Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്ലിം ബ്യൂട്ടിയാണ് ഇപ്പോൾ ട്രെൻഡ്!

new-furniture വീടിനിണങ്ങിയ ഫർണിച്ചർ. അതിന്റെ പ്രയോജനം ചില്ലറയല്ല. മികച്ച ഫർണിച്ചർ സ്വന്തമാക്കാൻ അറിയേണ്ട കാര്യങ്ങൾ.

ഒറ്റനോട്ടത്തിൽത്തന്നെ ഫർണിച്ചർ വിളിച്ചു പറയുന്ന ചില കാര്യങ്ങളുണ്ട്. ഇന്റീരിയർ ശൈലി, വീട്ടുകാരുടെ അഭിരുചി, ജീവിതശൈലി... എന്നിവയൊക്കെ അതിൽ ചിലതു മാത്രം. അതിനാൽത്തന്നെ ഫർണിച്ചറിന്റെ കാര്യത്തിൽ വളരെ ശ്രദ്ധാലുക്കളാണ് ഇപ്പോഴെല്ലാവരും. ഒരുപാട് ഫർണിച്ചർ വാരിവലിച്ചിടുന്നതിനുപകരം ഉള്ളത് വൃത്തിയായും ഭംഗിയായും അവതരിപ്പിക്കുന്നതിനോടാണ് മിക്കവർക്കും താൽപര്യം. ഒരു മുറിയുടെ പകുതി സ്ഥലം കവരുന്ന യമണ്ടൻ സോഫയോടും ഊണുമേശയോടുമൊന്നും ഇന്നാരും മമത കാട്ടാറില്ല. ഒരു പരിധിവിട്ടുള്ള കൊത്തുപണിയുടെ കാര്യവും അങ്ങനെത്തന്നെ. ഫർണിച്ചറിന്റെ കാര്യത്തിൽ മെലിഞ്ഞ സുന്ദരന്മാർക്കും സുന്ദരികൾക്കുമാണ് ഇപ്പോൾ നല്ലകാലം. ഡിസൈൻ, മെറ്റീരിയൽ, നിറം എന്നിവ കൊണ്ടെല്ലാം ഉപയോഗത്തിനും ഇടത്തിനും നൂറ് ശതമാനം ‘ഫിറ്റ്’ ആവണമെന്ന കാര്യത്തിലേ നിർബന്ധമുള്ളൂ.

ഫർണിച്ചർ ലേഔട്ട് പ്രധാനം

ഏതൊക്കെ മുറികളിൽ എവിടെയൊക്കെ ഏതെല്ലാം തരത്തിലും വലുപ്പത്തിലുമുള്ള ഫർണിച്ചർ വേണമെന്ന് വീടുപണിയുടെ തുടക്കത്തിലേ തീരുമാനിച്ചാൽ കാര്യങ്ങൾക്കൊക്കെ ഒരു അടുക്കും ചിട്ടയുമുണ്ടാകും. ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കിയുള്ള ‘ഫർണിച്ചർ ലേഔട്ട്’ തയ്യാറാക്കിയ ശേഷം മാത്രം വീടുപണി തുടങ്ങുക എന്നതാണ് ഇതിനുള്ള വഴി.

furniture-trends ഏതെല്ലാം മുറികളിൽ എന്തൊക്കെ ഫർണിച്ചർ വേണമെന്ന് വ്യക്തമാക്കുന്ന ഫർണിച്ചർ ലേ ഔട്ട് തയാറാക്കുന്നത് കാര്യങ്ങൾ എളുപ്പമാക്കും.

