Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹൃദയത്തെ സംരക്ഷിക്കാൻ ഈ യോഗാമുറകൾ; വിഡിയോ

ഇവിടെ വരുന്നതു വരെ എനിക്ക് ഭയങ്കര ടെൻഷനായിരുന്നു. ഇപ്പൊ കുറഞ്ഞുട്ടോ.. മ‍ുപ്പത്തഞ്ചോ നാൽപ്പതോ വയസ്സുള്ളൊരു വ്യക്തിയാണ് ഇതു പറഞ്ഞിരുന്നെങ്കിൽ സ്വഭാവികം എന്നു മനസിൽ കരുതി മറുപടി ഒരു പുഞ്ചിരിയിൽ ഒതുക്ക‍ാമായിരുന്നു. എന്നാൽ കുട്ടിക്കഥകളുടെയും കളികളുടെയും ലോകത്തു ജീവിക്കേണ്ട അഞ്ചാം ക്ലാസുകാരൻ പയ്യൻ ഇതുപറഞ്ഞതുകൊണ്ടാണു ഞാൻ ഞെട്ടിയത്. ആറു മാസം മുൻപാണ്. ഒരു മാസത്തെ യോഗാ കോഴ്സ് കഴിഞ്ഞു പിരിഞ്ഞുപോകുന്ന ബാച്ചിലുള്ളവർ സ്വന്തം അനുഭവം വിശദീകരിക്കുന്ന സെഷൻ. പയ്യൻ ചെറിയ വായിൽ വലിയ നിഷ്കളങ്കമായൊരു ശാന്തതയുണ്ടായിരുന്നു. 

നിനക്കെന്താ ഈ പ്രായത്തിൽ ടെൻഷൻ? അല്പമൊരു കളിയായും എന്നാൽ കൂട്ടിക്ക് പരിഹാസമായി തോന്നാതെയുമായിരുന്നു ഞാനത് ചോദിച്ചത്. സ്വഭാവികമായ നിഷ്കളങ്കതയോടെയായിരുന്നു അവന്റെ മറുപടി.  സ്കൂളിലെ ഹോംവർക്ക് ചെയ്തു തീരുന്നതിനു മുൻപ് ട്യൂഷൻ സാറ് വരില്ലേ? പിന്നെ ട്യൂഷൻസാറ് പോയ ഉടനെ ഡാൻസ് മാഷുടെ ക്ലാസ്. അതു കഴിയുമ്പഴേക്കും എനിക്ക് ഉറക്കം വരും.. പക്ഷേ യൂണിറ്റ് ടെസ്റ്റ് ആണെന്നു പറഞ്ഞ‍ു മമ്മി വഴക്കു തുടങ്ങും എല്ലാം കൂടിയാകുമ്പ‍ൊ എനിക്കു ടെൻഷൻ വരും. 

മാതാപിതാക്കളും അധ്യാപകരും സമൂഹവുമൊക്കെ അടിച്ചേൽപ്പിച്ച സമ്മർദത്തിൽ ഞെരിഞ്ഞമരുകയാണ് ആ പത്തു വയസ്സുകാരന്റെ ഹൃദയം. ബാല്യം മുതൽ തുടങ്ങുന്ന ഈ സ്ട്രെസ്സിന്റെ മുറുക്കത്തിൽ ഹൃദയപേശികളെ ക്ഷയിപ്പിച്ച് അവനെ ഭാവിയിൽ ഒരു ഹൃദ്രോഗി ആക്കുകയില്ലെന്ന് ആരു കണ്ടു? 

അസഹ്യമായ തലവേദനയുമായെത്തിയ ഹൈസ്കൂൾ വിദ്യാർഥിനിയേയും പഠനത്തിന്റെ ടെൻഷൻ താങ്ങാനാകാതെ ഡിപ്രഷനിലേക്കു പോയപ്ലസ്ടുക്കാരനെയും ഇവിടെ ഒാർക്കാതെ വയ്യ. ഇവരാരും ഹൃദ്രോഗികളല്ല, പക്ഷേ സ്ഥിരമായി സ്ട്രെസ്സും ടെൻഷനും അനുഭവിക്കുന്ന ഇവരിലോരോരുത്തരിലും ഹൃദ്രോഗത്തിന്റെ ഒരു വിദൂര സാധ്യത കാണാതിരിക്കാനാകില്ല. 

കോഴിക്കോട്ടെ ഒരു പ്രശസ്ത ആശുപത്രിയിൽ മനഃശാസ്ത്രജ്ഞരന്റെ മുറിക്കു പുറത്ത് കാത്തിരിക്കുന്നു രോഗികളിൽ ഏതാണ്ട് 70 ശതമാനവും പത്താം ക്ലാസിനു താഴെ പഠിക്കുന്ന വിദ്യാർഥികളാണെന്ന സത്യം നാം മനസ്സിലാക്കുമ്പോഴാണ് ടെൻഷൻ എന്ന പ്രശ്നത്തിന്റെ ഗൗരവം നാമറിയുന്നത്. 

