Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒത്തുചേരലിന്റെ ആഘോഷം നിറയുന്ന വീട്

colonial-home-exterior കൊളോണിയൽ രീതിയിലുള്ള ഇന്റീരിയറും എക്സ്റ്റീരിയറും ആഗ്രഹിക്കുന്നവർക്ക് നല്ലൊരു മാതൃക.

മാഹിക്കടുത്ത് ചാലക്കര എന്ന മനോഹരമായ ഗ്രാമപ്രദേശത്താണ് ഖത്തറിൽ ജോലി ചെയ്യുന്ന ഫാരിസും കുടുംബവും വീടുവച്ചിരിക്കുന്നത്. അതും തറവാടിന്റെ തൊട്ടടുത്തുള്ള എട്ട് സെന്റിൽ.

വീടു വയ്ക്കുമ്പോൾ ഫാരിസിനും ഭാര്യ സാജിതയ്ക്കും ഉണ്ടായിരുന്ന പ്രധാന ആവശ്യം യൂറോപ്യൻ രീതിയിലുള്ള ‘ലുക്ക്’ വേണമെന്നതായിരുന്നു. പക്ഷേ പ്ലോട്ടിനു മുന്നിലായി ഒരു കടയുള്ളതിനാല്‍ വീടിനു ലഭിക്കുന്ന ഫ്രണ്ടേജ് തീരെ കുറവായിരുന്നു. ഈ രണ്ട് കാര്യങ്ങളും പരിഗണിച്ചാണ് ആർക്കിടെക്ട് ഷബാനയും നുഫൈലും വീട് ഒരുക്കിയത്.

“ഈ പ്ലോട്ടിൽ കാർ പാർക്കിങ്ങും ഫ്രണ്ടേജും വെല്ലുവിളികളായിരുന്നു. ഗാർഡൻ ലഭിക്കുമെന്നുപോലും കരുതിയതല്ല. പക്ഷേ, ഷബാനയും നുഫൈലും ഞങ്ങൾക്ക് ഒരു വിസ്മയം തന്നെ ഒരുക്കിത്തന്നു.” ഫാരിസും സാജിതയും അദ്ഭുതം പങ്കുവയ്ക്കുന്നു.

കൊളോണിയൽ എലിവേഷൻ

ഏകദേശം 45 ഡിഗ്രി ചെരിവുള്ള മൂന്നു മേൽക്കൂരകൾ വന്നപ്പോഴേ വീടിന് കൊളോണിയൽ ഛായ വന്നുകഴിഞ്ഞു. യൂറോപ്യൻ വീടുകൾക്കെല്ലാം മേൽക്കൂരയിൽ ഉപയോഗിക്കുന്നത് ഷിംഗിൾസ് ആയതിനാൽ അതുതന്നെ ഇവിടെയും ഉപയോഗിച്ചു.

പ്രധാന റോഡിൽനിന്നു കൂടാതെ, ഇടറോഡിൽ നിന്ന് മറ്റൊരു ഗെയ്റ്റ് കൂടി വച്ചാണ് കാർ പാർക്കിങ്ങിനും വീതിയില്ലാത്ത മുൻവശത്തിനും പരിഹാരം കണ്ടത്. നാലോ അഞ്ചോ കാറുകൾക്ക് ഇപ്പോൾ പാർക്ക് ചെയ്യാനാവുമെന്ന് സന്തോഷത്തോടെ ഫാരിസ് പറയുന്നു. സിറ്റ്ഔട്ടിന് വലുപ്പം കുറവാണെങ്കിലും മൂന്നു വശങ്ങളും ഓപന്‍ ആയാണ് ക്രമീകരിച്ചിരിക്കുന്നത്. ചുറ്റുമുള്ള ലാൻഡ്സ്കേപ്പിലേക്ക് കാഴ്ച ലഭിക്കാൻ ഇതു സഹായിക്കുന്നു. ലാൻഡ്സ്കേപ്പിലെ കല്ലു പാകിയ ‘വോക്ക്‌വേ’ തൊട്ടടുത്തുള്ള തറവാടു വരെ നീളുന്നു. ഇരിക്കാന്‍ ഒരു ബെഞ്ച് ഉള്ളതിനാൽ സായാഹ്നങ്ങൾ ഇവിടെ പൊടിപൊടിക്കും.

സ്ലൈഡിങ് ഗെയ്റ്റ് ആണ് കൊടുത്തിരിക്കുന്നത്. ജിഐ കൊണ്ട് നിർമിച്ച ഗെയ്റ്റിൽ ഇലകളുടെ മോട്ടിഫ് ആണ് പ്രത്യേകത. ഇതൊന്നും പോരാതെ, ചിമ്മിനി പോലൊരു സ്ട്രക്ചർ റൂഫിൽ കാണാം. അതാണ് എലിവേഷന്റെ സ്പെഷൽ ‘ഫീച്ചർ’. ബ്രിക് ക്ലാഡിങ് ചെയ്താണ് ഈ ഭാഗം ഹൈലൈറ്റ് ചെയ്തത്. ഇതും അസ്സൽ ഇംഗ്ലിഷ് വീടുകളുടെ ഭാഗം തന്നെ.

