നൂറ്റാണ്ടുകൾ പഴക്കമുള്ള പുൽവീടുകൾ വിസ്മൃതിയിലേക്ക്

സംരക്ഷണച്ചെലവു കൂടിയതോടെ ഗോത്രജനത പരമ്പരാഗത പുൽവീടുകൾ വിട്ടൊഴിയുന്നു. കോളനികളിൽ ഉയരുന്നത് കോൺക്രീറ്റ് വീടുകൾ. ചേകാടി വലിയ ഐരാടി കോളനിയിലെ മാച്ചിയുടെ വീട്.

നൂറ്റാണ്ടുകളായി ഗോത്രസമൂഹം അധിവസിച്ചിരുന്ന പരമ്പരാഗത പുൽവീടുകൾ ഇല്ലാതാകുന്നു. ഗോത്രസംസ്കൃതിയെ തകിടംമറിക്കും വിധത്തിൽ ഇവരുടെ ആവാസ കേന്ദ്രങ്ങൾ നഗരവൽക്കരിക്കപ്പെടുകയാണ്. ശാന്തതയും കുളിർമയും നിലനിന്നിരുന്ന പരമ്പരാഗത വീടുകൾക്ക് പകരമായി കോളനികളിൽ ഉയരുന്നത് കോൺക്രീറ്റ്, ഓട് വീടുകൾ മാത്രം. വീടുകളുടെ മാറ്റം ഗോത്രജനതയുടെ ജീവിത സംസ്കാരത്തെയും മാറ്റിമറിച്ചിരിക്കുയാണ്. വീട് മേയാൻ വൈക്കോൽ വേണ്ടിയിരുന്നതിനാൽ  മുടങ്ങാതെ നെൽകൃഷി ചെയ്തിരുന്നവർ കൃഷിയെ കൈവിട്ടു. മുളയെ സംരക്ഷിച്ചിരുന്നവർ ഇപ്പോൾ അതിനും മിനക്കെടുന്നില്ല. അവശേഷിക്കുന്ന  പുൽവീടുകളെങ്കിലും നിലനിർത്താനായാൽ ഗോത്രസംസ്കാരത്തെ കുറച്ചെങ്കിലും തിരിച്ചുപിടിക്കാം. 

അവശേഷിക്കുന്നവ സംരക്ഷിക്കാൻ പദ്ധതി വേണം

ജില്ലയിലെ പ്രധാന ഗോത്ര കേന്ദ്രങ്ങളിലൊന്നാണ് ചേകാടി വനഗ്രാമം. കബനിപ്പുഴയുടെ കരയിൽ വനം അതിർത്തി തിരിച്ച ഈ ഗ്രാമം വിലങ്ങാടി മുതൽ താഴശ്ശേരി വരെ വ്യാപിച്ചു കിടക്കുന്നു. പുൽപള്ളി പഞ്ചായത്തിലെ ഒന്നാം വാർഡായ ചേകാടിയിൽ ചെറുതും വലുതുമായ 24 കോളനികളിലായി മുന്നൂറിൽ പരം വീടുകളുണ്ട്. അടിയ, പണിയ, കാട്ടുനായ്ക്ക, ഊരാളി വിഭാഗത്തിൽ പെട്ടവരാണിവർ. ഈ ഗ്രാമത്തിൽ നിറയെ പുല്ലുവീടുകളായിരുന്നു. ഏതാനും വർഷത്തെ ഊർജിത ഭവന നിർമാണ പദ്ധതികളിലൂടെ ഇനി അവശേഷിക്കുന്നതു വെറും രണ്ട് പുല്ല് വീടുകളാണ്. സംരക്ഷിക്കാൻ വകയില്ലാത്തതിനാൽ അടുത്ത മേച്ചിലിന് ഇതും പൊളിക്കാനാണ് ഇവരുടെ തീരുമാനം. പരമ്പരാഗത വീടുകൾ സംരക്ഷിക്കാൻ സർക്കാർ പദ്ധതി തയാറാക്കിയാൽ ഗോത്രജനതയ്ക്ക് ഏറെ ഗുണം ചെയ്യും. 

