സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ വേദി മാത്രമല്ല ചുവപ്പുകോട്ട!

ലാഹോറി ഗേറ്റിനുമുകളിൽ ഇന്ത്യയുടെ ദേശീയപതാക എപ്പോഴും ഉയർത്തിയിരിക്കും. ഇതിനു മുന്നിലെ തട്ടിൽ നിന്നാണ് ഇന്ത്യൻ പ്രധാനമന്ത്രി സ്വാതന്ത്ര്യദിനത്തിൽ പ്രസംഗം നടത്തുന്നത്.

രാജ്യം എഴുപതാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. ഡൽഹിയിലെ ആഘോഷങ്ങളുടെ കേന്ദ്രബിന്ദു റെഡ്‌ഫോർട്ട് എന്ന മുഗൾ ഭരണകാലത്തെ കോട്ടയാണ്. പ്രധാനമന്ത്രി പതാക ഉയർത്തുന്നതും രാജ്യത്തെ അഭിസംബോധന ചെയ്യുന്നതും റെഡ്‌ഫോർട്ടിൽ നിന്നാണ്. എന്നാൽ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ വേദി മാത്രമല്ല റെഡ്‌ഫോർട്ട്! അതിനുമപ്പുറം വിശേഷങ്ങൾ ചെങ്കോട്ടയ്ക്ക് പറയാനുണ്ട്. 

ചരിത്രത്തിന്റെയും നിർമാണവൈദഗ്ധ്യത്തിന്റെയും നിറകുടമാണ് ചെങ്കോട്ട. പഴയ ഡെൽഹിയിൽ മുഗൾ ഭരണാധികാരിയായിരുന്ന ഷാജഹാൻ ചക്രവർത്തിയാണ് റെഡ് ഫോർട്ട് അഥവാ ചെങ്കോട്ട പണികഴിപ്പിച്ചത്. ഷാജഹാൻ ഇതിന് 'കില ഇ മുഅല്ല' എന്നാണ് പേരിട്ടിരുന്നത്. ചുവന്ന മണൽക്കല്ലുകൊണ്ട് പൊതിഞ്ഞവയാണ് കോട്ടയുടെ ഭൂരിഭാഗം പുറംഭിത്തികളും. അങ്ങനെയാണ് ചെങ്കോട്ട എന്ന വിളിപ്പേര് വന്നത്. അകത്തുള്ള രാജകീയമന്ദിരങ്ങൾ വെണ്ണക്കല്ലിൽ തീർത്തവയാണ്. 

രണ്ട്‌ കിലോമീറ്റർ ചുറ്റളവിൽ ഈ കോട്ട സ്ഥിതി ചെയ്യുന്നു. 1857-ൽ അന്നത്തെ മുഗൾ ഭരണാധികാരിയായിരുന്ന ബഹദൂർ ഷാ സഫറിൽ നിന്ന് ബ്രിട്ടീഷ് സർക്കാർ ചുവപ്പു കോട്ട പിടിച്ചടക്കും വരെ ഇത് മുഗൾ രാജവംശത്തിന്റെ തലസ്ഥാനമായി നില കൊണ്ടിരുന്നു.

ലാഹോറി ഗേറ്റ്

കോട്ടയുടെ പ്രവേശനകവാടമാണ് പടിഞ്ഞാറുവശത്തുള്ള ലാഹോറി ഗേറ്റ്. ലാഹോറിനോടഭിമുഖമായതിനാലാണ് ഈ പേര്. ചുവന്ന മണൽക്കൽ പാളികൾ കൊണ്ടലങ്കരിച്ചിട്ടുള്ള ലാഹോറി ഗേറ്റിന്റെ ഇരുവശവും ഭാഗിക അഷ്ടഭുജാകൃതിയിലുള്ള ഗോപുരങ്ങളുണ്ട്. രണ്ടിനുമിടയിലായി മുകളിൽ വെണ്ണക്കൽ താഴികക്കുടങ്ങളോടു കൂടിയ ഏഴ് ഛത്രികളുമുണ്ട്. ഗേറ്റിന് പുറത്തേക്ക് തള്ളിനിൽക്കുന്ന എടുപ്പ് ഷാജഹാന്റെ പുത്രൻ ഔറംഗസേബാണ് പണിയിച്ചത്. ഈ എടുപ്പിന് ഇടതുവശത്തുള്ള കവാടത്തിലൂടെയാണ് ലാഹോറി ഗേറ്റിനു മുമ്പിലുള്ള തളത്തിലേക്ക് പ്രവേശിക്കുന്നത്.

ലാഹോറി ഗേറ്റിനുമുകളിൽ ഇന്ത്യയുടെ ദേശീയപതാക എപ്പോഴും ഉയർത്തിയിരിക്കും. ലാഹോറി ഗേറ്റിനു മുന്നിലെ തട്ടിൽ നിന്നാണ് ഇന്ത്യൻ പ്രധാനമന്ത്രി സ്വാതന്ത്ര്യദിനത്തിൽ പ്രസംഗം നടത്തുന്നത്.

