ഞെട്ടരുത്, ഈ വീട്ടുശീലങ്ങൾ നിപ്പയേക്കാൾ മാരകം!

വീടും ആരോഗ്യവും തമ്മിൽ ബന്ധമുണ്ടോ? ഉണ്ട്. ആരോഗ്യമുള്ള വീട്ടിലേ ആരോഗ്യത്തോടെ ജീവിക്കാനാകൂ...

എല്ലാവരും ഓടുമ്പോൾ കൂടെയോടുന്നവരാണ് നാമെല്ലാം. ഓടുന്നത് എന്തിനെന്നോ എങ്ങോട്ടെന്നോ പലരും അന്വേഷിക്കാറില്ല. വീടിന്റെ കാര്യത്തിലും സംഗതി വ്യത്യസ്തമല്ല. എല്ലാവരും വീടുപണിയുമ്പോൾ നമ്മളും വീടുപണിയുന്നു. എല്ലാവരും ടൈലിടുമ്പോൾ നമ്മളും ടൈലിടുന്നു. എല്ലാവരും പർഗോള നിർമിക്കുമ്പോൾ നമ്മളും നിർമിക്കുന്നു. ആവശ്യമുണ്ടോ എന്ന് ആലോചിച്ച് കാര്യങ്ങൾ ചെയ്യുന്നവർ വളരെ കുറവാണ്. ഇങ്ങനെ ആവശ്യകതയോ അനന്തരഫലങ്ങളോ ആലോചിക്കാതെ ചെയ്യുന്ന പ്രവൃത്തികൾ മിക്കതും ചെന്നെത്തുക എന്തെങ്കിലും പ്രശ്നങ്ങളിലാണ്. വീടിന്റെ ഘടനയുടെയോ, ഉപയോഗിച്ചിരിക്കുന്ന നിർമാണസാമഗ്രികളുടെയോ കുഴപ്പംകൊണ്ട് ഉണ്ടാകുന്ന ഒട്ടേറെ ആരോഗ്യപ്രശ്നങ്ങളുണ്ട്. അവയിൽ ചിലത് നേരത്തേ തിരിച്ചറി‍ഞ്ഞ് വേണ്ടെന്നുവയ്ക്കാം. ചില ശീലങ്ങളെ ഉപേക്ഷിക്കേണ്ടി വരികയും ചെയ്യും. അത്തരം അനാരോഗ്യശീലങ്ങളാണ് ഇവിടെ ചർച്ച ചെയ്യപ്പെടുന്നത്.

1. മെത്ത ശരിയായില്ലെങ്കിൽ

ശാസ്ത്രീയമായി ഒന്നും മനസ്സിലാക്കാതെയാണ് മിക്കവരും മെത്ത വാങ്ങാന്‍ പോകുന്നത്. ഇതിന്റെ അനന്തരഫലമോ? രാവിലെ എഴുന്നേൽക്കുമ്പോഴത്തെ ശരീരവേദനയും ക്ഷീണവും. ശരീരഭാരം തുല്യമായി എല്ലാ ഭാഗത്തേക്കും ഭാഗിച്ചു നൽകാൻ കഴിവുള്ളതാകണം മെത്ത. കൂടുതൽ ഉറച്ചതോ കൂടുതൽ മൃദുവോ ആകാതെ ഇടത്തരം കട്ടിയാകണം. സെൻസിറ്റീവ് ശരീരഭാഗങ്ങളായ തോളുകൾ, അരക്കെട്ട്, വാരിയെല്ല്, കാൽപാദം എന്നിവിടങ്ങളിലൊന്നും മർദം വരരുത്. മനുഷ്യശരീരത്തിന് രണ്ടുമൂന്ന് സ്വാഭാവിക വളവുകളുണ്ട്. അതു നിലനിർത്തുന്ന വിധത്തിൽ വഴങ്ങുന്ന മെത്തയാകണം. തലയണ വാങ്ങുമ്പോഴും ഇതെല്ലാം ശ്രദ്ധിക്കണം. സിന്തറ്റിക് മെറ്റീരിയലുകൾ കൊണ്ടുള്ള മെത്തകൾ ശരീരത്തിന് ചൂടുണ്ടാക്കുകയും ഉണരുമ്പോൾ ക്ഷീണം കൂട്ടുകയും ചെയ്യും. മെത്തയിൽ ഉപയോഗിക്കുന്ന സിന്തറ്റിക് മെറ്റീരിയലുകൾ ആസ്തമയ്ക്കും അലർജിക്കും കാരണമാകാം.

