നിങ്ങൾ പറയൂ, എങ്ങനെയുണ്ട് എന്റെ വീട്?

kakkodi-green-house
SHARE

എന്റെ പേര് മനോഹർ. കോഴിക്കോട് കാക്കൂരിലാണ് ഞാൻ പുതിയ വീട് സാക്ഷാത്കരിച്ചിരിക്കുന്നത്. റോഡ് നിരപ്പിൽ നിന്നും ഉയർന്നു നിൽക്കുന്ന 65 സെന്റ് പ്ലോട്ടാണ്. ചുറ്റിലുമുള്ള മനോഹരമായ ഭൂപ്രകൃതിയുമായി സമരസപ്പെട്ടാണ് വീട് രൂപകൽപന ചെയ്തിരിക്കുന്നത്. എല്ലാവശത്തുനിന്നും കാഴ്ച ലഭിക്കുംവിധമാണ് എലിവേഷൻ. പ്രധാന റോഡിൽനിന്നും റാംപ് ശൈലിയിലാണ് ഡ്രൈവ്‌വേ ഒരുക്കിയത്. വീടിന്റെ തുടർച്ച അനുസ്മരിപ്പിക്കുംവിധം ചെങ്കല്ല് കൊണ്ടാണ് ഗെയ്റ്റും ചുറ്റുമതിലും നിർമിച്ചത്.

kakkodi-house-landscape

ലാൻഡ്സ്കേപ്പിങ്ങിനും ഉദ്യാനത്തിനും പച്ചപ്പിനും ഞങ്ങൾ പ്രാധാന്യം നൽകിയിട്ടുണ്ട്. വീടിന്റെ മുന്നിലൊരു ജലാശയമുണ്ട്. അതിന്റെ തുടർച്ചയെന്ന പോലെ വീടിനുള്ളിൽ ഞങ്ങൾ രണ്ടു വാട്ടർബോഡികൾ ഒരുക്കിയിട്ടുണ്ട്. ലാൻഡ്സ്കേപ്പിങ്ങിൽ പലതരം കല്ലുകൾ പരീക്ഷിച്ചിട്ടുണ്ട്. ജയ്സാൽമീർ, തന്തൂർ, ചെങ്കല്ല് എന്നിവ ലാൻഡ്സ്കേപ്പിന്റെ നടപ്പാതയ്ക്ക് വൈവിധ്യം നൽകുന്നു.

kakkodi-house-exterior
kakkodi-house-sitout

6396 ചതുരശ്രയടിയുള്ള വീട്ടിൽ ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, നാലു കിടപ്പുമുറികൾ എന്നിവയാണ് ഒരുക്കിയിരിക്കുന്നത്. ഞങ്ങൾ വിന്റേജ് തീമിന്റെ ആരാധകരാണ്. പുരാവസ്തുക്കളുടെ ചെറിയൊരു ശേഖരവും ഞാൻ സൂക്ഷിക്കുന്നുണ്ട്. വീടിനകം അലങ്കരിക്കാൻ വിന്റേജ് എലമെന്റുകൾ വീടിനുള്ളിൽ ധാരാളം നൽകിയിട്ടുണ്ട്.

kakkodi-house-pond-view

ഒത്തുചേരലുകൾക്ക് ഞെരുക്കം വരാതെ ഊഷ്മളത ഉണ്ടാകണം എന്ന് ഞങ്ങൾക്ക് നിർബന്ധമുണ്ടായിരുന്നു. അതിനാൽ ഫോർമൽ ലിവിങ് ഡബിൾ ഹൈറ്റിൽ ഒരുക്കി. ഒരുവശത്തെ ഭിത്തിയിൽ ഗ്ലാസ് ജാലകങ്ങൾ നൽകിയതോടെ സ്വീകരണമുറിയിൽ ഇരുന്നു പുറത്തെ കാഴ്ചകൾ ആസ്വദിക്കാനാകും. ഫാമിലി ലിവിങ്ങിൽ ചെങ്കല്ല് കൊണ്ട് ക്ലാഡിങ് നൽകിയ ഭിത്തിയിൽ ടിവി യൂണിറ്റ് നൽകി.