ഛത്ത ചൗക്ക്

ലാഹോറി ഗേറ്റ് കടന്ന് കോട്ടക്കുള്ളിലേക്ക് പ്രവശിക്കുമ്പോൾ കാണുന്ന ഇരുവശത്തും വാണിജ്യസ്ഥാപനങ്ങളോടുകൂടിയ ഇടനാഴിയാണ് ഛത്ത ചൗക്ക് അഥവാ ഛത്ത ബസാർ. മേൽക്കൂരയുള്ള ചന്ത എന്നാണ് ഈ പേരിനർത്ഥം. പെഷവാറിലെ വാണിജ്യകേന്ദ്രത്തിന്റെ മാതൃകയിലാണ് ഷാജഹാൻ ഈ ചന്ത ആരംഭിച്ചത്. മേൽക്കൂരയുള്ള ഇത്തരം വാണിജ്യസ്ഥാപനങ്ങൾ പതിനേഴാം നൂറ്റാണ്ടിൽ, ഇന്ത്യയിൽ അപൂർവ്വമായിരുന്നു. മേൽക്കൂരയുള്ള ഇടനാഴിക്ക് ഇരുവശത്തും 32 വീതം പീടികകൾ രണ്ടുനിലകളിലായുണ്ട്. മുഗൾ കാലത്ത് ഈ ചന്തയിലെ സ്ഥാപനങ്ങൾ രാജകുടുംബാംഗങ്ങൾക്കുള്ള ആഡംബരവസ്തുക്കളായിരുന്നു വിപണനം നടത്തിയിരുന്നത്. ഇന്ന് ഇതിന്റെ താഴെയുള്ള നിലയിൽ കച്ചവടസ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്.

നോബത്ഖാന

മുഗൾ കൊട്ടാരങ്ങളുടെ കവാടത്തിൽ കണ്ടുവരുന്ന വാദ്യസംഘങ്ങളുടെ കേന്ദ്രമാണ് നോബത്ഖാന. ഛത്ത ചൗക്കിന് കിഴക്കുള്ള ഉദ്യാനത്തിനപ്പുറത്താണ് ചെങ്കോട്ടയിലെ നോബത്ഖാന സ്ഥിതിചെയ്യുന്നത്. മുഗൾ ഭരണകാലത്ത് ഇവിടെ അഞ്ചുനേരം വാദ്യാലാപനം നടന്നിരുന്നു. ചിത്രപ്പണികളുള്ള ചുവന്ന മണൽക്കല്ല് പൊതിഞ്ഞലങ്കരിച്ചിട്ടുള്ളതും മദ്ധ്യത്തിൽ കവാടമുള്ള ദീർഘചതുരാകൃതിയിലുള്ള ഈ മൂന്നുനിലക്കെട്ടിടത്തിന്റെ മൂന്നുവശവും ഇപ്പോൾ വെള്ളപൂശിയിട്ടുണ്ട്.

നോബത്ഖാനയുടെ മുകളിലെ നിലയിൽ ഇപ്പോൾ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ പരിപാലിക്കുന്ന ഇന്ത്യൻ യുദ്ധസ്മാരക മ്യൂസിയമാണ്.

ദിവാൻ-ഇ ആം

മുഗൾ കൊട്ടാരങ്ങളിൽ ചക്രവർത്തി സാധാരണ ജനങ്ങളുമായി സംവദിക്കുന്ന വിശാലമായ മണ്ഡപമാണ് ദിവാൻ-ഇ ആം. 40 തൂണുകളോടുകൂടിയ വാസ്തുകലാരീതിയിലാണ് ഇത്തരം മണ്ഡപങ്ങൾ നിർമ്മിക്കുന്നത്. നോബത്ഖാനക്കു കിഴക്കുള്ള ഉദ്യാനത്തിനുശേഷം ചെങ്കോട്ടയിലെ ദിവാൻ-ഇ ആം കാണാം. ഇതിന് മദ്ധ്യത്തിൽ ഒരരികത്ത് അലങ്കരിക്കപ്പെട്ട ഉയർത്തിയ വെണ്ണക്കൽത്തട്ടിൽ ചക്രവർത്തിയുടെ ഇരിപ്പിടമുണ്ട്. 

ദിവാൻ-ഇ ഖാസ്

മുഗൾ കൊട്ടാരങ്ങളിൽ ചക്രവർത്തി, ഉന്നതരായ പ്രഭുക്കളുമായി കൂടിക്കാഴ്ച നടത്തുന്ന മന്ദിരമാണ് ദിവാൻ-ഇ ഖാസ്. കിഴക്കേ അറ്റത്തുള്ള ഉയർന്ന തട്ടിൽ ഹമ്മത്തിന് തെക്കായി ചെങ്കോട്ടയിലെ ദിവാൻ-ഇ ഖാസ് സ്ഥിതിചെയ്യുന്നു. ചതുരാകൃതിയിലുള്ള തൂണുകൾ നിറഞ്ഞ ഈ കെട്ടിടം വെണ്ണക്കല്ലിൽ തീർത്തതാണ്. 