വാതിലിന്റെയും ജനലിന്റെയുമൊക്കെ സ്ഥാനവും നടപ്പാതയുമൊക്കെ പരിഗണിച്ച് ഫർണിച്ചറിന് സ്ഥാനവും വലുപ്പവും നിശ്ചയിക്കുമ്പോൾ വീട്ടിലെ സ്ഥലവിനിയോഗവും ഉപയോഗക്ഷമതയും മികവുറ്റതാകും. ലൈറ്റ്, ഫാൻ, പ്ലഗ് പോയിന്റ് എന്നിവയും വാഡ്രോബിന്റെയും മറ്റും സ്ഥാനവുംകൂടി ഫർണിച്ചർ ലേഔട്ട് അനുസരിച്ച് നിശ്ചയിക്കുന്നതോടെ കാര്യങ്ങൾക്കെല്ലാം ചേർച്ചയും പൊരുത്തവും ഉണ്ടാകും.

പുതുമയായി ഡീടെയ്‌ലിങ്

കൂടുതൽ വ്യക്തമായ കാഴ്ചപ്പാടോടെയുള്ള സമീപനമാണ് ‘ഫർണിച്ചർ ഡീടെയ്‌ലിങ്’. ലേഔട്ട് തയാറാക്കി വീടുപണി തുടങ്ങിക്കഴിഞ്ഞാൽ പിന്നെ ഡീടെയ്‌ലിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിക്കാം. നിർമാണവസ്തു, നിറം, ഫിനിഷ്, ഡിസൈൻ എന്നുതുടങ്ങി ഡ്രസിങ് ടേബിളിന് എത്ര ഡ്രോയറുകൾ വേണം എന്നുവരെയുള്ള വിശദാംശങ്ങളാണ് ഈ ഘട്ടത്തിൽ തീരുമാനിക്കുന്നത്. ഇതനുസരിച്ച് ഫർണിച്ചർ പണിയിച്ചെടുക്കാനുള്ള ക്രമീകരണങ്ങൾ ചെയ്യുകയോ അല്ലെങ്കിൽ ഉചിതമായ റെഡിമെയ്ഡ് ഫര്‍ണിച്ചർ വാങ്ങുകയോ ചെയ്യാം.

latest-furniture

ഇന്റീരിയറിൽ മൊത്തമായി പിന്തുടരുന്ന ശൈലി, മുറിയുടെ വലുപ്പം, ഉപയോഗം തുടങ്ങിയ കാര്യങ്ങൾക്കനുസരിച്ചാണ് ഫർണിച്ചറിന്റെ ഡിസൈൻ തീരുമാനിക്കേണ്ടത്. ബജറ്റ്, പ്രതീക്ഷിക്കുന്ന ഈട് തുടങ്ങിയവയനുസരിച്ച് ഏത് നിർമാണവസ്തു വേണമെന്ന് നിശ്ചയിക്കാം. ജീവിതശൈലിയും ഉപയോഗവും കണക്കിലെടുത്തു വേണം മറ്റ് വിശദാംശങ്ങൾ തീരുമാനിക്കാൻ.

കസ്റ്റംമെയ്ഡ് തരംഗം

blue-sofa മുറിയുടെ വലുപ്പം, പിന്തുടരുന്ന ഇന്റീരിയർ ശൈലി തുടങ്ങിയ കാര്യങ്ങൾ അനുസരിച്ചുവേണം ഫർണിച്ചർ തിരഞ്ഞെടുക്കാൻ.

പുതുമയോടാണ് എല്ലാവർക്കും ഭ്രമം. മറ്റെങ്ങും കാണാത്ത തനിമയാർന്ന ഡിസൈനിലുള്ള ഫർണിച്ചറിനോടുള്ള താൽപര്യക്കൂടുതലിനു കാരണവും അതുതന്നെ. വീട്ടുകാരുടെ ഇഷ്ടവും അഭിരുചിയുമനുസരിച്ച് പ്രത്യേകമായി ഡിസൈൻ ചെയ്ത് നിർമിക്കുന്നതിനെയാണ് ‘കസ്റ്റംമെയ്ഡ് ഫർണിച്ചർ’ എന്നു പറയുന്നത്. വീട്ടുകാർക്കു മാത്രമായി ‘കസ്റ്റമൈസ്ഡ് ഡിസൈന്‍’ നൽകുന്നതിൽ ആർക്കിടെക്ടുമാരും ഇന്റീരിയർ ഡിസൈനർമാരും ഇപ്പോൾ വളരെയധികം ശ്രദ്ധിച്ചുതുടങ്ങിയിട്ടുണ്ട്. വസ്ത്രങ്ങളുടേതുപോലെ ഡിസൈനർ ഫർണിച്ചറിനായുള്ള ബുട്ടീക്കുകളും കേരളത്തിലെത്തിക്കഴിഞ്ഞു. പണത്തെക്കാള്‍ ഫർണിച്ചറിന്റെ ഡിസൈൻ മൂല്യത്തിന് വിലകൽപിക്കുന്നവരാണ് ഈ ശൈലിയുടെ ആരാധകർ.

