ഇത്തരമൊരു വീട് നിങ്ങൾ ഇതുവരെ കണ്ടിട്ടുണ്ടാകില്ല! ഈസ്റ്റർ സ്‌പെഷൽ വീട്

ഇതുവരെ കേൾക്കാത്ത ഈണത്തിലുള്ളൊരു പാട്ട് പോലെയാണ് ഗസൽ ഗായകൻ സമീറിന്റെ പുതിയ വീട്.

അവനവനിലേക്കുള്ള യാത്ര. അതാകണം ജീവിതമെന്നാണ് സൂഫി പാഠം. സൂഫി ആശയങ്ങളെ അതിരറ്റ് സ്നേഹിക്കുന്ന ഗസൽ ഗായകൻ സമീർ ബിൻസിക്ക് വീടുപണിയും സ്വയം കണ്ടെത്തലിന്റെ ഭാഗമായിരുന്നു. ഒന്നും രണ്ടുമല്ല, അഞ്ച് വർഷമാണ് സമീറിന്റെ വീടന്വേഷണം നീണ്ടത്. പക്ഷേ, വീടുപണി തീരാൻ അഞ്ച് മാസം മാത്രമേ വേണ്ടിവന്നുള്ളു. ഇതുമാത്രമല്ല, കൗതുകക്കാഴ്ചകളേറെയുണ്ട് മലപ്പുറത്തിനടുത്ത് മച്ചിങ്ങലിലുള്ള പുത്തൻ വീട്ടിൽ.

മണ്ണിന്റെ നിറമുള്ള വീട്

ഇളംതണുപ്പിന്റെ പുതപ്പിനുള്ളിലേക്കെന്നപോലെ ഓടിയെത്താനാകുന്നൊരു വീട്. ഇതായിരുന്നു സമീറിന്റെയും ഭാര്യ ബീഗം ജാഷിദയുടെയും സ്വപ്നം. മൺവീടായിരുന്നു മനസ്സിൽ നിറയെ. കളിമൺനിറമുള്ള വീടിന്റെ ചിത്രം എവിടെ കണ്ടാലും അപ്പോൾ തന്നെ വെട്ടിയെടുത്തു സൂക്ഷിക്കുമായിരുന്നു രണ്ടുപേരും. വീടിൽ 2014 ൽ പ്രസിദ്ധീകരിച്ച മങ്കടയിലെ ഹുരുഡീസ് വീടിനെപ്പറ്റിയുള്ള ലേഖനമാണ് പുതിയ വീട്ടിലേക്കുള്ള വഴി കാട്ടിയതും.

മൺവീടിന്റെ ഗുണങ്ങളൊക്കെയുണ്ടെന്നതും അതേസമയം മെയ്ന്റനൻസ് കുറവാണെന്നതുമാണ് സമീറിനെയും ജാഷിദയെയും ഹുരുഡീസ് വീടിലേക്കടുപ്പിച്ച ഘടകങ്ങൾ. സിമന്റും മണലുമൊക്കെ ഒഴിവാക്കാമെന്നതും ഹുരുഡീസ് വീടിനോടുള്ള ഇഷ്ടം കൂട്ടി. മങ്കടയിലേതടക്കം ഡിസൈനർ വാജിദ് റഹിമാൻ നിർമിച്ച ഹുരുഡീസ് വീടുകൾ മിക്കതും പോയിക്കണ്ട് ബോധ്യപ്പെട്ടാണ് അന്തിമതീരുമാനമെടുത്തത്.

അടിമുടി ഹുരുഡീസ്

തറ, ഭിത്തി, സീലിങ്... എല്ലാം ഹുരുഡീസ്! അതാണ് ജാഷിദ മൻസിലിന്റെ നമ്പർ വൺ പ്രത്യേകത. സാധാരണപോലെയുള്ള അടിത്തറയും കട്ടകെട്ടിയചുവരുകളും കോൺക്രീറ്റ് മേൽക്കൂരയുമൊന്നും ഇവിടെ ഇല്ലേയില്ല.

ലിവിങ് ഡൈനിങ് ഏരിയ, തറയോട്, മേച്ചിൽ ഓട് എന്നിവയുടെ നിറം വീടിന് പ്രത്യേക ശോഭ നൽകുന്നു.

ഇരുമ്പ് പൈപ്പിന്റെ പില്ലറുകളാണ് വീടിന്റെ അടിത്തറ. ഇതേ ഇരുമ്പ് പൈപ്പിൽ തറനിരപ്പിൽ നിന്ന് ഒന്നരയടിയോളം പൊക്കത്തിൽ ജിഐ പൈപ്പിന്റെ ഫ്രെയിം പിടിപ്പിച്ച് അതില്‍ ഹുരുഡീസ് ബ്ലോക്ക് ഉറപ്പിച്ചാണ് വീടിന്റെ തറ നിർമിച്ചിരിക്കുന്നത്. പില്ലറുകളെ പരസ്പരം ബന്ധിപ്പിച്ച് എൽ ആംഗിൾ ടി സെക്ഷൻ രൂപത്തിൽ നൽകി അതിനിടയിലേക്ക് ഹുരുഡീസ് അടുക്കിയ ശേഷം ജി ക്ലാമ്പ് ഉപയോഗിച്ച് മുറുക്കിയാണ് ഭിത്തി തയാറാക്കിയിരിക്കുന്നത്. മുകളിലെ നിലകളുടെ തറ നിർമിച്ചിരിക്കുന്നതും ഹുരുഡീസ് ബ്ലോക്ക് ഉപയോഗിച്ചു തന്നെ. ജിഐ ട്രസിൽ ഓട് മേ‍ഞ്ഞാണ് മേൽക്കൂര ഒരുക്കിയത്.

ലൈബ്രറിയായി ഉപയോഗിക്കാവുന്ന കിടപ്പുമുറി

4x4 ഇഞ്ച് അളവിലുള്ള എംഎസ് സ്ക്വയര്‍ പൈപ്പുകളാണ് പില്ലർ ആയി ഉപയോഗിച്ചത്. രണ്ട് അടിയോളം താഴ്ചയിൽ കുഴിയെടുത്ത് അത് കോൺക്രീറ്റ് ചെയ്ത് ഉറപ്പിച്ചശേഷം ഇരുമ്പ് പൈപ്പ് ഇറക്കി ഉറപ്പിക്കുകയായിരുന്നു. എല്ലാ മുറികളുടെയും നാല് മൂലകളിലും പില്ലർ നൽകിയിട്ടുണ്ട്. ഈ പില്ലറുകളിൽ 2x4 ഇഞ്ച് അളവുകളിലുള്ള ജിഐ പൈപ്പ് കൊണ്ടുള്ള ഫ്രെയിം പിടിപ്പിച്ച് അതിൽ ഹുരുഡീസ് ബ്ലോക്ക് ഉറപ്പിച്ചാണ് തറ നിർമിച്ചിരിക്കുന്നത്.

ഭൂമിക്കും വീടിന്റെ തറയ്ക്കുമിടയിൽ ഒരടി മുതൽ മൂന്നടി വരെ അകലമുണ്ടെന്നതാണ് മറ്റൊരു പ്രത്യേകത. കുന്നിൻചരിവിലുള്ള ഭൂമിയുടെ ചരിവ് അതേപോലെ നിലനിർത്തിയതിനാലാണ് അളവിൽ വ്യത്യാസം വന്നത്. ചുവരിന് അടിഭാഗത്ത് ഫൈബർ സിമന്റ് ബോർഡ് ഉപയോഗിച്ച് മറച്ചിരിക്കുന്നതിനാൽ കാഴ്ചയ്ക്ക് സാധാരണ അടിത്തറപോലെ തോന്നുകയും ചെയ്യുന്നുണ്ട്.

ആദ്യാവസാനം ഒരേ പണിക്കാര്‍

ഹുരുഡീസ് ബ്ലോക്കും സ്റ്റീലുമാണ് ഇവിടത്തെ പ്രധാന നിർമാണസാമഗ്രികൾ. അതിനാൽ സാധാരണവീടുകളുടെ കാര്യത്തിലെപ്പോലെ പലതരത്തിലുള്ള തൊഴിലാളികളുടെ ആവശ്യം ഇവിടെ ഉണ്ടായതേയില്ല. ഇരുമ്പ് പൈപ്പ് വെൽഡ് ചെയ്ത് ഫ്രെയിം തയാറാക്കുന്നതിനും ഹുരുഡീസ് ബ്ലോക്ക് ഉറപ്പിക്കുന്നതിനുമായി നാലോ അഞ്ചോ പണിക്കാർ മാത്രമാണ് ആദ്യാവസാനം ഉണ്ടായിരുന്നത്. വളരെ വേഗം പണി പൂർത്തിയായെന്നതാണ് മറ്റൊരു വിശേഷം. ഇരുമ്പ് ചട്ടക്കൂട് തയാറാക്കി മുകളിൽ ഓട് മേഞ്ഞ ശേഷമായിരുന്നു ഭിത്തിയുടെയും തറയുടെയുമൊക്കെ നിർമാണം എന്നതും കൗതുകമായി.