ഹൃദയഭാരം വരുമ്പോൾ

മറ്റ് ഏതവയവത്തെയും പോലെ ഹൃദയത്തിനും പ്രവർത്തിക്കാൻ പ്രാണവായുവായ ഒാക്സിജനും പോശകങ്ങളും അത്യന്താപേക്ഷിതമാണ്. ഇവ ഹൃദയത്തിനു ലഭിക്കുന്നതാകട്ടെ കൊറോണറി ആർട്ടറികൾ എന്ന രക്തധമനികളിൽകൂടി എത്തുന്ന രക്തം വഴിയും. ഈ ധമനികളിലുണ്ടാകുന്ന ഏതു തരം തടസ്സവും ഹൃദയത്തിന്റെ സ്വാഭാവികമായ പ്രവർത്തനത്തെ ബാധിക്കും ഇത്തരത്തിലുണ്ടാകുന്ന തടസ്സങ്ങൾ നെഞ്ചുവേദനയോ നെഞ്ചിനു വിമ്മിഷ്ടമോ ആയ‍ാണു രോഗിക്ക് അനുഭവപ്പെടുക. ഈ അവസ്ഥയാണ് ആൻ ജൈന (Angeina). ധമനികളിലെ തടസ്സം വർധിച്ച് രക്തപ്രവാഹം തീരെകുറയുകയോ പൂർണമായി നിലയിക്കുകയോ ചെയ്യുന്ന അവസ്ഥയാണ് ഹൃദയാഘാതം (cardiac arrest or mayocardial infarction). 

ഭക്ഷണങ്ങളിലെ അമിതമായ കൊഴുപ്പും ശരീരം ഉത്പാദിപ്പിക്കുന്ന കൊളസ്ട്രോളും അഴുക്കും രക്തക്കുഴലുകളുടെ ഉൾഭിത്തികള‍ിൽ പറ്റിപ്പിടിക്കുന്നു. ഫലമോ രക്തക്കുഴകളുടെ വ്യാസം ചുരുങ്ങുകയും രക്തക്കുഴൽ ഭിത്തികളുടെ കട്ടി കൂടുകയും ചെയ്യും. 

ഇങ്ങനെയുണ്ടാകുന്ന കൊളസ്ട്രോൾ ബ്ലോക്കുകൾ ഹൃദയഭിത്തികളുടെ ഇലാസ്റ്റിസ‍ിറ്റിയെ ബാധിക്കുന്നു. കട്ടി കൂടുന്തോറും ഈ ഇലാസ്റ്റി സിറ്റി ഇല്ലാതാവുകയും സ്വാഭാവികമായ രക്തചംക്രമണത്തിന് തടസം വരുകയും ചെയ്യും. ധമനികളുടെ വ്യാസം കുറയുന്തോറും രക്തപ്രവാഹം മന്ദഗതിയിലാവുകയും രക്തം കട്ടപിടിച്ച് ധമനി പൂർണമായി അടയുകയും ചെയ്യുന്നു. തത്ഫലമായി ശരീരത്തിനു കൂടുതൽ രക്തം ആവശ്യമായി വരുന്ന അവസരങ്ങളിൽ അത് കിട്ടാതെ വരും. തടസ്സം കൂടുന്നതിനനുസരിച്ച് ഹൃദയപേശികൾക്കു ബലക്ഷയം സംഭവിക്കുകയും ഹൃദയത്തിന്റെ സ്വാഭാവികമായ താളം തെറ്റുകയും ചെയ്യും. 

കഠിനാധ്വാനം ചെയ്യുമ്പോഴോ കടുത്ത വ്യായാമ മുറകൾ ചെയ്യുമ്പോഴോ ധമനികളിലെ തടസം കൂടുന്നതിനനുസരിച്ച് ചിലപ്പോൾ വിശ്രമിക്കുമ്പോൾ പോലും കടുത്ത നെഞ്ചുവേദനയോ ഹൃദയാഘാതമോ സംഭവിക്കാം. ശിരസിലേക്കുള്ള ധമനികളിലെ സമാനമായ പ്രശ്നങ്ങൾ മസ്തിഷ്കാഘാതത്തിനു പോലും വഴിവച്ചേക്കാം.  

