Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണ്ണിനും മനസിനും കുളിർമയേകുന്ന വീട്

tropical-cool-house ട്രോപ്പിക്കൽ കന്റെംപ്രറി ശൈലിയിൽ നിർമിച്ച ഈ വീട് ചുറ്റുപാടുകളുമായി ഇഴുകിച്ചേർന്നു നിൽക്കുന്നു.

വാഹനങ്ങളുടെ ബഹളമോ ആൾത്തിരക്കോ ബാധിക്കാത്ത, റബർ മരങ്ങൾക്കിടയിലെ പ്ലോട്ട്. ഈ പ്രത്യേകത മുതലെടുത്താണ് ആർക്കിടെക്ട് അരുൺ, കൂത്താട്ടുകുളത്തിനടുത്ത് ഉപ്പുകണ്ടത്തുള്ള ഷൈൻ കെ ജോസഫിനും ശാലിനിക്കുമുള്ള വീട് ഡിസൈൻ ചെയ്തത്. ചുറ്റുപാടുകളോട് യോജിക്കുന്ന, ട്രോപ്പിക്കൽ കന്റെംപ്രറി ശൈലിയാണ് വീടിനു സ്വീകരിച്ചിരിക്കുന്നത്. തെക്കോട്ടു ചരിഞ്ഞ ഭൂമിയായിരുന്നതിനാൽ അല്പം മണ്ണിട്ടുയർത്തേണ്ടി വന്നു. തെക്കുവടക്കായി നീളത്തിൽ കിഴക്കിനെ അഭിമുഖീകരിക്കുന്ന വിധത്തിലാണ് വീട് നിർമിച്ചിരിക്കുന്നത്. വൈകിട്ട് പടിഞ്ഞാറു വശത്തു നിന്ന് നല്ല കാറ്റു കിട്ടും എന്നതാണ് പ്ലോട്ടിന്റെ ഒരു സവിശേഷത. ഇതു മുതലെടുക്കാൻ വരാന്ത പിറകിലോട്ടു മാറ്റി.

koothattukulam-house-verandah

മികച്ച നിർമാണ സാമഗ്രികളും നിർമാണരീതിയും ഉപയോഗിച്ചു കൊണ്ടു തന്നെ പാഴ്ചെലവു നിയന്ത്രിച്ചു നിർമ്മിച്ച വീടാണിത്. പ്രാദേശികമായ നിര്‍മാണസാമഗ്രികളും ചുറ്റുപാടുനിന്നു തന്നെയുള്ള പണിക്കാരും വീടിനെ അനാവശ്യച്ചെലവുകളില്‍ നിന്നു മാറ്റി നിർത്തി. അടിത്തറയ്ക്കുള്ള കല്ല് പ്ലോട്ടിൽ നിന്നു തന്നെ എടുത്തതാണ്. പഴയ ഓട് പുനരുപയോഗിച്ചത്, പ്രകൃതിയോടിണങ്ങിയുള്ള നിർമാണത്തിന് ഉദാഹരണം.

tropical-cool-house-koothattukulam

വീട്ടുകാർ കൂടുതല്‍ സമയം ചെലവഴിക്കുക വീടിന്റെ പിൻവശത്തായിരിക്കുന്നതിനാൽ സിറ്റ്ഔട്ട് ചെറുതാക്കി. ഫോർമൽ ലിവിങ്ങ്, അവിടെ നിന്നും ഡൈനിങ്ങ് റൂമും ഫാമിലി ലിവിങ്ങ് റൂമും അടങ്ങിയ ഹാള്‍ എന്നിങ്ങനെ മുറികൾ ക്രമീകരിച്ചിരിക്കുന്നു. കാർപോർച്ചിൽ നിന്നും നേരിട്ട് ഊണുമുറിയിലേക്ക് കയറാനും സൗകര്യമുണ്ട്. വരാന്തയിലേക്കും വരാന്തയോടു ചേർന്നുള്ള കോർട്‌യാർഡിലേക്കും തുറക്കുന്ന ജനാലകളാണ് ഡൈനിങ്ങും ഫാമിലി ലിവിങ്ങും അടങ്ങിയ ഹാളിനെ സ്വർഗതുല്യമാക്കുന്നത്. പച്ചപ്പും തണുപ്പും കാറ്റുമെല്ലാം അകത്തളത്തിനു നൽകുന്നതിൽ ഈ ജനലുകൾ കാര്യമായ പങ്കു വഹിക്കുന്നു.

