുദ്ധവായു കയറുന്നതുമായ ഒരു സ്ഥലമായിരിക്കണം യോഗ ചെയ്യുന്നവർ തിരഞ്ഞെടുക്കേണ്ടത്.

∙ യോഗ ചെയ്യാൻ തുടങ്ങതിനു മുൻപായി പ്രാർഥനയോടുകൂടി തുടങ്ങുന്നതായിരിക്കും ഉത്തമം.

∙ കിഴക്കുദിക്കിനഭിമുഖമായി യോഗ ചെയ്യുന്നതായിരിക്കും വളരെ ഉത്തമം

∙ പ്രഭാതകർമ്മങ്ങളെല്ലാം കഴിഞ്ഞ് കുളിച്ചു ശരീരശുദ്ധി വരുത്തി ഒഴിഞ്ഞ വയറോടുകൂടിയായിരിക്കണം യോഗ ആരംഭിക്കുവാൻ

∙ പുരുഷന്മാർ അടിയിൽ മുറുകിയ വസ്ത്രവും (ലങ്കോട്ടി) സ്ത്രീകൾ അയഞ്ഞ വസ്ത്രവും ധരിക്കുന്നതാണ് ഉത്തമം.

∙ രാവിലെ നാലുമണി മുതൽ ഏഴുമണിവരെയുള്ള സമയമായിരിക്കും ഇതിന് ഉത്തമം. ഇതു പറ്റാത്തവർക്കു വൈകിട്ടു നാലര മുതൽ ഏഴുമണിവരെയും ചെയ്യാം. സ്ത്രീകൾ ആർത്തവ കാലഘട്ടങ്ങളിൽ സൂക്ഷ്മ വ്യായാമങ്ങളും പ്രാണായാമങ്ങളും വേണമെങ്കിൽ ചെയ്യാം

∙ യോഗ ചെയ്യുന്ന അവസരത്തിൽ എയർകണ്ടീഷനോ ഫാനോ ഉപയോഗിക്കുന്നതു ശരിയല്ല.

∙ കഠിനമായ മാനസിക സംഘർഷങ്ങൾ ഉള്ളപ്പോഴും രോഗത്തിന്റെ മൂർധന്യാവസ്ഥയിലും യോഗ ചെയ്യരുത്

∙ കഠിനമായ രോഗത്തിനടിമയായവർ ഡോക്ടറുടെ ഉപദേശം തേടിയശേഷം ഒരു ഉത്തമ ഗുരുവിന്റെ കീഴിലേ യോഗ അഭ്യസിക്കാവൂ

∙ യോഗ ബലംപിടിച്ചോ വളരെയധികം കഷ്ടപ്പെട്ടോ ചെയ്യരുത്

∙ സംസാരിച്ചുകൊണ്ടോ മറ്റു കർമങ്ങളിലേർപ്പെട്ടുകൊണ്ടോ യോഗ ഒരിക്കലും ചെയ്യരുത്

∙ വയറു നിറഞ്ഞിരിക്കുമ്പോഴും യോഗ ചെയ്യാൻ പാടില്ല. ഭക്ഷണം കഴിച്ചതിനുശേഷം നാലുമണിക്കൂർ കഴിഞ്ഞേ യോഗ ചെയ്യാവൂ. അതേ പോലെ യോഗ കഴിഞ്ഞ് അരമണിക്കൂറിനുശേഷമേ ഭക്ഷണം കഴിക്കാവൂ

∙ യോഗ ചെയ്യുന്ന ആൾ മദ്യപാനം, പുകവലി, മുറുക്ക് മുതലായവ ഒഴിവാക്കുന്നത് ഉത്തമമായിരിക്കും.

∙ ഗർഭിണികൾ മൂന്നു മാസം കഴിഞ്ഞാൽ കമഴ്ന്നു കിടന്നുള്ള ആസനങ്ങളും കുംഭകത്തോടുകൂടിയുള്ള പ്രാണായാമങ്ങളും ചെയ്യാൻ പാടില്ല

∙ യോഗ ചെയ്യുമ്പോൾ കിതപ്പു തോന്നിയാൽ വിശ്രമത്തിനു ശേഷമേ അടുത്ത യോഗയിലേക്കു കടക്കാവൂ

∙ യോഗ ചെയ്യുന്ന അവസരത്തിൽ തറയിൽ ഒരു പായോ ഷീറ്റോ വിരിച്ചതിനുശേഷമേ തുടങ്ങാവൂ.

സ്ത്രീകൾക്ക് യോഗ (മനോരമ ബുക്സ്) വാങ്ങുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക