Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീട് മോടിയാക്കണോ? ഗ്ലാസ് ആണ് പുതിയ താരം

x-default

സമകാലികശൈലിയുടെ വരവോടെയാണ് വീടിനുള്ളിൽ ഗ്ലാസിന്റെ ഉപയോഗം കൂടിയത്. ജനാലയിലും മുഖം നോക്കുന്ന കണ്ണാടിയിലും മാത്രമായി ഒതുങ്ങിയിരുന്ന ചില്ല് ചുവരിലും തറയിലും എന്തിന് സീലിങ്ങിൽ വരെ ആധിപത്യം സ്ഥാപിക്കുന്ന കാഴ്ചയാണ് പിന്നീട് നാം കണ്ടത്. ഇന്ന് ഏത് അളവിലും ആകൃതിയിലും നിറത്തിലും ഗ്ലാസ് ലഭിക്കും. ഏതു രൂപത്തിലും ഗ്ലാസിനെ മാറ്റിയെടുക്കാനുള്ള സാങ്കേതിക വിദ്യ ലഭ്യമാണ്. ഉറപ്പിന്റെയും ബലത്തിന്റെയും കാര്യത്തിലും ഗ്ലാസ് ഒട്ടും പിന്നിലല്ല. വീടിന്റെ ശൈലി ഏതുമാകട്ടെ ഇന്റീരിയർ ഭംഗിയാക്കണമെങ്കിൽ ഗ്ലാസിന്റെ സഹായമില്ലാതെ വയ്യ എന്ന നിലയിലേക്കെത്തിയിട്ടുണ്ട് കാര്യങ്ങൾ. മുറികൾക്കു വലുപ്പം തോന്നിക്കും. വീടിനുള്ളിൽ കൂടുതൽ വെളിച്ചം ലഭിക്കുന്നു. കണ്ണിനിമ്പമുള്ള കാഴ്ചകൾ മറച്ചു വയ്ക്കുന്നില്ല. ഇന്റീരിയറിന് ആധുനിക പരിവേഷം തുടങ്ങി ഗ്ലാസ് ഉപയോഗിക്കുന്നതിന്റെ ഗുണങ്ങൾ പലതാണ്. അനുയോജ്യമായ ഗ്ലാസ് തിരഞ്ഞെടുക്കുന്നതിലൂടെ വീടിനുള്ളിലെ വെളിച്ചം, ചൂട്, ശബ്ദം എന്നിവ നിയന്ത്രിക്കാം.

ജനാലകൾ

glass-walls

ഗ്ലാസിന്റെ പ്രധാന ഉപയോഗം ജനലുകളിലാണ്. അലങ്കാരപ്പണികളൊന്നുമില്ലാതെ വെറുതെ ഗ്ലാസ് ഇടാൻ മാത്രമാണെങ്കില്‍ പിൻഹെഡ് ഗ്ലാസ് ആണ് ജനലുകൾക്ക് ഉപയോഗിക്കുന്നത്. ബിവെലിങ്, എച്ചിങ്, ഫ്രോസ്റ്റിങ് പോലെയുള്ള അലങ്കാരപ്പണികൾ ചെയ്യണമെങ്കിൽ ക്ലിയർ ഗ്ലാസ് ആണ് ഉപയോഗിക്കുന്നത്.

വാതിലുകൾ, ചുവരുകൾ

glass

വാതിലുകളിലേക്കും ഗ്ലാസ് ചേക്കേറിയിട്ടുണ്ട്. അടുക്കള, ബാത്റൂം തുടങ്ങിയവയുടെ വാതിലുകളിലാണ് ഗ്ലാസ് കൂടുതലായി കണ്ടുവരുന്നത്. ഗ്ലാസിൽ പലവിധ അലങ്കാരപ്പണികൾ ചെയ്ത് മനോഹരമാക്കിയാണ് വാതിലുകൾ ഡിസൈൻ ചെയ്യുന്നത്. കാഴ്ച പൂർണമായോ ഭാഗികമായോ മറയ്ക്കുന്ന രീതിയിൽ ഇഷ്ടാനുസരണം ഡിസൈൻ തിരഞ്ഞെടുക്കാം. പാഷ്യോ വീടിന്റെ ഒഴിച്ചു കൂടാനാകാത്ത ഘടകമായതോടെ ഗ്ലാസ് കൊണ്ടുള്ള സ്ലൈഡിങ് വാതിലുകളും ഇന്റീരിയറിന്റെ ഭാഗമായി. കാരണം, പ്രകൃതിഭംഗി വീടിനുള്ളിലിരുന്ന് ആസ്വദിക്കണമെങ്കില്‍ ചില്ലിനെ കൂട്ടുപിടിക്കുകയല്ലാതെ മറ്റു മാർഗമില്ലല്ലോ. അകത്തെയോ പുറത്തെയോ ഒരു ചുവരു തന്നെ ഗ്ലാസ് കൊണ്ടു പണിയുന്നതും ഇപ്പോൾ പുതുമയല്ലാതായി.

