Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജപ്പാനിലെ ഹൈടെക് ശുചിമുറികള്‍ ഇനി അമേരിക്കയിലേക്കും

toto-hightec-toilets 500 മുതല്‍ 10,000 ഡോളര്‍ വരെയുള്ള ശുചിമുറികളാണ് ടോടോ അവതരിപ്പിക്കുന്നത്.

ഹൈടെക് ശുചിമുറിയുമായി അമേരിക്കക്കാരെ പിടിക്കാനൊരുങ്ങുകയാണ് ജപ്പാൻ കമ്പനി. ജപ്പാനിലെ പ്രമുഖ ബാത്ത്റൂം കമ്പനിയായ ടോടോ ആണ് അത്യാധുനിക ശുചിമുറി അനുഭവം ഉപഭോക്താക്കൾക്കു നൽകാനായി സാൻഫ്രാൻസിസ്കോയിൽ ഷോറൂം തുറന്നിരിക്കുന്നത്.

'വരൂ കാര്യം സാധിക്കൂ' എന്നു പറഞ്ഞാണ് പരസ്യംതന്നെ. ആരെയും വീഴ്ത്തുന്ന സൗകര്യങ്ങളാണ് കൺസപ്റ്റ് 190 എന്ന ഷോറൂമിൽ ഒരുക്കിയിരിക്കുന്നത്. പരീക്ഷണാർഥം ഒരുക്കിയിരിക്കുന്ന ഷോറൂമിലെ ശുചിമുറിയിലേക്ക് ഒരാൾ പ്രവേശിച്ചാൽ മുറിയിലെ ലൈറ്റുകൾ താനേ ഓണാകും. ടോയ്‌ലറ്റ് സീറ്റ് ഓട്ടമാറ്റികായി ഉയരും. ചെറുചൂടുള്ള ടോയ്‌ലറ്റ് സീറ്റിൽ ഇരുന്നുകഴിഞ്ഞാൽ ലൈറ്റെല്ലാം അണഞ്ഞ് മുറിയിൽ പ്രൊജക്ടർ വഴി ദൃശ്യങ്ങൾ തെളിയും. ഷോറൂമിൽ ഒരുക്കിയിരിക്കുന്നത് ബഹിരാകാശ ദൃശ്യങ്ങളാണ്. ചുരുക്കിപ്പറഞ്ഞാൽ കാര്യംസാധിക്കാനെത്തിയിട്ട് പാർക്കിൽ കയറിയ അനുഭവങ്ങളാകും. 

സെൻസറുകളാണ് ശുചിമുറികളെ ഹൈടെക് ആക്കുന്നത്. ടോയ്‌ലറ്റ് സീറ്റിന്റെ താപനില ക്രമീകരിക്കാൻ കഴിയും. കഴുകാൻ ഉപയോഗിക്കുന്ന വെള്ളംചീറ്റുന്ന സ്പ്രേകളും ഹൈടെക് ആണ്. ഇതു രണ്ടുവശത്തുനിന്നും വെള്ളം ചീറ്റും. ഇതിലെ വെള്ളത്തിന്റെ താപനിലയും ചീറ്റുന്നതിന്റെ മർദവും ക്രമീകരിക്കാനുള്ള സൗകര്യമുണ്ട്. ടോടോ അവതരിപ്പിച്ച ശുചിമുറികൾ ഏറെയും സ്വയം ശുചിയാക്കുന്നവയാണ്.

toto-toilet

ഷോറൂമിന് കൃത്യമായ ഓഫിസ് സമയമൊന്നുമില്ല. ഇടയ്ക്കിടെ ജപ്പാന്റെ സാംസ്കാരികത്തനിമ വിളിച്ചോതുന്ന പരിപാടികള്‍ ഷോറൂമില്‍ സംഘടിപ്പിക്കാന്‍ ടോടോ ലക്ഷ്യമിടുന്നുണ്ട്. പരിപാടിക്കൊപ്പം ഭക്ഷണവും പാനീയങ്ങളുമൊക്കെ കിട്ടുന്ന സ്റ്റാളുകളും ഒരുക്കും. കുടിയും തീനും കഴിഞ്ഞാല്‍ ശുചിമുറി ആവശ്യം വരുമല്ലോ എന്നൊരു കണക്കുകൂട്ടല്‍ കൂടിയുണ്ടത്രേ!.

ജപ്പാനിലെ ഹൈടെക് ശുചിമുറികള്‍ പ്രശസ്തമാണെങ്കിലും അമേരിക്കയില്‍ അത്ര പ്രചാരത്തിലില്ല. ഇതിനൊരു മാറ്റം വരുത്താനാണ് ടോടോയുടെ പുതിയ നീക്കം. 500 മുതല്‍ 10,000 ഡോളര്‍ വരെയുള്ള ശുചിമുറികളാണ് ടോടോ അവതരിപ്പിക്കുന്നത്.