Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാട്ടിൻപുറം നന്മകളാൽ സമൃദ്ധം, ഈ വീടും...

traditional-home-kanjiramattom

എന്റെ പേര് റെനി ജോസ്. പ്രവാസിയാണ്. നാട്ടിൽ വീട് പണിയാൻ ആലോചിച്ചപ്പോൾതന്നെ നഗരത്തിലേക്ക് ചേക്കേറി വീട് പണിയൂ, എന്ന് സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും നിർബന്ധം തുടങ്ങി. പ്രവാസിയായതുകൊണ്ട് എനിക്ക് നാടിനോട് വൈകാരികമായ അടുപ്പവുമുണ്ട്. ഒടുവിൽ എന്റെ വാശി തന്നെ ജയിച്ചു. എന്റെ നാടായ കോട്ടയം ജില്ലയിലെ കാഞ്ഞിരമറ്റത്ത് പറമ്പിലെ റബർതോട്ടത്തിനോട് ചേർന്നാണ് വീട് പണിതത്. 

kanjiramattom-house-view

ഫ്ളാറ്റ് ജീവിതത്തിന്റെ ഉയരങ്ങളിൽ നിന്നും താഴെക്കിറങ്ങി, സ്വന്തമായി പണിയുന്ന വീട്, കാഴ്ചയിൽ കേരളീയത തുളുമ്പുന്നതും എന്നാൽ അകം സമകാലിക ശൈലിയിലും ആകണമെന്ന് നേരത്തേ തന്നെ ഡിസൈനർ ശ്രീകാന്ത് പങ്ങപ്പാടിനോട് പറഞ്ഞിരുന്നു. 

വിസ്തൃതിയാർന്ന പറമ്പിന്റെ റോഡിനോട് ചേർന്നുള്ള സ്ഥലം നിരപ്പാക്കിയാണ് വീടുപണി ആരംഭിച്ചത്. അറ്റാച്ച്‍ഡ് ബാത്ത് റൂമുകളുള്ള വലിയ നാല് കിടപ്പുമുറികളും, ഫോർമൽ, ഫാമിലി ലിവിംഗും, ഡൈനിംഗ് ഹാളും, അടുക്കളയും, വർക്ക് ഏരിയ, സർവന്റ്സ് ബെഡ്റൂമും ചേർത്ത് 2870 സ്ക്വയർഫീറ്റിലാണ് ഒരുനില യൂട്ടിലിറ്റി ഹോം രൂപകല്പന ചെയ്തിരിക്കുന്നത്. പടിഞ്ഞാറ് ദർശനമായ വീടിനെ ചൂടിൽ നിന്നും സംരക്ഷിക്കാനായി നീളൻ വരാന്തയും പോർച്ചും കിടപ്പുമുറിക്ക് ബേ വിൻഡോയും മുഖകാഴ്ചയിൽ നൽകി. 

kanjiramattom-house-living

മുഖകാഴ്ചയിൽ ട്രസ് റൂഫിലെ ബേ വിൻഡോക്കും മുഖപ്പിനും തേക്ക് ഫിനിഷ് ചെയ്ത് ക്ലാസിക്ക് കേരള വീടുകളുടെ രൂപ ഭംഗിയും നൽകിയിട്ടുണ്ട്. മുൻവാതിൽ തുറന്ന് പ്രവേശിക്കുന്ന ഫോയറും, റൂഫിൽ ചെയ്തിരിക്കുന്ന ഫ്രഷ് ഹയർ പർഗോളയുമാണ് വീടിന്റെ മറ്റൊരാകർഷണം. ഫോയറിൽ നിന്നും നേരിട്ട് ഫാമിലി ലിവിംഗിലേക്കും ഒപ്പം കുടുംബകൂട്ടായ്മകൾക്കുതകുന്ന പ്രാർത്ഥനാ ഇടത്തേക്കും നേരിട്ട് പ്രവേശിക്കാവുന്ന വിധത്തിലാണ് പണി തീർത്തിരിക്കുന്നത്.

kanjiramattom-house-hall

ഡൈനിംഗ് ഹാളിൽ നിന്നും കിഴക്കോട്ട് ഇറങ്ങി പറമ്പിൽ നിന്നുമുള്ള തണുത്ത കാറ്റേറ്റ് വിശ്രമിക്കാവുന്ന ഫാമിലി സിറ്റൗട്ടും സജ്ജീകരിച്ചിരിക്കുന്നു. മിനിമൽ ഫർണിച്ചർ ഉപയോഗിച്ചിരിക്കുന്നതിനാൽ വീടിനുള്ളിൽ കൂടുതൽ സ്ഥലസൗകര്യം അനുഭവപ്പെടുന്നു. 

kanjiramattom-house-bed

ഫ്ളാറ്റ് റൂഫ് വാർത്ത് ട്രസ് റൂഫ് ചെയ്ത് തൃശൂർ ക്ലേ റൂഫ് ടൈൽ വിരിച്ചിരിക്കുന്നു. ട്രസ് റൂഫിനുള്ളിലെ സ്ഥലം ജിം, തുണി നനച്ച് ഉണങ്ങാനുള്ള സ്ഥലം, അയണിംഗ് ഏരിയ എന്നിങ്ങനെ വ്യത്യസ്തമായി വേർതിരിച്ച് യൂട്ടിലിറ്റി ഹോം എന്ന പദം അന്വർഥമാക്കിയിരിക്കുന്നു. 

kanjiramattom-house-loft
kanjiramattom-house-kitchen

ചുരുക്കത്തിൽ ഇപ്പോൾ വീട്ടിലെത്തുന്ന ബന്ധുക്കളും സുഹൃത്തുക്കളും എനിക്ക് കൈ തന്നു, 'നിന്റെ വാശി ജയിച്ചത് നന്നായി' എന്ന് പറയുമ്പോൾ എന്റെ സന്തോഷം ഒന്നുകൂടി വർധിക്കുന്നു. നാട്യപ്രധാനം നഗരം ദാരിദ്രം, നാട്ടിൻപുറം നന്മകളാൽ സമൃദ്ധം എന്ന ശൈലി കുറഞ്ഞത്, എന്റെ നാടിനെ സംബന്ധിച്ചിടത്തോളം അന്വർഥമാണ്.

kanjiramattom-house-plot

Project Facts

Location- Kanjiramattam, Kottayam

Area- 2870 SFT

Owner- Reni Jose

Designer-Sreekanth Pangapattu

PG Group Designs, Kanjirappilly

Mob: 9447114080

Email : pggroupdesigns@gmail.com