Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'ഞങ്ങൾക്കുണ്ടായിരുന്നത് ഒരേയൊരു നിബന്ധന മാത്രം; പക്ഷേ'..

week-end-home-kodungallur കൊടുങ്ങല്ലൂരിലെ പുതിയ വീടിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു ഹബീബ് തങ്ങളും ലാഹിനയും...

പുറത്തേക്ക് അടഞ്ഞതും കുടുംബാംഗങ്ങൾക്കിടയിലേക്ക് തുറന്നതുമാകണം വീട് എന്ന ആശയപ്രകാരം നിർമിച്ചതാണ് കൊടുങ്ങല്ലൂർ ചന്തക്കുന്നിലെ ഞങ്ങളുടെ വീട്. സ്വകാര്യത ആവശ്യമായ ഇടങ്ങളൊഴികെ മുറികളെല്ലാം പരസ്പരം തുറന്ന് സംവദിക്കുന്ന, ഇടത്തരം വീട് എന്ന നിബന്ധന മാത്രമായിരുന്നു ഉണ്ടായിരുന്നത്. കൊച്ചിയിൽ സ്വന്തമായി ഫ്ലാറ്റ് ഉള്ളതിനാൽ വാരാന്ത്യങ്ങൾ ചെലവിടാനുള്ള വീടായിരുന്നു ആവശ്യം. ഒരു കലാസ്വാദകനായതിനാൽ, പുതിയ വീടിനെ സ്വന്തമാക്കുന്ന കലാസൃഷ്ടികൾ സൂക്ഷിക്കാനുള്ള ഇടംകൂടിയായി കണ്ടു.

തൃശൂരിലെ ആർക്കിടെക്ട് രമേഷ് നമ്പ്യാരാണ് വീടിന്റെ പ്ലാൻ വരച്ചത്. വീടിന്റെ വിശദാംശങ്ങളെക്കുറിച്ച് മനസ്സിൽ വ്യക്തമായ ചിത്രമുണ്ടായിരുന്നതിനാൽ ഡിസൈനിങ് ഘട്ടത്തിൽ പ്രത്യേകിച്ച് പ്രതിസന്ധികളൊന്നുമുണ്ടായില്ല. 4200 ചതുരശ്രയടിയാണ് ഈ വീടിന്. നിർമാണ സാമഗ്രികൾ വാങ്ങിക്കൊടുത്ത് പണിയിക്കുന്ന തരത്തിൽ (ലേബർ കോൺട്രാക്ട്) ചെയ്യിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ, ഇന്റീരിയറിന്റെ വിശദാംശങ്ങൾ പണിക്കാരെ പറഞ്ഞു മനസ്സിലാക്കുകയായിരുന്നു പ്രയാസം. രണ്ടു വർഷം എന്ന കാലയളവിലേക്ക് വീടുപണി നീണ്ടുപോകാൻ കാരണവുമതാണ്. പൊളിച്ചും മാറ്റിപ്പണിതുമാണെങ്കിലും ആഗ്രഹിച്ച രീതിയിലേക്ക് വീടിനെ എത്തിക്കാൻ സാധിച്ചു.

ഒരു സർപ്രൈസ്!

പുറമേ നിന്നു കാണുമ്പോൾ നേർരേഖകളും കുറച്ചു ക്ലാഡിങ്ങുമെല്ലാമായി മോഡേൺ വീടാണെന്നുതന്നെ തോന്നും. ആ ധാരണ തിരുത്തുന്ന ഒരു മുറിയിലേക്ക് കയറുന്നതിൽ അൽപം കുസൃതിയുണ്ടെന്നു തോന്നി. ഫോയറിനും സ്വീകരണമുറിക്കും ക്ലാസിക് ടച്ച് വന്നത് അങ്ങനെയാണ്. ഫോയറിൽ ജനലിന് ഗ്ലാസ് ഇടുന്നതിനു പകരം ഇറക്കുമതി ചെയ്ത കല്ലിന്റെ പാളി പതിച്ചതും വ്യത്യസ്തതയ്ക്കു വേണ്ടിയാണ്.

week-end-home-living

ആന്റിക്കിനോട് എപ്പോഴും ഒരിഷ്ടക്കൂടുതലുണ്ട്, അതുകൊണ്ടുതന്നെ സ്വീകരണമുറിയിലെ ചൂരൽ കെട്ടിയ ഫർണിച്ചർ, ആന്റിക് ശൈലിയിൽ പ്രത്യേകം പറഞ്ഞു ചെയ്യിച്ചതാണ്. ഇവിടത്തെ ടീപോയ് എവിടെ നിന്ന് വാങ്ങിയെന്ന് പലരും ചോദിക്കാറുണ്ട്. ഇവിടെ അടുത്താണ് അഴീക്കോട് കടപ്പുറം. ഇടയ്ക്ക് വലിയ തടികളും വേരുകളുമെല്ലാം കരയ്ക്കടിയും. നാട്ടുകാർ കത്തിക്കാൻ കൊണ്ടുപോകാനിരുന്ന വേരാണ് പോളിഷ് ചെയ്ത് ടീപോയ് ആക്കിയത്. വീടിന്റെ പല ഭാഗത്തും കടൽ തന്ന ഇത്തരം തടി സാധനങ്ങൾ ഇനിയും കാണാം.

