ഫൗണ്ടേഷൻ- ചെലവ് ചുരുക്കാം

ഫൗണ്ടേഷൻ

∙ വെള്ളക്കെട്ടുള്ള സ്ഥലമാണെങ്കിൽ മുളംകുറ്റികൾ അടിച്ചു താഴ്ത്തിയുള്ള ബാംബൂ പൈലിങ് ചെയ്യാം. മുളംകുറ്റികളുടെ അറ്റം ചെത്തികൂർപ്പിക്കാതെ പരന്നിരിക്കണം. ഇങ്ങനെ ഫൗണ്ടേഷൻ ചെയ്താൽ അടിത്തറയുടെ ചെലവ് 50 ശതമാനത്തിൽ കൂടുതൽ കുറയ്ക്കാൻ സാധിക്കും.

∙ ആവശ്യത്തിനും അനാവശ്യത്തിനും തറയ്ക്ക് മുകളിൽ കോൺക്രീറ്റ് ബെൽറ്റ് ചിലർ കൊടുക്കാറുണ്ട്. തറയുടെ അത്ര തന്നെ വീതി ബെൽറ്റിന് കൊടുക്കണമെന്നില്ല. ബെൽറ്റിന് വീതിയേക്കാൾ പ്രധാനം കനം കൂട്ടുക എന്നതാണ്. വീതി കുറച്ച് കനം കൂട്ടി ബെൽറ്റ് കോൺക്രീറ്റ് ചെയ്യുന്നതാണ് ഉത്തമം. വീതി കുറച്ചാൽ കമ്പിയും കോൺക്രീറ്റും കുറയും.

∙ വില കൂടിയ മരത്തിന്റെ പണികൾ പരമാവധി ഒഴിവാക്കി മരം പോലെ തന്നെ തോന്നിക്കുന്ന തരത്തിൽ സിമന്റിൽ വർക് ചെയ്ത് പെയിന്റ് ചെയ്ത് ഭംഗിയാക്കാം.

ചുവരു കെട്ടുമ്പോൾ

∙ തേക്കാത്ത ചുവർ ലാഭകരമാണ്. ഇടയ്ക്കിടെയുള്ള പെയിന്റിങ് ലാഭിക്കാം. സിമന്റിന്റെയും തേപ്പിന്റെയും ചെലവും ലാഭിക്കാം.

∙ ഭിത്തി കെട്ടാൻ നാടൻ ചുടുകട്ടയാണ് നല്ലത്. സാധാരണ കെട്ടിനു പകരം റാറ്റ് ട്രാപ് ബോണ്ട് രീതി ഉപയോഗിച്ചാൽ 30 ശതമാനം സിമന്റും മണലും ലാഭിക്കാം.

∙ ഡൈനിങ് റൂമിനും അടുക്കളയ്ക്കും ഇടയ്ക്കുള്ള ഭിത്തിക്കു പകരം ഇരുവശത്തുനിന്നും തുറക്കാവുന്ന കബോർഡ് ആക്കാം.

സീലിങ്

∙ ഇപ്പോൾ മിക്ക വീടുകളിലും ഫോൾസ് സീലിങ് കണ്ടുവരാറുണ്ട്. ബീമും മറ്റും കാരണം സീലിങ്ങിന്റെ ഭംഗി നശിക്കുന്നതു പോലെയുള്ള അത്യാവശ്യ ഘട്ടങ്ങളിൽ അതൊഴിവാക്കാൻ ഫോൾസ് സീലിങ് നൽകാം. അല്ലെങ്കിൽ ഇതിന്റ ആവശ്യമേയില്ല. ലൈറ്റിങ് മറയ്ക്കുന്നത് കബോർഡുകളുടെയോ ഇന്റീരിയർ ആക്സസറികളുടെയോ പിന്നിലാകാം. അതിനായി ഫോൾസ് സീലിങ് നൽകേണ്ട കാര്യമില്ല.

∙ സീലിങ്ങിലും ചുവരിലും വുഡൻ ഫിനിഷുള്ള പാറ്റേൺ വർക്കുകൾ ചെയ്യുന്നതു സാധാരണമാണ്. സീലിങ്ങിൽ എന്തെങ്കിലും അഭംഗിയുണ്ടെങ്കിൽ അതു മറയ്ക്കാൻ പാറ്റേൺ വർക്കുകളാവാം. ഭംഗിക്കായി ഒന്നുരണ്ട് ഇടങ്ങളിൽ നൽകുകയുമാകാം. അല്ലാതെ എല്ലാ മുറികളിലെയും സീലിങ്ങിലും ചുവരിലും അലങ്കാരപ്പണികൾ ചെയ്യുന്നത് കാഴ്ചയ്ക്ക് അഭംഗിയാണ്; സാമ്പത്തികനഷ്ടവും.

റൂഫിങ്

∙ റൂഫിങ്ങിന് ഫില്ലർ സ്ലാബ് ചെയ്താൽ 40 ശതമാനം ചെലവ് കുറയും. ഇതിന് വിദഗ്ധ മേൽനോട്ടം വേണ്ടതിനാൽ ഗുണവും ഈടും കൂടും.

∙ പരമ്പരാഗത രീതിയിൽ ഓട് ഇട്ട മേൽക്കൂരയാണെങ്കിൽ പഴയ ഓട് വാങ്ങി വീട്ടുകാർ തന്നെ വൃത്തിയാക്കിയെടുത്താൽ മതി.

∙ ഓട് ഉപയോഗിച്ച് റൂഫിങ് ചെയ്യുന്നതിലും ലാഭം മെറ്റൽ ഷീറ്റുകളാണ്. ഇരുമ്പ് ആംഗ്ലയറിനു പകരം സ്ക്വയർപൈപ്പ് ഉപയോഗിക്കാമെന്നതും മെറ്റൽ ഷീറ്റിനെ കൂടുതൽ സ്വീകാര്യമാക്കുന്നു. ഇത് ട്രസ്സിന്റെ ഭാരം കുറയ്ക്കാനും സഹായിക്കുന്നു. വീടിന്റെ ഡിസൈൻ അനുസരിച്ച് മുന്നിൽ മാത്രം ഓടിട്ട് പിന്നിൽ ഷീറ്റിടുകയുമാകാം. ചൂടു തോന്നുന്ന മുറിയുടെ മുകൾഭാഗത്തു മാത്രം ഷീറ്റിടുന്നതും ചെലവു കുറയ്ക്കും.