മേൽക്കൂരയിലെ നാലു മൂലയിലും ഛത്രികളുണ്ട്. തൂണുകളിലെ വെള്ളക്കല്ലുകളിൽ വിവിധവർണ്ണങ്ങളിലുള്ള കല്ലുകൾ ഉപയോഗിച്ചുള്ള അലങ്കാരപ്പണികളുണ്ട്. ഈ മന്ദിരത്തിലുള്ള വെണ്ണക്കൽത്തട്ടിലായിരുന്നു വിഖ്യാതമായ മയൂരസിംഹാസനം ഇരുന്നിരുന്നത്. ഈ കെട്ടിടത്തിന്റെ വടക്കും തെക്കും ഭാഗത്തെ മൂലകളിലുള്ള കമാനങ്ങളിൽ, "ഭൂമിയിൽ ഒരു സ്വർഗ്ഗമുണ്ടെങ്കിൽ അത് ഇതാണ്, ഇതാണ്, ഇതാണ്" എന്ന ആമിർ ഖുസ്രോയുടെ പ്രശസ്തമായ വരികൾ കൊത്തിയിട്ടുണ്ട്.  

ഖാസ് മഹൽ

മുഗൾ കൊട്ടരാരങ്ങളിൽ ചക്രവർത്തിയുടെ സ്വകാര്യമുറികളെയാണ് ഖാസ് മഹൽ എന്നറിയപ്പെടുന്നത്. ദിവൻ-ഇ ഖാസിന് തൊട്ടു തെക്കായി ഉയർന്ന തട്ടിൽത്തന്നെയാണ് ചെങ്കോട്ടയിലെ ഖാസ് മഹൽ സ്ഥിതിചെയ്യുന്നത്. ഇതിന് മൂന്നു ഭാഗങ്ങളുണ്ട്. ദിവാൻ ഇ-ഖാസിന് അഭിമുഖമായുള്ള മൂന്നു മുറികൾ തസ്ബി ഖാന എന്നറിയപ്പെടുന്നു. ചക്രവർത്തി സ്വകാര്യ ആരാധനക്കാണ് ഈ മുറികൾ ഉപയോഗിച്ചിരുന്നത്. ഇതിനു പുറകിലുള്ള മൂന്നു മുറികളാണ് ഖ്വാബ്ഗാഹ് അഥവാ കിടപ്പുമുറികൾ. ഇതിന്റയും തെക്ക്, ചുമരുകളിലും മച്ചിലും ചിത്രപ്പണികളോടുകൂടിയ ഒരു നീണ്ട ഹാളുണ്ട്. ഇതാണ് തോഷ് ഖാന അല്ലെങ്കിൽ ബേഠക് എന്നറിയപ്പെടുന്ന ഇരുപ്പുമുറി. ഈ ഹോളിന്റെ വടക്കേവശത്ത് നഹർ-ഇ ബിഹിഷ്ടിന് മുകളിലായി, മുകളിൽ നീതിയുടെ ചിഹ്നമായ ത്രാസിന്റെ ചിത്രം കൊത്തിവച്ചിട്ടുള്ള വെണ്ണക്കല്ലുകൊണ്ടുള്ള ജനാല ശ്രദ്ധേയമാണ്.

ഖാസ് മഹലിലെ ഖ്വാബ്ഗാഹിൽ തെക്കുവശത്തുള്ള കമാനത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതനുസരിച്ച് ഈ കെട്ടിടം 1639-ൽ പണിയാനാരംഭിക്കുകയും 1648-ൽ പണിപൂർത്തിയാകുകയും ചെയ്തു. 50 ലക്ഷം രൂപയാണ് ഇതിന്റെ പണിക്കായി ചെലവായത്. ഇത് എല്ലാ കൊട്ടാരങ്ങൾക്കും വേണ്ടിവന്ന തുകയായിരിക്കുമെന്ന് കരുതുന്നു.

മുംതാസ് മഹൽ

കോട്ടക്കകത്തെ കിഴക്കേ അറ്റത്തെ വരിയിൽ ഏറ്റവും തെക്കേ അറ്റത്തുള്ള നിർമ്മിതിയാണ് മുംതാസ് മഹൽ. ഇതിന്റെ ചുമരുകളുടെ അടിഭാഗവും തൂണുകളും വെണ്ണക്കല്ലുകൊണ്ട് നിർമ്മിച്ചതാണ്. കമാനങ്ങൾ കൊണ്ട് തിരിച്ചിട്ടുള്ള ആറ് മുറികൾ ഈ കെട്ടിടത്തിനകത്തുണ്ട്. മുഗൾ കാലത്തെ ചരിത്രശേഷിപ്പുകൾ പ്രദർശിപ്പിക്കുന്ന കാഴ്ചബംഗ്ലാവായി ഇപ്പോൾ ഈ കെട്ടിടം ഉപയോഗപ്പെടുത്തുന്നു.

2007-ൽ യുനെസ്കോ ലോകപൈതൃകസ്ഥാനങ്ങളുടെ പട്ടികയിൽ ചെങ്കോട്ടയുടെ പേരും ഉൾപ്പെടുത്തിയിട്ടുണ്ട്.

Read more on Independence Day Architecture Wonders