യോഗ ചികിത്സ

സാധാരണ ഗതിയിൽ ഹൃദയഭാഗത്ത് അസഹ്യമായ വേദന വരുമ്പോഴോ മറ്റ് അസ്വസ്ഥതകൾ ഉണ്ടാകുമ്പോഴോ ആണു രോഗികൾ ഡോക്ടർമാരെ സമീപിക്കുന്നത്. സ്കാനിങ്ങിലൂടെ ബ്ലോക്കുകൾ കണ്ടെത്തുകയും ബ്ലോക്കിന്റെ സ്വഭാവമനുസരിച്ച് ആൻജ‍ിയോ പ്ലാസ്റ്റ്, ബൈപ്പാസ് തുടങ്ങിയ ലഘുവോ സങ്കീർണമോ ആയ ശസ്ത്രക്രിയകൾക്കു ഡോക്ടർമാർ നിർദേശിക്കുകയും ചെയ്യും. ശസ്ത്രക്രിയയ്ക്കു വിധേയനായ രോഗി തികഞ്ഞ ആത്മവിശ്വാസത്തോടെ താൻ പൂർണമായും രോഗമുക്തനായെന്നു കരുതി യാതൊരു ചിട്ടകളുമില്ലാതെ പഴയപടി ജീവിക്കാൻ തുടങ്ങും. കൊളസ്ട്രോളിന്റെ ആക്രമണം ഇനിയും ഉണ്ടാകുമെന്ന് അവർ ചിന്തിക്കുന്നതേയില്ല. 

ഇവിടെയാണ് യോഗചികിത്സയുടെ പ്രാധാന്യം തുടങ്ങുന്നത്. താൽക്കാലികമായ ബ്ലോക്കുകളെ ഉടച്ചുകളയുന്നതല്ലാതെ രോഗത്ത‍ിന്റെ മൂല കാരണങ്ങളെ എന്നെന്നേക്കുമായി വേരോടെ പറിച്ചുകളയാൻ ശ്രമിക്കാതെ താൽക്കാലികമായ ആശ്വാസമോ ശാന്തിയോ മാത്രമാണ് നൽകുന്നതെങ്കിൽ ഒരു ബ്ലോക്ക് പോകുന്നിടത്ത് മറ്റൊരു ബ്ലോക്ക് ഉണ്ടായിക്കുടെന്നില്ല. എന്നാൽ ഈ രോഗസാധ്യതയുടെ ഒളിഞ്ഞിരിക്കുന്ന കാരണങ്ങളെപൂർണമായും ഇല്ലാതാക്കാനാണു യോഗ ശ്രമിക്കുന്നത്. അതിന് അന്നമയ കോശത്തിന്റെയും മനോമയകോശത്തിന്റെയും വിജ്ഞാനമായ കോശത്തിന്റെയും പൂർണമായ സന്തുലനം അനിവാര്യമാണ്. മനസും ശരീരവും ബുദ്ധിയും ഏകോപിപ്പിച്ചുള്ള ശ്രമം. 

ഹൃദ്രോഗത്തിന് പരിഹാരമായി നിർദ്ദേശിക്കാവുന്ന യോഗാസനങ്ങൾ താഴെപറയുന്നു. 

∙ മനസിനെ ഏകാഗ്രമാക്കാനുള്ള ധ്യാനരീതികളും റിലാക്സേഷൻ ടെക്നിക്കുകളും ഹൃദ്രോഗികളെ സംബന്ധിച്ചു മറ്റാരെക്കാളും പ്രധാന മാണ്. 

∙ രക്തത്തിലെ കൊസ്ട്രോളുകളെ ലഘ‍ൂകരിക്കുന്ന വിവിധ പ്രാണായാമമുറകൾ യോഗചാര്യന്റെ ഉപദേശാനുസരണം അനുവർത്തിക്കാം. 

∙ സെൻട്രൽ നെർവസ് സിസ്റ്റത്തെയും അന്തഃസ്രാവഗ്രാന്ഥികളെയും ബാലൻസ് ചെയ്യാനുള്ള ആസനങ്ങളും അനുഷ്ഠിക്കാവുന്നതാണ്. 

പരിശീലിക്കേണ്ട യോഗാസനങ്ങൾ 

01. അർധപവന മുക്താസനം

02. വക്രാസനം 

03. വജ്രാസനം

04. നാഡ‍ീശോധന പ്രാണായാമം

05. ശീതള‍‍‍ീ

06. ശീത്കാരി

07. ഭ്രാമരി

08. ഒാംകാരോച്ചാരണം

09. കടിചക്രാസനം

10. താഡാസനം

ഒാർക്കേണ്ടത്

ഹൃദ്രോഗബാധയുള്ളവർ പാദഹസ്താസനം, സർവ്വാംഗാസനം, വിപരിതകരണി തുടങ്ങിയ ഇൻവർട്ടഡ് ആസനങ്ങളും മയൂരാസനം തുടങ്ങിയ വിഷമാസനങ്ങളും അനുഷ്ഠിക്കാൻ പാടില്ലാത്തതാണ്. 