ലളിതം, സുന്ദരം 

വലിയ ഐരാടി കോളനിയിലെ മാച്ചിയുടെയും കട്ടക്കണ്ടി കോളനിയിലെ ബാലന്റെയും വീട്. വലിയ ഐരാടിയിൽ മാച്ചിയുടെ ഭർത്താവ് പരേതനായ വി.ഐ. മാരന്റെ പിതാവ് പാക്കൻ ഏതാണ്ട് ഒരു നൂറ്റാണ്ടിന് മുൻപ് നിർമിച്ച വീട് ഇന്നും ഗോത്ര സംസ്കാരത്തിന്റെ മായാത്ത അടയാളമായി നിൽക്കുകയാണ്. മുളയും മണ്ണും വൈക്കോലും മരവും മാത്രം ഉപയോഗിച്ച് നിർമിച്ച ഈ വീട്ടിൽ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിരുന്നു. വിളവെടുക്കുന്ന ധാന്യങ്ങൾ ഉണങ്ങാൻ വീടിന് മുകളിലെ മച്ച് ഉപയോഗിച്ചിരുന്നു. നെല്ല് കുത്താനുള്ള ഉരൽ, ധാന്യങ്ങൾ പൊടിക്കാനുള്ള മുത്താറികല്ല്, വീടിനോട് ചേർന്ന് കോഴിക്കൂട്, ചൂട് വെള്ളമടക്കം ലഭിക്കുന്ന ശുചിമുറി എന്നിവയെല്ലാമുണ്ടായിരുന്നു .വീടിനുള്ളിൽ അരിയും മറ്റും സൂക്ഷിക്കാനുള്ള പത്തായവും അടച്ചുറപ്പുള്ള മുറിയുമുണ്ട്. നിറമുള്ള മണ്ണും ചാണകവും ഉപയോഗിച്ച് മെഴുകി വൃത്തിയാക്കി സൂക്ഷിച്ച ഈ വീടുകളിൽ സദാസമയും കുളിർമയാണ്. വേനൽക്ക് തണുപ്പും തണുപ്പ് കാലത്ത് ചൂടും നിലനിൽക്കും. വീടിന് ചുറ്റുമുള്ള വരാന്തയിൽ കുടുംബാംഗങ്ങൾക്കെല്ലാം നീണ്ട് നിവർന്ന് കിടക്കാം. മൺ നിരപ്പിൽ നിന്ന് ഒന്നരമീറ്ററിലധികം ഉയരത്തിലാണ്  തറ, മഴക്കാലത്ത് വെള്ളവും ഈർപ്പവും കയറാതിരിക്കാനാണിത്. മാച്ചിയും മകൻ മാതപ്പനും ഭാര്യയും കുട്ടിയുമാണ് ഇപ്പോൾ ഈ വീട്ടിൽ താമസിക്കുന്നത്. ബാക്കി മക്കളെല്ലാം സർക്കാർ വക കോൺക്രീറ്റ് വീട്ടിലേക്ക് മാറി. വീട് സംരക്ഷിക്കാൻ വർഷം 30,000 രൂപയോളം വേണ്ടി വരുന്നുവെന്ന് മാച്ചി പറയുന്നു. വർഷാവർഷം വൈക്കോൽ വാങ്ങി നന്നായി മേയണം. നല്ല മേച്ചിൽകാരെയും നാട്ടിൽ കിട്ടാതായി. ഇക്കൊല്ലം വീട് പൊളിക്കാൻ ആലോചിച്ചിരുന്നു. ചേകാടിയിലെ ഫാർമേഴ്സ് ക്ലബ് ഇടപെട്ട് വീടിനെ നിലനിർത്തുകയായിരുന്നു. 

നിലനിർത്താം, ഈ തലയെടുപ്പ് 

പ്രകൃതി സൗഹൃദം വിളിച്ചോതുന്ന ഇത്തരം വീടുകളിൽ കഴിയാനാണ് മിക്കവർക്കും താൽപര്യം. എന്നാൽ സർക്കാർ പദ്ധതിയിൽ അതിന് വകുപ്പില്ല. ഭവന നിർമാണ രംഗത്തെ പുരോഗമനം ആദിവാസികളുടെ ജീവിത രീതിയെയും മാറ്റിമറിക്കുന്നു. സ്വന്തമായി പാടമില്ലാത്തവർ പാട്ടത്തിനെടുത്തും നെൽകൃഷി ചെയ്തിരുന്നു. 

ഇപ്പോൾ സ്വന്തം പാടവും വെറുതെയിടുന്നു. ഇതോടൊപ്പമുണ്ടായിരുന്ന കന്നുകാലി വളർത്തലും ഇല്ലാതായി. ഗോത്രമേഖലയിൽ തലയെടുപ്പോടെ നിൽക്കുന്ന  ഭവനങ്ങളെ പരമ്പരാഗത വീടുകളായി പരിഗണിച്ചു സംരക്ഷിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.