Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇത് ഞങ്ങളുടെ പോക്കറ്റിൽ ഒതുങ്ങുന്ന വീട്!

എന്റെ പേര് രതീഷ്. കോഴിക്കോട് ജില്ലയിലെ എടരിക്കോടാണ് എന്റെ നാട്. നെൽപ്പാടങ്ങളും തോടുകളും മരങ്ങളുമൊക്കെയുള്ള തനിനാടൻ പ്രദേശമാണ്. അതുകൊണ്ട് ചുറ്റുമുള്ള പ്രകൃതിയുമായി ഇണങ്ങുന്ന വീട് വേണം എന്ന് നിർബന്ധമുണ്ടായിരുന്നു. വീട് പണിയാനുള്ള ആഗ്രഹവുമായി ഡിസൈനർ സലീമിനെ സമീപിച്ചപ്പോൾ രണ്ടു കാര്യങ്ങളാണ് ഞാൻ ആവശ്യപ്പെട്ടത്. ചെറിയ പ്ലോട്ടാണ്. ചെറിയ 'പോക്കറ്റാണ്'...അതുകൊണ്ട് കേരളീയ ശൈലിയിൽ പോക്കറ്റിൽ ഒതുങ്ങുന്ന ഒരു വീട് പണിതുതരണം. എന്നാൽ അത്യാവശ്യ സൗകര്യങ്ങൾ ഉണ്ടാവുകയും വേണം. സലിം എന്റെ ആഗ്രഹങ്ങൾക്കുപരിയായി ആ വീട് സാക്ഷാത്കരിച്ചു തന്നു. 

10-cent-25-lakhs

10 സെന്റിൽ 1700 ചതുരശ്രയടിയാണ് വിസ്തീർണം. മുറ്റത്തുള്ള മരങ്ങൾ പരമാവധി സംരക്ഷിച്ചു കൊണ്ടാണ് വീട് നിർമിച്ചത്. ഇന്റർലോക്ക് മഡ് ബ്ലോക്ക് ഉപയോഗിച്ചാണ് വീടിന്റെ ചുവരുകൾ നിർമിച്ചിട്ടുള്ളത്. മുറ്റത്തു നിന്ന് പ്രവേശിക്കുക നീളൻ സിറ്റൗട്ടിലേക്കാണ്. സോപാനം ശൈലിയിൽ ചാരുപടികൾ നൽകി. സിറ്റ്ഔട്ടിന്റെ തൂണുകൾക്ക് ടൈൽ ഉപയോഗിച്ചുള്ള ക്ലാഡിങ് നൽകിയിരിക്കുന്നു. ഞാൻ അത്യാവശ്യം ചിത്രങ്ങൾ വരയ്ക്കാറുണ്ട്. അത്തരത്തിൽവരച്ച മ്യൂറൽ പെയിന്റിങ് ആണ് സിറ്റ്ഔട്ടിലെ ഹൈലൈറ്റ്. 

10-cent-25-lakh-sitout

ലിവിങ്, ഡൈനിങ്, കിച്ചൻ, മൂന്ന് കിടപ്പുമുറികൾ എന്നിവയാണ് പ്രധാനമായും ഇവിടെ ഒരുക്കിയിരിക്കുന്നത്. അധികം ഇടച്ചുവരുകൾ നൽകാതെ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന ശൈലിയിലാണ് ഇന്റീരിയർ. വിശാലമായ ലിവിങ് ഏരിയയാണ് വീട്ടിൽ ഒരുക്കിയിരിക്കുന്നത്. താഴത്തെ നിലയിൽ വിട്രിഫൈഡ് ടൈലും മുകൾനിലയിൽ മൺടൈലുമാണ് വിരിച്ചത്.

ഫർണിച്ചറുകൾ ഇന്റീരിയർ തീം അനുസരിച്ച് നിർമിച്ചെടുത്തവയാണ്. പരമ്പരാഗത വീടുകളിൽ നൽകിയിരുന്ന തടി കൊണ്ടുള്ള മച്ചിനു പകരം ഇരുമ്പു ഫ്രെയിമിൽ തടിയുപയോഗിച്ചുള്ള സീലിങ് ആണ് വീടിന് നൽകിയിട്ടുള്ളത്.   

10-cent-25-lakh-living

ആറുപേർക്ക് ഭക്ഷണം കഴിക്കാൻ പാകത്തിൽ ഊണുമേശ. സമീപമുള്ള ഭിത്തി മുഴുവൻ വില്ലഴികൾ നൽകി. ഇതുവഴി കാറ്റും വെളിച്ചവും അകത്തേക്ക് വിരുന്നെത്തുന്നു. ഈ ഹാളിൽത്തന്നെ പ്രെയർ ഏരിയയും ഗോവണിയും ക്രമീകരിച്ചിരിക്കുന്നു. ഗോവണിയുടെ താഴെ വാഷ് ഏരിയ ക്രമീകരിച്ചു സ്ഥലം ഉപയുക്തമാക്കി.

10-cent-25-lakh-dining

ഗോവണി കയറി ചെന്നെത്തുന്നത് ഒരു ഹാളിലേക്കാണ്. മുകൾ നിലയിൽ ചെറിയൊരു ലിവിങ് ഏരിയ ഒരുക്കിയിട്ടുണ്ട്. പുസ്തകങ്ങൾ എടുത്തു ബാൽക്കണിയിൽ ഇരുന്നു വായിക്കാനുള്ള സൗകര്യത്തിനു ഒരു ലൈബ്രറിയും മുകൾനിലയിൽ നൽകിയിരിക്കുന്നു. പരമ്പരാഗത ശൈലിയിൽ വില്ലഴികൾ നൽകിയാണ് ബാൽക്കണി.

10-cent-25-lakh-library
10-cent-25-lakh-upper

താഴെ ഒന്നും മുകളിൽ രണ്ടും കിടപ്പുമുറികൾ ക്രമീകരിച്ചു. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് സൗകര്യങ്ങൾ നൽകി.

10-cent-25-lakh-bed

മോഡുലാർ ശൈലിയിൽ പുതിയകാല സൗകര്യങ്ങൾ ഉള്ള അടുക്കളയാണ്. വൈറ്റ്, റെഡ് തീമിലാണ് കിച്ചൻ ഒരുക്കിയത്. മൾട്ടിവുഡിൽ ഓട്ടോപെയിന്റ് ഫിനിഷിലാണ് കബോർഡുകൾ. സമീപം വർക്കേരിയയും സജ്ജീകരിച്ചു.

10-cent-25-lakhs-kitchen

സ്ട്രക്ചറും ഫർണിഷിങ്ങും അടക്കം 25 ലക്ഷം രൂപയ്ക്ക് മനസ്സിലെ മോഹങ്ങളെ തൃപ്തിപ്പെടുത്തുന്ന വീട് ഒരുങ്ങി. വീട്ടിലെത്തുന്ന സന്ദർശകർക്കും ഇപ്പോൾ വീടിനെ കുറിച്ചു ചോദിച്ചറിയാനാണ് ഉൽസാഹം.

ചിത്രങ്ങൾ- അജീബ് കൊമാച്ചി

Project Facts

Location- Edarikode, Calicut

Area- 1700 SFT

Plot- 10 cents

Owner- Ratheesh

Designer- Salim P M

AS Design Forum, Malappuram

Mob- 9656211689