മുറികളുടെ ക്രമീകരണം

koothattukulam-house-interior

അടുക്കളയെയും കിടപ്പുമുറികളെയും വ്യത്യസ്തമായ ബ്ലോക്കുകൾ ആക്കിത്തിരിച്ചിരിക്കുന്നു. ഊണുമുറിയോടു ചേർന്ന് അടുക്കള, സ്റ്റോർ റൂം, വർക്കിങ്ങ് കിച്ചൻ എന്നിവ കൂടാതെ ഇഎൽസിബിയും തയ്യല്‍ മെഷീനും വാഷിങ് മെഷീനുമെല്ലാം വയ്ക്കാന്‍ പ്രത്യേകം മുറിയുണ്ട്. ഇതോടു ചേർന്ന് തുണി കഴുകിയിടാൻ മറ്റൊരു മുറിയും വേണമെന്നത് വീട്ടുകാരിയുടെ ആവശ്യമായിരുന്നു. ഇതിന്റെ മാത്രം സീലിങ്ങ് അലിമിനിയം ഷീറ്റ് ഉപയോഗിച്ച് നിർമ്മിച്ചതിനാൽ തുണികൾ പെട്ടെന്ന് ഉണങ്ങും. അടുക്കളയുടെ പാതകത്തിന്റെ ഉയരം, പാതകത്തിൽ വീഴുന്ന വെള്ളം പുറത്തേക്ക് ഒലിക്കാതിരിക്കാനുള്ള സംവിധാനം എന്നിങ്ങനെ വീട്ടുകാരിയുടെ കൈയ്യൊപ്പ് പതിഞ്ഞ പല കാര്യങ്ങളും അടുക്കളയിൽ കാണാം.

koothattukulam-house-kitchen

ഫാമിലി ലിവിങ്ങിനോടു ചേർന്നാണ് കിടപ്പുമുറികൾ. ഫാമിലി ലിവിങ്ങിനു മുന്നിൽ പ്രാര്‍ത്ഥനാ ഏരിയയാണ്. ചേർന്നു തന്നെ അതിഥികൾക്കായുള്ള മുറിയും. ഫോയറിൽ നിന്നാണ് മറ്റു മൂന്നു കിടപ്പുമുറികളിലേക്കും പ്രവേശനം. ലളിതമായി ക്രമീകരിച്ച ബാത്റൂമും ഡ്രസിങ് ഏരിയയും ചേർന്ന യൂണിറ്റ് ആണ് ഓരോ കിടപ്പുമുറിയും.

koothattukulam-house-bed

തടി ഉപയോഗിക്കേണ്ടിടത്തെല്ലാം തേക്കുതടി ഉപയോഗിച്ചത് അകത്തളത്തിന്റെ പ്രൗഢി കൂട്ടി. നിർമാണത്തിന് ആവശ്യമായ തടി വീട്ടിൽത്തന്നെ ഉണ്ടായിരുന്നു. ജനലുകൾ, വാതിലുകൾ, കബോർഡുകൾ, ഫർണിച്ചര്‍ എല്ലാം ഈ തടി കൊണ്ടു പണിതു. വളഞ്ഞു നിന്നിരുന്ന തേക്ക് കൊണ്ടാണ് ഡൈനിങ്ങ് ചെയറിന്റെ ചാര് നിർമിച്ചത്. തടിയുടെ വളഞ്ഞ ഭാഗം അതേപടി ആകൃതി വരുത്തിയെടുക്കുകയായിരുന്നു. ഭിത്തികൾക്കും ഫർണിഷിങ്ങിനും ടൈലുകൾക്കുമെല്ലാം എർത്തേൺ കളറുകൾ മാത്രം ഉപയോഗിച്ചു. കണ്ണിനും മനസിനും കുളിർമയേകുന്നു എന്നത് ഈ വീടിന്റെ സവിശേഷതയാണ്.

Idea

∙ തടിയുടെ ആവശ്യങ്ങൾക്കെല്ലാം തേക്ക് ഉപയോഗിച്ചു. ഇത് അല്പം ചെലവ് കൂട്ടുമെങ്കിലും ഈടിന്റെയും അഴകിന്റെയും കാര്യത്തിൽ തേക്കിനെ വെല്ലാനാകില്ല.

∙ വീടിന്റെ ഭംഗിക്കു വേണ്ടി മുൻഭാഗം ചരിച്ചു വാർക്കാം. പിന്നിലെ മുറികളുടെ ടെറസ് നിരപ്പായി വാർത്താൽ ഭാവിയിൽ കൂടുതൽ മുറികൾ എടുക്കാം.

