Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആഡംബര വിവാഹം, വധുവിനേക്കാൾ പ്രൗഢിയോടെ അംബാനിക്കൊട്ടാരം!

antilla-wedding

റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനിയുടെയും പിരാമൽ വ്യവസായ ഗ്രൂപ്പ് തലവൻ അജയ് പിരാമലിന്റെ മകൻ ആനന്ദിന്റെയും വിവാഹം ഇന്നുനടക്കും. വിവാഹച്ചടങ്ങുകളിലെ പ്രധാന വേദികളിലൊന്നായി അണിഞ്ഞൊരുങ്ങി നിൽക്കുകയാണ് മുകേഷ് അംബാനിയുടെ ആഡംബര വസതിയായ ആന്റില. 

antilla 1

2010 ൽ ദക്ഷിണ മുംബൈയിലെ ആൾട്ടമൗണ്ടിൽ 100 കോടി രൂപയ്ക്ക് നിർമിച്ച ആന്റില, ലണ്ടനിലെ ബക്കിങ്ഹാം കൊട്ടാരം കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും മുന്തിയ സ്വകാര്യ വസതിയാണ്. 400,000 ചതുരശ്രയടിയാണ് വിസ്തീർണം. 173 മീറ്റർ ഉയരമുള്ള ആന്റിലയിൽ 27 നിലകളേയുള്ളൂ. ഇതേ ഉയരമുള്ള കെട്ടിടങ്ങളിൽ സാധാരണ അറുപതിലധികം നിലകൾ ഉണ്ടാകും. വളരെ ഉയരമുള്ള സീലിങ് ഉള്ള മുറികളാണ് ഓരോ നിലയിലും എന്നതാണ് നിലകൾ കുറയാൻ കാരണം. അറുനൂറോളം പേരാണ് വീടിന്റെ വിവിധ മേഖലകളിൽ ജോലി ചെയ്യുന്നത്. ഏകദേശം 200 കോടി രൂപയാണ് കെട്ടിടത്തിന്റെ മൂല്യം. 2011 ൽ വാസ്തു സംബന്ധമായ പിശകുകൾ വസതിയിൽ വാസ്തു വിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് പരിഹരിച്ചാണ് മുകേഷ് അംബാനിയും കുടുംബവും ഇവിടേക്ക് താമസം മാറ്റിയത്. റിക്ടർ സ്കെയിലിൽ 8 കവിയുന്ന ഭൂചലനത്തെപ്പോലും പ്രതിരോധിക്കാൻ ശേഷിയുള്ള, നിരവധി സുരക്ഷാസംവിധാനങ്ങളുമുണ്ട് വസതിയിൽ.

റോയൽ, കൊളോണിയൽ, ട്രഡീഷണൽ തീമുകളുടെ വിസ്ഫോടനമാണ് ഇപ്പോൾ ആന്റിലയിൽ കാണാനാവുക. പ്രധാന റോഡ് മുതൽ ആന്റിലയിലേക്കുള്ള വഴികളെല്ലാം വർണ്ണവിളക്കുകളാൽ അലംകൃതമാണ്. പരമ്പരാഗത മറാത്താ ഗൃഹങ്ങൾ അലങ്കരിക്കുന്ന വിധം മണികളും പൂക്കളും വർണ്ണവിളക്കുകളും നൽകിയിട്ടുണ്ട്. ഇതിനായി മാത്രം മുന്തിയ ഷാൻലിയറുകളാണത്രെ ഇന്റീരിയർ ഡിസൈനർമാർ ഇറക്കുമതി ചെയ്തിരിക്കുന്നത്. വിവാഹത്തലേന്ന് രാത്രിയിൽ വർണ്ണവിളക്കുകളാൽ അലംകൃതമായ ആന്റിലയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

വിവിഐപികളുടെ ഒരു പട തന്നെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിട്ടുണ്ട്. മുക്കിലും മൂലയിലും സിസിടിവി അടക്കം കനത്ത സുരക്ഷയാണ് ബംഗ്ലാവിലും പരിസരത്തുമായി ഒരുക്കിയിരിക്കുന്നത്. 

isha-amabni-wedding

വിവാഹശേഷം നവദമ്പതികൾ താമസിക്കുന്ന വീടും ആഡംബരത്തിന്റെ പരകോടിയാണെന്നാണ് റിപ്പോർട്ടുകൾ. ഇതിനായി മുംബൈയിൽ കടലിന് അഭിമുഖമായി നിർമിച്ചിരിക്കുന്ന 50,000 ചതുരശ്രഅടി വിസ്തീർണമുള്ള ആഢംബര ബംഗ്ലാവ് ഒരുങ്ങിക്കഴിഞ്ഞു. പ്രമുഖ വ്യവസായ ഗ്രൂപ്പായ ഹിന്ദുസ്ഥാൻ യൂണിലിവറിൽ നിന്ന് 450 കോടി രൂപയ്ക്കാണ് 2012 ൽ അജയ് പിരാമൽ വീട് വാങ്ങിയത്.