നട്ടെല്ലിന്റെ ശരിയായ പ്രവർത്തനത്തിന്

നട്ടെല്ലിനും അരക്കെട്ടിനും ശരിയായ പ്രവർത്തനം കിട്ടുന്നതിനു സഹായിക്കുന്ന ഒരു ആസനമാണ് ‘മാരീചാസനം.’ അതോടൊപ്പം, ഉദര ഭാഗങ്ങളിൽ ശരിയായ മർദം ലഭിക്കുന്നതുമൂലം സമാന വായുവിന്റെ കോപം ഇല്ലാതാകുന്നു. 

ചെയ്യുന്ന വിധം

ഇരുകാലുകളും നീട്ടിവച്ചു നിവർന്നിരിക്കുക. ഇതോടൊപ്പം നട്ടെല്ലു നിവർന്നിരിക്കുകയും വേണം. ഇനി വലതുകാൽ മടക്കി ആ കാലിന്റെ പാദം തറയിൽ ഉറപ്പിച്ചു കുത്തുക. ഇടതുകൈ പുറകിൽ കൂടി കൊണ്ടുവരുക. അതോടൊപ്പം വലതു കൈയും വലതുകാൽ മുട്ടിനു വെളിയിൽക്കൂടി കൊണ്ടുവന്നു പുറകോട്ടു മടക്കി ഇരുകൈകളുടെയും വിരലുകൾ തമ്മിൽ കോർത്തു പിടിക്കുക.

ഈ നിലയിൽ സാവധാനം ശ്വാസമെടുക്കുകയും ശ്വാസം വിട്ടുകൊണ്ട് കുനിഞ്ഞ് നെറ്റി ഇടതുകാലിന്റെ മുട്ടിൽ മുട്ടിക്കുവാൻ ശ്രമിക്കുക. വീണ്ടും ശ്വാസമെടുത്തുകൊണ്ടു നിവരുകയും വിട്ടുകൊണ്ടു താഴുകയും ചെയ്യുക. ഇങ്ങനെ അഞ്ചോ ആറോ തവണകൾകൂടി ആവർത്തിക്കേണ്ടതാണ്. ഇതേപോലെ കാലുകൾ തിരിച്ചുവച്ചും ചെയ്യേണ്ടതാണ്.