രാത്രി ഏഴു മണിക്കു ശേഷമുള്ള ഭക്ഷണം കഴിവതും ഒഴുവാക്കുകയോ അത്താഴം ലഘുഭക്ഷണമായി ചുരുക്കുകയോ ചെയ്യേണ്ടതാണ്. അത്താഴം നെല്ലിക്കയോളം എന്ന് പഴമക്കാർ പറഞ്ഞിരുന്നതും ഇതേ അർത്ഥത്തിലുമായിരുന്നു. സൂര്യന്റെ സ്ഥാനവും ദഹനപ്രക്രിയയും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെയാണ് ഇതു കാണിക്കുന്നത്. നമ്മുടെ ദഹനപ്രവർത്തനങ്ങൾ നടക്കുന്ന നാഭീഭാഗത്തിന്റെ ആംഗലേയ നാമം തന്നെ സോളാർ പ്ലക്സസ് എന്നാണ്. 

സൂര്യൻ ഉച്ചസ്ഥായിയിലായ ഉച്ച നേരത്ത് കൂടുതൽ ഭക്ഷണം കഴിച്ചാലും ദഹനം സുഗമമായി നടക്കും. എന്നാൽ സൂര്യൻ അസ്തമിക്കുമ്പോൾ ദഹനശക്തി കുറയും. അതുകൊണ്ട് അസ്തമയത്തിനു ശേഷം കഴിക്കുന്ന അമിതഭക്ഷണം ആമാശയത്തിൽ കെട്ടിക്കിടന്ന് ഹൈഡ്രോക്ലോറിക് ആസിഡിനെ അമിതമായി ഉത്പാദിപ്പിക്കും. അതു രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുകയും രക്തത്തിന്റെ പിഎച്ച് വാല്യു കുറഞ്ഞ് രോഗപ്രതിരോധ ശേഷിയിൽ കുറവു സംഭവിക്കുകയും ചെയ്യും. കാൻസർ സെല്ലുകൾ പെരുകുന്നതുൾപ്പെടെയുള്ള ഒട്ടേറെ രോഗങ്ങൾക്ക് ഇത‍ു വഴിവയ്ക്കും. 

പ്രത്യേകം ശ്രദ്ധിക്കാൻ

∙ രാവിലെ ശുദ്ധമായ വെള്ളം ലഭിക്കുകയാണെങ്കിൽ (ക്ലേ‍ാറിനോ മറ്റ് മാലിന്യങ്ങളോ കലരാത്തത്) വെറും വയറ്റിൽ നാലോ അഞ്ചോ ഗ്ലാസ്സ് കുടിക്കുക.

∙ അതിനു ശേഷം ഒരു മണിക്കൂറെങ്കിലും കഴിഞ്ഞ് യോഗ പരിശിലിക്കുക. 

∙ ചായ, കാപ്പി എന്നിവ ഒഴിവാക്കിയാൽ നന്ന്. 

∙ വെജിറ്റബിൾ ജ്യൂസ് മെനുവിൽ ഉൾപ്പെടുത്തുന്നത് ഉത്തമം. 

∙ സാധാരണഗതിയിൽ ജ്യൂസ് കൂടിച്ചാൽ രാവിലെ വേറെ ഭക്ഷണത്തിന്റെ ആവശ്യം തന്നെയില്ല. നിർബന്ധമെങ്കിൽ ആവിയിൽ വേവിച്ച പച്ചക്കറികൾ, പഴങ്ങൾ, എണ്ണയില്ലാത്ത ചപ്പാത്തി എന്നിവ ഉൾപ്പെടുത്താം. 

∙ ഉച്ചയ്ക്ക് അരിഭക്ഷണം മിതമായി കഴിക്കുന്നതിൽ തെറ്റില്ല. ഒപ്പം വേവ‍ിച്ചതോ അല്ലാത്തതോ ആയ പച്ചക്കറികളുടെ അളവു കൂട്ടാം. 

∙ അത്താഴം ആറരയ്ക്കു മുൻപു കഴിക്കുക. ഫ്രൂട്ട്സ് മാത്രമായി പരിമിതപ്പെടുത്തുന്നത് നന്ന്. 

∙ തുളസിയുടെ ഇല ജ്യൂസിൽ ചേർത്തു കഴിക്കുക. 

∙ മാതളനാരങ്ങ ജ്യൂസ‍ാക്കിയോ അല്ലാതെയോ കഴിക്കുക. 

∙ യോഗനിദ്രയും പ്രാണായാമവും രണ്ടു നേരവും മുടങ്ങാതെ ചെയ്യുക

യോഗയിലൂടെ രോഗശമനം, യോഗാചാര്യ എൻ. വിജയരാഘവൻ, മനോരമ ബുക്സ്