തടിയുടെയും സ്റ്റീലിന്റെയും ഫിനിഷിലുള്ള മൈക്ക ഷീറ്റ് കൊണ്ടാണ് സെമി ഓപൻ ശൈലിയിലുള്ള അടുക്കളയുടെ കാബിനറ്റ് ഷട്ടർ നിർമിച്ചത്.

പ്രധാന വാതിലിനു മാത്രമേ തടി ഉപയോഗിച്ചിട്ടുള്ളൂ. റെഡിമെയ്ഡ് വാതിലുകളാണ് ബാക്കിയെല്ലാം. ജിഐ കൊണ്ടുള്ള കട്ടിളയും പൗഡർ കോട്ടഡ് അലൂമിനിയത്തിന്റെ ഫ്രെയിമുമാണ് ജനാലകൾക്കെല്ലാം. വീടിന്റെ ഡിസൈനിന്റെ പ്രധാന ഹൈലൈറ്റ് ആയി വരുന്ന വെന്റിലേഷനുകൾ നിർമിച്ചിരിക്കുന്നതും ജിഐ പൈപ്പും എംഎസ് സ്ക്വയർ ട്യൂബും ഉപയോഗിച്ചാണ്.

അഞ്ച് സെന്റിൽ ഒത്തിരി സൗകര്യം

സൂഫി ആശയങ്ങളുടെ ദൃശ്യാവിഷ്കാരമായ പെയിന്റിങ്ങുകളാണ് എല്ലാ മുറികളിലും ചുവരലങ്കാരത്തിന് ഉപയോഗിച്ചിരിക്കുന്നത്.

ഏത് ആകൃതിയാണ് വീടിനെന്ന് കണ്ടുപിടിക്കാൻ കുറച്ചു ബുദ്ധിമുട്ടും! നേരെയുള്ള മേൽക്കൂരയ്ക്കു കീഴിൽ ഓരോ ദിക്കിലും ഓരോ മുഖമാണ് വീടിന്. അഞ്ച് സെന്റിൽ ചുറ്റും വീടുകളില്ലാത്ത ഭാഗത്തേക്ക് കൂടുതൽ ജനലുകളും വെന്റിലേഷനും വരുംവിധമാണ് വീടിന്റെ ഘടന. അതിനാൽ വീടിനുള്ളിൽ വിശാലത തോന്നിക്കും. താഴത്തെ രണ്ട് നിലകളിലായി സിറ്റ്ഔട്ട്, ലിവിങ്, ഡൈനിങ്, അടുക്കള, നാല് കിടപ്പുമുറികൾ, രണ്ട് ബാൽക്കണി എന്നിങ്ങനെ സൗകര്യങ്ങളെല്ലാമുണ്ട്. 675 ചതുരശ്രഅടി വലുപ്പമുള്ള ഹാൾ ആണ് ഏറ്റവും മുകളിലെ നിലയിൽ. സമീർ ബിൻസിക്കും കൂട്ടർക്കും പരിശീലനത്തിനുള്ള ഇടമാണിത്. വീടിനു വെളിയിൽക്കൂടിയുള്ള ജിഐ സ്റ്റെയർകെയ്സ് വഴി ഇവിടേക്ക് നേരിട്ടെത്താം. വീടു പൂർത്തിയായിട്ട് നാല് മാസമേ ആയിട്ടുള്ളു.

“നിങ്ങൾ എവിടേക്കെങ്കിലും യാത്ര പോകുകയാണെങ്കിൽ പറയണം. ഞങ്ങൾക്ക് കുറച്ച് ദിവസം ഈ വീട്ടിൽ താമസിക്കാനാ...”

ഇതാണ് ഇപ്പോൾ സമീറിന്റെയും ജാഷിദയുടെയും സുഹൃത്തുക്കളുടെയൊക്കെ ആവശ്യം.