സിറ്റ്ഔട്ടിൽ നിന്ന് അകത്തേക്കു കടക്കുന്നത് ഫോയറിലേക്കാണ്. എല്ലാ ഇംഗ്ലിഷ് വീടുകളുടെയും അവിഭാജ്യഘടകമാണ് ഫോയർ. അവിടെനിന്നാണ് മറ്റുമുറികളിലേക്കു കടക്കുന്നത്. ഫോയറിന്റെ ഇടതുവശത്തായാണ് സ്വീകരണമുറിയുള്ളത്. നേരെ കടന്നാൽ ഡൈനിങ് ഏരിയയും.

ഇന്റീരിയർ മൊഞ്ച്

mahe-home-living

ഡബിൾഹൈറ്റ് ആണ് ലിവിങ്റൂമിന്റെ സവിശേഷത. ഇന്റീരിയറിൽ വുഡന്‍ ഫിനിഷിന്റെ സാന്നിധ്യം യൂറോപ്യൻ ശൈലിക്കിണങ്ങുന്നതാണ്. ഉപയോഗിച്ചിരിക്കുന്ന നിറങ്ങൾക്കുമുണ്ട് കൊളോണിയൽ സ്വഭാവം. ഇളംപച്ചയുടെ വിവിധ ഷേഡുകൾ ഭിത്തിയിലും ഫർണിച്ചറിലും വോൾപേപ്പറിലുമെല്ലാം കാണാം. മുറിക്ക് പല കോണുകൾ ഉള്ളതിനാൽ ലിവിങ് റൂമിലെ സോഫ ചെയ്യിപ്പിച്ചെടുക്കുകയായിരുന്നു. സീലിങ്ങിൽ വുഡൻ ലാമിനേറ്റ് കൊണ്ടാണ് വുഡൻ ഫിനിഷ് വരുത്തിയിരിക്കുന്നത്. ലെതർ ഫിനിഷിലാണ് ഫർണിച്ചറിന്റെ അപ്ഹോൾസ്റ്ററി. ഡബിൾ ഹൈറ്റിലുള്ള ലിവിങ്ങിന്റെ മുകൾഭാഗം ബാൽക്കണിയാണ്. ടിവിക്കും ലിവിങ്ങിൽ സ്ഥാനം കൊടുത്തു. ലിവിങ്ങിനും ഡൈനിങ്ങിനും ഇടയിൽ ഭിത്തിയുടെ ഒരു ഭാഗത്ത് വലിയൊരു ഗ്ലാസ് കൊടുത്തു. അതിന്മേൽ സ്റ്റിക്കറുകൾ ഒരു പ്രത്യേക പാറ്റേണിലാണ് ഒട്ടിച്ചിരിക്കുന്നത്. കൗതുകം വിരിയുന്ന ഈ ഫീച്ചർ വീടിന്റെ പല സ്ഥലങ്ങളിലും കാണാം.

mahe-home-dining

ഇംഗ്ലിഷ് വീടുകളിൽ കാണുന്ന തരത്തിലുള്ള ഡൈനിങ് ടേബിൾ ആണ് ഇവിടെ. അതിന്റെ കസേരകൾക്കുമുണ്ട് തനത് യൂറോപ്യൻ ഭംഗി. സാജിതയുടെ ആവശ്യപ്രകാരം ഒരു സ്റ്റഡി ടേബിളിന് ഇവിടെ സ്ഥാനം കൊടുത്തിട്ടുണ്ട്. കുട്ടികളുടെ പഠനാവശ്യങ്ങളിൽ ശ്രദ്ധിക്കാനാണിത്. അടുക്കളയുടെയും ഊണുമുറിയുടെയും ഇടയിൽ കൗണ്ടറിലുമുണ്ട് സ്റ്റിക്കർ പതിച്ച ഗ്ലാസ്സിന്റെ സാന്നിധ്യം. സീലിങ്ങിൽ പ്ലൈയും വെനീറും കൊടുത്തതിനു നടുവിലായി ഗ്ലോ ബോർഡും അലങ്കാരത്തിന് ഉപയോഗിച്ചിട്ടുണ്ട്.