kakkodi-house-living

കാന്റിലിവർ ശൈലിയിലാണ് ഗോവണി ഒരുക്കിയത്. കൈവരിയിൽ സ്റ്റീൽ റോപ്പ് ഉപയോഗിച്ചതും താഴെ ബുക് ഷെൽഫ് നൽകി സ്ഥലം ഉപയുക്തമാക്കിയതും വീട്ടിൽ എത്തിയ ഒരുപാട് പേരുടെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഗോവണിയുടെ വശത്തെ ഭിത്തിയിൽ സിമന്റ് ക്ലാഡിങ് നൽകിയതോടെ അകത്തളത്തിൽ ഒരു റസ്റ്റിക് ഫിനിഷ് ലഭിക്കുന്നു. 

kakkodi-house-stair

മെറ്റലും ഗ്ലാസും മുളങ്കമ്പുകളുമാണ് ഫർണിഷിങ്ങിൽ പലയിടത്തും ഉപയോഗിച്ചിരിക്കുന്നത്. പാർട്ടീഷനുകൾക്ക് ഉപയോഗിച്ചിരിക്കുന്നത് ഇത്തരം ട്രീറ്റ് ചെയ്ത മുളങ്കമ്പുകളാണ്. ഗോവണിയുടെ വശത്തെ ഭിത്തിയിൽ ഗ്ലാസ് പാനലിങ് നൽകി ഡിസ്പ്ളേ ഷെൽഫ് ഒരുക്കി. 

വീട്ടിലെ ഊണുമേശയും ഞങ്ങൾ നിഷ്കർഷയോടെ തിരഞ്ഞെടുത്തതാണ്. ഒരുവശത്ത് കസേരയും മറുവശത്തു ബെഞ്ചുമാണ് നൽകിയിരിക്കുന്നത്. ഡൈനിങ്ങിലെ ഫ്രഞ്ച് വിന്‍ഡോയിലൂടെയാണ് പാഷ്യോയിലേക്കും വാട്ടർബോഡിയിലേക്കും പ്രവേശിക്കുന്നത്.

kakkodi-house-dining

നാലു കിടപ്പുമുറികൾക്കും അറ്റാച്ഡ് ബാത്റൂം, ഡ്രസിങ് യൂണിറ്റ് എന്നിവ നൽകിയിട്ടുണ്ട്. മാസ്റ്റർ ബെഡ്റൂമിന്റെ പുറത്ത് കാറ്റേറ്റിരിക്കാനായി ഒരു വരാന്ത നൽകിയിട്ടുണ്ട്. സായാഹ്നങ്ങളിൽ ഇത്  ഞങ്ങളുടെ പ്രിയപ്പെട്ട ഒത്തുകൂടൽ ഇടമാണ്. 

kakkodi-house-bed

ഓപ്പൺ ശൈലിയിലാണ് കിച്ചൻ ഒരുക്കിയത്. മൾട്ടിവുഡിലാണ് കബോർഡുകൾ. ചെറിയൊരു ബ്രേക്ഫാസ്റ്റ് കൗണ്ടറും ഇവിടെ നൽകിയിട്ടുണ്ട്. സമീപം വർക്കേരിയ നൽകിയിട്ടുണ്ട്. മുകൾനിലയിൽ ഒരു ചെറിയ ജിം ഒരുക്കിയിട്ടുണ്ട്. ഇതിന്റെ മേൽക്കൂരയിലും അലങ്കാരത്തിന് മുളങ്കമ്പുകളാണ് നിരത്തിയിരിക്കുന്നത്.

kakkodi-house-kitchen
kakkodi-house-gym

രാത്രിയിൽ ലൈറ്റുകൾ കൂടി തെളിയുന്നതോടെ വീടിന്റെ ആംബിയൻസ് നന്നായി വർധിക്കുന്നു. ഞങ്ങൾ ആഗ്രഹിച്ചതിലും ഉപരിയായി വീട് ഒരുക്കി നൽകിയതിൽ ഡിസൈനർ ടീമിനുള്ള പങ്ക് വലുതാണ്. ഞാൻ പറയുന്നതിനേക്കാൾ നേരിട്ടു കണ്ട് അനുഭവിച്ചാലേ വീടിന്റെ സന്തോഷം മനസിലാക്കാനാകൂ...

ചിത്രങ്ങൾ- അജീബ് കൊമാച്ചി

Project Facts

Location- Kakkur, Calicut

Area- 65 cent

Plot- 6396 SFT

Owner-Manohar

Designer- Mukhil, Babith, Rajesh, Dijesh

Concern Architectural Consultants

Mob-9895773322

Completion year- 2018

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
FROM ONMANORAMA