2. തറ പറ്റിക്കുന്ന ടൈൽസും മാർബിളും

എല്ലാവർക്കും കൃത്യവും വ്യക്തവുമായി അറിയാവുന്ന കാര്യമാണ് ഫ്ലോറിങ്ങിന്റേത്. പ്രകൃതിദത്ത വസ്തുക്കളോ പ്രകൃതിയോടു ചേര്‍ന്നു നിൽക്കുന്ന വസ്തുക്കളോ ഫ്ലോറിങ്ങിന് ഉപയോഗിക്കുന്നതാണ് ആരോഗ്യത്തിനു നല്ലത്. ടൈലുകളും പോളിഷ് ചെയ്ത് ഉപയോഗിക്കുന്ന മാർബിൾ, ഗ്രാനൈറ്റ് തുടങ്ങിയ കല്ലുകളും ഇവിടെ പ്രതിക്കൂട്ടിലാണ്. തണുപ്പിന്റെ ആധിക്യമുള്ള ടൈലുകളിലും കല്ലുകളിലും കൂടുതൽ സമയം ചവിട്ടി നിൽക്കുമ്പോൾ കാലുവേദനയുണ്ടാകും.

തറയോട്, തടി ഇവയെല്ലാമാണ് ഫ്ലോറിങ്ങിന് ഏറ്റവും യോജിച്ചത് എന്നാണ് ഡോക്ടർമാർ അഭിപ്രായപ്പെടുന്നത്. പോളിഷ് ചെയ്യാത്ത കോട്ട, ജയ്സാൽമീർ, കടപ്പ കല്ലുകൾ എല്ലാം ആരോഗ്യത്തിനു പ്രശ്നമുണ്ടാക്കുന്നില്ല. പക്ഷേ ഇവ ഭൗമോപരിതലത്തിന് അടിയിലുള്ള വസ്തുക്കൾക്ക് ഏതെങ്കിലും തരത്തിലുള്ള റേഡിയേഷൻ ഉണ്ടാക്കുമോ എന്നു തെളിയിച്ചിട്ടില്ല. തടിയും മണ്ണുമായി ബന്ധപ്പെട്ട വസ്തുക്കളാണ് സുരക്ഷിതം.

3. എപ്പോഴും എസിയുടെ ചുവട്ടിൽ

ഓഫിസുകളിലും വീടുകളിലുമെല്ലാം എസിയില്ലാതെ ജീവിക്കാനാകില്ല എന്ന പക്ഷക്കാരുണ്ട്. പക്ഷേ, എസിയുടെ സ്ഥിരമായ ഉപയോഗം പ്രതിരോധശേഷിയെ സാരമായി ബാധിക്കുമെന്നാണ് ഡോക്ടർമാർ പറയുന്നത്. കുറഞ്ഞ ഊഷ്മാവിൽ ഫംഗസുകളും വൈറസുകളുമെല്ലാം പെരുകുമെന്നതിനാൽ അസുഖങ്ങൾ പെട്ടെന്ന് ആക്രമിക്കും. എസി സ്ഥിരമായി പരിപാലിച്ചില്ലെങ്കിൽ ബാക്ടീരിയ വളർച്ച നുമോണിയ പോലുള്ള രോഗങ്ങൾക്ക് ഇടയാക്കാം. ജനലുകളും വാതിലുകളും അടഞ്ഞു കിടക്കുന്നതിനാൽ മുറിയിലെ വായുസഞ്ചാരം കുറവായിരിക്കും.

ചർമ്മത്തിലെ ജലാംശം നഷ്ടപ്പെടുകയും ചെയ്യും. ധാരാളം വെള്ളം കുടിക്കുകയും മോയിസ്ചറൈസർ ഉപയോഗിക്കുകയും വേണം. എസി ഇട്ട മുറിയിൽ ഒരു പാത്രത്തിൽ വെള്ളം വയ്ക്കുന്നത് നല്ലതാണ്.

4. ഇരിക്കാനും കിടക്കാനും സോഫ

സോഫയിൽ കിടന്നുള്ള ടിവി കാണൽ വളരെയധികം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. നട്ടെല്ലും കഴുത്തും സ്ഥാനം കൃത്യമല്ലാതെ കൂടുതൽ സമയം കിടക്കുമ്പോൾ അത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാക്കുക.