mahe-home-stair

നാലു കിടപ്പുമുറികളിൽ രണ്ടെണ്ണം മുകളിലും രണ്ടെണ്ണം താഴെയുമാണ്. ബെഡ്റൂമുകളിലേക്കു കടക്കാൻ ബെഡ്റൂം ഫോയറുകളുമുണ്ട്. താഴത്തെ മാസ്റ്റർ ബെഡ്റൂമില്‍ സിമന്റ് ബോർഡുകളാണ് ഹെഡ്ബോർഡ് ആയി ഉപയോഗിച്ചത്. വോൾപേപ്പറുകളും ഇന്റീരിയർ തീമിന് ചേരുന്ന വിധത്തിലാണ് തിരഞ്ഞെടുത്തത്. സ്ഥലം കളയാതിരിക്കാൻ വാഡ്രോബിന് സ്ലൈഡിങ് ഷട്ടറുകൾ കൊടുത്തിട്ടുണ്ട്. പ്ലൈയും വെനീറുമാണ് എല്ലാ അലങ്കാരങ്ങൾക്കും കൊടുത്തത്.

mahe-home-bed

സെമി ഓപൻ രീതിയിലാണ് കിച്ചൻ. ഡൈനിങ് റൂമിലേക്കുള്ള ബുഫേ കൗണ്ടർ അടുക്കളയിൽ ബ്രേക്ഫാസ്റ്റ് കൗണ്ടർ ആയി ഉപയോഗിക്കാം. വെള്ളയും ഗ്രേ കലർന്ന പച്ചയുമാണ് അടുക്കളയിലെ കാബിനറ്റുകൾക്ക് ഉപയോഗിച്ചിരിക്കുന്ന നിറം. കൊറിയൻ ടോപ് ആണ് കൗണ്ടർടോപ്പിന്.

mahe-home-kitchen

ഇംഗ്ലിഷ് സിനിമകളിൽ കണ്ടു പരിചയപ്പെട്ട ഛായയുണ്ട് ഇവിടത്തെ സ്റ്റെയറിനും. തുടക്കം ഊണുമുറിയിൽ നിന്നാണ്. സ്റ്റെയറിന്റെ താഴത്തെ പടികൾ ഇരിപ്പിടങ്ങളായും ഉപയോഗിക്കാം. തറവാട്ടിലുള്ളവരെല്ലാം കൂടുമ്പോൾ ഈ പടികളിലും ഇരിപ്പും കഴിപ്പുമെല്ലാം യഥേഷ്ടം നടക്കും. പ്രസരിപ്പു തുടിക്കുന്ന ഇവിടം അതുകൊണ്ടുതന്നെ, സാജിതയ്ക്ക് വളരെ പ്രിയപ്പെട്ടതായി. ചെലവു നിയന്ത്രിക്കലിന്റെ ഭാഗമായി ജിഐ കൊണ്ടാണ് കൈവരികൾ. താഴത്തെ ഭാഗത്ത് നീളത്തിലുള്ള കൈവരികളും കൊടുത്തിട്ടുണ്ട്.

സ്റ്റെയറിന്റെ ലാൻഡിങ്ങിലാണ് വീട്ടുകാരന്റെ പ്രിയപ്പെട്ട ഇടം. വായന ഇഷ്ടപ്പെടുന്ന ഫാരിസിന് വായനയ്ക്കായി ഒരു സ്വകാര്യസ്ഥലം വേണമെന്ന് ആഗ്രഹമുണ്ടായിരുന്നു. സ്റ്റെയറിന്റെ ലാൻഡിങ്ങിലാണ് അതിനായി ഒരു ഇടം ഒരുക്കിയത്. മുറികള്‍ക്കും ടോയ്‌ലറ്റിനുമെല്ലാം ആവശ്യത്തിന് സ്ഥലമുണ്ട് എന്നതും വീട്ടുകാർക്ക് സന്തോഷമുള്ള കാര്യങ്ങളാണ്.

വിരുന്നുകാർ കൂടുമ്പോൾ ടെറസും പാർട്ടി ഏരിയ ആവും. ഇവിടെ നിന്നു നോക്കുമ്പോൾ അടുത്തുള്ള മാഹി കോളജിന്റെയും മൈതാനത്തിന്റെയും മനോഹരമായ വ്യൂ കൂടി കിട്ടുമെന്നത് ഫാരിസിനും കുടുംബത്തിനും ഡിസൈനിൽ അപ്രതീക്ഷിതമായി കിട്ടിയ ബോണസ്സാണ്.

Project Facts

Area: 2600 Sqft

Architect: ഷബാന റഷീദ്, നുഫൈൽ പി. മൊയ്തു

ഡിസൈൻ ഫോറം ആർക്കിടെക്ട്സ്,

മാഹി & കോഴിക്കോട്

dforum.architects@gmail.com

Location: ചാലക്കര, മാഹി

Year of completion: ഓഗസ്റ്റ്, 2017