Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒട്ടും വൈകരുത്! 4 ലക്ഷം വരെ വായ്പ, 5 ലക്ഷം പേർക്ക് വീട്!

housing-schemes-kerala ഓരോ പദ്ധതിയുടെയും മാനദണ്ഡങ്ങൾ അനുസരിച്ച് നിങ്ങൾക്ക് ഇതിൽ ഏതിനെങ്കിലും അർഹതയുണ്ടോ എന്ന് അറിയുക

കുറഞ്ഞ വരുമാനക്കാർക്കുള്ള ഭവനപദ്ധതിയിൽ നിലവിൽ നാലു ലക്ഷം രൂപ വരെയാണു നൽകുന്നത്. മൂന്നു ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള, ഭവനരഹിതരായവർക്കായാണു പദ്ധതി.

ആറു ലക്ഷത്തോളം പേർക്ക്

സർക്കാർ പഠനത്തിൽ 3.5 ലക്ഷം കുടുംബങ്ങൾക്കു ഭൂമിയോ വീടോ ഇല്ല. സ്ഥലമുണ്ടെങ്കിലും വീടില്ലാത്തവർ രണ്ടു ലക്ഷത്തോളം വരും. അതിനു പുറമേ മുൻകാലത്ത് ഭവനപദ്ധതികളിൽ ഉൾപ്പെട്ടിട്ടും വീടുപണി പൂർത്തീകരിക്കാനാകാത്ത 56,000 കുടുംബങ്ങളുമുണ്ട്. ഇത്തരത്തിൽ ആറു ലക്ഷത്തോളം കുടുംബങ്ങൾക്കു വീട് ഉറപ്പാക്കാനായി ആണ് സംസ്ഥാന സർക്കാർ സമ്പൂർണ പാർപ്പിട പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. 

ലൈഫ് മിഷൻ എന്ന പേരിൽ ഇതിനായി പ്രത്യേക വിഭാഗം തന്നെ പ്രവർത്തിക്കുന്നു. ഇതിൽ പൂർത്തിയാക്കാത്ത വീടുകൾ 2018 മാർച്ചിനകം പൂർത്തിയാക്കും. ബാക്കി അഞ്ചു ലക്ഷത്തോളം പേർക്കു വീടുവച്ചു നൽകുന്ന പദ്ധതിയുടെ അന്തിമ പട്ടിക മാർച്ചിനകം പൂർത്തിയാക്കാനും അടുത്ത സാമ്പത്തികവർഷം പദ്ധതി നടപ്പിലാക്കാനുമാണു ലക്ഷ്യമിടുന്നത്.

കുടുംബശ്രീ പ്രവർത്തകരുടെ സഹായത്തോടെ  ലൈഫ് മിഷൻ നടത്തിയ സർവേ പ്രകാരം അർഹരായവരുടെ പട്ടിക തയാറാക്കി. പ്രാദേശിക തലത്തിൽ പരാതി കേട്ട് പട്ടിക പുതുക്കി. ഇതു കലക്ടർ വിലയിരുത്തി, ജില്ലാ അടിസ്ഥാനത്തിൽ അന്തിമ പട്ടിക തയാറാക്കുന്ന ജോലി അവസാന ഘട്ടത്തിലാണ്. നവംബർ ആദ്യം പട്ടിക പ്രസിദ്ധീകരിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

നിങ്ങൾക്കു കിട്ടുമോ?

ഓരോ പദ്ധതിയുടെയും മാനദണ്ഡങ്ങൾ അനുസരിച്ച് നിങ്ങൾക്ക് ഇതിൽ ഏതിനെങ്കിലും അർഹതയുണ്ടോ എന്ന് അറിയുക. പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്നും ഉറപ്പാക്കണം. ഇല്ലെങ്കിൽ ഒട്ടും വൈകാതെ നിങ്ങളുടെ തദ്ദേശസ്വയംഭരണ സ്ഥാപനമായോ കുടുംബശ്രീയുമായോ ബന്ധപ്പെടുക. ഒട്ടും വൈകരുത്.

വിവിധ വിഭാഗങ്ങൾക്ക് ആനുകൂല്യം കിട്ടും

∙ സ്ഥലം ഉള്ളവർക്ക്– വീടു വയ്ക്കാൻ നാലു ലക്ഷം രൂപ വരെ.

∙  സ്ഥലമില്ലാത്തവർക്ക് – അനുയോജ്യമായ സ്ഥലം കണ്ടെത്തി ഭവനസമുച്ചയങ്ങൾ നിർമിച്ചു നൽകും. 14 ജില്ലകളിലും ഓരോ ഫ്ലാറ്റ് സമുച്ചയമാണ് ആദ്യ ഘട്ടത്തിൽ ലക്ഷ്യമിടുന്നത്. .

∙ വാസയോഗ്യമല്ലാത്ത വീടുകൾക്കു ധനസഹായം.

∙  പൂർത്തീകരിക്കാത്ത വീടുകൾ പൂർത്തീകരിക്കാൻ.