∙ കാർപോർച്ചിൽ നിന്ന് അല്പം വിട്ടാണ് സിറ്റ്ഔട്ട് എങ്കില്‍ പോർച്ചിൽ നിന്ന് അകത്തേക്ക് ഒരു വാതിൽ കൊടുക്കാം. മഴയുള്ളപ്പോഴും വണ്ടിയിൽ നിന്ന് ഭാരം കൂടിയ സാധനങ്ങൾ എടുത്തു വയ്ക്കാനും എളുപ്പമുണ്ടാകും.

‌‌

∙ വലിയ ജനാലകൾ വീടിന്റെ എക്സ്റ്റീരിയർ സൗന്ദര്യത്തിനു മാറ്റുകൂട്ടും. മുകളിൽ മാത്രം ഗ്ലാസും താഴെ ലൂവർ ഡിസൈൻ ചെയ്ത തടിപ്പാളിയുമായാൽ വെളിച്ചവും കാറ്റും ശരിയായ രീതിയിൽ ലഭിക്കും.

∙ വരാന്ത, സിറ്റ്ഔട്ട് എന്നീ ഭാഗങ്ങളിൽ വാർക്കാതെ, ട്രസ് വർക്ക് ചെയ്ത് ഓടിടാം. ഓടിന്റെ അടിവശം കാണാതിരിക്കാൻ സീലിങ്ങ് ഓട് അല്ലെങ്കിൽ പൂവോട് വച്ചാൽ വരാന്തയ്ക്കു ഭംഗി കൂടുകയും ചെയ്യും.

∙വീടിന്റെ മുൻവശത്ത് തിരക്കുള്ള റോഡ് അല്ലെങ്കിൽ ആകർഷകമല്ലാത്ത കാഴ്ചയാണെങ്കിൽ വരാന്ത വീടിനു പിന്നിലേക്കാക്കാം. കുടുംബാംഗങ്ങൾക്ക് ഒരുമിച്ചിരിക്കാനും ചെറിയ പരിപാടികൾ സംഘടിപ്പിക്കാനും ഇവിടം തിരഞ്ഞെടുക്കാം. ഊണുമുറിയിൽ നിന്നുള്ള പാഷ്യോയുടെ ലക്ഷ്യവും ഇതു തന്നെ.

∙വീടിന്റെ പിന്നിൽ റബർ തോട്ടമായതിനാൽ വെയിൽ കുറവാണ്, കാറ്റും ലഭിക്കും. അതുകൊണ്ട് ജനലുകളെല്ലാം ഇവിടേക്ക് തുറന്നിരിക്കുന്നു.

∙ ഏതെങ്കിലും മുറികൾക്കിടയിൽ അല്പം സ്ഥലം കൂടുതൽ കിട്ടുന്നുണ്ടെങ്കിൽ അതിനെ കോർട്‌യാർഡ് ആക്കാം. കോർട്‌യാർഡ് വീടിന് അകത്തോ പുറത്തോ ആയി നിർമിക്കാം.

∙ സ്വീകരണമുറി, ഊണുമുറി തുടങ്ങിയ പൊതുവായ ഇടങ്ങൾ ഒരുമിച്ചും കിടപ്പുമുറികൾ അടുത്തടുത്തും ക്രമീകരിക്കുന്നതാണ് നല്ലത്.

koothattukulam-house-dining

∙ നാട്ടിൻപുറങ്ങളിൽ താമസിക്കുമ്പോഴും കൂടുതൽ ആളുകൾക്കുവേണ്ടി പാചകം ചെയ്യുമ്പോഴും ഓപൻ അടുക്കള യോജിച്ചെന്നു വരില്ല. അടുക്കളയെയും ഊണുമുറിയെയും വേർതിരിക്കുന്ന ഭിത്തിയിൽ സർവീസ് കൗണ്ടർ സ്ഥാപിച്ച് ഈ കുറവ് നികത്താം.

∙ നിർമാണശേഷം ബാക്കിയായ മെറ്റീരിയലുകളുടെ കഷണങ്ങൾ ഭിത്തി അലങ്കരിക്കാൻ ഉപയോഗിക്കാം. കബോർഡ് പാർട്ടീഷനു വാങ്ങിയ മൾട്ടിവുഡിൽ നിന്നു ലഭിച്ച കഷണങ്ങളിൽ നിറം നൽകി ഭിത്തി അലങ്കരിച്ചു.