എന്താണ് ഹുരുഡീസ് ബ്ലോക്ക്?

കോൺക്രീറ്റ് പ്രചാരത്തിലാകുന്നതിന് മുമ്പ് ബഹുനില കെട്ടിടങ്ങളുടെ സീലിങ് നിർമിക്കാനാണ് ഹുരുഡീസ് ബ്ലോക്ക് ഉപയോഗിച്ചിരുന്നത്. ഉള്ള് പൊള്ളയായ ടെറാക്കോട്ട കട്ടകളാണിവ. നല്ല ഉറപ്പും ഭാരവാഹകശേഷിയും ഹുരുഡീസ് ബ്ലോക്കിന്റെ സവിശേഷതകളാണ്. ഒന്നരയടി നീളമുള്ളതും ഒരടി നീളമുള്ളതുമായ ഹുരുഡീസ് ബ്ലോക്ക് ലഭ്യമാണ്. ഒന്നിന് 90 രൂപ മുതലാണ് വില.

പ്രയോജനങ്ങൾ ഒന്നല്ല; അനവധി

∙ സ്റ്റീൽ പില്ലറിനു മുകളിൽ വീട് പണിയുന്നതിനാൽ പ്ലോട്ടിന്റെ സ്വാഭാവിക ഘടനയ്ക്ക് മാറ്റം വരുത്തേണ്ടി വരുന്നില്ല. നീരൊഴുക്കുപോലും തടസ്സപ്പെടുന്നില്ല.

∙ വീടിന്റെ തറയ്ക്ക് മണ്ണുമായി നേരിട്ടുള്ള സമ്പർക്കം കുറവായതിനാൽ ചിതലിന്റെയും ഈർപ്പത്തിന്റെയും പ്രശ്നം ഉണ്ടാകില്ല.

∙ ചുവരിനും തറയ്ക്കും മേൽക്കൂരയ്ക്കും ഉപയോഗിച്ചിരിക്കുന്ന സാധനങ്ങളെല്ലാം പുനരുപയോഗിക്കാം. വേണമെങ്കിൽ വീട് അപ്പാടെ അഴിച്ചെടുത്ത ശേഷം മറ്റൊരു സ്ഥലത്ത് കൂട്ടിയോജിപ്പിക്കാം.

∙ സിമന്റ്, മണൽ എന്നിവയുടെ ഉപയോഗം ഗണ്യമായി കുറയ്ക്കാൻ കഴിയും. തേപ്പിനും വാർക്കയ്ക്കും ശേഷം നനയ്ക്കാനായി വെള്ളം പാഴാക്കേണ്ടിയും വരുന്നില്ല.

∙ ഹുരുഡീസ് ഉപയോഗിക്കുമ്പോൾ ചുവരിന്റെ കനം കുറവായതിനാൽ കാർപെറ്റ് ഏരിയ കൂടുതൽ ലഭിക്കും.

∙ വളരെ വേഗം വീടുനിർമാണം പൂർത്തിയാക്കാം. രണ്ടോ മൂന്നോ മാസം തന്നെ ധാരാളം.

∙ ആദ്യം മേൽക്കൂര പൂർത്തിയാക്കുന്നതിനാൽ വീടുപണി സുഗമമായി നടക്കും. മഴയും വെയിലുമൊന്നും വീടുപണിയെ ബാധിക്കില്ല.

∙ ഹുരുഡീസ് ബ്ലോക്കിനുള്ളിലൂടെ കേബിളുകൾ വലിക്കാം എന്നതിനാൽ വയറിങ് എളുപ്പമാണ്.

∙ ഹുരുഡീസിന്റെ ഉള്ള് പൊള്ളയായതിനാൽ വീടിനുള്ളിലെ ചൂട് കുറയും.

Project Facts

താഴത്തെ നിലയുടെയും മുകൾനിലയുടെയും പ്ലാൻ

Area: 2775 Sqft

Designer: വാജിദ് റഹിമാൻ,

ഹൈറാർക്കിടെക്ട്സ്,

മങ്കട, മലപ്പുറം

hierarchyarchitects@gmail.com

Location: മച്ചിങ്ങൽ, മലപ്പുറം

Year of completion: ഒക്ടോബര്‍ 2016

ചിത്രങ്ങൾ : അജീബ് കൊമാച്ചി