സിനിമാക്കഥപോലെ ബിപിൻ ചന്ദ്രന്റെ വീട്

കാലത്തെ അതിജീവിക്കുന്ന നിർമിതികൾ‍ ധാരാളമുള്ള നാടാണ് നമ്മുടേത്. വർഷങ്ങൾ പഴക്കമുള്ള ക്ഷേത്രങ്ങളും പള്ളികളും കെട്ടിടങ്ങളും മ്യൂസിയവുമെല്ലാം സംരക്ഷിച്ചു നിർത്തിയിരിക്കുന്നതു കണ്ടിട്ടുണ്ടാകും. അതിന്റെ പഴക്കമാണ് സൗന്ദര്യം. എന്നാൽ പഴമയുടെ സൗന്ദര്യം കൊണ്ടല്ല അധ്യാപകനും തിരക്കഥാകൃത്തുമായ ബിപിൻ ചന്ദ്രന്റെ വീടു വേറിട്ടു നിൽക്കുന്നത്. പൊൻകുന്നത്ത് ബിപിൻ ജനിച്ചു വളർന്ന വീടാണിത്.

ഏകദേശം 37 കൊല്ലത്തെ പഴക്കമുള്ള വീട്. ഗൾഫിലായിരുന്ന ബിപിന്റെ അച്ഛൻ രാമചന്ദ്രൻ നായർ പണിത വീടാണിത്. ഈ വീടിന് ഇത്രയും നാളത്തെ പഴക്കമുണ്ടെന്ന് ആരെങ്കിലും പറഞ്ഞറിഞ്ഞാൽ മാത്രമേ പുറത്തൊരാൾ അറിയൂ. അതുതന്നെയാണ് ഈ വീടിന്റെ പ്രത്യേകതയും. രണ്ടു നിലകളായി പണിതീർത്തിരിക്കുന്ന വീടും ഇന്റീരിയറും ഇപ്പോൾ പണികഴിഞ്ഞു വരുന്ന ഏതു വീടിനോടും ഒപ്പം നിൽക്കും. അച്ഛൻ പണിതിരുന്നതിൽനിന്നു പെയിന്റിങുമാത്രമാണ് മാറ്റം വരുത്തിയിട്ടുള്ളു എന്ന് ബിപിൻ. വിരുന്നു മുറിയിലെ സോഫസെറ്റ് പോലും അച്ഛൻ ഗൾഫിൽ നിന്നും പോന്നപ്പോൾ കപ്പൽ വഴി കയറ്റി അയച്ചതാണ്. 

അച്ഛനും അച്ഛന്റെ അനന്തരവനും ആർക്കിടെക്ടുമായ മണി എന്നു വിളിക്കുന്ന ബാലകൃഷ്ണ കുറുപ്പും ചേർന്നാണ് വീടു പണിതത്. വീടുപണിക്കാവശ്യമായ മരങ്ങളെല്ലാം സ്വന്തം പറമ്പിൽ നിന്നായിരുന്നു എടുത്തത്. രണ്ടേക്കർ വരുന്ന സ്ഥലത്ത് മൂവായിരം സ്ക്വയർ ഫീറ്റിൽ കുറയാതെ വീടുണ്ട്. ഇത് ഒരു ഏകദേശ കണക്കാണ്. ബിപിന് അറിയില്ല ഈ വീട് എത്ര സ്ക്വയർ ഫീറ്റ് ഉണ്ടെന്ന്. അന്ന് അച്ഛൻ വീടിനു വേണ്ടി എത്ര മുടക്കിയെന്നും ധാരണയില്ല. എന്നാലും ഒന്നോർമയുണ്ട്. അന്നത്തെ കാലത്ത് ആ പ്രദേശത്തെ ​ഞെട്ടിച്ച ഒരു വീടു തന്നെയായിരുന്നു ഇത്.

എക്സ്റ്റീരിയറിലും ഇന്റീരിയറിലും ഒരുപാടു പ്രത്യേകതകൾ ഉണ്ട് ബിപിന്റെ വീടിന്. രണ്ടു നിലപ്പൊക്കത്തിൽ ഇഷ്ടിക കൊണ്ടാണ് വീടിന്റെ പുറംഭിത്തികൾ മുഴുവനും ചെയ്തിരിക്കുന്നത്. സാധാരണ പണിയുന്ന വീടിനെക്കാളും ഉയരമുള്ള വീടാണിത്. കമാനാകൃതിയുള്ള വലിയ വാതിൽ തുറക്കുന്നതു ഹാളിലേക്ക്. നല്ല വലുപ്പമുള്ള തേക്കു തന്നെയാണ് വാതിലിനായി തിരഞ്ഞടുത്തത്.

