Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീടുപണിക്കായി മരം തിരഞ്ഞെടുക്കുമ്പോൾ

wood-tips

കേരളത്തിൽ ഒരു വീടു പണിയുകയാണെങ്കിൽ, ഏറ്റവും കുറഞ്ഞതു രണ്ടു മരത്തിന്റെ തടിയെങ്കിലും കയറിയിട്ടുണ്ടാകും എന്നാണു കണക്ക്. മരത്തടിക്കു പകരക്കാരായി ഇരുമ്പു വാതിലുകളും, സ്റ്റീൽ വാതിലുകളും എല്ലാം എത്തിയിട്ടുണ്ട്. എങ്കിലും ഏറ്റവും ചുരുങ്ങിയതു വീടിന്റെ പ്രധാന വാതിൽ എങ്കിലും മരത്തടിയിൽ തീർത്താലേ മലയാളികൾക്കു തൃപ്തി വരൂ. 

വീടുപണിക്കായി സാധനങ്ങൾ  തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധ വേണ്ട കാര്യമാണു തടികൾ തിരഞ്ഞെടുക്കുക എന്നത്. വീടുനിർമാണച്ചെലവിന്റെ 10 മുതല്‍ 15 ശതമാനം വരെ തടിക്കായി വേണ്ടിവരുമെന്നാണു വിദഗ്ധർ പറയുന്നത്. അതിനാൽത്തന്നെ ശ്രദ്ധിച്ചില്ലെങ്കിൽ കബളിപ്പിക്കപ്പെടാനുള്ള സാധ്യത കൂടുതലാണ്. 

തടികൾ തിരഞ്ഞെടുക്കുമ്പോൾ

തടികൾ തിരഞ്ഞെടുക്കുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ടത് ഈട്, ഉറപ്പ്, ഗുണം എന്നീ കാര്യങ്ങളാണ്. വീടിന്റെ പ്രധാന വാതിലുകൾക്കായി തടികൾ തിരഞ്ഞെടുക്കുമ്പോൾ തീർച്ചയായും ഈ മൂന്നു ഗുണങ്ങളും ഉണ്ടെന്ന് ഉറപ്പു വരുത്തുക. ചെലവു ചുരുക്കലിന്റെ ഭാഗമായി അകത്തെ മുറികളുടെ വാതിലുകൾക്കു വിലകുറഞ്ഞ തടികൾ ഉപയോഗിക്കുന്നതു പതിവാണ്. നല്ല ഉറപ്പും ഭാരവുമുള്ള തടിയാണു കട്ടള, ജനൽ എന്നിവക്കു വേണ്ടി തിരഞ്ഞെടുക്കേണ്ടത്. 

ഏതെല്ലാം മരങ്ങൾ ഉപയോഗിക്കാം 

padauk-teak-wood-logs

തേക്ക്, മഹാഗണി, ഇരുള്‍, മരുത്, പ്ലാവ്, വീട്ടി, ആഞ്ഞിലി തുടങ്ങിയ മരങ്ങളാണു വീടുപണിക്ക് ഉപയോഗിക്കുന്നത്. എന്നാൽ, തെങ്ങിൻ തടി, പനമരത്തിന്റെ തടി എന്നിവ ചെലവു ചുരുക്കി ഫർണിച്ചറുകൾ പണിയുന്നതിനായി ഉപയോഗിക്കാറുണ്ട്. തെക്ക്, ഈട്ടി, മഹാഗണി തുടങ്ങിയ കനമരങ്ങളുടെ തടികളാണു പ്രധാന വാതിലിനും കട്ടിളയ്ക്കും ഉപയോഗിക്കുക. ചിലയിടങ്ങളിൽ മലേഷ്യയിൽനിന്നും മറ്റും ഇറക്കുമതി ചെയ്ത മരങ്ങളും ഉപയോഗിക്കുന്നതായി കാണാം. എന്നാൽ, ഏതു കാലാവസ്ഥയ്ക്കും അനുയോജ്യമായ നമ്മുടെ നാട്ടിലെ മരങ്ങൾ നൽകുന്ന ഈട് ഇറക്കുമതി ചെയ്ത മരങ്ങൾക്കു നൽകാനാകില്ല. 

