കാഴ്ച, സൗകര്യങ്ങൾ... മാസാണ് ഈ വീട്!

പാലക്കാട് ജില്ലയിലെ ഷൊർണ്ണൂരിൽ 10 സെന്റ് പ്ലോട്ടിൽ 3735 ചതുരശ്രയടിയിലാണ് ഈ വീട് നിർമിച്ചിരിക്കുന്നത്. ഫ്യൂഷൻ ശൈലിയിൽ ഒരുക്കിയിരിക്കുന്ന വീട് കാഴ്ചകളുടെ ഉത്സവമാണ് പ്രദാനം ചെയ്യുന്നത്. പല ലെവലുകളായി സ്ലോപ്, ഫ്ലാറ്റ്, കർവ്ഡ് റൂഫിങ് നൽകിയത് കാഴ്ചയുടെ മനോഹാരിത വർധിപ്പിക്കുന്നു. വൈറ്റ് – ഗ്രേ തീമിലാണ് വീടിന്റെ എക്സ്റ്റീരിയർ. എലിവേഷനിൽ നൽകിയിരിക്കുന്ന ലൂവറുകൾ കാഴ്ചയിലെ ഭംഗിക്കൊപ്പം വെന്റിലേഷൻ സുഗമമാക്കുകയും ചെയ്യുന്നു.

ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, അഞ്ചു കിടപ്പുമുറികൾ എന്നിവയാണ് പ്രധാനമായും വീട്ടിൽ ഒരുക്കിയിരിക്കുന്നത്. വീടിനകത്തേക്കുള്ള പ്രവേശനകവാടം തന്നെ പച്ചപ്പിന്റെ കാഴ്ചകളാൽ സമ്പന്നമാണ്. സിറ്റൗട്ടിനോട് ചേർന്ന് ഒരു കോർട്‌യാർഡ് നൽകിയിട്ടുണ്ട്. ഇവിടെ മേൽക്കൂരയിലെ വള്ളിച്ചെടികൾ പടർത്തിയിരിക്കുന്നു. 

ഇറ്റാലിയൻ മാർബിളിന്റെ പ്രൗഢിയാണ് പൊതുവിടങ്ങളിൽ നിറയുന്നത്. കിടപ്പുമുറികളിൽ വുഡൻ ഫ്ളോറിങ് നൽകി. പ്ലൈവുഡ്- വെനീർ ഫിനിഷിലാണ് ഫർണിഷിങ്. ജിപ്സം ഫോൾസ് സീലിങ്ങും വാം ടോൺഡ് ലൈറ്റുകളും അകത്തളം പ്രകാശമാനമാക്കുന്നു.

വീട്ടിലെ ശ്രദ്ധാകേന്ദ്രം ഫാമിലി ലിവിങ്ങിനോട് ചേർന്ന് നൽകിയ കോർട്‌യാർഡാണ്. സ്കൈലൈറ്റിലൂടെ സ്വാഭാവിക പ്രകാശം വീടിനുള്ളിൽ നിറയുന്നു. ലിവിങ്ങിനും കോർട്‌യാർഡിനുമിടയിൽ സ്ലൈഡിങ് ഗ്ലാസ് വാതിലുകളും നൽകിയിട്ടുണ്ട്. 

സ്‌റ്റോറേജിനും വെന്റിലേഷനും പ്രാധാന്യം നൽകിയാണ് അഞ്ചു കിടപ്പുമുറികളും ഒരുക്കിയത്. നിലത്ത് വുഡൻ ഫ്ളോറിങ് നൽകി ഹൈലൈറ്റ് ചെയ്തിട്ടുണ്ട്. ഫ്ലോർ ടു സീലിങ് ജനാലകളാണ് മുറികളെ പ്രകാശമാനമാക്കുന്നത്. അറ്റാച്ഡ് ബാത്റൂം, ഡ്രസിങ് ഏരിയ ക്രമീകരിച്ചു.

ബിൽറ്റ് ഇൻ സംവിധാനങ്ങളോടെയുള്ള മോഡുലാർ കിച്ചനാണ് ഒരുക്കിയത്. കൊറിയൻ സ്റ്റോണാണ് കൗണ്ടറിൽ വിരിച്ചത്. മറൈൻ പ്ലൈവുഡ് കൊണ്ടാണ് കബോർഡുകൾ നിർമിച്ചത്.

മുകൾനിലയിൽ ലിവിങ്ങിനോടൊപ്പം ഒരു മൾട്ടിപർപ്പസ് ഏരിയ ഒരുക്കി. ഇത് പാർട്ടി സ്‌പേസായും ഉപയോഗിക്കാം. ഓപ്പൺ ടെറസിൽ ചെറിയ ഗാർഡനും ഒരുക്കി.

വീടിനു അകമ്പടി നൽകുംവിധം ഹരിതാഭമായാണ് ലാൻഡ്സ്കേപ്പിങ്. നാച്വറൽ സ്റ്റോണും ഗ്രാസും വിരിച്ചു മുറ്റമൊരുക്കി. പുൽത്തകിടിയും പൂച്ചെടികളും ലാൻഡ്സ്കേപ്പിങ് ഹരിതാഭമാക്കുന്നു. രാത്രിയിൽ ലൈറ്റുകൾ കൺതുറക്കുന്നതോടെ വീടിന്റെ പ്രൗഢി വീണ്ടും വർധിക്കുന്നു.

ചിത്രങ്ങൾ- അജീബ് കൊമാച്ചി

Project Facts

Location- Shoranur, Palakkad

Area- 3735 SFT

Plot- 10 cent

Owner- Irash

Designer- Shabeer AM, Saleel Kumar

Shabeer Saleel Associates, Calicut

Phone : 0495 - 2743329

emailmail@shabeersaleelassociates.in