ഇവിടെ കാത്തിരിക്കുന്നത് പ്രതീക്ഷയ്ക്കപ്പുറത്തെ കാഴ്ചകൾ!

നിലമ്പൂരിലെ ടീക്ക് ടൗൺ സർവീസ്ഡ് വില്ലയിൽ കാത്തിരിക്കുന്നത് പ്രതീക്ഷയ്ക്കപ്പുറത്തെ കാഴ്ചകൾ. സൗകര്യങ്ങൾ.

ആറ് ഏക്കറിനു നടുവിലാണ് മാറാട്ടുകളം വീട്. ഇവിടെയില്ലാത്ത ഫലവൃക്ഷങ്ങളില്ല എന്നു വേണമെങ്കിൽ പറയാം. ഇരുപതോളം ഇനം ചാമ്പ. പതിനഞ്ചോളം ഇനം മാവ്, അഞ്ചിനം പ്ലാവ് എന്നുവേണ്ട മാങ്കോസ്റ്റിനും റമ്പൂട്ടാനും ഫുലോസാനും വരെ ഇവിടെയുണ്ട്. മിക്കതും മുപ്പതും നാൽപ്പതും വർഷം മൂപ്പെത്തിയവ. ഏത് സീസണിലും ഏതെങ്കിലുമൊന്നിൽ ഫലങ്ങളുണ്ടാകും. അത് ഉറപ്പ്. ഈയൊരു അന്തരീക്ഷം സഞ്ചാരികൾക്കുകൂടി പ്രയോജനപ്പെടുംവിധം വിനിയോഗിച്ചാലോ എന്ന ചിന്തയാണ് സർവീസ്ഡ് വില്ലയിലേക്കെത്തിയത്.

പച്ചപ്പിൻ കുടചൂടി

ആറ് ഏക്കർ പുരയിടത്തിലാണ് സർവീസ്ഡ് വില്ല.

എന്താണോ പ്രതീക്ഷിക്കുന്നത് അതിനപ്പുറം നൽകുക അതാണ് ജോസഫ് കുഞ്ചെറിയ മാറാട്ടുകളത്തിന്റെ ബിസിനസ് പോളിസി. വിനോദ സഞ്ചാരമേഖലയിൽ പ്രവർത്തിക്കുന്ന കുഞ്ചെറിയ തന്റെ തറവാടിനെ സർവീസ്ഡ് വില്ലയായി പരിഷ്കരിച്ചതിനു കാരണവും ഈ നയം തന്നെ. മൂന്നാം വർഷം തന്നെ പടികടന്നെത്തിയ പുരസ്കാരവും ഈ നയം ശരിവയ്ക്കുന്നു.

ഇതിനായി 70 വർഷം പഴക്കമുണ്ടായിരുന്ന വീടിന് ആവശ്യമായ മാറ്റങ്ങൾ വരുത്തി. രണ്ട് നിലകളിലായി ആറ് കിടപ്പുമുറികളാണ് ഉണ്ടായിരുന്നത്. ഇവയുടെയെല്ലാം ഇന്റീരിയർ പുതുക്കി. പുതിയ ബാത് റൂമുകൾ കൂട്ടിച്ചേർത്തു. ഫർണിച്ചറിന്റെ ഡിസൈൻ അടക്കം മുഴുവൻ കാര്യങ്ങളുടെയും മേൽനോട്ടം നിർവ്വഹിച്ചത് കുഞ്ചെറിയ തന്നെയായിരുന്നു.

‘‘നമ്മുടെ സംരംഭങ്ങളിലെല്ലാം നമ്മുടെ കൈയൊപ്പ് പതിയണം. ഈയൊരു ‘പേഴ്സനലൽ ടച്ച്’ ആയിരിക്കണം അതിന്റെ മുഖമുദ്ര. അതാണ് മറ്റുള്ളതിൽ നിന്ന് നമ്മുടേതിനെ വേറിട്ടുനിർത്തുന്ന ഘടകം. പുറമേ നിന്നുള്ള ഒരാളെ ഏൽപിച്ചാൽ ചിലപ്പോൾ ഈയൊരു ഐഡന്റിറ്റി രൂപപ്പെട്ടെന്നു വരില്ല.’’ കുഞ്ചെറിയ തന്റെ ആശയം വ്യക്തമാക്കുന്നു.

ഇഷ്ടംപോലെ എക്സ്ട്രാ

നല്ല വീടുണ്ടായതുകൊണ്ടു മാത്രം താമസക്കാർ തേടിയെത്തിയെന്നു വരില്ലെന്നാണ് കുഞ്ചെറിയയുടെ നിഗമനം. മാർക്കറ്റിങ് വളരെ പ്രധാനമാണ്. അതുപോലെ ആളുകൾ പ്രതീക്ഷിക്കുന്നതിന് ഒരുപടി മുകളിൽ നൽകി മത്സരക്ഷമത പ്രകടിപ്പിക്കുകയും വേണം.