week-end-home-curio

കൈയിലുള്ള പെയിന്റിങ്ങുകളുടെയും ആർട്പീസുകളുടെയും ശേഖരത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണ് ഇവിടെ വയ്ക്കാൻ സാധിച്ചത്. മിക്ക ഭിത്തികളിലും മുറിയുടെ സ്വഭാവത്തോടു യോജിക്കുന്ന പെയിന്റിങ്ങുകൾ വച്ചു. സ്വീകരണമുറിയുടെ ഭിത്തിയിൽ എം.എഫ്. ഹുസൈന്റെ ചിത്രങ്ങൾ ക്രമീകരിച്ചിരിക്കുന്നു.

week-end-home-hall

അകത്തളത്തിന്റെ പ്രധാനഭാഗം ഫാമിലി ലിവിങ്ങും ഡൈനിങ്ങും അടുക്കളയുമെല്ലാമുൾപ്പെടുന്ന ഹാളാണ്. ഈ ഹാളിന്റെ പ്രത്യേകത രണ്ടറ്റത്തും കോർട്‌യാർഡുള്ളതാണ്. ഫാമിലി ലിവിങ്ങിനും സ്വീകരണമുറിക്കും ഇടയിലെ കോർട്‌യാർഡിനുള്ളിലൂടെ കടന്നുപോകുന്ന രീതിയിലാണ് ഗോവണി ഡിസൈൻ ചെയ്തത്. ഭാവിയിൽ ഈ കോർട്‌യാർഡിൽ വെള്ളം നിറച്ച് മുറിയിൽ കുളിർമ നിറയ്ക്കണമെന്നാണ് ആഗ്രഹം. പല കാലങ്ങളിലായി ശേഖരിച്ച ആന്റിക്കിന്റെ ചെറിയൊരു ഭാഗം ഇപ്പോൾ ഈ കോര്‍ട്‌യാർഡിൽ വച്ചിട്ടുണ്ട്.

week-end-home-furniture

ആസ്വദിക്കാൻ ഊണിടം

ഫാമിലി ലിവിങ് റൂമിൽനിന്ന് ഒരടി താഴ്ത്തിയാണ് ഊണിടം ക്രമീകരിച്ചത്. ഇവിടത്തെ ഫ്ലോറിങ്ങും വ്യത്യസ്തമാണ്. ഊണിടത്തോടു ചേർന്നും കോർട്‌യാർഡ് ഉണ്ട്. മാസ്റ്റർ ബെഡ്റൂമിൽ നിന്ന് ഇവിടേക്കു പ്രവേശിക്കാവുന്ന രീതിയിലാണ് കോർട്‌യാർഡിന്റെ സ്ഥാനം. ആവശ്യമെങ്കിൽ ബ്ലൈൻഡ് ഉപയോഗിച്ച് കോർട്‌യാർഡ് ഒരു മുറിയുടേതുമാക്കാം.

week-end-home-dining

പാചകം ചെയ്യുന്നയാൾ ഒറ്റപ്പെട്ടു പോകരുത് എന്ന നിർബന്ധമാണ് ഓപൻ അടുക്കള നിർമിക്കാൻ കാരണം. അടുക്കളയിൽ എന്തെങ്കിലും വറക്കുകയോ പൊരിക്കുകയോ ചെയ്യുമ്പോൾ സ്ലൈഡിങ് ഗ്ലാസ് വാതിൽകൊണ്ട് ഹാളുമായുള്ള ബന്ധം വിച്ഛേദിക്കുകയുമാകാം.

week-end-home-kitchen

താഴെ രണ്ട് കിടപ്പുമുറികളാണ്. ഇന്തൊനീഷ്യൻ ഫർണിച്ചറാണ് ഒരു കിടപ്പുമുറിയെ അലങ്കരിക്കുന്നത്. ബാത്റൂമുകൾക്കെല്ലാം സ്ലൈഡിങ് ഗ്ലാസ് വാതിലുകൾ നൽകി.

week-end-home-bed

മുകളിലെ നിലയിൽ ഒരു ഹാളും രണ്ട് കിടപ്പുമുറികളും. ഇവിടത്തെ ഭിത്തികളും ഷോകേസുകളുമെല്ലാം കലാസൃഷ്ടികൾ സൂക്ഷിക്കാൻ ഉപയോഗിക്കുന്നു. അഫ്ഗാനികൾ കൈകൊണ്ട്, വെള്ളി നൂൽ പാകി നെയ്തെടുത്ത വസ്ത്രത്തിന്റെ ഭാഗങ്ങൾ, സെറാമിക് വോൾ പ്ലേറ്റുകൾ, മണ്ണെണ്ണ കൊണ്ടു പ്രവർത്തിക്കുന്ന ഫാൻ, പഴയ ടൈപ്പ്റൈറ്റർ ഇങ്ങനെ പല സാധനങ്ങളും ഇവിടെയുണ്ട്. സുന്ദരമായൊരു വീട് ഉണ്ടെങ്കിലും സ്ഥിരമായി താമസം തുടങ്ങുന്ന നാൾ കാത്തിരിക്കുകയാണ് ഞങ്ങളെല്ലാം.

family ഹബീബ് തങ്ങളും കുടുംബവും