പെപ്പർ ഫ്രൈ- 5 വര്‍ഷം കൊണ്ട് ഒാണ്‍ലൈന്‍ വില്‍പ്പനയിലൂടെ നേടിയത് 1000 കോടി!

അഞ്ചുവര്‍ഷങ്ങള്‍ക്കിപ്പുറം ഫര്‍ണിച്ചര്‍ മാത്രമല്ല ഹോം ഡെക്കോര്‍ വിഭാഗത്തിലും അടുക്കള ഉപകരണങ്ങളിലും വരെ എത്തിനില്‍ക്കുന്നു പെപ്പര്‍ ഫ്രൈ.

ഫര്‍ണിച്ചറും പാത്രങ്ങളും അലങ്കാരവസ്തുക്കളും പോലെ ഒരു വീട്ടിലേക്കുവേണ്ട സകലസാധനങ്ങളും ഒരു കുടക്കീഴില്‍. ഈ ആശയവുമായി എത്തിയ പെപ്പര്‍ ഫ്രൈ എന്ന ഇന്ത്യന്‍ ഗാര്‍ഹിക ബ്രാന്‍ഡ് അ‍ഞ്ചുവര്‍ഷം കൊണ്ട് ഒാണ്‍ലൈന്‍ വില്‍പ്പനയിലൂടെ ആയിരംകോടിയിലധികം വിറ്റുവരവാണ് നേടിയത്. 

പെപ്പര്‍ ഫ്രൈ  സമീപകാലത്തെ ഏറ്റവും ഹിറ്റായ ഗാര്‍ഹിക ബ്രാന്‍ഡ് ആണ്. മേശയും കസേരയും കട്ടിലുമെല്ലാം ഉള്‍പ്പെടുന്ന ഫര്‍ണിച്ചര്‍ ശ്രേണിക്കപ്പുറം ഉപഭോക്താവിന്‍റെ താല്‍പര്യങ്ങള്‍കൂടി കൂട്ടിയിണക്കി വിപണിയില്‍‍ അവതരിപ്പിച്ച വിവിധ ഉല്‍പ്പന്നങ്ങളാണ് പെപ്പര്‍ ഫ്രൈ എന്ന ബ്രാന്‍ഡിന്് വെറും അഞ്ചുവര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ വിപണിയില്‍ സ്ഥാനുമുറപ്പിച്ചത്. പരിമിതമോ അല്ലാത്തതോ ആയ സ്ഥലങ്ങളില്‍ ഉപയുക്തമാക്കാന്‍ കഴിയുന്ന രീതിയില്‍ പുതിയ രൂപവും നിറവും എന്നാല്‍ അല്‍പം ഗൃഹാതുരത്വവും ഇടകലര്‍ത്തിയുള്ള നിര്‍മാണരീതിയും ഉല്‍പ്പന്നങ്ങളുമാണ് കമ്പനിയുടെ യു.എസ്.പി. വില്‍പ്പന ഒാണ്‍ലൈന്‍വഴി മാത്രം. ചെറുതും വലുതുമായ വിലകളിലുള്ള ആയിരക്കണക്കിന് ഉല്‍പ്പന്നങ്ങള്‍ ഒാണ്‍ലൈനില്‍നിന്ന് തിര‍ഞ്ഞെടുക്കാം.  

വലിയ ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് രണ്ട് സുഹൃത്തുക്കളാണ് പെപ്പര്‍ ഫ്രൈക്ക് തുടക്കമിടുന്നത്. ഇ ബേയില്‍ ഒരുമിച്ചുജോലിചെയ്തിരുന്ന അംബരീഷ് മൂര്‍ത്തിയും ആഷിഷ് ഷായും. മറ്റ്് സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുമ്പോഴാണ് സ്വന്തമായൊരു ബിസിനസ് എന്ന ആശയത്തിലേക്ക് ഇരുവരും എത്തിച്ചേര്‍ന്നത്. 2012ല്‍ തുടങ്ങി അഞ്ചുവര്‍ഷത്തിനകം ആയിരംകോടിയുടെ വിറ്റുവരവുനേടിയ പ്രസ്ഥാനം. അഞ്ചുവര്‍ഷങ്ങള്‍ക്കിപ്പുറം ഫര്‍ണിച്ചര്‍ മാത്രമല്ല ഹോം ഡെക്കോര്‍ വിഭാഗത്തിലും അടുക്കള ഉപകരണങ്ങളിലും വരെ എത്തിനില്‍ക്കുന്നു പെപ്പര്‍ ഫ്രൈ.  

മികച്ച ഒരു ബിസിനസ് കെട്ടിപ്പടുക്കണമെങ്കില്‍ എന്താണ് വില്‍ക്കേണ്ടതെന്നും അത് എങ്ങനെ വില്‍ക്കണമെന്നും ഗ്രാഹ്യമുണ്ടാകേണ്ടതാണ് അവശ്യം വേണ്ട അടിസ്ഥാനയോഗ്യത. ഇന്ത്യന്‍ വിപണിയില്‍ ഇവിടത്തെ ഉപഭോക്താക്കള്‍ക്ക് ഫര്‍ണിച്ചര്‍ വില്‍ക്കാന്‍ തീരുമാനിച്ച ബിസിനസിലെ രണ്ട് തുടക്കക്കാര്‍ അടിസ്ഥാനമാക്കിയതും അതേ ബിസിനസ് തത്വമാണ്. 

ഒാണ്‍ലൈന്‍ വഴി ഫര്‍ണിച്ചര്‍ അടക്കമുള്ളവ കണ്ട് ഉപഭോക്താക്കള്‍ക്ക് ഒാര്‍ഡര്‍ നല്‍കാം. അതിനപ്പുറം രാജ്യത്താകമാനം ഇവിടെ കൊച്ചിയില്‍ ഉള്‍പ്പടെ ഇരുപത്തിമൂന്ന് എക്സ്്പീരിയന്‍സ് സ്റ്റുഡിയോകളും കമ്പനി ഒരുക്കിയിട്ടുണ്ട്. നേരിട്ട് കണ്ട് ഉല്‍പ്പന്നങ്ങളെ വിലയിരുത്തി ഒാണ്‍ലൈന്‍ വഴി ഒാര്‍ഡര്‍ നല്‍കാം. വില്‍പ്പനാനന്തരസേവനങ്ങളും ഉറപ്പുനല്‍കിയാണ് ഈ വിപണനം.  

ഉല്‍പ്പന്നങ്ങളിലെ വൈവിധ്യവും വളര്‍ച്ചയും ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനംവഴി സമീപഭാവിയില്‍ത്തന്നെ അയ്യായിരംകോടി രൂപയുടെ വിറ്റുവരവാണ് കമ്പനിയുടെ ലക്ഷ്യം.  അഞ്ചുവര്‍ഷം മുന്‍പുകണ്ട ഇന്ത്യന്‍ വിപണി ഇപ്പോള്‍  പുതിയ സാധ്യതകള്‍ തുറന്നിടുന്നു. മേക്ക് ഇന്‍ ഇന്ത്യ അടക്കം പ്രചോദനമാകുന്ന പുതിയ ബിസിനസ് സംസ്കാരം.  

Read more on Home Decor in Malayalam Home Decoration Magazine Malayalam