വീട് പൂർത്തീകരിക്കാൻ

മുൻകാല ഭവനപദ്ധതികളിൽ ഉൾപ്പെട്ടിട്ടും ഇതുവരെ വീടു പണി തീർക്കാൻ സാധിക്കാത്ത കുടുംബമാണോ? എങ്കിൽ അതു പൂർത്തീകരിക്കാൻ ഇതിലും മികച്ച അവസരം ഇനി കിട്ടില്ല. ഈ വിഭാഗത്തിൽ പെട്ട 56,000 പേരുടെ പട്ടിക സർക്കാർ തയാറാക്കിയിട്ടുണ്ട്. അവർക്ക് അധിക ധനസഹായം നൽകി 2018 മാർച്ചിനകം പണി പൂർത്തീകരിക്കും.

ഇനിയെത്ര കിട്ടും?

മുൻപദ്ധതി ഏതായാലും അതിൽ എത്ര ശതമാനം വിഹിതം കൈപ്പറ്റിയെന്നത് അടിസ്ഥാനമാക്കിയാണ് അധിക തുക നൽകുക. ഉദാഹരണത്തിന്, പഴയ പദ്ധതിയിൽ രണ്ടു ലക്ഷം ആയിരുന്നു ധനസഹായം എന്നിരിക്കട്ടെ. അതിൽ 50% കൈപ്പറ്റിയ ആൾക്ക് ഇനി ബാക്കി 50% കൂടി നൽകും. പക്ഷേ, ഇവിടെ പുതിയ പദ്ധതിയിലെ നാലു ലക്ഷത്തിന്റെ 50% അനുവദിക്കും. അതായത്, ഇനി രണ്ടു ലക്ഷം രൂപ കൂടി കിട്ടും പണി പൂർത്തിയാക്കാൻ.

മുൻപദ്ധതിയിലെ 100% വിഹിതവും കൈപ്പറ്റിയിട്ടും പണി പൂർത്തിയാക്കാത്തവരുടെ കേസ് പ്രത്യേകം പരിഗണിക്കും.ന്യായമായ കാരണങ്ങളാലാണു പണി പൂർത്തീകരിക്കാത്തതെങ്കിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികളടങ്ങുന്ന കമ്മറ്റിക്ക് അധിക തുക അനുവദിക്കാൻ അവകാശമുണ്ട്.

സ്വന്തമായി പണിയാനാകാത്തവർക്ക്

പണം നൽകിയാലും അതുകൊണ്ട് പണി പൂർത്തീകരിക്കാൻ കഴിയാത്തവർക്കു സർക്കാരിന്റെ മേൽനോട്ടത്തിൽ വീടു പണിതു നൽകും. വയോജനങ്ങൾ, വിധവകൾ, ശാരീരികവും മാനസികവുമായ വൈകല്യങ്ങൾ ഉള്ളവർ, രോഗബാധിതർ, സ്ത്രീകൾ ഗൃഹനാഥകളായ കുടുംബങ്ങൾ എന്നിവരെയാണ് ഇതിൽ പരിഗണിക്കുക. പട്ടിക വർഗക്കാർക്ക് യഥാർഥ നിർമാണച്ചെലവ് അനുവദിക്കും •

കൂടുതൽ അവസരങ്ങൾ

നിലവിൽ ലഭ്യമായവയ്ക്കു പുറമേ ഇടത്തരക്കാർക്കു കൂടുതൽ അവസരങ്ങൾ ഇനിയും വരുമെന്നു പ്രതീക്ഷിക്കാം. കാരണം പ്രധാനമന്ത്രി ആവാസ് യോജനയുടെ ഭാഗമായ അഫോർഡബിൾ ഹൗസിങ് സ്കീമിന്റെ സാധ്യതകൾ കേരളത്തിൽ ഇപ്പോൾ ലഭ്യമല്ല.

അഫോർഡബിൾ ഹൗസിങ്

സ്വന്തമായി ഭുമിയില്ലാത്തവർക്കും വീടുറപ്പാക്കാനായുള്ള പദ്ധതിയാണിത്. പൊതു– സ്വകാര്യ പങ്കാളിത്തത്തോടെ (പിപിപി മോഡൽ) വീടുവച്ചു നൽകുക എന്നതാണു ലക്ഷ്യം. സ്വകാര്യ സ്ഥാപനം (ബിൽഡർമാർ) ചട്ടങ്ങൾ പാലിച്ചു ഭവനസമുച്ചയങ്ങൾ നിർമിച്ചു ലഭ്യമാക്കും. ഇതു വാങ്ങുന്ന ഓരോരുത്തർക്കും   നിശ്ചിത തുക വീതം സർക്കാർ അനുവദിക്കും. ഭവനവായ്പ എടുക്കുന്നവർക്ക് രണ്ടര ലക്ഷവും സ്വന്തം പണം മുടക്കി വാങ്ങുന്നവർക്ക് ഒന്നര ലക്ഷം രൂപയുമാണ് അനുവദിക്കുക.

ഭൂമിയുടെ ലഭ്യതക്കുറവും, ഉയർന്ന വിലയും മൂലം നിലവിൽ കേരളത്തിലെ ഡവലപ്പർമാർ ഇത്തരം പദ്ധതിയുമായി ഇനിയും മുന്നോട്ടു വന്നിട്ടില്ല. വരും വർഷങ്ങളിൽ അതുണ്ടാകും എന്നു പ്രതീക്ഷിക്കാം. നിലവിലെ പദ്ധതികൾ ഉപയോഗപ്പെടുത്താനാകാത്തവർക്ക് അന്നു അവസരം കിട്ടുമെന്നും കരുതാം.

Read more on Housing Schemes Kerala Home Loan