∙ വോൾഡെക്കർ എന്തു തന്നെയായാലും സ്പോട് ലൈറ്റ് നൽകിയാൽ മാത്രമേ പൂർണത ലഭിക്കൂ.

∙ വാഷ്ഏരിയയിൽ പ്രകാശസ്രോതസ്സ് നൽകുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. ജനൽ എവിടെയാണ് എന്നത് അനുസരിച്ചാകണം ലൈറ്റ് നൽകേണ്ടത്. വാഷ് ഏരിയയ്ക്കടുത്ത് ജനൽ ഇല്ലെങ്കിൽ കണ്ണാടിയുടെ മൂന്നു വശത്തും സ്ട്രിപ്പ് ലൈറ്റ് സ്ഥാപിച്ച് പ്രകാശം നൽകുന്നത് നന്ന്.

14

∙ വാതിൽ, ജനൽ, കബോർഡുകൾ, ഫർണിച്ചർ ഇവയിലെല്ലാം ഒരേ പാറ്റേൺ ആവർത്തിക്കുന്നത് വീടിന്റെ അഴകു കൂട്ടും. ലളിതമായ ഡിസൈൻ ആവർത്തിക്കുന്നതാണ് നല്ലത്.

∙ മോഡേൺ വീടുകളിൽ ചിമ്മിനിയുണ്ട് എന്ന കാരണത്താൽ ജനലുകൾ വേണ്ടെന്നു വയ്ക്കാറുണ്ട്. എന്നാല്‍ അടുക്കള അണുവിമുക്തമാകാൻ സൂര്യപ്രകാശം വേണം.

∙ അടുക്കളയിൽ നീളൻ കാബിനറ്റുകൾ നിര്‍മിച്ചാൽ പ്രത്യേകിച്ച് സ്റ്റോർ റൂമിന്റെ ആവശ്യം വരില്ല. പരചരക്ക് സാധനങ്ങൾ വയ്ക്കാൻ ഈ കാബിനറ്റ് ഉപയോഗിക്കാം.

∙ കോർട്‌യാർഡിൽ നേരിട്ട് സൂര്യപ്രകാശം പതിച്ചില്ലെങ്കിൽ ലോൺ ശരിയായി വളരണമെന്നില്ല. പെബിൾ കോർട് ആണ് അത്തരം സ്ഥലങ്ങളിലേക്ക് കൂടുതൽ ചേരുക.

∙ കിടപ്പുമുറിയുടെ ജനലുകളുടെ എണ്ണത്തില്‍ പിശുക്കു വേണ്ട. പൊടി കയറുമെന്നു ഭയന്ന് ജനലുകൾ തുറന്നിടാതിരിക്കരുത്. രാത്രി മുഴുവൻ ചെലവിടുന്ന മുറിയിൽ വായുസഞ്ചാരം നല്ലതു പോലെ വേണം.

∙ ബിൽറ്റ് ഇൻ ഇരിപ്പിടങ്ങളാണ് കിടപ്പുമുറിയിലേക്ക് കൂടുതൽ യോജിക്കുക. ജനൽ പുറത്തേക്ക് നീട്ടിയെടുത്ത് ഇരിപ്പിടമാക്കുകയുമാവാം.

∙ കിടപ്പുമുറികൾ എല്ലാം അടുത്തടുത്താണെങ്കിൽ ഒരു ഫോയറിൽ നിന്ന് ഓരോ മുറിയിലേക്കും കയറുന്ന രീതിയിൽ ക്രമീകരിക്കാം.

∙ നാലു ബാത്റൂമുകൾ ഉണ്ടെങ്കിൽ നാലും ഏകദേശം ഒരേ ശൈലിയിൽ ക്രമീകരിക്കുന്നതാണു നല്ലത്. ബാത്റൂം ടൈലിലെ ഫാഷൻ എപ്പോഴും മാറിമറിയുന്നതിനാൽ ലളിതമായ, വൃത്തിയാക്കാൻ എളുപ്പമുള്ള ടൈലുകൾ വാങ്ങാം.

Project Facts

Area: 4000 Sqft

Architect: അരുൺ ജോസഫ് മാത്യു

a&a

കോഴിക്കോട്, കോട്ടയം

studioaa.in@gmail.com

Location: ഉപ്പുകണ്ടം, കൂത്താട്ടുകുളം

Year of completion: ജൂലൈ, 2016