പ്രധാന വാതിലിൽനിന്നു പടികൾ ഇറങ്ങിയാണ് ഹാളിലേക്കെത്തുക. ഇവിടെ ഇരിപ്പിടങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. അവിടെയും മുൻപ് ഇഷ്ടിക വച്ചുള്ള ഭിത്തിയായിരുന്നു. അതിൽ ചെറിയ മാറ്റം വരുത്തിയിട്ടുണ്ട്. ഹാളിൽനിന്നു ഉയരത്തിലുള്ള ഡൈനിങ്ങിലേക്കും അടുക്കളയിലേക്കും നീളൻ പടികളുണ്ട്. കമാനാകൃതി ചേർന്നു വരുന്ന പില്ലറുകളാണ് ഇവിടുത്തെ ഹൈലൈറ്റ്. വിശാലമായൊരു കോട്ടയുടെ രൂപകൽപ്പനയാണ് ആകെ പ്രതിഫലിക്കുന്നത്.

സ്വീകരണമുറിയും ഡൈനിങ്ങും തമ്മിലുള്ള വേർതിരിവിനായി ഈ തട്ടുകളും കമാനങ്ങളും മാത്രമേയുള്ളൂ. വിശാലതയാണ് ഈ ഡിസൈനിന്റെ പ്രധാനസവിശേഷത. ശിൽപ്പഭംഗിയെന്നുമില്ലെങ്കിലും ഗോൽക്കൊണ്ട ഫോർട്ടിലെ ചിലയിടങ്ങളെ ഓർമിപ്പിക്കുന്ന ഉൾവശം. ഇടതുവശത്ത് ബെഡ്റൂം, ചെറിയ അടുക്കള. ഈ വീടിന്റെ ഏറ്റവും ആകർഷണം പുസ്തകഗോവണിയാണ്. പണ്ടു നിർമിച്ച കടപ്പകൊണ്ടുള്ള ഗോവണിയുടെ ഭിത്തിയിൽ പുസ്തകങ്ങൾ സൂക്ഷിക്കാനുള്ള മര അലമാരകൾ സജ്ജീകരിച്ചിട്ടുണ്ട്. സ്ഥലം ലാഭിക്കാമെന്നതും പുതുമയുള്ള രൂപകൽപനാരീതി പിന്തുടരുന്നുവെന്നതുമാണ് ഇതിന്റെ പ്രത്യേകത. ഈ ഷെൽഫ് ബിപിന്റെ തന്നെ ഐ‍ഡിയയാണ്.

വീടിന്റെ ഫ്ലോറിങ് എടുത്തു പറയേണ്ടതാണ്. ആന്ധ്രയിൽ നിന്നു വരുത്തിച്ച കടപ്പാക്കല്ല് ആണ് ഫ്ലോറിങ്ങിനായി ഉപയോഗിച്ചിരിക്കുന്നത്. വർഷങ്ങൾ കഴിഞ്ഞതിന്റെ പോറലും മറ്റുമുണ്ടെങ്കിലും ഈ ഫ്ലോറിലൂടെ നടക്കുമ്പോൾ ഒരു തണുപ്പാണ്. വീടിന്റെ സ്റ്റെയർ കേസും കടപ്പാക്കല്ലുകൊണ്ടാണ് നിർമ്മിച്ചിട്ടുള്ളത്. ഇടതുവശത്ത് മറ്റൊരു പുസ്തകമുറിയുണ്ട്. ഒരുവശത്ത് ഭിത്തിയോടുചേർന്ന് പുസ്തകങ്ങളെ നെഞ്ചേറ്റുന്ന തുറന്ന അലമാരകൾ. പിന്നെയൊരു ചെറിയ ബെഡ്. 

താഴെ ഇരിപ്പുമുറി വിശാലമായതിനാൽ ചൂട് അധികമില്ല. ചുറ്റും മരങ്ങൾ നിറഞ്ഞ പറമ്പ് ആയതുകൊണ്ടുകൂടിയാണ് ഈ തണുപ്പ്. മുകളിൽ ഹാളും ബെഡ്റൂമുകളും സജ്ജീകരിച്ചിട്ടുണ്ട്. അവിടെയും താഴത്തുള്ള നിലയിലെപ്പോലെ പല നിരപ്പിലാണു മുറികൾ ഒരുക്കിയിരിക്കുന്നത്.

പണ്ടത്തെ നിർമാണരീതിയുടെ ഗരിമ എല്ലാ അംശത്തിലും കാണാം. താഴെ മുതൽ റൂഫ് വരെയെത്തുന്ന നീണ്ട ജനാലകൾ, തേക്കുകൊണ്ടു നിർമിച്ചതാണ്. ഇതെല്ലാം കാണുമ്പോൾ അന്നത്തെ കാലത്ത് ഇങ്ങനെയൊക്കെ സാധിച്ചെടുക്കാൻ നടത്തിയ ശ്രമത്തെ മനസ്സാ നമിച്ചുപോകും.

വീട്ടിൽ ഇപ്പോൾ അമ്മ അംബികാദേവിയും ഭാര്യ ദീപ്തിയും മക്കളായ ആദിത്യനും അഭയനുമാണ് ഉള്ളത്. ഡാഡിക്കൂൾ, ബെസ്റ്റ് ആക്ടർ, 1983, കിങ് ലയർ എന്നീ തിരക്കഥകളിലുടെ മലയാളികൾക്കു പരിചിതനാണ് ബിപിൻ ചന്ദ്രൻ.

ചിത്രങ്ങൾ, ലെനിൻ കോട്ടപ്പുറം