പഴയത് പുതുക്കാം

blue-yellow ആകർഷകമായ നിറത്തിലും ഡിസൈനിലുമുള്ള ഫർണിച്ചർ ഇന്റീരിയറിന്റെ പൊലിമ കൂട്ടും.

പഴയ ഫര്‍ണിച്ചറിനെ അത്ര വില കുറച്ച് കാണേണ്ടതില്ല എന്നതാണ് പുതിയ കാഴ്ചപ്പാട്. പഴയ വീട്ടിലുണ്ടായിരുന്ന ഫർണിച്ചർ ‘ആന്റിക്’ എന്ന രീതിയിൽ പുനരുപയോഗിക്കുന്നവർ ഏറെയാണ്. അപ്ഹോൾസ്റ്ററി മാറ്റുന്നതു പോലെയുള്ള ചില്ലറ പരിഷ്കാരങ്ങൾ വരുത്തിയും പഴയവ പ്രയോജനപ്പെടുത്താം. പുനരുപയോഗം എന്ന ആശയം പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ചെലവ് കുറയ്ക്കാനും ഈ നീക്കം സഹായിക്കും.

പഴയതായാലും പുതിയതായാലും ഫർണിച്ചർ സ്വന്തമാക്കും മുമ്പ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഇതാ:

∙ ഉപയോഗിക്കുന്നവരുടെ ശരീരവലുപ്പത്തിന് ഇണങ്ങുംവിധം (എര്‍ഗണോമിക്സ്) രൂപകൽപന ചെയ്ത ഫർണിച്ചർ വേണം തിര‍ഞ്ഞെടുക്കാൻ.

∙ സൗന്ദര്യസങ്കൽപം ആപേക്ഷികമാണെങ്കിലും ഫർണിച്ചറിന്റെ അളവുകോലുകളും അനുപാതവും മികവുറ്റതായിരിക്കണം.

∙ ഗുണനിലവാരമുള്ള നിർമാണവസ്തുക്കൾ അവയുടെ തനിമയോടെ തന്നെ അവതരിപ്പിക്കുന്ന തരത്തിലുള്ള ഫർണിച്ചറിന് ആരെയും ആകർഷിക്കാനാകും.

∙ നിർമാണവൈദഗ്ധ്യത്തിന് അതിന്റേതായ മൂല്യമുണ്ട്. പ്രതിഭാധനരായ തൊഴിലാളികളുടെ സാന്നിധ്യം ഫർണിച്ചറിന്റെ മാറ്റു കൂട്ടും.

വിവരങ്ങൾക്ക് കടപ്പാട്:

ഹരികൃഷ്ണൻ ശശിധരൻ, ആർക്കിടെക്ട്

നോ ആർക്കിടെക്ട്സ് ആൻഡ് സോഷ്യല്‍ ആർട്ടിസ്റ്റ്സ്, കൊല്ലം

ജാനിസ് നഹ സജീദ്, ഇന്റീരിയർ ഡിസൈനർ,

360 ഡിഗ്രി ഡിസൈൻ, കോഴിക്കോട്

ചിത്രങ്ങൾക്ക് കടപ്പാട്:

വെൻച്യുറ ഇന്റീരിയേഴ്സ്, ഇൻഫന്ററി റോഡ്, ബെംഗളൂരു