ഇത് അക്ഷരംപ്രതി ശരിവയ്ക്കുന്ന രീതിയിലാണ് സർവീസ്ഡ് വില്ലയിലെ ക്രമീകരണങ്ങളെല്ലാം. താമസത്തിനെത്തുന്നവരെ കാത്തിരിക്കുന്ന ‘എക്സ്ട്രാ’ സൗകര്യങ്ങൾ ഇഷ്ടംപോലെ. കുട്ടികൾക്ക് കളിക്കാനുള്ള സ്ഥലം, മുതിർന്നവർക്ക് ഫുട്ബോളും ടെന്നീസും ബില്യാർഡ്സും കളിക്കാനുള്ള സൗകര്യം, മൂന്ന് സ്വിമിങ് പൂളുകൾ, മീൻ പിടിക്കാനുള്ള കുളങ്ങൾ എന്നിവയെല്ലാം ആറ് ഏക്കറിൽ ഒരുക്കിയിട്ടുണ്ട്. വേണമെങ്കിൽ ഇവിടത്തെ ലാൻഡ് സ്കേപ്പിൽ ‘ഔട്ട്ഡോർ പാർട്ടി’ സംഘടിപ്പിക്കുകയുമാകാം. രണ്ടായിരം ആളുകളെ വരെ ഉൾക്കൊള്ളാനുള്ള സൗകര്യമിവിടെയുണ്ട്.

ഔട്ട്ഡോർ പാർട്ടിക്ക് ഇഷ്ടംപോലെ സ്ഥലമുണ്ട്.

ഇതുകൊണ്ടും തീരുന്നതല്ല ‘എക്സ്ട്രാ സൗകര്യങ്ങളുടെ ’ പട്ടിക. ബെംഗളൂരുവിൽ നിന്നും മറ്റുമുള്ള ന്യൂജനറേഷൻ അതിഥികളെ ലക്ഷ്യമിട്ട് ട്രക്കിങ്, ഫോറസ്റ്റ് സഫാരി എന്നിവയ്ക്കൊപ്പം കേരളത്തിൽ അത്ര സാധാരണമല്ലാത്ത ഫോർവീൽ ഡ്രൈവ് ട്രെയിനിങ് െസന്റർ വരെ ഒരുക്കിയിട്ടുണ്ട്. വരുന്നവർ മനം നിറഞ്ഞേ മടങ്ങൂ എന്നർഥം.
ബെംഗളൂരുവിലെ സ്റ്റാർട്ട് അപ് കമ്പനിയെയാണ് മാർക്കറ്റിങ് ജോലികളും ഓൺലൈൻ ബുക്കിങ്ങും ഏൽപിച്ചിരിക്കുന്നത്.

ഭക്ഷണത്തിൽ വിട്ടുവീഴ്ചയില്ല !

എന്തെല്ലാം സൗകര്യങ്ങളുണ്ടായാലും ഭക്ഷണം മോശമായാൽ പിന്നൊന്നും പറഞ്ഞിട്ടു കാര്യമില്ലെന്നാണ് കുഞ്ചെറിയയുടെ അനുഭവപാഠം. അതിനാൽ നല്ല ഭക്ഷണത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയൊന്നുമില്ല. താമസക്കാർക്ക് എന്താണ് വേണ്ടത് എന്ന് കൃത്യമായി അറിഞ്ഞ് അത് നൽകും. സർവീസ്ഡ് വില്ലയിലേക്ക് പാചകക്കാരനെയും ജോലിക്കാരെയും നിയമിച്ചിട്ടുണ്ട്. അടുത്തുള്ള വീടുകളിൽ ഉണ്ടാക്കുന്ന ഭക്ഷണം വാങ്ങി നൽകുന്ന ‘ ഔട്ട്സോഴ്സിങ്’ സംവിധാനവും ഇപ്പോൾ പരീക്ഷിക്കുന്നുണ്ട്.

സർവീസ്ഡ് വില്ലയ്ക്ക് അടുത്തായി പണിത പുതിയ വീട്ടിലാണ് കുഞ്ചെറിയയും കുടുംബവും ഇപ്പോൾ താമസം. അതിനാൽ എപ്പോഴും എല്ലാ കാര്യങ്ങളിലും കണ്ണെത്തും.

വിജയ രഹസ്യം

∙ ഇവിടെ ഇത്ര സൗകര്യങ്ങളേയുള്ളോ എന്ന നിരാശയോടെ ഒരാളെപ്പോലും തിരിച്ചയക്കില്ല.

∙ മാർക്കറ്റിങ്, റൂം ബുക്കിങ് എന്നിവയിലെല്ലാം പ്രഫഷനൽ ഏജൻസികളുടെ സഹായം തേടി.

∙ മറ്റെങ്ങും കാണാത്ത സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിൽ പ്രത്യേകം ശ്രദ്ധിക്കുന്നു.

∙ ഭക്ഷണത്തിന്റെ രുചിയിലും ഗുണനിലവാരത്തിലും ഒരു വിട്ടുവീഴ്ചയും ഇല്ല.