കൂടുതൽ ഉറപ്പുള്ളതോ കൂടുതൽ മൃദുവായതോ ആയ സോഫകളും ഫർണിച്ചറും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാം. ശാസ്ത്രീയമായി നിർമിക്കാത്ത, വളരെ മൃദുവായ സോഫകൾ ഉപയോഗിക്കുമ്പോൾ ശരീരഭാരം തുല്യമായല്ല ക്രമീകരിക്കപ്പെടുന്നത്. ഇത് നട്ടെല്ലിനെ സമ്മർദത്തിലാക്കുകയും നടുവേദനയ്ക്കു കാരണമാകുകയും ചെയ്യാം.

5. വയ്ക്കാനും സൂക്ഷിക്കാനും പ്ലാസ്റ്റിക്

പാചകത്തിന് ഉപയോഗിക്കുന്ന പാത്രങ്ങളും സാധനങ്ങൾ ഇട്ടുവയ്ക്കാൻ ഉപയോഗിക്കുന്ന പാത്രങ്ങളും എന്തുകൊണ്ട് ഉണ്ടാക്കിയതാണ് എന്നത് വലിയൊരു വിഷയം തന്നെയാണിപ്പോൾ. പ്ലാസ്റ്റിക് ചൂടാക്കുന്നത് അപകടമാണ് എന്ന അറിവ് എല്ലാവർക്കുമുണ്ട്. ചൂടായ പ്ലാസ്റ്റിക് ഡയോക്സിൻ പോലുള്ള കാൻസറിനു കാരണമായ രാസവസ്തുക്കളെ പുറന്തള്ളുന്നു. പ്ലാസ്റ്റിക് മാത്രമല്ല, കട്ടി കുറഞ്ഞ അലുമിനിയം പാത്രങ്ങളും കോട്ടിങ് നഷ്ടപ്പെട്ട ടഫ്ളോൺ പാത്രങ്ങളുമെല്ലാം ആരോഗ്യത്തിനു ഭീഷണിയാണ്.

ചൂടുള്ളതോ മസാലയോ എണ്ണയോ കലർന്നതോ ആയ ഭക്ഷണം പ്ലാസ്റ്റിക്കുമായി പ്രതിപ്രവർത്തിച്ച് സിന്തറ്റിക് ഈസ്ട്രജനുകൾ ഉത്പാദിപ്പിക്കുന്നുണ്ട്. അലുമിനിയം അന്തരീക്ഷത്തിലെ ഓക്സിജനുമായി പ്രവർത്തിച്ച് പാത്രത്തിന്റെ ഉപരിതലത്തിൽ അലുമിനിയം ഓക്സൈഡിന്റെ ഒരു പാളി ഉണ്ടായിരിക്കും. ഇത് ഭക്ഷണത്തിലൂടെ രക്തത്തിലെത്തുന്നു. ഭക്ഷണത്തിലെ വിറ്റാമിനുകളുടെയും മിനറലുകളുടെയും അളവ് കുറയ്ക്കാനും അലുമിനിയം ശ്രമിക്കുന്നു. ഇരുമ്പ്, ചെമ്പ്, മൺ, കൽ, തടി പാത്രങ്ങളാണ് പാചകത്തിന് ഏറ്റവും അനുയോജ്യം.

തുടരും...  

വിവരങ്ങൾക്കു കടപ്പാട്

ഡോ. ബി. പത്മകുമാർ, പ്രഫസർ ആൻഡ് ഹെഡ് ഓഫ് ഡിപാർട്മെന്റ്, ഡിപാർട്ട്മെന്റ് ഓഫ് മെഡിസിൻ, ഗവൺമെന്റ് മെഡിക്കൽ കോളജ്, കൊല്ലം

ഡോ. പി.വി. വാസുദേവൻ, അസിസ്റ്റന്റ് പ്രഫസർ, ഡിപ്പാർട്ട്മെന്റ് ഓഫ് പാത്തോളജി, ഗവൺമെന്റ് മെഡിക്കൽ കോളജ്, ആലപ്പുഴ

പി.കെ. ലക്ഷ്മി, ആർക്കിടെക്ട്, പവർ നേച്ചർ, പാലക്കാട്