വില

വിലയിലുള്ള വ്യത്യാസം നോക്കിയാണ് ഏതു മരം വേണമെന്നു കൂടുതൽ ആളുകളും തീരുമാനിക്കുക. എന്നാൽ വില നോക്കുന്നതിനൊപ്പം ഈടും കൂടി നോക്കി ഉറപ്പിച്ചാലേ കൊടുക്കുന്ന പണത്തിനു കാലാന്തരത്തോളം ഗുണം ലഭിക്കുകയുള്ളൂ. ഒരു ക്യുബിക് അടി വീട്ടിത്തടിയുടെ വില 4,000 മുതൽ 5,500 വരെയാണ്. എന്നാൽ ഒരു ക്യുബിക് അടി പ്ലാവിന് 1,000-1,500  മാത്രമേ വില വരൂ. ഒരു ക്യുബിക് അടി ആഞ്ഞിലിക്ക് 1,800 രൂപയാണ് ഏകദേശ വില. അതെ സമയം ഒരു ക്യുബിക് അടി മഹാഗണിയുടെ വില 1,200 രൂപ മാത്രമാണ്. വിലയിൽ വരുന്ന വ്യത്യാസം ഈടിലും പ്രതിഫലിക്കും എന്നത് മനസ്സിൽ കണ്ടുകൊണ്ടു മാത്രം മരം തിരഞ്ഞെടുക്കുക. 

ഇറക്കുമതി ചെയ്യുന്ന മരങ്ങളിൽ മുൻപന്തിയിൽ മലേഷ്യൻ മരങ്ങളായ വയലറ്റ്, പടാക്ക്, പിൻകോട് എന്നിവയാണ്. നമ്മുടെ നാടൻ തടികളെക്കാൾ വില കൂടുതലാണ് ഇവയ്ക്ക്. വെയിൽ കൊള്ളുമ്പോൾ വിള്ളൽ വീഴുകയും നിറവ്യത്യാസം വരികയും ചെയ്യുന്നു. മലേഷ്യൻ തടിക്കു ക്യുബിക് ഫീറ്റിന് 1,000-1,300 രൂപവരെയാണ് ഏറ്റവും കുറഞ്ഞ വില.  

ശ്രദ്ധിക്കാം  ഇക്കാര്യങ്ങൾ 

wood

വീടുപണിക്കായി തടികൾ തിരഞ്ഞെടുക്കുമ്പോൾ കഴിവതും മുഴുവനും ഒരുമിച്ചെടുക്കാൻ ശ്രമിക്കുക. തടി വാങ്ങിയശേഷം വാതിലുകളും ജനലുകളും നിർമിക്കുന്നവരും റെഡിമെയ്ഡ് വാതിലുകളും ജനലുകളും വാങ്ങുന്നവരും ഒക്കെയുണ്ട്. തടിയുടെ നിറം നോക്കി ഈടു നിശ്ചയിച്ചു വാങ്ങുക എന്നതാണ്  പ്രധാനം. മുന്തിയ ഇനം തടികൾക്ക്  ഇരുണ്ട നിറമായിരിക്കും. 

150 സെന്റിമീറ്ററിൽ കൂടുതൽ വണ്ണമുള്ള തടിയാണ് ഏറ്റവും മികച്ചതായി കണക്കാക്കപ്പെടുന്നത്. കട്ടിളയ്ക്കും ജനലിനുമൊക്കെ തേക്കും വീട്ടിയും പോലെ വിലകൂടിയ മരങ്ങൾ ഉപയോഗിക്കാതെ ഇരുൾ, മരുത്, പ്ലാവ് എന്നിവ ഉപയോഗിക്കുകയാണ് എങ്കിൽ, ചെലവു  മൂന്നിൽ ഒന്നായി ചുരുക്കാൻ സാധിക്കും. ജനലുകളുടെയും വാതിലുകളുടെയും ഫ്രെയിം  ചെയ്യുന്നതിനായി പ്ലാവ്, മഹാഗണി എന്നിവ മതിയാകും.

തയാറാക്കിയത്

ലക്ഷ്മി നാരായണൻ