കോളം വാർത്ത് അവ തമ്മിൽ ഗ്ലാസ് കൊണ്ട് യോജിപ്പിച്ചാണ് ഭിത്തി കെട്ടുന്നത്. കോൺക്രീറ്റ് ഭിത്തിക്ക് എട്ട് – ഒൻപത് ഇഞ്ച് കനം വരുമ്പോൾ അതിന്റെ സ്ഥാനത്ത് ഗ്ലാസ് ചുവരിന് കഷ്ടിച്ച് ഒന്നര ഇഞ്ച് കനമേ വരുന്നുള്ളൂ. അത്രയും സ്ഥലം ലാഭം. പുറത്തേക്കുള്ള വാതിലുകൾക്കും ചുവരുകൾക്കും ബലമുള്ള ടഫൻഡ് ഗ്ലാസ് ഉപയോഗിക്കാറുണ്ട്. ക്ലിയർ ഗ്ലാസിനെ ചൂടും തണുപ്പും കടത്തിവിട്ട് ബലപ്പെടുത്തിയെടുക്കുന്നതാണ് ടഫൻഡ് ഗ്ലാസ്. ഇത് കൂടാതെ, കൂടുതൽ ബലമുള്ള ലാമിനേറ്റഡ് ഗ്ലാസുമുണ്ട്. ഇത് പൊടിയുകയേയുള്ളൂ. ചീളുകളായി ചിതറി അപകടമുണ്ടാകുകയില്ല. ടഫൻഡ് ഗ്ലാസ് ഉരുക്കി മൂന്നു പാളികളായാണ് നിർമിക്കുന്നത്. ഇഷ്ടനിറങ്ങൾ ലാമിനേറ്റ് ചെയ്ത ഗ്ലാസ് പാളികൾ ഭിത്തിയിൽ ഒട്ടിക്കുന്നത് ട്രെൻഡാണ്. എന്നാൽ ഇപ്പോൾ ഇഷ്ടമുള്ള ഡിസൈൻ ഗ്ലാസിന്റെ പിൻഭാഗത്ത് പ്രിന്റ് ചെയ്ത് ഒട്ടിക്കുകയും ചെയ്യാം.

പാർട്ടീഷൻ

glass-decor

ഓപന്‍ പ്ലാനുകളായതോടെ മുറികളെ തമ്മിൽ തിരിക്കാനുള്ള പാർട്ടീഷന് ആവശ്യക്കാരേറി, പാർട്ടീഷനിലാണ് ഗ്ലാസിന്റെ ഇന്ദ്രജാലം പ്രകടമാകുന്നത്. സ്റ്റെയിൻഡ് ഗ്ലാസ്, ബിവെലിങ്, എച്ചിങ്, പ്രിന്റിങ് തുടങ്ങി ക്ലിയർഗ്ലാസിലെ എല്ലാവിധ അലങ്കാരപ്പണികളും പാർട്ടീഷന് മാറ്റുകൂട്ടുന്നു.

തറയിലും ഗ്ലാസ്

luxury-interior-glass-flooring

വീടിനുള്ളിൽ ചെറിയ ജലാശയങ്ങളും പെബിൾ കോർട്ടുമൊക്കെ നൽകി അവയ്ക്കു മുകളില്‍ചില്ലിട്ട് അതിലൂടെ നടക്കാനുള്ള സൗകര്യവുമൊരുക്കുന്നതു പതിവാണ്. ഗോവണിപ്പടികളിലും ഗ്ലാസ് സാന്നിധ്യമറിയിച്ചു തുടങ്ങി. തറയിൽ 12 എംഎം കനമുള്ള ടഫൻഡ് ഗ്ലാസ് ആണ് ഇടുന്നത്.